പതിനേഴാം ലോക്സഭയുടെ ശൈത്യകാല സമ്മേളനം സമാപിക്കാൻ മൂന്നുദിവസങ്ങൾ മാത്രം ശേഷിക്കെ മൂന്ന് ഘട്ടങ്ങളിലായി 141 എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത് പാർലമെന്റിന്റെ ചരിത്രത്തിലെ സർവകാല റെക്കോഡാണ്. സഭാധ്യക്ഷന്മാർ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നടപടികൾ നിരന്തരം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ഇത്രയും പ്രതിപക്ഷ എം.പിമാരെ പുറത്താക്കിയിരിക്കുന്നത്. പുറത്താക്കപ്പെട്ടവരിൽ ഭൂരിപക്ഷത്തിനും ഇനി നടപ്പ് സമ്മേളനത്തിൽ സംബന്ധിക്കാനാവില്ല. അവകാശ സമിതിയുടെ പരിഗണനക്കു വിട്ട ചിലർക്കാകട്ടെ, തങ്ങളെക്കുറിച്ച തീർപ്പറിയാൻ മൂന്നുമാസമെങ്കിലും കാത്തിരിക്കേണ്ടിവരും. പാർലമെന്റ് സമ്മേളിക്കേ ഡിസംബർ 13ന് അവിചാരിതമായി സന്ദർശക ഗാലറിയിൽനിന്ന് ലോക്സഭ ഡെസ്കുകളിലേക്ക് ചാടിവീണ രണ്ടുപേർ മഞ്ഞ പുകബോംബ് പൊട്ടിക്കുകകൂടി ചെയ്തതോടെ അങ്കലാപ്പിലായത് സഭാധ്യക്ഷനും അംഗങ്ങളും മാത്രമല്ല, സുരക്ഷ ഭടന്മാർകൂടിയായിരുന്നു. ആക്രമികളെ പണിപ്പെട്ട് കീഴടക്കിയെങ്കിലും രാജ്യത്തെ നാണംകെടുത്തിയ ഈ ഭീകരസംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങൾ നടപടികൾ തടസ്സപ്പെടുത്തിയത്. ഈ ആവശ്യം അംഗീകരിക്കാതെ സഭാധ്യക്ഷന്മാരുടെ പ്രസ്താവനകൾകൊണ്ട് തൃപ്തിപ്പെടണമെന്നാണ് ഭരണപക്ഷത്തിന്റെ ശാഠ്യം.
പരമോന്നത നിയമനിർമാണ സഭക്ക് സംഭവിച്ച പ്രമാദമായ സുരക്ഷ വീഴ്ചയെക്കുറിച്ച് ഏറ്റവും ആധികാരികമായി പ്രതികരിക്കേണ്ട ആഭ്യന്തര മന്ത്രി മൗനം പാലിക്കുന്നതിലും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാതെ പുറത്ത് ഒരു മാധ്യമത്തോട് സംസാരിക്കാൻ പ്രധാനമന്ത്രി സമയം കണ്ടതിലും ജനപ്രതിനിധികൾക്കുള്ള ആശങ്കയും പ്രതിഷേധവും മനസ്സിലാക്കാൻ കഴിയാത്തതല്ല. അവർകൂടി പങ്കെടുക്കേണ്ട ചർച്ച മനഃപൂർവം വേണ്ടെന്നുവെക്കുമ്പോൾ അതിന് സർക്കാറിനെ പ്രേരിപ്പിക്കുന്ന ചേതോവികാരം ദുരൂഹതകൾക്ക് വഴിവെക്കുക തികച്ചും സ്വാഭാവികമാണ്. കർണാടകയിൽനിന്നുള്ള ഒരു ബി.ജെ.പി ലോക്സഭാംഗം മുഖേന ലഭിച്ച പാസ് ഉപയോഗിച്ചാണ് ആക്രമികൾ ആസൂത്രിതമായി ലോക്സഭയിലേക്ക് ചാടിവീണത് എന്ന യാഥാർഥ്യം സംഭവത്തെ കൂടുതൽ ദുരൂഹമാക്കുന്നു. സുരക്ഷ ഉദ്യോഗസ്ഥന്മാരിൽ ചിലരെ കസ്റ്റഡിയിലെടുത്തതും ആക്രമിസംഘത്തിന്റെ ഗൂഢാലോചനയിൽ പങ്കാളികളാണെന്ന സംശയത്തിന് ചിലരെകൂടി പിടികൂടിയതും ചൂണ്ടിക്കാട്ടി വേണ്ടപോലെ യഥാസമയം സർക്കാർ പ്രവർത്തിക്കുന്നുവെന്ന സമാശ്വാസമാണ് ഉത്തരവാദപ്പെട്ടവർ നൽകുന്നത്. പക്ഷേ, പാർലമെന്റ് അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള ഈ നടപടി രാജ്യത്തെ തൃപ്തിപ്പെടുത്തുകയില്ലെന്ന് തീർച്ച.
