പിന്നീട് പലർക്കും രാജാവ് എന്ന വിളിപ്പേര് ചാർത്തപ്പെട്ടിട്ടുണ്ടെങ്കിലും ലോക ഫുട്ബാളിൽ ആദ്യമായി രാജപട്ടം ലഭിച്ചത് പെലെക്കായിരുന്നു. എക്കാലത്തും എന്തുകൊണ്ടും അർഹമായ പേര്. 1958 സ്വീഡൻ ലോകകപ്പിൽ 17 വയസ്സിന്റെ ഇളപ്പത്തിലെത്തി നോക്കൗട്ട് റൗണ്ടുകളിൽ ഗോളുകളുടെ മാലപ്പടക്കം തീർത്ത് ബ്രസീലിന് കന്നി ലോകകപ്പ് നേടിക്കൊടുത്തതോടെയാണ് പെലെക്ക് ഒ റെയ് (രാജാവ്) എന്ന വിളിപ്പേരു കിട്ടിയത്. പിന്നീട് ആ വിശേഷണം ശരിവെക്കുന്ന തരത്തിൽ ലോകഫുട്ബാളിലെ ചക്രവർത്തി തന്നെയായി മാറുകയും ചെയ്തു എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ.
പെലെയുടെ മരണത്തോടെ ലോകഫുട്ബാളിനുതന്നെ ഇതിഹാസ താരത്തെയാണ് നഷ്ടമാവുന്നത്. വാർധക്യസഹജമായ അസുഖങ്ങളോടൊപ്പം അർബുദം കൂടി ബാധിച്ചതോടെ അതുല്യനായ കളിക്കാരന്റെ ജീവിതത്തിന് ലോങ് വിസിൽ മുഴങ്ങുകയായിരുന്നു.
രാജാവ് എന്ന വിളിപ്പേരിന് എന്തുകൊണ്ടും അർഹനായിരുന്നു എന്ന് തെളിയിക്കുന്ന കളിയായിരുന്നു പെലെയുടേത്. മികച്ച പന്തടക്കവും വേഗവുമുള്ള പെലെയുടെ ഏറ്റവും വലിയ പ്ലസ് പോയന്റ് ഏതുസമയത്തും ഏത് ആംഗിളിൽനിന്നും ഗോൾ നേടാനുള്ള കഴിവായിരുന്നു. ഇരുകാലുകളും തലയും ഒരുപോലെ ഉപയോഗിച്ചിരുന്ന പെലെ ലോക ഫുട്ബാളിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിലൊരാളുമാണ്.
പ്രതിയോഗിക്ക് ചിന്തിക്കാനവസരം ലഭിക്കും മുമ്പ് കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ഗോളടിക്കാനുള്ള വൈഭവമായിരുന്നു പെലെയുടെ സവിശേഷതകളിലൊന്ന്. 1958 ലോകകപ്പ് ഫൈനലിലെ ഗോൾ അത്തരത്തിലൊന്നായിരുന്നു. സ്വീഡനെതിരായ ഫൈനലിൽ പോസ്റ്റിന് പിന്തിരിഞ്ഞുനിൽക്കുകയായിരുന്ന പെലെ പന്ത് മുകളിലേക്ക് കോരിയിട്ട് വെട്ടിത്തിരിഞ്ഞുതിർത്ത വോളിയിലൂടെ നേടിയ ഗോൾ ലോകകപ്പിലെ തന്നെ മികച്ച ഗോളുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പിന്നെയും എത്രയെത്ര ഗോളുകൾ.
ഫുട്ബാൾ ലോകത്തെ ആദ്യ സൂപ്പർ താരമായ പെലെ കളിച്ച കളികൾക്കും അടിച്ചുകൂട്ടിയ ഗോളുകൾക്കും കണക്കില്ല. 1363 കളികളിൽ 1279 ഗോളുകളുമായി ഗിന്നസ് ലോകറെക്കോഡിൽ പെലെയുടെ പേരുണ്ടെങ്കിലും ഇവയിൽ പല ഗോളുകളും ഫുട്ബാൾ വിദഗ്ധർ അംഗീകരിക്കുന്നവയല്ല. പല മത്സരങ്ങളും ഔദ്യോഗികമായി പരിഗണിക്കപ്പെടാത്തതാണ് കാരണം. പെലെ മിന്നിത്തിളങ്ങിയ കാലത്ത് പെലെയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയ സാന്റോസ് ക്ലബ് ചെറുതും വലുതുമായ മത്സരങ്ങളിൽ താരത്തെ കളിപ്പിച്ചിരുന്നു. ഇവയിലെല്ലാം പെലെ ഗോളുകൾ അടിച്ചുകൂട്ടുകയും ചെയ്തു. നൈജീരിയയിൽ ആഭ്യന്തര കലാപം കൊടുമ്പിരികൊള്ളവെ അവിടെയെത്തിയ പെലെയുടെ കളി കാണാനായി രണ്ടു ദിവസം കലാപം നിർത്തിവെച്ചു എന്നുവരെ അന്ന് വാർത്ത പരന്നിരുന്നു. ഇതിൽ സ്ഥിരീകരണമില്ലെങ്കിലും അത്രക്കായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെലെയുടെ ജനപ്രീതി. 1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ഗെറയ്സ് പ്രവിശ്യയിലെ ട്രെസ് കൊറാക്കോസിൽ ഫുട്ബാൾ കളിക്കാരനായിരുന്ന ഡോൻഡീന്യോയുടെയും (ജാവോ റാമോസ് ഡോ നാസിമെന്റോ) സെലസ്റ്റെ അരാന്റസിന്റെയും മൂത്ത മകനായാണ് പെലെയുടെ ജനനം. സെക നാസിമെന്റോ, മരിയ ലൂസിയ നാസിമെന്റോ എന്നിവരാണ് സഹോദരങ്ങൾ.
