ആ ചെറുപ്പക്കാരെ കൂടി വിചാരണത്തടവിലേക്ക് തള്ളരുത്

അട്ടപ്പാടിയിലെ ഏകപക്ഷീയമായ മാ​വോ​വാ​ദി വേ​ട്ട​ക്കു​ശേ​ഷം അലൻ ശുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികളെ യു.​എ.​പി.​എ (നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ത​ട​യ​ൽ നി​യ​മം) എ​ന്ന കു​പ്ര​സി​ദ്ധ നി​യ​മ​പ്ര​കാ​രം സംസ്ഥാന പൊലീസ് അ​റ​സ്​​റ്റ്​ ചെയ്ത് ജയിലിലടച്ച കേസ് കൂടുതൽ സങ്കീർണമായിരിക്കുന്നു. 2019 ജൂലൈയിൽ ലോക്​സഭ പാസാക്കിയ യു.എ.പി.എ ഭേദഗതി സെഷൻ 7 (ബി)യുടെ അടിസ്ഥാനത്തിൽ അമിത് ഷായുടെ എൻ.ഐ.എക്ക് ഏത് യു.എ.പി.എ കേസും സംസ്ഥാന പൊലീസിനോട് അനുവാദം ചോദിക്കാതെ ഏ​െറ്റടുക്കാം. ആ നിയമസാധുത പ്രയോജനപ്പെടുത്തി അവർ ഈ കേസ് ഏ​െറ്റടുത്തിരിക്കുന്നു. ക്രമസമാധാനപാലനത്തിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തി​​െൻറ ലംഘനവുമാണ് ഭേദഗതിയെന്ന വിമർശനം ആ സമയത്തുതന്നെ ഉയർന്നിരുന്നു. അതിപ്പോൾ എല്ലാ ഭീകരതയോടെയും യാഥാർഥ്യമാകുകയാണ്. ബംഗളൂരു സ്ഫോടനത്തി​​െൻറ പേരിൽ കേരളത്തിൽനിന്ന് അറസ്​റ്റ്​ ചെയ്ത് 10 വർഷമായി വിചാരണത്തടവ്​ അനുഭവിക്കുന്ന നിരപരാധിയായ പരപ്പനങ്ങാടിക്കാരൻ സകരിയ്യയുടെ ദുരവസ്ഥയിലേക്കാണ് ഇപ്പോൾ ഇൗ രണ്ടു ചെറുപ്പക്കാർ കൂടി എടുത്തെറിയപ്പെടുന്നത്​.​
സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ചോദിക്കാതെ കേന്ദ്രം കേസ് എൻ.ഐ.എയെ ഏൽപിച്ചതി​െല അമർഷം സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് പ്രസ്താവനയായി പുറത്തുവന്നിരിക്കുന്നു.

‘കോഴിക്കോട്ട് മാവോവാദി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് എൻ.ഐ.എയെ ഏൽപിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ക്രമസമാധാനം സംസ്ഥാന സര്‍ക്കാറി​​​െൻറ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാറുമായി ആലോചന പോലും നടത്താതെ കേസ് എൻ.ഐ.എയെ ഏൽപിച്ച കേന്ദ്ര സര്‍ക്കാറി​​​െൻറ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ്​ സി.പി.എം നിലപാട്​. യു.എ.പി.എ കരിനിയമമാ​െണന്നും അമിത് ഷാ കൊണ്ടുവന്ന ഭേദഗതി ആ നിയമത്തെ കൂടുതൽ ഭീകരമാക്കിയിരിക്കു​െന്നന്നും ബോധ്യമുണ്ടായിട്ടും ലഘുലേഖയുടെയും നിരോധിതപുസ്തകങ്ങളുടെയും പേരിൽ അവർക്കെതിരെ നിർദാക്ഷിണ്യം യു.എ.പി.എ ചുമത്തിയതി​​െൻറ പാപഭാരത്തിൽനിന്ന് ഇടതുപക്ഷ സർക്കാറിന് മുക്തമാകുക സാധ്യമല്ല. അറസ്​റ്റ്​ അന്യായവും അനീതി നിറഞ്ഞതുമാ​െണന്ന് വ്യാപകവിമർശനം ഉയർന്നിട്ടും പൊലീസ് വാദത്തിൽ ഉറച്ചുനിന്നും അറസ്​റ്റിലായവർ മാവോവാദികളാ​െണന്ന് നിയമസഭയിലും പുറത്തും പലവുരു വ്യക്തമാക്കിയും യു.എ.പി.എ ചുമത്തിയതിന് ഇതുവരെ ന്യായം ചമക്കുകയായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടുതന്നെ, ദേശീയതലത്തിൽ വേരുകളുള്ള നിരോധിതസംഘടനയുമായി ബന്ധപ്പെട്ട കേസായതിനാലും സംസ്ഥാനസർക്കാർ അതംഗീകരിച്ചതിനാലും ദേശീയ അന്വേഷണ ഏജൻസിയുടെ പരിധിയിലാണ് വരുക എന്ന കേന്ദ്ര ന്യായീകരണത്തി​​െൻറ മുന്നിൽ ഇടതുപക്ഷ സർക്കാറും സി.പി.എമ്മും ബലഹീനമാകും.

കേസിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച ഇരട്ടത്താപ്പി​​െൻറ വിലയാണ് ഈ പ്രതിഷേധ പ്രസ്താവനയിലൂടെ സി.പി.എമ്മിന് ഒടുക്കേണ്ടിവരുന്നത്. എന്നാലും അവരുടെ അറസ്​റ്റി​​​െൻറ കളങ്കം കഴുകിക്കളയുക എളുപ്പമല്ലെന്ന് അല​​​െൻറ മാതാവ് മാധ്യമങ്ങൾക്ക് മുന്നിൽ ഉയർത്തിയ പൊള്ളുന്ന വാക്കുകൾ അടിവരയിടുന്നു.അമിത് ഷാ നടപ്പാക്കിയ മറ്റുപല നിയമനിർമാണങ്ങളേയും പോലെ യു.എ.പി.എ ഭേദഗതിയും ഭരണഘടന തത്ത്വങ്ങൾ ലംഘിക്കുന്നതി​​െൻറ പേരിൽ സുപ്രീംകോടതിയുടെ മുന്നിൽ വിചാരണക്ക് വരാൻ പോകുകയാണ്. കേശവാനന്ദ ഭാരതി കേസിൽ 13അംഗ ഭരണഘടന ബെഞ്ച് നിയമനിർമാണ സഭകൾക്ക് എത്ര ഭൂരിപക്ഷമുണ്ടായാലും കൈ​െവക്കാൻ അവകാശമില്ലാത്തതും ഭരണഘടനയുടെ ആത്മാവായി എണ്ണിപ്പറഞ്ഞതുമായ അടിസ്ഥാനങ്ങളിലൊന്നാണ് ഫെഡറലിസം. സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ് നിലപാട് ആത്മാർഥമാ​െണങ്കിൽ ഫെഡറൽ സംവിധാനത്തിലുള്ള കടന്നുകയറ്റമാണ് അലൻ^താഹ കേസ് കേന്ദ്രം ഏ​െറ്റടുത്തതിലൂടെ നടന്നിട്ടുള്ളതെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ ഹരജി സമർപ്പിക്കാൻ തയാറാകണം. വിദ്യാർഥികളുടെ പ്രക്ഷോഭം പൂത്തുനിൽക്കുന്ന പുതിയ സാഹചര്യത്തിൽ അത് ഭരണഘടനപരമായ സംവാദങ്ങൾക്കും രാഷ്​ട്രീയചർച്ചകൾക്കും വഴി തുറക്കുന്നതിനു നിമിത്തമാകുകയും ചെയ്യും.

പാർലമ​​െൻറ് അംഗീകരിച്ച നിയമഭേദഗതി പ്രകാരം എൻ.ഐ.എ ആഭ്യന്തരവകുപ്പിന് പൂർണാർഥത്തിൽ കീഴൊതുങ്ങിയ സംവിധാനമാണിന്ന്. യു.എ.പി.എ ഭേദഗതിയിലൂടെ അവർക്ക് അപരിമേയമായ അധികാരവും ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ ലഘുലേഖകൾ കൈവശം വെച്ചുവെന്ന പേരിലും മാവോവാദികളോട് സൗഹൃദം പുലർത്തിയെന്ന പേരിലും സർക്കാറുകളുടെ അരുതായ്മകളെ ചോദ്യം ചെയ്​തതി​​െൻറ പേരിലും യു.എ.പി.എ ചുമത്തുന്നത് അത്ര നിഷ്കളങ്കമായി മനസ്സിലാക്കാൻ കഴിയില്ല. റനീഫ് vs സ്​റ്റേറ്റ് ഓഫ് കേരള കേസിൽ സുപ്രീംകോടതി നിയമവിരുദ്ധ പ്രവർത്തനങ്ങളിലൊന്നും ഏർപ്പെടാതെ ഒരു സംഘടനയിൽ അംഗമാ​െണന്നതുകൊണ്ടുമാത്രം ഒരു വ്യക്തി കുറ്റവാളിയാകുന്നില്ലെന്ന് വ്യക്തമാക്കിയതാണ്. ബിനായക് സെന്നിന് ജാമ്യം അനുവദിച്ചുകൊണ്ട് പരമോന്നത നീതിപീഠം നിരീക്ഷിച്ചത് മാവോസാഹിത്യങ്ങൾ കൈവശം വെക്കുന്നതും അനുഭാവിയാകുന്നതും ഒരാളെയും കുറ്റവാളിയാക്കുകയില്ലെന്നാണ്. അലനും താഹയും മാവോവാദികളാ​െണന്ന് തെളിയിക്കപ്പെട്ടാലും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തെളിവില്ലെങ്കിൽ അവർ നിരപരാധികളാ​െണന്ന് ഇടതുസർക്കാറിനെ ഓർമപ്പെടുത്തേണ്ടിവരുന്നു എന്നത് ഖേദകരമാണ്. രാജ്യത്ത് യു.എ.പി.എ പ്രകാരം ഏറ്റവും കൂടുതൽ ജയിലറകളിൽ കിടക്കുന്നത് ചെറുപ്പക്കാരാണ്. ഇപ്പോഴിതാ രണ്ട് വിദ്യാർഥിക​ളെ കമ്യൂണിസ്​റ്റ്​ തീവ്രവാദ ആശയങ്ങളുടെ പേരുപറഞ്ഞ്​ ഇടതുപക്ഷസർക്കാർ അനന്തമായ വിചാരണത്തടവിലേക്ക്​ നടതള്ളുന്നു. ഇൗ തെറ്റ്​ സംസ്ഥാന സർക്കാർ തിരുത്തണം. ആ ചെറുപ്പക്കാരുടെ നീതിക്കുവേണ്ടി പൗരസമൂഹം അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണം.

Tags:    
News Summary - Maoist arrest-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.