ജമ്മു-കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിക്കൊണ്ടും സംസ്ഥാനത്തെ മൂന്നായി വിഭജിച്ച് കേന്ദ്രഭരണത്തിൽ കൊണ്ടുവന്നും 2019 ആഗസ്റ്റ് അഞ്ചിലെ നരേന്ദ്ര മോദി സർക്കാർ സ്വീകരിച്ച നടപടി നാലുവർഷങ്ങൾക്കുശേഷം പൂർണമായി സാധൂകരിച്ചും പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ രാജ്യത്തെ വലിയൊരു വിഭാഗം സ്വാഗതം ചെയ്തുവെന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാക്കേണ്ടത്.
പിന്നിട്ട 75 സംവത്സരകാലത്ത് അയൽരാജ്യമായ പാകിസ്താനുമായി മൂന്ന് യുദ്ധങ്ങളിലേർപ്പെടേണ്ടിവന്നത് ജമ്മു-കശ്മീർ പ്രശ്നത്തിന്റെ പേരിലാണ്. പതിനായിരക്കണക്കിൽ സൈനികരും സാധാരണ പൗരന്മാരും ജീവൻ നൽകേണ്ടിവന്നതും ഈയൊരു പ്രദേശത്തിന്റെ ഗതകാല ബാക്കിപത്രമാണ്. ഭൂമുഖത്ത് ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണ് എന്ന് പ്രകൃതിസ്നേഹികളെക്കൊണ്ട് പാടിച്ച അതിമനോഹരമായ കശ്മീരിൽ പക്ഷേ പൂർണമായും സ്വസ്ഥമായ ഒരു ദിവസം പോലും കഴിഞ്ഞുപോയിട്ടില്ല എന്നതാണ് സത്യം. ഒട്ടനവധി തവണ രണ്ട് രാഷ്ട്രനേതാക്കൾ കൂടിയിരിക്കുകയും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും കരാറുകളിലൊപ്പിടുകയുമൊക്കെ ചെയ്തുവെങ്കിലും വഞ്ചി പിന്നെയും തിരുനക്കരെ തന്നെ തുടർന്നു. അന്യോന്യം ഏറ്റുമുട്ടിയ ഒന്നാമത്തെ സന്ദർഭത്തിൽത്തന്നെ ഐക്യരാഷ്ട്രസഭ പ്രശ്നത്തിലിടപെടുകയും പ്രമേയം പാസാക്കുകയും ചെയ്തുവെങ്കിലും അവസരം ലഭിച്ചപ്പോഴൊക്കെ ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്താൻ യു.എൻ വേദികളെ ഉപയോഗിച്ചതാണ് ഇതഃപര്യന്തമുള്ള അനുഭവം.
ബി.ജെ.പിയുടെ പ്രഥമ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ കാലത്ത് പാക് രാഷ്ട്രത്തലവനുമായി നടന്ന ചർച്ചകൾ പ്രശ്നപരിഹാരത്തിലേക്ക് വഴിതുറക്കുമെന്ന ശുഭപ്രതീക്ഷക്ക് കളമൊരുങ്ങിയെങ്കിലും അതും അവസാന നിമിഷം അട്ടിമറിക്കപ്പെടുകയായിരുന്നു. ഇതിനിടെ ജമ്മു-കശ്മീർ വിഘടനവാദികളും തീവ്രവാദികളും ഉത്തരവാദികളായ ഭീകരാക്രമണങ്ങളും കേന്ദ്ര സർക്കാറിന്റെ ഉരുക്കുമുഷ്ടി പ്രയോഗങ്ങളും കൂടിച്ചേർന്ന് സാധാരണ പൗരന്മാരുടെ സ്വൈരജീവിതം തീർത്തും ദുസ്സഹമാക്കി. സംസ്ഥാനത്ത് മാറിമാറി ഭരണത്തിലിരുന്ന രാഷ്ട്രീയ പാർട്ടികൾക്കൊന്നും സ്വസ്ഥജീവിതം ഉറപ്പുവരുത്താൻ കഴിഞ്ഞതുമില്ല. ഈയവസ്ഥ മാറ്റമില്ലാതെ തുടരവേയാണ് 2019 ആഗസ്റ്റ് അഞ്ചിന് മോദി സർക്കാർ ജമ്മു-കശ്മീരിന്റെ ഭരണഘടനാപദവി റദ്ദാക്കി കേന്ദ്രഭരണം അടിച്ചേൽപിക്കുന്നതും മത-രാഷ്ട്രീയ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ജയിലിലടക്കുന്നതും വാർത്താ വിനിമയ സംവിധാനങ്ങളടക്കം വിലക്കുന്നതും. അനഭിമതരെന്ന് സർക്കാറിന് തോന്നുന്ന സംഘടനകളെയാകെ നിരോധിച്ചു, സ്വത്തുക്കൾ കണ്ടുകെട്ടി, സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സാമൂഹിക പ്രവർത്തകരെയടക്കം തടഞ്ഞു. അങ്ങനെയിരിക്കെ ജമ്മു-കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജികളുടെ പരിഗണന നാലു വർഷക്കാലം