പാക് രാഷ്ട്രീയവും കഴുമരവും തമ്മിൽ വലിയ അന്തരമില്ല; ഒരു കഴുമരം തന്നെയാണ് പാക് രാഷ്ട്രീയമെന്നും വേണമെങ്കിൽ പറയാം. അതാണ് ചരിത്രം. അപ്രവചനീയവും അനിശ്ചിതത്വവും നിറഞ്ഞ അപസർപ്പക കഥകൾ പോലെയാണ് അവിടെനിന്നുണ്ടായിട്ടുള്ള ഓരോ രാഷ്ട്രീയ വർത്തമാനങ്ങളും. അധികാരത്തിന്റെ പരകോടിയിലെത്തിയാൽപിന്നെ കഴുമരമോ കാരാഗൃഹമോ അതുമല്ലെങ്കിൽ പ്രവാസമോ നിർബന്ധം. പുറത്തുനിന്ന് ആരെങ്കിലും ഇടപെടുന്നതുകൊണ്ടു സംഭവിക്കുന്നതല്ല ഇതൊന്നും; അധികാരത്തർക്കവും അഴിമതിയുമാണ് വില്ലൻ.
സുൽഫിക്കൽ അലി ഭുട്ടോ മുതൽ തുടങ്ങുന്നു ഈ ചരിത്രം. അദ്ദേഹത്തിന് തൂക്കുകയർ സമ്മാനിച്ച സിയാഹുൽ ഹഖിനെ കാത്തിരുന്നതും ദുർമരണമായിരുന്നു. ബേനസീർ ഒരു സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. രാജ്യത്ത് അഴിമതി തുടച്ചുനീക്കുമെന്ന് ശപഥം ചെയ്ത് ഇറങ്ങിപ്പുറപ്പെട്ട് പ്രധാനമന്ത്രിപദത്തിൽവരെ എത്തിയ ഇംറാൻ ഖാനെ, കടിച്ച അഴിമതിപ്പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കി ജയിലിലടച്ചിട്ട് മാസം മൂന്നായിട്ടില്ല.
ഇപ്പോഴിതാ, തടവറക്കാലവും അതുകഴിഞ്ഞ് രാഷ്ട്രീയ വനവാസവും പിന്നിട്ട് വീണ്ടുമൊരു അങ്കത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് മുൻ പ്രധാനമന്ത്രി നവാസ് ശരീഫ്. ഒരാഴ്ച മുമ്പ് ലണ്ടനിൽനിന്ന് പറന്നെത്തി; ലാഹോറിൽ മികച്ച സ്വീകരണമാണ് പാർട്ടി നൽകിയത്. ലക്ഷ്യം വ്യക്തമാണ്: പ്രധാനമന്ത്രി പദത്തിൽ നാലാമൂഴം.
ഇനി ഒരു മടക്കമുണ്ടാകില്ലെന്ന് കരുതിയാണ് നാലുവർഷം മുമ്പ് ലണ്ടനിലേക്ക് വണ്ടികേറിയത്. സത്യത്തിൽ അതൊരു രക്ഷപ്പെടലായിരുന്നു. പാനമ എന്ന പേരിൽ അറിയപ്പെട്ട ഒരു അഴിമതിക്കേസിൽ ആദ്യം അയോഗ്യത കൽപിക്കപ്പെട്ട് അഴിക്കുള്ളിലായതാണ്. ഇപ്പോൾ ഇംറാൻ ഖാൻ കിടക്കുന്ന അത്തോക്ക് ജയിലിൽ കഴിച്ചുകൂട്ടുന്നതിനിടെ ചികിത്സയുടെ പേരിൽ ഇടക്കാല ജാമ്യം ഒപ്പിച്ചു.
