പി.ടി. തോമസിന്റെ വിയോഗത്തെ തുടർന്ന് തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുമ്പോൾ ഇത്രമേൽ പ്രാധാന്യം അതിനു കൈവരുമെന്നു കരുതിയതല്ല. യു.ഡി.എഫിന്‍റെ ജയപരാജയങ്ങൾ ഒരു സിറ്റിങ് സീറ്റിന്‍റെ ലാഭനഷ്ടത്തിലൊതുങ്ങും. മറുഭാഗം ജയിച്ചാൽ ഇടതുപക്ഷം നിയമസഭയിൽ 100 എന്ന മാന്ത്രിക നമ്പറിലെത്തും. അതിനപ്പുറമൊന്നും സംഭവിക്കാനുണ്ടായിരുന്നില്ല. എന്നാൽ, നടന്നത് മറ്റൊന്നാണ്. യു.ഡി.എഫ് അതൊരു അതിജീവനപ്പോരാട്ടമായി കണ്ടപ്പോൾ സീറ്റ് പിടിച്ചെടുത്ത് സെഞ്ച്വറി തികക്കുകയെന്ന ആഗ്രഹം ഇടതുപക്ഷം അഭിമാനപ്രശ്നമായെടുത്തു. അതോടെ സംസ്ഥാന രാഷ്ട്രീയം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വീറും വാശിയും നിറഞ്ഞൊരു തെരഞ്ഞെടുപ്പ് ഗോദയായി തൃക്കാക്കര മാറി.

ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ, കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക് ഹിതകരമല്ലാത്ത പല പ്രവണതകളും ഇരു മുന്നണികളിൽനിന്നുമുണ്ടായി. ഒടുവിൽ, ഫലം വന്നപ്പോൾ ഉമ തോമസ് കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിന് വിജയിച്ചിരിക്കുന്നു. ഒരു വനിത പ്രതിനിധിയില്ലെന്ന ചീത്തപ്പേര് കോൺഗ്രസിന് മാറിക്കിട്ടി. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം ഡസനിലെത്തി.

കോൺഗ്രസിനും യു.ഡി.എഫിനും ഇതൊരു രാഷ്ട്രീയവിജയം തന്നെയാണ്. പി.ടി. തോമസ് എന്ന ജനകീയ നേതാവിന്റെ ഓർമകളും രാഷ്ട്രീയ ഇടപെടലുകളും സഹതാപ വോട്ടുകളായി മാറുമെന്ന് കണക്കാക്കിയാണ് ഉമ തോമസും കൂട്ടരും പ്രചാരണം ആരംഭിച്ചതെങ്കിലും പിന്നീടത് വലിയ രാഷ്ട്രീയ സംവാദങ്ങളിലേക്കു മാറി. അതിനു വഴിവെച്ചതാകട്ടെ, എൽ.ഡി.എഫിന്റെ നിലപാടുകളും. 'സഹതാപ തരംഗത്തിനെതിരെ വികസനരാഷ്ട്രീയ'മാണ് തങ്ങളുയർത്തുന്നതെന്ന് അവർ വാദിച്ചു. മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഭരണപക്ഷത്തെ ഏതാണ്ടെല്ലാ നിയമസഭാംഗങ്ങളും മണ്ഡലത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രചാരണം നിയന്ത്രിച്ചു. പാർട്ടിയും മുന്നണിയും എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. സമൂഹമാധ്യമങ്ങളുടെ സമാന്തരലോകവും അവസരത്തിനൊത്തുണർന്നു.

പിണറായി സർക്കാറിന്റെ 'വികസന'മന്ത്രമായി എങ്ങും ചർച്ച; ഇതോടൊപ്പം പ്രതിപക്ഷം വികസനവിരോധികളാണെന്ന പ്രചാരണവും. തൃക്കാക്കരയെ 'മിനികേരള'മായിട്ടാണ് കാണുന്നതെന്നും മണ്ഡലത്തിൽ വിജയിച്ചാൽ കെ-റെയിൽ അടക്കം പ്രതിപക്ഷം എതിർക്കുന്ന സകല വികസനപദ്ധതികൾക്കുമുള്ള കേരളജനതയുടെ അംഗീകാരമായിരിക്കും അതെന്നുംവരെ പ്രസംഗിച്ച നേതാക്കളുണ്ട്. ഐ.ടി ഉദ്യോഗസ്ഥർക്കും മധ്യവർഗ സമൂഹത്തിനും വലിയ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഇത്തരം പ്രചാരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. മറുവശത്ത്, യു.ഡി.എഫും ഉണർന്നുപ്രവർത്തിച്ചു. വികസനവിരോധികളെന്ന ആരോപണത്തിനും ആക്ഷേപത്തിനും അതേ നാണയത്തിൽ മറുപടി നൽകി 'നവകേരള'മോഡൽ വികസനത്തെ രാഷ്ട്രീയസംവാദമാക്കി അവർ കൂടുതൽ സജീവമാക്കി. അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

