രാജ്യദ്രോഹ നിയമം നിലനിർത്തണോ ഒഴിവാക്കണോ എന്ന വിഷയത്തിൽ അഭിപ്രായമറിയിക്കാനുള്ള സമയമാണിത്. ഈ കൊളോണിയൽ നിയമം എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഏതാനും സംഘടനകൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കെ, അതു നീക്കംചെയ്യണമെന്ന അഭിപ്രായത്തോടാണ് യോജിപ്പെന്നുകൂടി അന്നത്തെ ചീഫ് ജസ്റ്റിസ് എൻ.വി. രമണ സൂചിപ്പിച്ചു. എന്നാൽ, നിയമം സർക്കാർ തലത്തിൽതന്നെ പുനഃപരിശോധിക്കാൻ പോകുന്നുണ്ടെന്നും അതുവരെ വിധി നീട്ടിവെക്കണമെന്നും യൂനിയൻ സർക്കാർ അഭ്യർഥിച്ചു. അതംഗീകരിച്ചുകൊണ്ട് രാജ്യദ്രോഹനിയമം കോടതി മരവിപ്പിച്ചു. പുനഃപരിശോധനയുടെ ഭാഗമായി നിയോഗിക്കപ്പെട്ട നിയമ കമീഷൻ ഈയിടെ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അത് പൊതുവെ അമ്പരപ്പാണുളവാക്കിയത്. കാരണം, കമീഷന്റെ ശിപാർശ ജനാധിപത്യ-മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ നിലപാടിന് കടകവിരുദ്ധമായിരുന്നു. രാജ്യദ്രോഹ നിയമം നിലനിർത്തണമെന്ന് നിർദേശിക്കുക മാത്രമല്ല, രാജ്യദ്രോഹത്തിന്റെ നിർവചനം കുറെക്കൂടി ഉദാരമാക്കുകയും ശിക്ഷ വർധിപ്പിക്കുകയും ചെയ്യുന്നതാണ് കമീഷന്റെ റിപ്പോർട്ട്. ഫലത്തിൽ സംഭവിച്ചത്, ജുഡീഷ്യറി നൽകുമായിരുന്ന വിധി നീട്ടിവെപ്പിച്ച് രാജ്യദ്രോഹ നിയമത്തിനനുകൂലമായ വാദങ്ങൾ ഉയർത്തുക എന്നതാണ്. കമീഷന്റെ റിപ്പോർട്ട് ശിപാർശ മാത്രമാണെന്നും അത് സ്വീകരിക്കണോ വേണ്ടേ എന്ന് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നുമാണ് നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനാ വിദഗ്ധരും നിയമ പണ്ഡിതരും മനുഷ്യാവകാശ പ്രസ്ഥാനങ്ങളും പൊതുവെ അഭിപ്രായപ്പെടുന്നത് നിയമ കമീഷന്റെ റിപ്പോർട്ട് തള്ളുകയും രാജ്യദ്രോഹ നിയമം എന്നന്നേക്കുമായി റദ്ദാക്കുകയും വേണമെന്നാണ്.
1870കളിൽ, സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻവേണ്ടി ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കൊണ്ടുവന്ന നിയമമനുസരിച്ച്, സർക്കാറിനോട് ‘അനിഷ്ട’മുണ്ടാക്കുന്നത് രാജ്യദ്രോഹമാണ്. ആ നിയമം ഇന്ത്യൻ ശിക്ഷാനിയമം 124 എയിൽ സ്വതന്ത്ര ഇന്ത്യ ഇന്നും കൊണ്ടുനടക്കുന്നു. ജീവപര്യന്തം തടവോ മൂന്നു വർഷത്തെ ജയിൽശിക്ഷയോ നൽകാവുന്ന കുറ്റമാണത്. ക്രമസമാധാനം തകർക്കാൻ ‘പ്രവണത’യുള്ള എന്ത് അഭിപ്രായ പ്രകടനവും ‘അനിഷ്ട’ത്തിന്റെ പരിധിയിൽ വരുമെന്നാണ് നിയമം. ഈ നിയമത്തെ ഇപ്പോൾ നിയമ കമീഷൻ വ്യാഖ്യാനിച്ചിരിക്കുന്നത് അക്രമത്തിന് പ്രേരിപ്പിക്കാനോ പൊതുസമാധാനം തകർക്കാനോ ‘ചായ്‍വുകാണിക്കുന്ന’ എന്തും രാജ്യദ്രോഹമാകും എന്നാണ്. ഏതു സർക്കാർ വിമർശനത്തെയും രാജ്യദ്രോഹമാക്കാൻ പാകത്തിൽ നിയമം ഉണ്ടാക്കുകയാണിവിടെ. ശിക്ഷ മൂന്നു വർഷത്തിൽനിന്ന് ഏഴുവർഷമാക്കി ഉയർത്താനും ശിപാർശ ചെയ്തിരിക്കുന്നു. ഇതിന് പിൻബലമായി 1962ൽ കേദാർനാഥ് സിങ് കേസിലെ സുപ്രീംകോടതിവിധി കമീഷൻ എടുത്തുകാട്ടുന്നുണ്ട്. പൊതുക്രമസമാധാന താൽപര്യത്തിനുവേണ്ടി അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തിനുമേൽ ‘ന്യായമായ നിയന്ത്രണം’ ആകാമെന്നായിരുന്നു രാജ്യദ്രോഹനിയമം നിലനിർത്തിക്കൊണ്ടുള്ള ആ വിധിയിൽ കോടതി പറഞ്ഞത്. അന്നുപോലും, രാജ്യദ്രോഹ നിയമം യഥേഷ്ടം ഉപയോഗിക്കാനുള്ളതല്ല എന്ന സൂചന കോടതി നൽകിയിരുന്നു. തന്നെയുമല്ല, അഭിപ്രായ സ്വാതന്ത്ര്യവും രാജ്യദ്രോഹവും സംബന്ധിച്ച നീതിശാസ്ത്ര നിലപാടുകളിൽ പിന്നീട് ആഗോളതലത്തിൽ തന്നെ വലിയ വികാസം സംഭവിച്ചിട്ടുണ്ട്. അതിനെല്ലാം വിപരീതമായ പിന്തിരിപ്പൻ വാദങ്ങൾ മുന്നോട്ടുവെക്കുകയാണ് നിയമകമീഷൻ ചെയ്തിരിക്കുന്നത്.