ആ പഴുതുപയോഗിച്ചാണ് രാജ്യംവിട്ടത്. അന്ന് മാധ്യമങ്ങൾ യുഗാന്ത്യം എന്നു വിശേഷിപ്പിച്ചു. ഒപ്പം, മുൻഗാമികൾക്ക് വിധിക്കപ്പെട്ടതുപോലെ കഴുമരമൊന്നും കിട്ടിയില്ലല്ലോ എന്നാശ്വസിക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് പാക് രാഷ്ട്രീയത്തിൽ ഇംറാൻ യുഗമായിരുന്നു. കഷ്ടിച്ചാണ് ഭരണം പിടിച്ചതെങ്കിലും ഇംറാൻ തരക്കേടില്ലാതെ ഭരണയന്ത്രം ചലിപ്പിച്ചു. പാക് രാഷ്ട്രീയത്തിലെ എക്കാലത്തെയും നിർണായക ശക്തിയായ സൈന്യംപോലും ആ ഭരണത്തിന് നൂറുമാർക്ക് നൽകി.
അതോടെ, നവാസ് ശരീഫ് പാക് രാഷ്ട്രീയത്തിൽനിന്ന് പൂർണമായും ഔട്ടായെന്ന് സകലരും വിധിയെഴുതി. പക്ഷേ, പാക് രാഷ്ട്രീയത്തിന്റെ ജനിതക സ്വഭാവത്തിൽ അപ്രവചനീയത എന്നൊരു ഘടകമുണ്ടെന്ന് ഇവരൊക്കെ മറന്നുപോയി. അത് കാലം അവരെ ഓർമിപ്പിച്ചത് ഇംറാന്റെ പാർട്ടിയിലെ കൊട്ടാരവിപ്ലവത്തിന്റെ ഇലയനക്കങ്ങളോടെയാണ്. അത് മുതലെടുത്താണ് നവാസിന്റെ പി.എം.എൽ-എൻ പാർട്ടി ഭരണം പിടിച്ചെടുത്തതും വഴിയേ ഇംറാനെ അകത്താക്കിയതും.
പ്രധാനമന്ത്രി പദത്തിലെത്തിയത് സ്വന്തം സഹോദരൻ ഷഹ്ബാസ് ശരീഫ് ആയിരുന്നു. ഭരണത്തിലേറിയ നാൾ മുതൽ സഹോദരനെ നാട്ടിലെത്തിക്കാനുള്ള വഴിയാലോചിക്കുന്നുണ്ടായിരുന്നു. അതിനായി ആദ്യം സമീപിച്ചത് സ്വാഭാവികമായും സൈന്യത്തെത്തന്നെ. അൽപം വൈകിയെങ്കിലും, സൈന്യം മൗനാനുവാദം നൽകിയെന്നാണ് മാധ്യമപക്ഷം. ശിക്ഷിക്കപ്പെട്ട ചില കേസുകളിൽ, മേൽകോടതിയെ സമീപിക്കാനുള്ള സാവകാശവും കിട്ടി. എന്നുവെച്ചാൽ, രാജ്യത്ത് പ്രവേശിച്ചാൽ സൈന്യത്തിനോ പൊലീസിനോ കോടതിക്കോ വീണ്ടും അകത്തിടാനാവില്ലെന്ന്. ഇതുതന്നെയാണ് അവസരമെന്ന് മനസ്സിലാക്കിയാണ് കഴിഞ്ഞയാഴ്ച നേരെ ലാഹോറിലേക്ക് വെച്ചുപിടിച്ചത്.
ദേശീയ തെരഞ്ഞെടുപ്പിന് ഇനി അധിക സമയമില്ല. വിജ്ഞാപനം വരും മുമ്പ് അയോഗ്യത മാറ്റിയെടുക്കുകയാണ് മുന്നിലുള്ള ആദ്യ യജ്ഞം. അപ്പണി രണ്ടുതരത്തിൽ ഇതിനകം തന്നെ തുടങ്ങി. ഒന്ന്, നടേ പറഞ്ഞപോലെ മേൽകോടതിയിൽ പോയി നിരപരാധിത്വം തെളിയിക്കുക.
