സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സമുണ്ടാക്കാൻ നിയമവ്യവസ്ഥയെ ദുരുപയോഗപ്പെടുത്തുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരുന്നത് ആപദ്സൂചനയാണ്. റിപ്പബ്ലിക് ദിനത്തിന് ഡൽഹിയിൽ കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ, സമരരംഗത്തുള്ളവരെപ്പോലെ മാധ്യമങ്ങളെയും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു സംശയിക്കണം. ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ മുതിർന്ന ജേണലിസ്റ്റുകൾക്കെതിരെ പൊലീസ് എഫ്.ഐ.ആറുകൾ സമർപ്പിച്ചതിനെ എഡിറ്റേഴ്സ് ഗിൽഡ് അപലപിച്ചത് അതിനുപിന്നിലെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞാണ്.
പ്രകടനത്തിനിടെ മരിച്ച കർഷകനെ പൊലീസ് വെടിവെച്ചു കൊന്നതാണെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഏതാനും മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കർഷകൻ മരിച്ചത് പൊലീസ് വെടിവെപ്പിലല്ല, ട്രാക്ടർ നിയന്ത്രണംവിട്ട് മറിഞ്ഞിട്ടാണെന്ന് കാണിക്കുന്ന നിരീക്ഷണ കാമറ ദൃശ്യങ്ങൾ ഡൽഹി പൊലീസ് പുറത്തുവിട്ടപ്പോൾ മാധ്യമപ്രവർത്തകർ ട്വിറ്റർ കുറിപ്പുകൾ തിരുത്തുകയും പിൻവലിക്കുകയും ചെയ്തു.
അതവിടെ തീരേണ്ടതായിരുന്നു. പകരം, ജേണലിസ്റ്റുകൾക്കും ശശി തരൂർ അടക്കമുള്ള രാഷ്ട്രീയക്കാർക്കുമെതിരെ വിവിധ വകുപ്പുകൾ ചാർത്തി കേസെടുത്തിരിക്കുന്നു. ഇതിന് മറ്റു ന്യായീകരണങ്ങളില്ല- സർക്കാർവിരുദ്ധ വാർത്തകൾ വരുന്നത് തടയുക എന്നതൊഴിച്ച്. ഒന്നാമത്, പൊലീസ് വെടിവെച്ചു എന്ന് ദൃക്സാക്ഷികൾ പറഞ്ഞതുവെച്ചാണ് റിപ്പോർട്ട് ചെയ്തിരുന്നത്. സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിൽ കിട്ടുന്ന വിവരം സൂക്ഷ്മപരിശോധന നടത്തിവേണം പരസ്യപ്പെടുത്താനെന്നത് മാധ്യമപ്രവർത്തകർ ഓർക്കേണ്ട കാര്യംതന്നെ.
അതേസമയം, സംഭവം നടന്നുകൊണ്ടിരിക്കെ വരുന്ന വികസ്വരവാർത്തകളിൽ ചില അബദ്ധങ്ങളും തെറ്റുകളും വന്നുപോകുന്നത് അസ്വാഭാവികമല്ലതാനും. ഉത്തമബോധ്യമനുസരിച്ച് അവ പ്രസിദ്ധപ്പെടുത്തുകയും മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം വ്യക്തമാക്കുകയും ചെയ്യുകയാണ് പ്രായോഗിക രീതി. അല്ലെങ്കിൽ ഒരു സംഭവവും റിപ്പോർട്ട് ചെയ്യാൻ പറ്റാതെവരും. റിപ്പോർട്ട് ചെയ്യുന്നതിൽ ഉത്തമബോധ്യമാണോ ദുഷ്ടലാക്കാണോ എന്നത് നോക്കിവേണം റിപ്പോർട്ടുകൾക്കെതിരെ നടപടിയെടുക്കാൻ. ഡൽഹി സംഭവത്തിൽ നിയമനടപടിക്ക് ന്യായമില്ലെന്നു പറയുന്നത് അതുകൊണ്ടാണ്.
എന്നാൽ, രണ്ടു സംസ്ഥാനങ്ങളിലെ സർക്കാറുകൾ, ഇൗ റിപ്പോർട്ടിെൻറ പേരിൽ ചുമത്തിയ കുറ്റങ്ങൾ ചെറുതല്ല. രാജ്യദ്രോഹം, ഗൂഢാലോചന, സ്പർധ വളർത്തൽ, സൗഹാർദം തകർക്കൽ എന്നിങ്ങനെ പോകുന്നു അവ. ചുരുങ്ങിയ സമയം മാത്രം പ്രചരിച്ച ഏതാനും ട്വീറ്റുകൾക്കെതിരായ അടിയന്തര നടപടിയും പൗരത്വ പ്രക്ഷോഭകാലത്ത് കപിൽ മിശ്രയെപ്പോലുള്ളവർ നടത്തിയ സമൂഹമാധ്യമ പ്രകോപനത്തോട് സ്വീകരിച്ച അലസ സമീപനവും താരതമ്യപ്പെടുത്തുേമ്പാൾ വ്യക്തമാകും, അധികാരികളുടെ ഉത്കണ്ഠ ക്രമസമാധാനത്തെപ്പറ്റിയോ സമൂഹ മൈത്രിയെപ്പറ്റിയോ അല്ല എന്ന്. വിയോജിക്കുന്ന സ്വരങ്ങളെ (അവ സത്യസന്ധമായാലും) നിശ്ശബ്ദമാക്കുക, സർക്കാർപക്ഷ മാധ്യമ ആഖ്യാനങ്ങൾക്ക് ബലമേറ്റുക എന്നിവയാണ് ലക്ഷ്യം.
