മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലി വിവാഹമോചനം നടത്തുന്ന രീതി ക്രിമിനൽ കുറ്റമായിക്കണ്ട് കർക്കശ ശിക്ഷ വ്യവസ്ഥചെയ്യുന്ന പുതിയ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ ഒരുക്കങ്ങൾ നടത്തുമ്പോൾ ആ ദിശയിൽ അനിവാര്യമായ ചർച്ചകൾക്കുപോലും അവസരമൊരുക്കാത്തത് നല്ല ജനാധിപത്യ കീഴ്വഴക്കമല്ല. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന നിയമത്തിെൻറ കരട് സംസ്ഥാനങ്ങളുടെ പരിഗണനക്ക് അയച്ചിരിക്കുന്നത് ഈ മാസം15ന് ആരംഭിക്കുന്ന പാർലമെൻറിെൻറ ശീതകാലസമ്മേളനത്തിൽ ബിൽ പാസാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. കരട് ബില്ല് കിട്ടേണ്ട താമസം ഉത്തർപ്രദേശ് സർക്കാർ അതിന് അംഗീകാരം നൽകിക്കഴിഞ്ഞു.
ഏതെങ്കിലും തലത്തിൽ ചർച്ച നടത്തുകയോ ബന്ധപ്പെട്ട വിഭാഗവുമായി ആശയവിനിമയത്തിന് അവസരമൊരുക്കുകയോ ചെയ്യാതെ യോഗി ആദിത്യനാഥ് സർക്കാർ ഏകപക്ഷീയമായാണ് പുതിയ നിയമനിർമാണത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ‘മുസ്ലിം വനിത: വിവാഹാവകാശ സംരക്ഷണ ബിൽ’ എന്നപേരിൽ കൊണ്ടുവരുന്ന നിയമത്തിൽ വാക്കാലോ ഇ^മെയിൽ, എസ്.എം.എസ് തുടങ്ങിയ വഴിയോ മൂന്നുവട്ടം ത്വലാഖ് ചൊല്ലി വിവാഹമോചനം നേടുന്നവർക്ക് മൂന്നുവർഷത്തെ തടവും പിഴയും നൽകി ശിക്ഷിക്കാനുള്ള വ്യവസ്ഥയാണ് ചേർത്തിരിക്കുന്നത്. വിവാഹമോചിതക്കും പ്രായപൂർത്തിയാവാത്ത മക്കൾക്കും ജീവനാംശം ഈടാക്കാൻ കോടതിയെ സമീപിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. ആഗസ്റ്റ് 22ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് മുത്തലാഖുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധിയുടെ ചുവടുപിടിച്ചാണ് മോദിസർക്കാറിെൻറ പുതിയ നീക്കം.
സുപ്രീംകോടതിയുടെ മുത്തലാഖ് വിധി ദുർവ്യാഖ്യാനം ചെയ്താണ് മുതിർന്ന കേന്ദ്രമന്ത്രിമാരടങ്ങുന്ന സമിതി പുതിയ നിയമനിർമാണത്തിന് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വിധിപറഞ്ഞ അഞ്ച് ന്യായാധിപരും മുത്തലാഖ് തുടർന്നുകൊണ്ടുപോകേണ്ട വിവാഹമോചന രീതിയല്ല എന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണെങ്കിലും അതിന് വ്യത്യസ്തവും വിരുദ്ധങ്ങളുമായ കാരണങ്ങളാണ് നിരത്തിയത്. മുത്തലാഖ് മൗലികാവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറും ജ. അബ്ദുൽ നസീറും മാത്രമാണ് പുതിയ നിയമം കൊണ്ടുവരുന്നതിനെ കുറിച്ച് ഓർമപ്പെടുത്തിയത്. എന്നാൽ, ഭൂരിപക്ഷവിധിയിൽ അത്തരമൊരു നിർദേശം മുന്നോട്ടുവെക്കുന്നില്ല എന്നുമാത്രമല്ല, അങ്ങനെ ചെയ്യാൻ ജുഡീഷ്യറിക്ക് അവകാശമില്ലെന്നു കൂടി ജസ്റ്റിസ് കുര്യൻ ജോസഫ് എടുത്തുപറയുന്നു. മതങ്ങളും ഭരണഘടനയും തമ്മിൽ തർക്കം ഉടലെടുക്കുമ്പോൾ ഇരുവിഭാഗങ്ങളെയും പരിഗണിച്ച് നിയമനിർമാണം നടത്തുകയാണ് ഉചിതമായ പോംവഴിയെന്ന് ഉൗന്നിപ്പറയുന്നുണ്ട്. മുത്തലാഖ് സമ്പ്രദായം ഭരണഘടന വിഭാവനചെയ്യുന്ന തുല്യത സങ്കൽപത്തിന് എതിരാണ് എന്നതുകൊണ്ടും മതത്തിൽ ചീത്തയായത് നിയമത്തിൽ പാവനമാകില്ല എന്ന തത്ത്വം ഉയർത്തിപ്പിടിച്ചുമാണ് ഖുർആൻ അനുശാസിക്കുന്ന ത്വലാഖ് രീതിയാണ് പിന്തുടരേണ്ടതെന്ന് ന്യായാസനം ഓർമപ്പെടുത്തിയത്.
