ൈസബർ ആക്രമണവും അധിക്ഷേപവും തടയാനെന്ന പേരിൽ സംസ്ഥാനസർക്കാർ െകാണ്ടുവന്ന പൊലീസ് നിയമ ഭേദഗതി ഒാർഡിനൻസ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നു. ഒാർഡിനൻസിനെതിരെ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്ന് രൂപംകൊണ്ട പ്രതിഷേധം സ്വന്തം മുന്നണിയിലേക്കും പാർട്ടി കേന്ദ്രനേതൃത്വത്തിലേക്കുമെല്ലാം കത്തിപ്പടർന്ന സാഹചര്യത്തിലാണ്, വിജ്ഞാപനമിറങ്ങി 24 മണിക്കൂറിനു മുേമ്പ ഇങ്ങനെയൊരു പുനരാലോചനക്ക് മുഖ്യമന്ത്രിയെ നിർബന്ധിതനാക്കിയതെന്ന് വ്യക്തം. 'ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലയുറപ്പിക്കുന്നവരും ആശങ്ക അറിയിച്ച സാഹചര്യത്തിൽ നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നിയമസഭയിൽ വിഷയം വിശദമായി ചർച്ച ചെയ്തായിരിക്കും തുടർനടപടികളെന്നും അദ്ദേഹം പറഞ്ഞു. ഇതിൽനിന്ന് ഒാർഡിനൻസ് റദ്ദാക്കിയെന്നോ പിൻവലിച്ചെന്നോ വ്യാഖ്യാനിക്കാമെങ്കിലും അത്തരത്തിലൊരു പുതിയ വിജ്ഞാപനം പുറത്തിറങ്ങും വരെ ഇൗ നിയമഭേദഗതി നിലനിൽക്കുമെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. അഥവാ, മാധ്യമങ്ങളുടെയും പൗരസമൂഹത്തിെൻറയും വായ് മൂടിക്കെട്ടാൻ പര്യാപ്തമായ പ്രസ്തുത ഒാർഡിനൻസിെൻറ വാൾമുനയിൽതന്നെയാണ് നാം ഇപ്പോഴുമുള്ളത്. അതുകൊണ്ടുതന്നെ, മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പൂർണാർഥത്തിൽ സ്വാഗതം ചെയ്യാൻ നിർവാഹമില്ല. വലിയതോതിലുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലും തദ്ദേശ തെരഞ്ഞെടുപ്പടുത്ത സവിശേഷസാഹചര്യത്തിലുമുള്ള താൽക്കാലിക പിന്മടക്കമായേ അതിനെ കാണാനാവൂ. അതേസമയം, സർഗാത്മക പ്രതിഷേധത്തിലൂടെ സംസ്ഥാന സർക്കാറിന് ജനാധിപത്യത്തിെൻറ തിരിച്ചറിവുകൾ പകർന്ന പൗരസമൂഹം ഇക്കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നുമുണ്ട്.
സമൂഹമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് െപാലീസ് നിയമത്തിൽ 118 എ വകുപ്പ് കൂട്ടിച്ചേർത്ത് ഒാർഡിനൻസ് പുറപ്പെടുവിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത് ഒക്ടോബർ 21നാണ്. സൈബർ കുറ്റകൃത്യങ്ങൾക്ക് മൂന്നു വർഷംവരെ തടവോ പതിനായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന തരത്തിലാണ് നിയമനിർമാണം നടത്തിയത്. ൈസബർ ആക്രമണവും അധിക്ഷേപവും ഫലപ്രദമായി തടയുന്നതിലും ലഭ്യമാകുന്ന പരാതികൾ കൃത്യമായി തീർപ്പാക്കുന്നതിലും ഇവിടത്തെ പൊലീസ് സംവിധാനം അത്രമേൽ കാര്യക്ഷമമല്ലെന്നത് അനുഭവമായിരിക്കെ, സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡറുകൾക്കുമെല്ലാം സൈബറിടങ്ങളിൽ സുരക്ഷ നൽകുന്ന ഒരു നിയമത്തെ പൊതുവിൽ സ്വാഗതം ചെയ്യേണ്ടതായിരുന്നു. എന്നാൽ, നിയമഭേദഗതിയിലൂടെ െപാലീസിന് ലഭിക്കുന്ന അമിതാധികാരത്തിലൂടെ മാധ്യമസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഹനിക്കപ്പെേട്ടക്കാമെന്ന ആശങ്കയാണ് ഭരണമുന്നണിയിൽനിന്നുതന്നെ ഉയർന്നുവന്നത്. അതാകെട്ട, ഒട്ടും അസ്ഥാനത്തുമല്ല. പൗരെൻറ അഭിപ്രായസ്വാതന്ത്ര്യത്തെ ഞെരുക്കിക്കളയുന്നതെന്നും ഭരണഘടനാവിരുദ്ധമെന്നും നിരീക്ഷിച്ച് 2015ൽ സുപ്രീംകോടതി റദ്ദാക്കിയ െഎ.