മരവിപ്പിച്ചുനിർത്തിയ സുപ്രീംകോടതി 16 ദിവസത്തെ വാദപ്രതിവാദങ്ങൾക്കൊടുവിൽ പുറപ്പെടുവിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധിയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഇതോടെ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുകയും രാജ്യത്തിന്റെ അത്യുത്തര ഭാഗത്ത് ശാന്തി പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുമോ? ഓരോ ഇന്ത്യക്കാരനും പ്രതീക്ഷയോടെയും ആശങ്കയോടെയും ചോദിക്കുന്ന ചോദ്യമാണിത്. പ്രധാനമന്ത്രി മോദിയടക്കം വലിയൊരു വിഭാഗം കോടതിവിധിയിൽ അനൽപമായ ആശ്വാസവും അഭിമാനവും പ്രകടിപ്പിക്കുമ്പോൾ അത് പങ്കിടാനാവാതെ നൈരാശ്യവും ആശങ്കയും പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. അത് മറ്റാരുമല്ല, സാക്ഷാൽ കശ്മീരികളാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദും പി.ഡി.പി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മഹ്ബൂബ മുഫ്തിയും നാഷനൽ കോൺഗ്രസ് നേതാവ് ഉമർ അബ്ദുല്ലയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വൈ. തരിഗാമിയും കോടതി വിധിയോട് പരസ്യമായി വിയോജിക്കുന്നവരിൽ ഉൾപ്പെടുന്നു. നിരോധിത ഹുർരിയത്ത് കൂട്ടായ്മയുടെ എതിർപ്പ് സ്വാഭാവികമായും പ്രതീക്ഷിക്കണം.
2024 സെപ്റ്റംബറിനുമുമ്പ് ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ടെന്നത് ശരിതന്നെ. അതു പക്ഷേ, കേന്ദ്രസർക്കാർ സ്വയംതന്നെ ആദ്യമേ നിഷേധിക്കാത്ത കാര്യമാണ്. നടക്കാൻ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ പാകത്തിൽ ജമ്മുവിലെ മണ്ഡലങ്ങൾ വർധിപ്പിക്കുകയും മൊത്തം സീറ്റുകളിൽ പട്ടികജാതി, വർഗ മണ്ഡലങ്ങൾ കൂടുതലാക്കുകയും ചെയ്തതിൽ കശ്മീർ പാർട്ടികൾ അസ്വസ്ഥരാണ്. ഇലക്ഷൻ കമീഷന്റെ പൂർണ വിധേയത്വം തുറന്നുകാണിക്കുന്നതാണ് മണ്ഡല പുനർവിഭജനം. ഈ സാഹചര്യത്തിൽ പട്ടാളത്തിന്റെ സമ്പൂർണ സാന്നിധ്യമില്ലാതെ സമാധാനവും സ്വസ്ഥതയും പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷ എത്രത്തോളം സ്ഥാനത്താണ് എന്നതാണ് ചോദ്യം. കോടതിവിധിയും അനന്തര നടപടികളുമൊക്കെ സാമാന്യമായി ഇന്ത്യൻ ജനതയെ തൃപ്തിപ്പെടുത്തിയാൽതന്നെ രാഷ്ട്രാന്തരീയ തലത്തിൽ കശ്മീർ പ്രശ്നം പരിഹരിക്കപ്പെട്ടതായി കരുതാവുന്ന സാഹചര്യം നിലവിൽ വരുമോ എന്നതും അവഗണിക്കാനാവാത്ത ചോദ്യമാണ്. രാജ്യത്തിന്റെ പുറത്ത് ഇപ്പോഴും ലഭ്യമാവുന്ന എല്ലാ ഭൂപടങ്ങളിലും കശ്മീരിനെ തർക്കപ്രദേശമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അത് തിരുത്തി ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കശ്മീരിനെ ലോകം അംഗീകരിക്കണമെങ്കിൽ നമ്മുടെ കോടതിവിധി പോരാ, ഐക്യരാഷ്ട്രസഭയെ ബോധ്യപ്പെടുത്താൻ തക്ക നയതന്ത്ര നീക്കങ്ങൾകൂടി വേണ്ടിവരും. ശക്തിപ്രയോഗവും സമ്മർദങ്ങളും കൊണ്ടുമാത്രം ലോകാഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുമെന്ന കണക്കുകൂട്ടൽ എപ്പോഴും ശരിയാവണമെന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.