പ്രായോഗിക-പാർലമെന്ററി രാഷ്ട്രീയത്തിന്റെ കനൽവഴികൾ താണ്ടി, എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ മുൻനിരയിൽതന്നെ തന്റെ സ്ഥാനം ഉറപ്പാക്കിയ അപൂർവ പ്രതിഭകളിലൊരാളെന്ന് നിശ്ചയമായും ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിക്കാം. കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരാ ചലനങ്ങൾക്കൊപ്പം അരനൂറ്റാണ്ടിലധികംകാലം സക്രിയമായി സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ സ്മരണകളുടെ അവസാനം കൂടിയാണ്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നിയമസഭക്കകത്തും പുറത്തും ശക്തമായ ഇടപെടലുകൾ നടത്തിയ ഇ.എം.എസ്, സി. അച്യുതമേനോൻ, കെ. കരുണാകരൻ, ഇ.കെ. നായനാർ തുടങ്ങിയ ജനനായകരുടെ കൂട്ടത്തിൽ അദ്ദേഹവും സ്മരിക്കപ്പെടും. അധികാരത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ വിരാജിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ജീവിച്ച അപൂർവം നേതാക്കളിലൊരാളെന്ന് കാലം അദ്ദേഹത്തെ അടയാളപ്പെടുത്തു. കേരളരാഷ്ട്രീയത്തിലെ അതികായന്റെ വിയോഗദുഃഖത്തിൽ സന്തപ്ത കുടുംബാംഗങ്ങൾക്കും അനുയായികൾക്കുമൊപ്പം ‘മാധ്യമം’ പങ്കുചേരുന്നു.
1970ൽ, പുതുപ്പള്ളി മണ്ഡലത്തിൽനിന്നുള്ള ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനം കേരള രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന്റെ തുടക്കമായി കണക്കാക്കാമെന്നു തോന്നുന്നു. അഞ്ചു പതിറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, അത്രമേൽ വ്യത്യസ്തമായൊരു രാഷ്ട്രീയ ചിത്രമാണ് അദ്ദേഹം സമ്മാനിച്ചത്. അതിൽ വേലിയേറ്റങ്ങളും ഇറക്കങ്ങളുമെല്ലാമുണ്ട്; അവയെ സമഗ്രമായി അപഗ്രഥിക്കുമ്പോൾ ഒരു കാര്യം തീർത്തുപറയാനാകും: ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രമേയുള്ളൂ!. 27ാം വയസ്സിൽ, സി.പി.എമ്മിന്റെ സിറ്റിങ് സീറ്റ് ഇ.എം. ജോർജിൽനിന്ന് തിരിച്ചുപിടിക്കുമ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. അവിടുന്നങ്ങോട്ട്, നിയമസഭയിലും പുറത്തും നടത്തിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കൈയും കണക്കുമില്ല. കോൺഗ്രസിനകത്തെ കലഹങ്ങളിൽ എക്കാലവും ഒരു ഭാഗത്ത് ഉമ്മൻ ചാണ്ടിയുമുണ്ടായിരുന്നു; പക്ഷേ, അപ്പോഴും മറ്റു നേതാക്കളിൽനിന്ന് തീർത്തും വ്യത്യസ്തനായി നിന്നു. ഒരുകാലത്ത്, ആന്റണിയുടെ വലംകൈയായിനിന്ന് കെ. കരുണാകരനും സംഘത്തിനുമെതിരെ ആഞ്ഞടിച്ചു; അതിന്റെ പേരിൽ മന്ത്രിസ്ഥാനംവരെ രാജിവെച്ചു; പിന്നീട്, മുഖ്യമന്ത്രിയായി തിരിച്ചുവന്നു. രണ്ടുതവണ മുഖ്യമന്ത്രിയായപ്പോഴും പാർട്ടിക്കും മുന്നണിക്കും ശനിദശയായിരുന്നു. 2011ൽ, മുഖ്യമന്ത്രിയായത് ഒരൊറ്റ അധിക സീറ്റിന്റെ ബലത്തിലും. ഒരു മന്ത്രിസഭ പൊളിഞ്ഞുവീഴാനുള്ള പലവിധ കാരണങ്ങൾ എമ്പാടുമുണ്ടായിട്ടും അതിനെയെല്ലാം തരണംചെയ്ത് ഭരണം അഞ്ചുവർഷം പൂർത്തിയാക്കി എന്നത് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽതന്നെ അത്യപൂർവമായ കാഴ്ചയായിരുന്നു. ഒരുപക്ഷേ, ഉമ്മൻ ചാണ്ടിയല്ലാതെ മറ്റൊരാൾക്കും സാധ്യമല്ലാത്ത കാര്യം!