അൽപസ്വൽപം മക്കൾക്കുവേണ്ടി വിദേശപണം സമ്പാദിച്ച തന്നെ അഴിമതിക്കാരനെന്നു വിളിക്കല്ലേയെന്ന് ജഡ്ജിയോട് കേണപേക്ഷിക്കുക. സൈന്യം കണ്ണുരുട്ടുന്ന പക്ഷം ജഡ്ജി അത് കേൾക്കാൻ സാധ്യതയുണ്ട്. രണ്ട്, പാർലമെന്റ് വഴി ചെറിയ നിയമഭേദഗതിയിലൂടെ അയോഗ്യതയിൽ ഇളവ് സമ്പാദിക്കുക. അതിനുള്ള ഉത്തരവാദിത്തം ഷഹബാസിനെ ഏൽപിച്ചിട്ടുണ്ട്.
സർദാരിയുടെയും ബേനസീറിന്റെയും പി.പി.പിയും ഇംറാന്റെ ഇൻസാഫ് പാർട്ടിയുമെല്ലാം കെട്ടഴിഞ്ഞ പട്ടംപോലെയായ സ്ഥിതിക്ക് തെരഞ്ഞെടുപ്പിൽ പി.എൽ.എം-എൻ വലിയ പ്രതീക്ഷയിലാണ്. കാര്യങ്ങൾ വിചാരിച്ചപോലെ നടന്നാൽ നവാസിന് നാലാമൂഴം സുനിശ്ചിതം.
മുമ്പും ഇതുപോലെ നാടുകടത്തപ്പെട്ടിട്ടുണ്ട്. അന്നതിന് ചുക്കാൻ പിടിച്ചത് അക്കാലമത്രയും വലംകൈ ആയിരുന്ന പർവേസ് മുശർറഫാണ്. വിമാനറാഞ്ചൽ, കൂട്ടക്കൊല, അഴിമതി, ഭീകരപ്രവർത്തനം തുടങ്ങി ഒട്ടേറെ കേസുകൾ കൂടി കെട്ടിവെച്ചാണ് മുശർറഫ് അദ്ദേഹത്തെ പറഞ്ഞയച്ചത്. സുൽഫിക്കർ അലി ഭുട്ടോയുടെ വിധിയായിരിക്കും ശരീഫിനെയും കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയ ജ്യോതിഷികൾ അന്ന് പ്രവചിച്ചത്. പക്ഷേ, കഴുമരത്തിൽനിന്ന് വഴുതി രക്ഷപ്പെട്ടു.
ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി. അധികം ജയിലിൽ കിടക്കേണ്ടിയും വന്നില്ല. രാജ്യം വിടണമെന്ന വ്യവസ്ഥയിൽ മാപ്പുനൽകി മുശർറഫിന്റെ ഔദാര്യം. ഏഴുവർഷങ്ങൾക്കുശേഷം മടങ്ങിവന്നു; തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. പക്ഷേ, പ്രതിപക്ഷത്തിരിക്കാനായിരുന്നു യോഗം. ഭരണം പി.പി.പി കൊണ്ടുപോയി. അഞ്ചുവർഷം കഴിഞ്ഞപ്പോൾ സ്ഥിതി മാറി.
വലിയ ഭൂരിപക്ഷത്തിൽ നവാസിന് രാജ്യം മൂന്നാമൂഴം സമ്മാനിച്ചു. അതിനിടയിൽ ബേനസീർ കൊല്ലപ്പെട്ടു; പ്രതിയോഗിയായി കണക്കാക്കിയിരുന്ന മുശർറഫും ഒതുങ്ങിപ്പോയി. അങ്ങനെ എതിരാളികളില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരിക്കെയാണ് അഴിമതിക്കേസിൽ സുപ്രീംകോടതി അയോഗ്യത കൽപിച്ച് പുറത്താക്കിയത്. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ലാഹോറിൽത്തന്നെ എത്തിയിരിക്കുന്നു.