മുത്തലാഖ് റദ്ദാക്കപ്പെട്ടതോടെ ഭരണഘടനയുടെ 141ാം ഖണ്ഡികയിൽ പറയുന്ന ‘സുപ്രീംകാടതി പ്രഖ്യാപിക്കുന്ന നിയമ’മായി അത് മാറുന്നുണ്ട്. ആരെങ്കിലും മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ അത് ഒരു ത്വലാഖായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. വിവാഹത്തെ ഒരു സിവിൽ കരാറായി കോടതി കാണുന്നതുകൊണ്ടുതന്നെ അവിടെ ഒരു ക്രിമിനൽ കുറ്റം കയറിവരുന്നത് യുക്തിരഹിതവും വിവേചനപരവുമാണ്. മൂന്നുവർഷം തടവ് ക്ഷണിച്ചുവരുത്തുന്ന കുറ്റമായതുകൊണ്ടുതന്നെ, തകർന്ന ദാമ്പത്യബന്ധത്തിലെ ഭാര്യയെ വിവാഹമോചനം ചെയ്യാതെ, പെരുവഴിയിൽ തനിച്ചാക്കി ഭർത്താവ് സ്വന്തം വഴിക്ക് പോകാനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. അതോടെ, സ്ത്രീയുടെ ജീവിതം കൂടുതൽ ക്ലേശഭരിതമാകാൻ പോവുകയാണ്. ഭർത്താവിനെ ജയിലിലേക്ക് വിടുന്നതുകൊണ്ട് ഭാര്യ ഒന്നും നേടാൻ പോകുന്നില്ല. വാക്കാൽ ചൊല്ലുന്ന മുത്തലാഖ് കോടതിയിൽ തെളിയിക്കാൻ ഭാര്യക്ക് സാധിക്കണമെന്നുമില്ല. വിവാഹമോചിതക്ക് മതിയായ ജീവനാംശം ചോദിക്കാൻ 1986ലെ മുസ്ലിം വനിത നിയമത്തിൽ വിപുലമായ വകുപ്പുകൾ ഉണ്ടെന്നിരിക്കെ ഇനി അതിലേക്ക് പുതിയ നിയമവ്യവസ്ഥകളുടെയൊന്നും ആവശ്യമില്ല. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വിവാഹമോചനത്തിനു ശേഷവും ചെലവിനു കൊടുക്കാൻ നിലവിലെ നിയമം ധാരാളം.
മുസ്ലിം സ്ത്രീകളുടെ അവകാശസംരക്ഷണ വിഷയത്തിൽ മോദിസർക്കാർ പ്രദർശിപ്പിക്കുന്ന അമിതാവേശം, സാമൂഹികമായി പരാധീനതകൾ അനുഭവിക്കുന്ന ഒരു വിഭാഗത്തോടുള്ള ആത്മാർഥമായ അനുഭാവം മൂലമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെന്ന് തോന്നുന്നില്ല. സംഘ്പരിവാറിെൻറ ആക്രമണോത്സുകതയുടെ ഏറ്റവും വലിയ ഇരകൾ ന്യൂനപക്ഷസമൂഹത്തിലെ സ്ത്രീകളാണെന്ന് പകൽ വെളിച്ചം പോലെ വ്യക്തമാണ്. ഏകീകൃത സിവിൽ കോഡ് മുഖ്യ അജണ്ടയായി നെഞ്ചോട് ചേർത്തുപിടിച്ച് തീർത്തും വിഭാഗീയ നയനിലപാടുകളുമായി മുന്നോട്ടുപോകുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് സാമുദായിക ധ്രുവീകരണത്തിനുള്ള ഒരായുധമായേ ഈ നിയമനിർമാണത്തെയും കാണേണ്ടതുള്ളൂ. അതുകൊണ്ടുതന്നെ, നിർദിഷ്ട ബില്ലിന്മേലുള്ള സംസ്ഥാന സർക്കാറിെൻറ തീരുമാനം എല്ലാവശങ്ങളും പരിഗണിച്ച ശേഷമായിരിക്കുമെന്നുതന്നെയാണ് മതേതര വിശ്വാസികളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.