1952ൽ നിലവിൽവന്ന ഇന്ത്യൻ പാർലമെന്റിന്റെ ഇതഃപര്യന്തമുള്ള ചരിത്രത്തിൽ ഏറ്റവും കുറച്ചു മാത്രം സമ്മേളിച്ചത് എന്ന ബഹുമതിയാണ് 17ാം ലോക്സഭക്ക് അവകാശപ്പെട്ടതെന്ന സത്യം ഉത്തരവാദപ്പെട്ടവരെ ചിന്തിപ്പിക്കണം. പാർലമെന്ററി ജനാധിപത്യത്തെ ആ പേരിനർഹമാക്കുന്നത് ദേശീയ സമസ്യകൾ ചർച്ച ചെയ്യാനും അവസരോചിതമായി നിയമങ്ങൾ നിർമിക്കാനും വിവിധ വിഷയങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരം പരമാവധി ഉപയോഗിക്കുമ്പോഴാണ്. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ പാർലമെന്ററി ജനാധിപത്യം അപചയം നേരിടുന്നു എന്ന സത്യത്തിനുനേരെ കണ്ണടക്കാനാവില്ല. ബജറ്റ് സമ്മേളനത്തിന് ഷെഡ്യൂൾ ചെയ്ത 46 മണിക്കൂറിൽ 33 ശതമാനം മാത്രമാണ് 17ാം ലോക്സഭ സമ്മേളിച്ചത്; രാജ്യസഭയാകട്ടെ, 32ൽ 24 ശതമാനവും. 1952 മുതൽക്കുള്ള ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ സമയം വിനിയോഗിച്ച ആറാമത്തെ ബജറ്റ് സമ്മേളനമാണിത്. ഏറ്റവും ഒടുവിലത്തെ സെഷനിൽ ഒരു വിഷയത്തെക്കുറിച്ചും സഭയിൽ ചർച്ചയേ നടന്നിട്ടില്ല. ഭരണഘടനയുടെ 93ാം അനുച്ഛേദപ്രകാരം ലോക്സഭ രണ്ടംഗങ്ങളെ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമായി തെരഞ്ഞെടുക്കേണ്ടതുണ്ട്. കാലാവധി കഴിയാറായിരിക്കെ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിഞ്ഞുതന്നെ കിടക്കുകയാണിപ്പോഴും. യോഗ്യനായ എം.പിയെ എൻ.ഡി.എയിൽനിന്ന് ലഭിക്കാത്തതുകൊണ്ടായിരിക്കുമോ? എങ്കിൽ ലജ്ജാകരം എന്നാണ് പറയേണ്ടത്. സഭകൾ സമ്മേളിച്ചാൽതന്നെ ബഹളംകൊണ്ട് നിർത്തിവെക്കുകയോ പിരിച്ചുവിടുകയോ ചെയ്യുക പതിവുകാഴ്ചയാണ്. ഫലം സർക്കാർ തയാറാക്കുന്ന സുപ്രധാന ബില്ലുകൾപോലും ചർച്ച കൂടാതെ പാസാക്കപ്പെടുന്നു. അവ്വിധമാണ് തീർത്തും കുത്സിതമായ കഠോരനിയമങ്ങൾ വരെ പാസാക്കപ്പെട്ടതെന്ന് ഓരോ നിയമനിർമാണത്തിന്റെയും ചരിത്രം പരിശോധിച്ചാൽ വ്യക്തമാവും. ചിലതൊക്കെ സുപ്രീംകോടതി കയറുമെങ്കിലും പല കാരണങ്ങളാൽ നീതി ലഭിക്കുക വിരളമാണ്, ലഭിക്കുന്നതുതന്നെ ഏറെ വൈകിയുമായിരിക്കും.
ജമ്മു-കശ്മീരിന് പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370ാം വകുപ്പിന് നേരിട്ട ദുര്യോഗം ഒടുവിലത്തെ പ്രമാദമായ ഉദാഹരണങ്ങളിലൊന്നാണ്. സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി, എതിർശബ്ദങ്ങളെ അപ്പാടെ അടിച്ചമർത്തി, കേന്ദ്രം അടിച്ചേൽപിച്ച സ്വേച്ഛാഭരണത്തിന് സുപ്രീംകോടതി പോലും പച്ചക്കൊടി കാട്ടിയിരിക്കുകയാണിപ്പോൾ. മാത്രമല്ല, കേന്ദ്രത്തിന് തന്നിഷ്ടപ്രകാരം ഏതു സംസ്ഥാനത്തെയും പൂർണമായോ ഭാഗികമായോ ഏറ്റെടുക്കാനുള്ള, ഫെഡറലിസത്തിന്റെ അന്ത്യം കുറിക്കുന്ന നിയമനിർമാണത്തിനുപോലും കോടതിവിധിയിലൂടെ വഴിതെളിഞ്ഞിരിക്കുന്നു. പാർലമെന്റിൽ ഗൗരവപൂർണമായ വിചിന്തനത്തിനും ചർച്ചക്കും അവസരം കൊടുക്കാതെയാണ് മോദിസർക്കാർ വേലയൊപ്പിച്ചിരിക്കുന്നത്. ചില വിദേശ ഗവേഷക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നപോലെ ഇന്ത്യൻ ജനാധിപത്യം ‘തെരഞ്ഞെടുപ്പിലൂടെ സ്ഥാപിതമാകുന്ന സ്വേച്ഛാധിപത്യ’മായി പരിണമിക്കുന്നത് വേദനയോടെ നോക്കിയിരിക്കേണ്ട ദുർവിധിയിലേക്കാണോ രാജ്യം കടന്നുപോവുന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.