മുഖ്യമന്ത്രിയെന്ന നിലയിൽ അഭിമുഖീകരിച്ചിരുന്ന പല പ്രതിസന്ധികളെയും ഉമ്മൻ ചാണ്ടി അതിജീവിച്ചത് ‘ജനകീയം’ എന്നു വിശേഷിപ്പിക്കാവുന്ന പല ഇടപെടലുകളിലൂടെയുമായിരുന്നു. അതിലൊന്നായിരുന്നു അദ്ദേഹത്തിന്റെ ജില്ലകൾ തോറുമുള്ള ‘ജനസമ്പർക്ക പരിപാടി’. കേവലമൊരു വില്ലേജ് ഓഫിസർക്ക് ചെയ്യാവുന്ന കാര്യമെന്ന് ആക്ഷേപിച്ച് അതിനെ പ്രതിപക്ഷവും മാധ്യമങ്ങളും വിമർശിച്ചുവെങ്കിലും ഇപ്പോൾ പല ഭരണാധികാരികളും ആ മാതൃക പിൻപറ്റുന്നുണ്ട്. എന്നല്ല, ജനങ്ങളുമായി ഒരർഥത്തിലും നേരിട്ട് സംവദിക്കാൻ ഭരണകൂടവും ഭരണാധികാരികളും തയാറാവാത്ത ഫാഷിസത്തിന്റെ പുതിയ കാലത്ത് ഉമ്മൻ ചാണ്ടി ആവിഷ്കരിച്ച ‘ജനസമ്പർക്ക’ യജ്ഞങ്ങൾ ചരിത്രപരം തന്നെയാണ്. എം.എൽ.എ ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ ഓഫിസ് ജനങ്ങൾക്കുവേണ്ടി ഏതു സമയവും തുറന്നുകിടന്നു. ഈ സുതാര്യതയാണ് പിന്നീട് വിനയായതും സോളാർ വിവാദത്തിലേക്ക് നയിച്ചതും. പക്ഷേ, ആ വിവാദത്തെയും അദ്ദേഹം തന്റെ ‘ജനകീയത’ എന്നായുധം കൊണ്ടുതന്നെ പ്രതിരോധിച്ചു. ഇതേ രാഷ്ട്രീയായുധത്തെ മുൻനിർത്തി സാമുദായിക സന്തുലിതത്വത്തിനും അദ്ദേഹം ശ്രമിച്ചു. ലീഗിനെയും മധ്യകേരളത്തിൽ ന്യൂനപക്ഷ വിഭാഗത്തെയും യു.ഡി.എഫിനൊപ്പം നിലനിർത്താൻ അദ്ദേഹം ജാഗ്രത പുലർത്തി. കോൺഗ്രസിനപ്പുറം ഐക്യമുന്നണിയുടെ ബലം ഈ രണ്ടു സമുദായങ്ങളുമാണെന്ന് തിരിച്ചറിഞ്ഞ് നടത്തിയ ചില ഇടപെടലുകൾ ചില്ലറ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും രാഷ്ട്രീയമായി അതൊക്കെ വലിയ വിജയം തന്നെയായിരുന്നു. ഈ രാഷ്ട്രീയ ജാഗ്രത അദ്ദേഹത്തിന്റെ പിൻഗാമികൾ നഷ്ടപ്പെടുത്തിയപ്പോഴാണ് മധ്യകേരളം യു.ഡി.എഫിന് നഷ്ടമായതും പിണറായിക്ക് രണ്ടാമൂഴം ലഭിച്ചതുമെന്ന വസ്തുത മറന്നുകൂടാ. അഴിമതി ആരോപണങ്ങളും മറ്റും പൊതിഞ്ഞുകെട്ടിയിരുന്നുവെങ്കിലും സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ ചെറുതല്ലാത്ത കൈയൊപ്പ് പതിപ്പിച്ചാണ് ഈ ജനനേതാവ് വിടവാങ്ങുന്നത്. വിഴിഞ്ഞവും കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും മാത്രമല്ല; എല്ലാ മണ്ഡലങ്ങളിലും സർക്കാർ/എയ്ഡഡ് കോളജുകൾ സ്ഥാപിച്ചതും രാജ്യത്ത് ആദ്യമായി ട്രാൻസ്ജൻഡർ നയത്തിന് രൂപം നൽകിയതുമെല്ലാം ഉമ്മൻ ചാണ്ടിയുടെ കാലത്താണ്.
ഇതിനെല്ലാമപ്പുറം, സർവ രാഷ്ട്രീയ സംഘർഷങ്ങൾക്കും വിയോജിപ്പുകൾക്കും മീതെ ജനാധിപത്യത്തിന്റെ സ്പിരിറ്റിൽ രാഷ്ട്രീയ സൗഹാർദം നിലനിർത്താൻ കാണിച്ച അദ്ദേഹത്തിന്റെ ജാഗ്രതയും എക്കാലവും ഓർമിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.