ഇതിനിടെ വസ്തുതയേത്, കള്ളമേത് എന്നത് വിഷയമേ അല്ല. സാമുദായിക സൗഹാർദം തകർക്കുന്ന ആഖ്യാനങ്ങൾ ആരാണുണ്ടാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണല്ലോ മുനവ്വർ ഫാറൂഖി എന്ന ഹാസ്യകലാകാരനെതിരെ എടുത്ത നടപടി. ഹിന്ദുദേവന്മാരെ കളിയാക്കിയതിെൻറ പേരിലാണ് നടപടി. അത്തരം കളിയാക്കൽ ഉണ്ടായില്ലെന്ന് ദൃക്സാക്ഷികൾ മുതൽ പൊലീസ് വരെ പറഞ്ഞിട്ടും, ചെയ്യാത്ത കുറ്റത്തിന് കലാകാരനും കൂട്ടുകാരും തടങ്കലിലായി.
അവർക്ക് പലകുറി ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. സർക്കാറിനും മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ കുറിപ്പിടുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് ബിഹാർ പൊലീസ് മുന്നറിയിപ്പ് നൽകിയതും ഈയിടെയാണ്. സമാനമായ ഒരു നീക്കം കഴിഞ്ഞ നവംബറിൽ പൊലീസ് നിയമ ഭേദഗതിയിലൂടെ കേരളസർക്കാർ നടത്തിയതും ഓർക്കുക. ജനാധിപത്യ അവകാശങ്ങൾ പരിമിതപ്പെടുത്തുന്നതിലും മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒരേ ജനവിരുദ്ധ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
വാർത്ത ശേഖരിച്ച് റിപ്പോർട്ട് ചെയ്യുകയാണ് മാധ്യമപ്രവർത്തകരുടെ ജോലി. ഈ ജോലി ചെയ്യുേമ്പാൾ, വാർത്ത ശരിയോ എന്നല്ലാതെ സർക്കാറിന് അനുകൂലമോ എതിരോ എന്ന് നോക്കേണ്ട ചുമതല അയാൾക്കില്ല. എന്നാൽ, അങ്ങനെ നോക്കിയാണ് ഇന്ന് മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് -നിയമവാഴ്ചയോ ക്രമസമാധാന പാലനമോ അല്ല ഇക്കാര്യത്തിൽ അധികൃതെര നയിക്കുന്ന ചിന്ത. ഹാഥറസ് പീഡനക്കൊല അന്വേഷിക്കാൻ ചെന്ന സിദ്ദീഖ് കാപ്പൻ ഇപ്പോഴും തടങ്കലിലാണ്.
ഒരു യോഗാഭ്യാസച്ചടങ്ങിൽ, കൊടും തണുപ്പുണ്ടായിട്ടും കുട്ടികൾക്ക് വെറും ഷർട്ടും നിക്കറും മാത്രം ധരിച്ച് നിൽക്കേണ്ടിവന്ന സംഭവം റിപ്പോർട്ട് ചെയ്തതിന് കാൺപുർ പൊലീസ് മൂന്നു ജേണലിസ്റ്റുകൾക്കെതിരെ കേസെടുത്തിരിക്കുന്നു. ഇന്ത്യൻ പ്രദേശത്ത് ഒരു വിദേശിസൈനികരും കടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞവർഷം അവകാശപ്പെട്ടിരുന്നു; അതല്ല ശരിയെന്ന് ആധികാരിക ഇൻറർവ്യൂകളിലൂടെ പി.ടി.ഐ സമർഥിച്ചപ്പോൾ അവരോടായി സർക്കാറിെൻറ നീരസം.
സർക്കാറിന് അനുകൂലമായി പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാർത്തകൾ പ്രശ്നമല്ലാതിരിക്കുകയും സർക്കാറിനെതിരാകുന്ന േനർവാർത്തകൾപോലും നിയമനടപടിക്ക് വിധേയമാവുകയും ചെയ്യുന്ന അന്തരീക്ഷം രാജ്യത്തിന് ഗുണകരമല്ല. സ്വാതന്ത്ര്യസമരക്കാലത്ത് ദേശസ്നേഹികളായ പ്രക്ഷോഭകർക്കെതിരെ ബ്രിട്ടീഷ് ഭരണകൂടം പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റവും യു.എ.പി.എ പോലുള്ള അതിലും വലിയ മാരണനിയമങ്ങളും ഇപ്പോൾ സാധാരണ മാധ്യമപ്രവർത്തനത്തിെൻറ മാർഗത്തിൽ തടസ്സമായി വെക്കുകയാണ് അധികാരികൾ. ജനാധിപത്യവിരുദ്ധമായ ഈ തടസ്സം നീക്കംചെയ്യുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.