പിണറായി സർക്കാർ മുന്നോട്ടുവെക്കുന്ന ഹൈടെക് വികസന മാതൃകകളോട് തൃക്കാക്കരക്കാർ പുറംതിരിഞ്ഞുനിന്നുവെന്നാണ് ജനവിധിയെ പ്രാഥമികമായി വിശകലനം ചെയ്യുമ്പോൾ ബോധ്യപ്പെടുക. തൃക്കാക്കരയിലെ നഗരകേന്ദ്രിത-മധ്യവർഗ സമൂഹത്തിന് കെ-റെയിൽ അടക്കമുള്ള വികസനത്തെ ഉൾക്കൊള്ളാനായിട്ടില്ലെങ്കിൽ മൊത്തം കേരള സമൂഹം അതംഗീകരിക്കുമെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ, പിണറായി സർക്കാർ വികസന മുദ്രാവാക്യങ്ങൾ മാറ്റിയെഴുതിയാൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞദിവസം, സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഒരു മണിക്കൂർ നേരം സംസാരിച്ചിട്ടും സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പറയാതിരുന്നത് പെട്ടി തുറക്കുംമുന്നേ തൃക്കാക്കരയുടെ വിധിയെഴുത്ത് വായിച്ചതുകൊണ്ടായിരിക്കണം.

വികസനരാഷ്ട്രീയം മാത്രമാണ് തൃക്കാക്കരയിൽ ചർച്ചയായത് എന്ന് ധരിക്കരുത്. വർഗീയരാഷ്ട്രീയത്തിന്റെ സോഷ്യൽ എൻജിനീയറിങ്ങും മണ്ഡലത്തിൽ പ്രത്യക്ഷത്തിൽതന്നെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏതുവിധേനയും മാന്ത്രിക നമ്പറിലെത്തുക എന്ന ചിന്തയിൽ ആ പരീക്ഷണത്തിൽ ഭാഗഭാക്കാവാനും ഇടതുപക്ഷം മുതിർന്നുവെന്നതാണ് ഏറെ ആശങ്കജനകമായ കാര്യം. കേരളത്തിൽ ഏതാനും ക്രൈസ്തവ സംഘടനകൾ സംഘ്പരിവാറുമായി ചേർന്ന് ഏതാനും കാലമായി നടത്തിക്കൊണ്ടിരിക്കുന്ന മുസ്‍ലിംവിരുദ്ധ പ്രചാരണങ്ങൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലം മുതലേ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്.

ലവ് ജിഹാദ്, മദ്റസ അധ്യാപകർക്കുള്ള സർക്കാറിന്റെ വഴിവിട്ട ആനുകൂല്യ വിതരണം തുടങ്ങിയ കുപ്രചാരണങ്ങളിലൂടെ മുസ്‍ലിം അപരവത്കരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ പച്ചയായി നടന്നിട്ടും അതിനെ പ്രതിരോധിക്കാനോ സത്യാവസ്ഥ ബോധ്യപ്പെടുത്താനോ ഒന്നാം പിണറായി സർക്കാർ തയാറായിരുന്നില്ല. പകരം, മധ്യകേരളത്തിൽ അതിനെ രാഷ്ട്രീയനേട്ടങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തു. ഇതേ തന്ത്രം മറ്റൊരു രീതിയിൽ തൃക്കാക്കരയിലും ഇടതുപക്ഷം പയറ്റി. തീവ്ര ക്രൈസ്തവ സംഘങ്ങളുടെ വക്താക്കളെപ്പോലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ പലകുറി പ്രസ്താവനകളിറക്കിയെന്നു മാത്രമല്ല, ക്രൈസ്തവ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയെ സഭയുടെ പ്രതിനിധിയായി അവതരിപ്പിക്കാനും ശ്രമിച്ചു. അത്യന്തം അപകടകരമായ ഈ പ്രതിലോമ രാഷ്ട്രീയത്തെ തൃക്കാക്കരയിലെ ജനസാമാന്യം തിരിച്ചറിഞ്ഞു. പോപ്പുലിസ്റ്റ് വികസന മാതൃകകളും പ്രതിച്ഛായ രാഷ്ട്രീയവുമല്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടതെന്ന് മുഖ്യധാര രാഷ്ട്രീയനേതൃത്വത്തെ തൃക്കാക്കരക്കാർ ഓർമിപ്പിച്ചുവെന്നും പറയാം.

തീർച്ചയായും, ഈ ജനവിധി കോൺഗ്രസിന് ആശ്വാസവും ആവേശവുമാണ്. കൂട്ടായിനിന്നാൽ ഒരു തിരിച്ചുവരവ് അസാധ്യമല്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുണ്ട്. പി.ടിയുടെ വിധവയായിട്ടല്ല, അദ്ദേഹം ഉയർത്തിപ്പിടിച്ച ആദർശരാഷ്ട്രീയം വോട്ടർമാരെ ഓർമിപ്പിച്ചാണ് ഉമ തോമസ് വോട്ട് ചോദിച്ചത്. അതിജീവിതയുടെ കാര്യമടക്കം പ്രചാരണ വിഷയമായി ഉയർത്തിക്കൊണ്ടുവന്ന ഉമ തോമസിന് അക്കാര്യത്തിൽ സഭയിൽ ഇടപെടാനും ധാർമിക ബാധ്യതയുണ്ട്. ആ നിലയിൽ മികച്ച നിയമസഭ സാമാജികയായി അവർ മാറട്ടെെയന്ന് ആശംസിക്കാം.

Tags:    
News Summary - Madhyamam Editorial on Thrikkakara election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.