സൗമ്യവധക്കേസിലെ പുനഃപരിശോധന ഹരജി പരിഗണിക്കവെ ജസ്റ്റിസ് പ്രഫുല്ല സി. പന്ത്, ജസ്റ്റിസ് യു.യു. ലളിത് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്‍െറ അധ്യക്ഷന്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജുവും തമ്മില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങളും തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയതുമായ സംഭവവികാസങ്ങള്‍ സുപ്രീംകോടതിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സുപ്രീംകോടതി മുന്‍ ജഡ്ജിയെ നോട്ടീസയച്ച് വിളിച്ചുവരുത്തുന്നതും പിന്നീട് കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കുന്നതും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായാണ് സംഭവിക്കുന്നത്. സൗമ്യവധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദുചെയ്ത സുപ്രീംകോടതിയുടെ വിധിയെ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച കട്ജു കോടതി വിധിയിലെ തെറ്റുതിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഐ.പി.സി 300ലെ മൂന്നും നാലും ഉപ വകുപ്പുകള്‍ ശരിയാംവിധം ഉള്‍ക്കൊള്ളുന്നതില്‍ വിധിന്യായം പരാജയപ്പെട്ടുവെന്നതായിരുന്നു അദ്ദേഹത്തിന്‍െറ മുഖ്യവിമര്‍ശനം. സൗമ്യയുടെ മാതാവും കേരള സര്‍ക്കാറും നല്‍കിയ പുനഃപരിശോധന ഹരജി പരിഗണിക്കവെ ഒക്ടോബര്‍ 17ന് കട്ജു നടത്തിയ വിമര്‍ശനത്തിന്‍െറ അടിസ്ഥാനത്തില്‍ കോടതിയില്‍ നേരിട്ടത്തെി നിലപാട് വ്യക്തമാക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ കീഴ്്വഴക്കങ്ങള്‍ക്ക് ഭിന്നമായി സുപ്രീംകോടതിയിലത്തെിയ കട്ജുവിന്‍െറ വാദത്തോട് ജസ്റ്റിസ് ഗൊഗോയിയുടെ പ്രതികരണം സംയമനരഹിതവും അതുകൊണ്ടുതന്നെ കോടതിയുടെ യശസ്സിന് കളങ്കവുമായിത്തീര്‍ന്നു. ഒരു വിധിന്യായത്തെക്കുറിച്ച് മുന്‍ കോടതി ജഡ്ജിമാരടക്കമുള്ള ഏതൊരു പൗരനും എപ്രകാരമാണ് വിമര്‍ശനമുന്നയിക്കേണ്ടത്, അവയോട് കോടതികള്‍ പുലര്‍ത്തേണ്ട സമീപനമെന്തായിരിക്കണം തുടങ്ങിയവ സംബന്ധിച്ച് ഗൗരവപൂര്‍വമായ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നുണ്ട് ഗൊഗോയിയുടെ ഈ അസാധാരണവും വൈകാരികവുമായ നടപടി.
നീതിന്യായ വ്യവസ്ഥയടക്കം ജനാധിപത്യ സംവിധാനത്തിലെ എല്ലാ സ്തംഭങ്ങളും മനുഷ്യരാല്‍ നയിക്കപ്പെടുന്നവയായതിനാല്‍ പൂര്‍ണ പവിത്രമോ സമ്പൂര്‍ണ കുറ്റമുക്തത അവകാശപ്പെടാന്‍ കഴിയുന്നതോ അല്ളെന്നതും വിമര്‍ശനാതീതമായി അവയൊന്നും നിലകൊള്ളുന്നില്ളെന്നതുമാണ് ജനാധിപത്യത്തിന്‍െറ കാതല്‍. