ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരം യൂനിഫോം അടിച്ചേൽപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച, കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായി നിയമസഭയിൽ പറയുകയുണ്ടായി. ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന് പ്രസക്തിയുണ്ട്. കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2021 ഡിസംബർ 15ന് ജെൻഡർ ന്യൂട്രൽ യൂനിഫോം ആരംഭിച്ചതിനെ തുടർന്നാണ് ഈ വിഷയം പൊതുചർച്ചയിലേക്കുവരുന്നത്.
ആൺ-പെൺ എന്നിങ്ങനെയുള്ള രണ്ടു ജൈവികസ്വത്വങ്ങളെ ഇല്ലാതാക്കുന്ന, ലിംഗശങ്കയിലേക്ക് തലമുറകളെ നയിക്കുന്ന ഏർപ്പാടാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന് അന്നുതന്നെ വിമർശനമുണ്ടായിരുന്നു. എന്നാൽ, 'പെൺകുട്ടികൾ പാന്റ്സ് ഇട്ടാൽ എന്താണ് കുഴപ്പം' എന്ന ചോദ്യമുയർത്തി പ്രതിരോധിക്കാനാണ് ഇടതുപക്ഷ പ്രചാരകർ ശ്രമിച്ചത്. അതേസമയം, ജെൻഡർ ന്യൂട്രൽ യൂനിഫോം എന്നത് സർക്കാർ നയമല്ല എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി കെ. ശിവൻകുട്ടി ഇടക്കിടെ അവ്യക്തമായി പറഞ്ഞുകൊണ്ടുമിരുന്നു. മറുവശത്ത്, ബാലുശ്ശേരിയിലെ പദ്ധതി ഉദ്ഘാടനം ചെയ്ത ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു ആൺ-പെൺ സ്വത്വത്തിലധിഷ്ഠിതമായ സാമാന്യ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കാൻ പോകുന്ന, അവനും അവളും തമ്മിലെ വ്യത്യസ്തതകളെ ഇല്ലാതാക്കുന്ന മഹത്തായ മുന്നേറ്റങ്ങളുടെ തുടക്കമായാണ് ബാലുശ്ശേരി പരീക്ഷണത്തെ വിശേഷിപ്പിച്ചത്.
മന്ത്രിയുടെ പരിപാടിയിലെ പങ്കാളിത്തവും ട്വീറ്റുകളും ഇത് സർക്കാർ പദ്ധതി തന്നെയാണ് എന്ന പ്രതീതി സമൂഹത്തിലുണ്ടാക്കി. തുടർന്നാണ്, പാഠ്യപദ്ധതി പരിഷ്കരണത്തിനായുള്ള കമ്മിറ്റിയുടെ 'സമൂഹചർച്ചക്കായുള്ള കുറിപ്പ്' പുറത്തുവരുന്നത്. അതിൽ, ജെൻഡർ ന്യൂട്രാലിറ്റി പ്രധാനപ്പെട്ട ഒരു ആശയമായി കടന്നുവരുന്നുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്തുക, എൽ.ജി.ബി.ടി.ക്യൂ കുട്ടികളെ പ്രത്യേകമായി പരിഗണിക്കുക തുടങ്ങിയ ആശയങ്ങളും ആ രേഖ പങ്കുവെക്കുന്നുണ്ടായിരുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികളിൽനിന്ന് എങ്ങനെയാണ് എൽ.ജി.ബി.ടി.ക്യുവിനെ മനസ്സിലാക്കിയെടുക്കുക എന്ന ചോദ്യത്തെക്കുറിച്ചൊന്നും പക്ഷേ, അടക്കാനാവാത്ത പുരോഗമന തൃഷ്ണയിൽ ആലോചിച്ചില്ല. ഇപ്പോൾ പ്രസ്തുത രേഖയിലും മാറ്റങ്ങൾ വരുത്തിയതായാണ് വാർത്തകൾ വരുന്നത്. 'ലിംഗസമത്വത്തിലധിഷ്ഠിതമായി വിദ്യാഭ്യാസം' എന്ന തലക്കെട്ട് 'ലിംഗനീതിയധിഷ്ഠിതമായ വിദ്യാഭ്യാസം' എന്നാക്കി മാറ്റിയിട്ടുണ്ട്. എൽ.ജി.ബി.ടി.ക്യൂവിനുള്ള പരിഗണന, ഇടകലർത്തിയിരുത്തൽ എന്നീ ആശയങ്ങളും ഒഴിവാക്കി. വിവിധ മതസംഘടനകളിൽനിന്നും പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളിൽനിന്നും ഉയർന്ന പ്രതിഷേധത്തെ തുടർന്നാവണം ഈ മാറ്റങ്ങൾ.