മറ്റേതൊരു ശരാശരി ബ്രസീൽ ബാലനെയും പോലെ ദാരിദ്ര്യത്തിലമർന്ന് തെരുവുകളിൽ കെട്ടിയുണ്ടാക്കിയ പന്ത് തട്ടിക്കളിച്ച ബാല്യം തന്നെയായിരുന്നു പെലെയുടേതും. ട്രെസ് കൊറാക്കോസിൽനിന്ന് സാവോപോളോയിലെ ബൗറുവിലേക്ക് മാറിയ പെലെ അവിടെ, സെറ്റെ ഡി സെറ്റെംബ്രോ, റാവോ പൗളീന്യോ, അമേരിക്വീന്യ തുടങ്ങിയ അമച്വർ ക്ലബുകൾക്കായി കളിച്ചാണ് ഫുട്ബാൾ കരിയർ തുടങ്ങിയത്. ബൗറുവിൽ വാൾഡെമർ ഡി ബ്രിട്ടോയുടെ അത്ലറ്റിക് ക്ലബിലെത്തിയതോടെ പെലെയുടെ കളി തെളിഞ്ഞു, ജീവിതവും. ഈ ക്ലബിനു കീഴിൽ സാവോപോളോ പ്രവിശ്യ യൂത്ത് ചാമ്പ്യൻഷിപ് നേടിയതോടെ പെലെ മിന്നിത്തുടങ്ങി. പെലെയുടെ പ്രതിഭ തിരിച്ചറിഞ്ഞ ബ്രിട്ടോ 1956ൽ 15കാരനെ സാവോപോളോയിലെ അറിയപ്പെടുന്ന ക്ലബായ സാന്റോസിലെത്തിച്ചു. പിന്നീടുള്ളത് ഫുട്ബാൾ ചരിത്രത്തിലെ സുവർണ ഏടുകൾ.
ലോകകപ്പുകളുടെയും രാജാവായിരുന്നു പെലെ. ചെറിയ പ്രായത്തിൽ തന്നെ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ച പെലെ മൂന്നു ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായി മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലിൽ കളിക്കുകയും സ്കോർ ചെയ്യുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത പ്രായം കുറഞ്ഞ താരം, ലോകകപ്പിൽ ഹാട്രിക് നേടിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ ബഹുമതികളും പെലെയെ തേടിയെത്തി. 1958 സ്വീഡൻ, 1962 ചിലി, 1970 മെക്സികോ ലോകകപ്പ് കിരീടങ്ങളിലാണ് പെലെ വിജയമുത്തം ചാർത്തിയത്. 1966ലെ ലോകകപ്പ് മാത്രമായിരിക്കും പെലെ മറക്കാനാഗ്രഹിക്കുന്ന ലോകപോരാട്ടം. ബ്രസീൽ നോക്കൗട്ട് റൗണ്ട് കാണാത്ത ഇംഗ്ലണ്ട് ലോകകപ്പിൽ പെലെ കടുത്ത ടാക്ലിങ്ങിനും ഫൗളുകൾക്കും ഇരയായി. ഇനിയൊരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട് വിട്ട പെലെ 1970ൽ തിരിച്ചെത്തി ബ്രസീലിന് മൂന്നാം കിരീടം നേടിക്കൊടുത്തതും ചരിത്രമായി.
ലോക ഫുട്ബാളിൽ ആ പത്താം നമ്പർ കുപ്പായം അനാഥമാകുകയാണ്. ഇതുപോലൊരു താരം ഇനിയുണ്ടാവുമോ? പെലെക്ക് കായിക ലോകത്തിനൊപ്പം ‘മാധ്യമ’ത്തിെന്റയും ഓർമപ്പൂക്കൾ.
(പോർചുഗീസ് ഭാഷയിൽ ഒബ്രിഗാദോ = വിട,
ഒ റെയ് = രാജാവ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.