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അവലംബിക്കുന്നതും വിശ്വസിക്കുന്നതുമായ സ്ഥാപനങ്ങളുടെ സാമൂഹിക ഇടപെടലുകള്‍ ജനങ്ങള്‍ നിരീക്ഷിക്കുന്നതും നിലപാടുകള്‍ പ്രഖ്യാപിക്കുന്നതും സ്വാഭാവികം മാത്രമാണ്. കോടതികളിലെ വിധികള്‍, അത് കീഴ്കോടതി മുതല്‍ സുപ്രീംകോടതിവരെയുള്ള ഏതു തലത്തിലുള്ളതായിരുന്നാലും നടപ്പാക്കാന്‍ സര്‍ക്കാറിനും പാലിക്കാന്‍ വിധിയുടെ കീഴില്‍ വരുന്ന പൗരന്മാര്‍ക്കും ബാധ്യതയുണ്ടെങ്കിലും ആ വിധിന്യായത്തെ വിമര്‍ശിക്കാനുള്ള അവകാശവുംകൂടിയുണ്ടാകുമ്പോഴേ നിയമ സംവിധാനത്തിലെ ജനാധിപത്യവത്കരണം സാക്ഷാത്കരിക്കപ്പെടുകയുള്ളൂ. അപ്പോഴേ ജനാധിപത്യം അതിന്‍െറ കാതലില്‍ ഉറച്ചുനില്‍ക്കുകയും ഏകാധിപത്യത്തിലേക്കോ പൗരോഹിത്യത്തിലേക്കോ വ്യതിചലിക്കാതെ നിലനില്‍ക്കുകയും ചെയ്യുക. കോടതി നടപടി വിമര്‍ശനവിധേയമാക്കുന്നതും വിധിന്യായങ്ങള്‍ വിലയിരുത്തുന്നതും കോടതിയലക്ഷ്യമായി ജഡ്ജിമാര്‍ക്ക് തോന്നാന്‍ തുടങ്ങുകയും തങ്ങള്‍ എല്ലാതരത്തിലുള്ള തെറ്റുകള്‍ക്കും അതീതരും തങ്ങളുടെ വിധിന്യായങ്ങള്‍ തെറ്റുകളില്‍നിന്ന് മുക്തവും ചോദ്യംചെയ്യപ്പെടാന്‍ കഴിയാത്തത്ര പവിത്രവുമാണെന്ന ധാരണ പ്രബലമാകുകയും ചെയ്താല്‍ രാജാധിപത്യകാലത്തെ പുരോഹിതന്മാര്‍ക്ക് തത്തുല്യരായി ജഡ്ജിമാര്‍ സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നുവെന്നാണ് അതിനര്‍ഥം. കീഴ്കോടതിക്ക് തെറ്റുപറ്റിയിരിക്കുന്നുവെന്ന പൗരന്‍െറ ആവലാതി അംഗീകരിക്കപ്പെടുന്നതുകൊണ്ടാണ് മേല്‍കോടതികളിലേക്ക് വിധിക്കെതിരെ ന്യായമുയര്‍ത്തി പോകാന്‍ നിയമപരമായിത്തന്നെ അവകാശം നല്‍കിയിരിക്കുന്നത്. അത്തരമൊരു അവകാശം വിധിയെ അംഗീകരിക്കുമ്പോള്‍പോലും സുപ്രീംകോടതിയുടെ വിധിയെയും വിമര്‍ശിക്കാനും വിലയിരുത്താനും ലഭിക്കേണ്ടതാണ്.
പ്രശസ്ത നിയമവിദഗ്ധ കാമിനി ജയ്്സ്വാള്‍ വ്യക്തമാക്കിയതുപോലെ, ‘അഭിപ്രായ സ്വാതന്ത്ര്യം എപ്പോഴും നിലനിര്‍ത്തപ്പെടേണ്ടതാണ്. പക്ഷേ, ഭാഷ നിയന്ത്രിക്കപ്പെടേണ്ടതും മാന്യവുമായിരിക്കണം. വിധിന്യായത്തെ തുറന്നുവിമര്‍ശിക്കാനുള്ള അവകാശം ആര്‍ക്കും നിഷേധിക്കപ്പെടാന്‍ പാടില്ല. ഒരു വിധിയെക്കുറിച്ചുള്ള വിമര്‍ശനമോ വിമര്‍ശനാത്മകമായ വിലയിരുത്തലുകളോ കോടതിയലക്ഷ്യമാകരുത്. എന്നാല്‍, ഭാഷ മാന്യവും അപഹാസ്യമുക്തവുമാകണം. ഭാഷയാണ് അവരുടെ ഗതി തീരുമാനിക്കുന്നത്.’ കട്ജുവിന്‍െറ വിമര്‍ശനങ്ങള്‍ പ്രകോപനപരവും റിട്ടയര്‍ ചെയ്ത ന്യായാധിപന്മാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിയമവിദഗ്ധരില്‍ വലിയപക്ഷത്തിന് അഭിപ്രായമുണ്ട്. പക്ഷേ, അത് നീതിപീഠങ്ങളുടെ അമിതാധികാര പ്രയോഗത്തിന് സാധൂകരണമാക്കുന്നത് അപകടകരമാണ്. ഒരു ജഡ്്ജിയുടെ വൈകാരിക വിക്ഷോഭം കോടതിയലക്ഷ്യ നടപടിക്രമത്തിലേക്ക് നയിക്കാനും ഇടവന്നുകൂടാ. ഭയരഹിതമായി നീതിപീഠത്തെ സമീപിക്കാനും വിധിന്യായങ്ങളെ വിമര്‍ശിക്കാനും അവ ഉള്‍ക്കൊള്ളാനുമുതകുന്ന ജനാധിപത്യവത്കരണം അധികാരപീഠങ്ങളുടെ മേല്‍ത്തട്ടില്‍തന്നെ അനിവാര്യമാണെന്ന് തെളിയിക്കുകയാണ് ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത ഈ വിവാദങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.