ലൈംഗികതയും ജെൻഡറുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾ അറിയുകയും അവയിൽ സംവാദം നടത്തുകയും ചെയ്യുന്നതിൽ കുഴപ്പമില്ല. എന്നാൽ, ഈവക സിദ്ധാന്തങ്ങളെല്ലാം നമ്മുടെ സ്കൂൾ കുട്ടികളിൽ പരീക്ഷിക്കാൻ ഒരു ഭരണകൂടം തുനിയുക എന്നുവന്നാൽ അത് കടന്ന കൈയാണ്. തങ്ങളുടെ ഉച്ചക്കിറുക്കുകൾ പരീക്ഷിക്കാനുള്ള ഗിനിപ്പന്നികളായി കുട്ടികളെ കാണരുത്. മുമ്പ്, എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് ഈ നിലക്ക് ചില ശ്രമങ്ങൾ നടത്തി പരാജയപ്പെട്ട് പിൻവാങ്ങിയതാണ്. അതിനേക്കാൾ ഗുരുതരമായ പരീക്ഷണങ്ങൾ നടത്താനാണ് ഇപ്പോൾ കേരള വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചുനോക്കിയത്. 'കുട്ടികൾ പ്രായപൂർത്തിയായശേഷം മതം തെരഞ്ഞെടുക്കട്ടെ' എന്ന, പ്രത്യക്ഷത്തിൽ ജനാധിപത്യപരമെന്നുതോന്നുന്ന ആശയത്തിന്റെ മറവിൽ, കുട്ടികളിൽ മതനിരാസം അടിച്ചേൽപിക്കാനുള്ള സൂത്രപ്പണിയായിരുന്നു അന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്.
ഇന്ന്, ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ കാമ്പസുകളിൽ ഉദാര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണങ്ങൾ വ്യാപകമായി നടത്തുന്ന പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസവകുപ്പ് വിവാദ നടപടികളുമായി മുന്നോട്ടുവന്നത്. സർക്കാറിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുയരുകയും പ്രതിഷേധമുണ്ടാവുകയും ചെയ്യുകയെന്നത് സ്വാഭാവികമാണ്. പ്രതിഷേധമുണ്ടാകുമ്പോൾ യു-ടേൺ അടിക്കുക എന്നത് സർക്കാറിന്റെ ശീലമായി മാറിയിട്ടുണ്ട്. അത്തരം നാണക്കേടുകൾക്ക് നിൽക്കാതെ ആവശ്യമായ കൂടിയാലോചനകളും ചർച്ചകളും നടത്തി തീരുമാനങ്ങളെടുക്കുക എന്നതാണ് മികച്ച ഭരണാധികാരികളിൽനിന്ന് പ്രതീക്ഷിക്കുന്നത്.
ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാനും സംവദിക്കാനും ഇടതുപക്ഷത്തിന് സാധിക്കുമെങ്കിൽ അത് ചെയ്യണം. അല്ലാതെ, സൂത്രപ്പണികളിലൂടെ അത് നടപ്പാക്കാൻ ശ്രമിക്കുകയും പിടികൂടപ്പെടുമ്പോൾ പിൻവാങ്ങുകയും ചെയ്യുക എന്നതൊക്കെ വിലകുറഞ്ഞ ഏർപ്പാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.