നിയമത്തിന്റെ ദുരുപയോഗം അത് നീക്കം ചെയ്യാനുള്ള ന്യായമല്ല എന്നു പറയുന്ന കമീഷൻ, ഇത്ര പ്രധാനപ്പെട്ട റിപ്പോർട്ടിനുവേണ്ടിപോലും നിയമ ദുരുപയോഗങ്ങളെപറ്റി പഠിക്കാനേ തയാറായിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. റിപ്പോർട്ടിലെ ബന്ധപ്പെട്ട അധ്യായത്തിന്റെ ശീർഷകം, ‘124 എയുടെ ദുരുപയോഗമെന്ന് ആരോപിക്കപ്പെടുന്നത്’ എന്നാണ്. തെളിയിക്കപ്പെട്ട യാഥാർഥ്യമായി കമീഷന് അത് തോന്നിയിട്ടില്ല. 2014-2019 കാലത്ത് 326 രാജ്യദ്രോഹക്കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു; ഇതിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത് 141 എണ്ണത്തിൽ മാത്രം. ശിക്ഷിക്കപ്പെട്ടത് വെറും ആറുപേർ. ഇത്തരം കണക്കൊന്നും കമീഷന്റെ കണ്ണിൽ പെട്ടില്ല എന്ന് കരുതേണ്ടിവരുന്നു.
രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന മുൻവിധിയോടെയാണ് കമീഷൻ പ്രവർത്തിച്ചതെന്ന വിമർശനം ഇതിനകം ഉയർന്നുകഴിഞ്ഞു. മതിയായ കൂടിയാലോചനകൾ അവർ നടത്തിയതായി കമീഷന്റെ വെബ്സൈറ്റിൽനിന്ന് കണ്ടെത്താനാവില്ല. മൗലികാവകാശത്തിനു മേലുള്ള ഏതു നിയന്ത്രണവും ന്യായമായിരിക്കണമെന്നും മറ്റു മാർഗങ്ങൾ ഇല്ലെങ്കിൽ മാത്രമേ അതുപോലും പ്രയോഗിക്കാവൂ എന്നും സുപ്രീംകോടതി പലകുറി നിരീക്ഷിച്ചതാണ്. ഈ ഉപാധികളൊന്നും പാലിക്കാത്തതാണ് കമീഷന്റെ റിപ്പോർട്ടിലെ ശിപാർശ. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന പൊലീസിനും ഉദ്യോഗസ്ഥർക്കും പൗരജനങ്ങളെ ഉപദ്രവിക്കാനുള്ള ആയുധമാക്കുന്ന, കൊളോണിയൽ കാലത്തിന്റെ അവശിഷ്ടമായ ഒരു കഠോരനിയമം നിലനിർത്താനല്ല, എടുത്തുകളയാനാണ് കാരണങ്ങളുള്ളത്. ആ നിയമത്തിന്റെ ദുരുപയോഗം വർധിക്കുകയാണ്. സർക്കാറിനെയും മന്ത്രിമാരെയും വിമർശിക്കുന്നത് രാജ്യദ്രോഹമായി ചിത്രീകരിക്കപ്പെടുന്നു. അക്രമം തടയാനും ക്രമസമാധാനം ഉറപ്പുവരുത്താനും ഭരണഘടനാനുസൃതമായ മറ്റു നിയമങ്ങൾ ഉണ്ടായിരിക്കെ, ഭരണഘടനക്ക് ചേരാത്ത രാജ്യദ്രോഹ നിയമം നിലനിന്നുകൂടാ. ഒരു ദലിത് ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവം റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിച്ചതും പൗരാവകാശത്തിനുവേണ്ടി നിയമാനുസൃതം ശബ്ദമുയർത്തിയതും ആദിവാസികളുടെ അവകാശത്തിനായി പ്രവർത്തിച്ചതുമൊക്കെ രാജ്യദ്രോഹമായി കാണാൻ കഴിയുന്നുവെങ്കിൽ ആ നിയമം രാജ്യവിരുദ്ധമാണ്. അത് നീക്കം ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.