എന്തുവിലകൊടുത്തും നവാസിന് രാഷ്ട്രീയത്തിൽ നിലനിന്നേ മതിയാകൂ. പൂർവികർക്ക് കൊടുത്ത വാക്കാണത്. അവരുടെ നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കാൻ രാഷ്ട്രീയ ഗോദയിലിറങ്ങിയതാണ് അയാൾ. ’70കളിൽ സുൽഫിക്കർ അലി ഭുട്ടോ രാജ്യം അടക്കിഭരിക്കുന്ന കാലം. തന്റെ പിതാമഹൻ കെട്ടിപ്പൊക്കിയ ശരീഫ് ഗ്രൂപ്പിന്റെ സ്റ്റീൽ പ്ലാന്റ് അടക്കമുള്ള വ്യവസായ സ്ഥാപനങ്ങൾ ദേശസാത്കരണത്തിന്റെ ഭാഗമായി സർക്കാർ പിടിച്ചെടുത്തു. അന്ന്, ബിസിനസിലും നിയമത്തിലുമൊക്കെ ബിരുദം നേടി കോർപറേറ്റ് ലോകത്തിന്റെ സാധ്യതകൾ തേടി ലോകം ചുറ്റുകയായിരുന്നു നവാസ്. രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ച് സ്വത്ത് തിരിച്ചുപിടിക്കാനാകുമോ എന്നാണ് ആദ്യം അന്വേഷിച്ചത്. അങ്ങനെയാണ് 1976ൽ, പാകിസ്താൻ മുസ്ലിം ലീഗിൽ ചേർന്നത്.
അന്ന് പഞ്ചാബ് ഗവർണറായിരുന്ന ഗുലാം ജീലാനി ഖാനുമായുള്ള ബന്ധം പാർട്ടിയുടെ തലപ്പത്തെത്തുന്നതിൽ സഹായകമായി. അഞ്ചുവർഷത്തിനുള്ളിൽ പ്രവിശ്യയുടെ ധനമന്ത്രി; നാലുവർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി. ആ പ്രവിശ്യയിൽ കൈവിട്ട സ്വത്തെല്ലാം ഒരുവിധം തിരിച്ചുപിടിച്ചശേഷം ദൗത്യം ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ചു. ഇക്കാലത്ത് പാർട്ടിയിലുണ്ടായ കലഹം നവാസിനെ ദേശീയ നേതൃത്വത്തിലെത്തിച്ചു.
അങ്ങനെയാണ് ’90ൽ ആദ്യമായി പ്രധാനമന്ത്രിയായത്. മൂന്നുവർഷമായപ്പോഴേക്കും അഴിമതിയാരോപണത്തിൽപെട്ട് പുറത്തായി. ’97ൽ, വീണ്ടും പ്രധാനമന്ത്രി; രണ്ടുവർഷം കഴിഞ്ഞപ്പോൾ പട്ടാള അട്ടിമറി. ഇതിനിടയിൽ പലവഴികളിൽ കൈവിട്ട സ്വത്തുക്കൾ തിരിച്ചുപിടിച്ചിട്ടുണ്ട്. ആ ദൗത്യം തുടരാൻ തന്നെയാണ് തീരുമാനം. അതിനായുള്ള പുതിയ തന്ത്രങ്ങൾ മെനയുകയാണ് ഈ 73ാം വയസ്സിലും. വലംകൈയായി മകൾ മർയം നവാസുമുണ്ട്. പാക് രാഷ്ട്രീയത്തിൽ ഉദ്വേഗത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മറ്റൊരു അപസർപ്പക കഥ ആരംഭിക്കുകയാണെന്നർഥം, കാത്തിരിക്കുക.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.