അറിവിന്റെ 31 ജീവിത വർഷങ്ങൾ

മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ആദ്യം വധശിക്ഷക്കും പിന്നീട് ഇളവ് നൽകി ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ട പേരറിവാളൻ ഒടുവിൽ ജയിൽമോചിതനായിരിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചപോലെ, മൂന്ന് പതിറ്റാണ്ടിനുശേഷം അയാൾ 'സ്വാത​​ന്ത്ര്യത്തിന്റെ പുതുശ്വാസം' എടുത്തുകൊണ്ടിരിക്കുന്ന ആഹ്ലാദത്തിന്റെയും ആശ്വാസത്തിന്റെയും ചരിത്രനിമിഷങ്ങളാണിത്. 31 ജീവിതവർഷങ്ങളുടെ നഷ്ടം നികത്താനാവാത്തതുതന്നെ; എങ്കിലും, രാജീവ് ഗാന്ധി വധക്കേസിൽ ഇപ്പോഴും ജയിലിൽ കഴിയുന്ന നളിനി, മുരുകൻ തുടങ്ങിയവരുടെ മോചനത്തിനടക്കം വഴിതുറക്കും പരമോന്നത നീതിപീഠത്തിന്റെ ഈ ഇടപെടൽ എന്നുതന്നെ കരുതാം.

ആ വഴിയിലുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുന്നു. ഭരണഘടനയുടെ 142ാം അനു​ച്ഛേദം സവിശേഷാധികാരമായി ഉപയോഗിച്ചാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചിരിക്കുന്നത്. നേരത്തെ, തമിഴ്നാട് സർക്കാർ 'അറിവി'ന്റെ മോചനത്തിനായി ഗവർണറെ സമീപിച്ചിരുന്നു. ഭരണഘടനയുടെ 162ാം അന​ുച്ഛേദം ഉപയോഗപ്പെടുത്തി പേരറിവാളനെ വിട്ടയക്കണമെന്നായിരുന്നു സർക്കാറിന്റെ ആവശ്യം. എന്നാൽ, രാജ്​ഭവൻ-സർക്കാർ പോരിൽ കുരുങ്ങി അതിലൊരു തീരുമാനമെടുക്കുന്നത് ഗവർണർ പരമാവധി വൈകിച്ചപ്പോഴാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സുപ്രീംകോടതി 'അറിവി'നെ മോചിപ്പിക്കാനുള്ള ഉത്തരവിട്ടത്. സ്വാഭാവികമായും, ഈ ഇടപെടൽ വലിയൊരു രാഷ്ട്രീയവിവാദമായി മാറേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, പൊതുവിൽ നീതിപീഠത്തിന്റെ ഇട​പെടലിന് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

ഓർക്കണം, രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട കേസിലാണ് പേരറിവാളൻ ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെട്ടത്. എന്നിട്ടും, അറിവുൾപ്പെടെയുള്ളവർ കുറ്റവാളികളല്ലെന്നും മോചിപ്പിക്കപ്പെടേണ്ടവരാണെന്നുമുള്ള മറ്റൊരുതരം രാഷ്ട്രീയബോധം പൊതുവിൽ നാടിനെ നയിച്ചു. രാജീവ് വധാനന്തരം അന്വേഷണ ഏജൻസികളും മാധ്യമങ്ങളും പൊതുജനങ്ങളെ പറഞ്ഞുവിശ്വസിപ്പിച്ച കാര്യങ്ങൾക്കപ്പുറമായിരുന്നു വസ്തുതകളെന്ന് അൽപം വൈകിയെങ്കിലും തിരിച്ചറിയപ്പെട്ടതോടെയായിരുന്നു ഈ മാറ്റം. ആ നിമിഷംതൊട്ട്, പേരറിവാളന്റെ മാതാവ് അർപ്പുതാമ്മാൾ അടക്കമുള്ളവരുടെ ശബ്ദം സമൂഹം കേട്ടുതുടങ്ങിയിട്ടുണ്ട്. 'ബോംബ് നിർമാണ സ്പെഷലിസ്റ്റ്' എന്നാണ് തുടക്കത്തിൽ പല മാധ്യമങ്ങളും പേരറിവാളനെ വിശേഷിപ്പിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ഡിപ്ലോമക്കാരനായ പേരറിവാളനാണ് സ്ഫോടനത്തിനുപയോഗിച്ച ബെൽറ്റ് ബോംബ് നിർമിച്ചതെന്നും മറ്റും മാധ്യമങ്ങൾ കഥയെഴുതി.