ടി നിയമത്തിലെ 66 എ, കേരള പൊലീസ് നിയമത്തിലെ 118 ഡി എന്നീ വകുപ്പുകളുടെ തനിപകർപ്പാണ് പുതിയ നിയമഭേദഗതി. ആർക്കും ആർക്കെതിരെയും 'അപകീർത്തികര'മെന്ന് ആരോപണം ഉന്നയിക്കാം; പരാതിക്കാരനില്ലെങ്കിലും െപാലീസിന് സ്വമേധയാ കേസെടുക്കാം; അറസ്റ്റിന് വാറേൻറാ മജിസ്ട്രേറ്റിെൻറ അനുമതിയോ ആവശ്യമില്ല. മാധ്യമങ്ങളെയും നവ സമൂഹമാധ്യമങ്ങളെയും നിശ്ശബ്ദരാക്കാൻ ഇതിലപ്പുറമൊന്നും ആവശ്യമില്ല. എന്തിനുവേണ്ടിയാണോ ഇത്തരമൊരു നിയമനിർമാണം നടത്തിയത്, ആ വിഭാഗത്തെക്കുറിച്ച് ഒരു പരാമർശവുമില്ലെന്ന വൈരുധ്യവും ഇൗ നിയമഭേദഗതിയിൽ കാണാം. ഏറെ കൗതുകകരമായ കാര്യം, 66 എയും 118 ഡിയും എടുത്തുകളയണമെന്ന് നിയമനിർമാണ സഭക്കകത്തും പുറത്തും നിരന്തരമായി ഉന്നയിച്ചൊരു പാർട്ടി സംസ്ഥാനം ഭരിക്കുേമ്പാഴാണ് അതേനിയമങ്ങൾ പിൻവാതിലിലൂടെ കടന്നുവരുന്നത് എന്നാണ്.
ഇൗ ഒാർഡിനൻസിന് ഗവർണറോട് ശിപാർശ ചെയ്ത പിണറായി വിജയൻ അംഗമായ സി.പി.എം പോളിറ്റ് ബ്യൂറോ ഇക്കഴിഞ്ഞ 12ന് ഇറക്കിയ വാർത്തക്കുറിപ്പിൽ സൈബർ സ്പേസിലെ സർക്കാർ ഇടപെടലിെന അതിനിശിതമായി വിമർശിക്കുന്നുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാറിെൻറ നിയന്ത്രണത്തിലാക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കത്തിനെതിരായിരുന്നു ആ പ്രസ്താവന. അതൊരു രാഷ്ട്രീയ പ്രഖ്യാപനംകൂടിയാണ്. ആ തീരുമാനത്തിന് തികച്ചും കടകവിരുദ്ധമായിട്ടാണ് പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്. ഇത് അത്തരത്തിലുള്ള ആദ്യത്തെ സംഭവമൊന്നുമല്ല. ഇൗ സർക്കാർ അധികാരത്തിലെത്തിയശേഷം ആഭ്യന്തര വകുപ്പ് കൈക്കൊണ്ട തീരുമാനങ്ങളിൽ പലതിലും ഇൗ വൈരുധ്യം ദർശിക്കാം. ദേശീയതലത്തിൽ തന്നെ യു.എ.പി.എ നിയമത്തിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിച്ച സി.പി.എമ്മിന് ഇക്കാര്യത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടെയുണ്ടായ മാറ്റം കേരളം പല ആവർത്തി ചർച്ചചെയ്തതാണല്ലോ. പലപ്പോഴും സംഘ്പരിവാറിെൻറ നാവും ലാത്തിയുമായി കേരള പൊലീസ് നടത്തിയ പകർന്നാട്ടങ്ങൾക്കും നമ്മുടെ നാട് സാക്ഷിയായി. ഇപ്പോൾ, ദേശീയതലത്തിൽ സംഘ്പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'പൊലീസ് മുറകൾ' അതുപോലെ സ്വീകരിക്കുന്നിടംവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. 2017ൽ, രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന 'പത്രമാരണ നിയമ'ത്തിന് ഏറക്കുറെ സമാനമാണ് 118 എയും. അത് മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ വാർത്തകൾ 'നിയന്ത്രിക്കുന്ന'തിനായിരുന്നു. പ്രസ്തുത ബിൽ നിയമസഭയിൽ ചർച്ചക്കുവെക്കാനുള്ള രാഷ്ട്രീയ മര്യാദയെങ്കിലും വസുന്ധര രാജ സിന്ധ്യയുടെ സർക്കാർ കാണിെച്ചങ്കിൽ ഇവിടെ സർവം പൊലീസ് യുക്തിക്ക് വിട്ടുനൽകുകയായിരുന്നു. ജനാധിപത്യത്തിനുമേൽ ഇതുപോലുള്ള െപാലീസ് യുക്തികൾ പിടിമുറുക്കിയാൽ, പിന്നെ അത് വഴിതുറക്കുക ഫാഷിസത്തിലേക്കോ സ്റ്റാലിനിസത്തിലേക്കോ ആയിരിക്കും. അതിനാൽ, അവസാന നിമിഷത്തിൽ മുഖ്യമന്ത്രിക്കുണ്ടായ ഇൗ വീണ്ടുവിചാരം ക്രിയാത്മക ജനാധിപത്യത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പായിരിക്കെട്ട.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.