അന്ന്, 19 വയസ്സാണ് അറിവിന്. ഏഴു വർഷത്തിനുശേഷം ടാഡ കോടതി വധശിക്ഷക്കു വിധിച്ചപ്പോഴും പൊതുജനങ്ങൾ അതെല്ലാം വിശ്വസിച്ചു. ഒമ്പത് വാട്ടിന്റെ രണ്ട് ബാറ്ററി സെല്ലുകൾ അറിവ് വാങ്ങിയെന്നും അത് ബോംബുണ്ടാക്കാൻ ഉപയോഗിച്ചുവെന്നുമായിരുന്നു അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചത്. തെളിവായി, ബാറ്ററി വാങ്ങിയതിന്റെ ബില്ലും കോടതിയിൽ സമർപ്പിച്ചു. 31 വർഷം മുമ്പ്, തമിഴ്നാട്ടിൽ രണ്ട് ബാറ്ററി വാങ്ങു​മ്പോൾ ബിൽ ലഭിക്കുമോ എ​ന്നൊന്നും ആരും ചോദിച്ചില്ല. കോടതിയിൽ സമർപ്പിക്കപ്പെട്ട ആ​േരാപണങ്ങളിൽ മിക്കതും ഇമ്മട്ടിലുള്ളതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പിന്നീട് ഏതാനും മാധ്യമങ്ങളും ചില മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം കനപ്പെട്ട മറുചോദ്യങ്ങൾ ഉന്നയിച്ചത്. ആ ചോദ്യങ്ങൾക്ക് ഫലമുണ്ടായി. 1998ൽ, സുപ്രീംകോടതി ശരിവെച്ച വധശിക്ഷ 2014ൽ ജീവപര്യന്തമായി കുറച്ചു. എന്നല്ല, 2017ൽ ഇവരിൽ ചിലർക്ക് ആദ്യമായി പരോളും അനുവദിക്കപ്പെട്ടു. പൗരസമൂഹങ്ങളുടെയും മാധ്യമങ്ങളുടെയും അത്തരം ഇടപെടലുകളുടെ തുടർച്ചയിലാണ് ഇപ്പോൾ അറിവിന്റെ മോചനവും യാഥാർഥ്യമായിരിക്കുന്നത്.

11 വർഷം മുമ്പ്, തൂക്കുകയർ പ്രതീക്ഷിച്ച് കഴിയവെ പേരറിവാളൻ ഇങ്ങനെ കുറിച്ചു: ''ഇരുപതു വർഷം മുമ്പ് തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ ചുറ്റിത്തിരിഞ്ഞ ഒരാൾ പൊടുന്നനെ ഭീകരവാദിയും കൊലപാതകിയുമായി ചിത്രീകരിക്കപ്പെടുന്നത് വലിയ ദുരന്തമാണ്. സഹമനുഷ്യരോട് ദുരിതങ്ങളിൽ താദാത്മ്യം ​പ്രാപിക്കുന്നതും, അവരുടെ കണ്ണീർ തുടക്കാൻ ശ്രമിക്കുന്നതും കൊലപാതകിയായി പരിഗണിക്കപ്പെടാൻ ഇടയാക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.'' ജുഡീഷ്യറിയോടും രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തോടുമുള്ള പ്രതിഷേധത്താലും ​തന്റെ ജീവിത വിധിയിലുള്ള അഗാധമായ നിരാശയാലും കുറിക്കപ്പെട്ട വാക്കുകൾ തൽക്കാലത്തേക്കെങ്കിലും അറിവിന് മറക്കാനാകും.

അറിവിന്റെ 31 ജീവിതവർഷങ്ങളുടെ ഓർമയും പാഠവുമായി പഴയ സ്വാതന്ത്ര്യത്തോടെ ആ തെരുവുകളിലൂടെ ഇനി അയാൾക്ക് സഞ്ചരിക്കാം. പക്ഷേ, അന്നുകുറിച്ച വാക്കുകളിലെ പ്രതിഷേധവും നിരാശയുമായി പതിനായിരങ്ങൾ ഇപ്പോഴും ഈ രാജ്യത്ത് അഴിയെണ്ണിക്കഴിയുന്നുണ്ട്. നിനച്ചിരിക്കാതെ പെട്ടെന്നൊരുനാൾ ഭീകരവാദികളും കൊലപാതകികളുമായവരാണ് അവരിൽ മിക്കവരും. സഹമനുഷ്യരോട് താദാത്മ്യം പ്രാപിച്ചവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചവരുമുണ്ട് അക്കൂട്ടത്തിൽ. അറിവിന്റെ സ്വാതന്ത്ര്യം വലിയ ആഘോഷമായി മാറിയ ഈ സന്ദർഭത്തിൽ നീതിനിഷേധിക്കപ്പെട്ട ആ മനുഷ്യരെയും ഓർക്കാൻ നാം ബാധ്യസ്ഥരാണ്. അവരുടെകൂടി മോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി അറിവ് മാറട്ടെയെന്ന് ആശിക്കാം.

Tags:    
News Summary - Madhyamam Editorial on perarivalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.