രണ്ടുവർഷം മുമ്പ്, യു ട്യൂബിൽ പ്രത്യക്ഷപ്പെട്ട ‘സേവ് ദി ഇൻറർനെറ്റ്’ എന്ന കുഞ്ഞു വിഡിയോ ദിവസങ്ങൾക്കുള്ളിൽ ഷെയർ ചെയ്തത് ലക്ഷക്കണക്കിന് ആളുകളായിരുന്നു. ‘ആൾ ഇന്ത്യ ബക്ചോദ്’ എന്ന ഹാസ്യ ചാനൽ ആയിരുന്നു ഇൗ ചിത്രത്തിന് പിന്നിൽ. വിവരവിനിമയത്തിെൻറ കേന്ദ്രമായ ഇൻറർനെറ്റിെൻറ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുത്തുംവിധം സേവനദാതാക്കൾ സൈബർസ്പേസിൽ നിലയുറപ്പിച്ചിരിക്കുന്നുവെന്നും ഇതിനായി സർക്കാർ ഒത്താശ ചെയ്യുന്നുവെന്നുമായിരുന്നു ഇൗ വിഡിയോയുടെ ഉള്ളടക്കം. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഇത് പ്രചരിച്ചതോടെയാണ് ഇൻറർനെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) എന്ന പദം സാമാന്യ ജനങ്ങളുടെ ശ്രദ്ധയിൽ പതിയുന്നത്. ഇൻറർനെറ്റ് ലോകത്തെ കേവല സാേങ്കതികതക്കപ്പുറം, വിവരവിനിമയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന മൗലികമായ ഒരു വിഷയം തന്നെയാണ് നെറ്റ്ന്യൂട്രാലിറ്റിയെന്ന് തിരിച്ചറിയപ്പെട്ടതോടെ ‘സേവ് ദി ഇൻറർനെറ്റ്’ സമരം കൂടുതൽ ശക്തമായി. രണ്ടാഴ്ചക്കുള്ളിൽ പത്തു ലക്ഷം കത്തുകളാണ് ഇതുസംബന്ധിച്ച് ടെലികോം മന്ത്രാലയത്തിനും ടെലികോം അതോറിറ്റി ഒാഫ് ഇന്ത്യക്കും (ട്രായ്) ലഭിച്ചത്. ഒടുവിൽ, വിഷയത്തിൽ വിശദമായ അന്വേഷണത്തിന് ട്രായ് തയാറായി. ഒന്നര വർഷത്തിനുശേഷം, ട്രായ് നിർദേശങ്ങൾ പുറത്തുവന്നപ്പോൾ ആ ഹാസ്യ ചാനൽ തുടങ്ങിവെച്ച സമരം വിജയിച്ചുവെന്നുതന്നെ പ്രാഥമികമായി വിലയിരുത്തേണ്ടി വരും.
ഇൻറർനെറ്റിൽ എല്ലാ സൈറ്റുകളും സേവനങ്ങളും ഉപയോക്താവിന് ലഭ്യമാക്കാൻ തുല്യസാഹചര്യം ഒരുക്കണമെന്നും ജനകീയതയുടെയോ വലുപ്പത്തിെൻറയോ പേരിൽ വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തരുതെന്നുമാണ് ‘നെറ്റ് ന്യൂട്രാലിറ്റി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സേവന ദാതാവിൽനിന്ന് ഇൻറർനെറ്റ് കണക്ഷൻ ലഭിച്ചുകഴിഞ്ഞാൽ, അനുവദിക്കപ്പെട്ട ഡാറ്റ എപ്രകാരം ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപയോക്താവിന് മാത്രമാണ്. സന്ദർശിക്കേണ്ട സൈറ്റുകൾ, ഉപയോഗിക്കേണ്ട ആപ്ലിക്കേഷനുകൾ ഇവയൊക്കെ ഉപയോക്താവിന് തീരുമാനിക്കാം. ഇവിടെ, ചില സൈറ്റുകൾക്ക് അധിക നിരക്ക് ഏർപ്പെടുത്താനോ അല്ലെങ്കിൽ അവയുടെ വേഗതയിൽ മാറ്റം വരുത്താനോ സേവനദാതാവിന് അവകാശമില്ല. അന്താരാഷ്ട്ര തലത്തിൽതന്നെ സ്വീകാര്യത നേടിയ തത്വമാണിത്. എന്നാൽ, ഇതിന് എതിരായി ചില രാജ്യങ്ങൾ സ്വീകരിച്ച നിലപാട് ഇന്ത്യയിൽ ആദ്യമായി പ്രതിഫലിച്ചത് 2014 ഡിസംബറിലായിരുന്നു.
ഇൻറർനെറ്റ് ഉപയോഗിക്കുേമ്പാൾ ചില പ്രത്യേക സേവനത്തിന് അധിക തുക ഇൗടാക്കണമെന്ന് ഏതാനും ടെലികോം കമ്പനികൾ ഇൗ കാലത്ത് ആവശ്യമുന്നയിച്ചു. വാട്സ്ആപ്, സ്കൈപ് പോലുള്ള ആപ്ലിക്കേഷനുകളിലെ േവായിസ് കാളുകൾക്ക് എയർടെൽ പ്രത്യേക ചാർജ് ഏർപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നാണ്, ‘സേവ് ദി ഇൻറർനെറ്റ്’ പുറത്തുവന്നതും പിന്നീട് സൈബർ ജനകീയ കാമ്പയിനുകൾ ആരംഭിക്കുന്നതും. സമരം ശക്തമായതോടെ, ടെലികോം കമ്പനികൾ അധിക ചാർജ് ഇൗടാക്കുന്നത് നിർത്തി. വിഷയം പഠിക്കാൻ എ.കെ. ഭാർഗവയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ ടെലികോം മന്ത്രാലയം നിയമിച്ചു. സൈബർ ആക്ടിവിസ്റ്റുകൾ മുന്നോട്ടുവെച്ച ആശങ്കകളെ ശരിവെച്ചുകൊണ്ടാണ് 2015 ജൂലൈയിൽ ഇൗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. ടെലികോം കമ്പനികളുടെ സമ്മർദത്തിന് വഴങ്ങാതിരുന്ന സമിതി, രാജ്യത്ത് നെറ്റ് സമത്വം നിലനിർത്തുന്നതിനാവശ്യമായ നിയമനിർമാണം നടത്തണമെന്ന് നിർദേശിക്കുകയും ചെയ്തു. ആ റിപ്പോർട്ടിെൻറ തുടർച്ചെയന്നോണമാണ് ട്രായിയുടെ പുതിയ നിർദേശങ്ങളെയും കാണേണ്ടത്.
നെറ്റ് ന്യൂട്രാലിറ്റിയെ സാമാന്യമായി പിന്തുണക്കുന്ന നിർദേശങ്ങൾ സമർപ്പിച്ച് ട്രായ് ചെയർമാൻ ആർ.എസ്. ശർമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധേയമാണ്. ‘‘ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഇൻറർനെറ്റിന് യഥാർഥത്തിൽ ഉടമകളില്ല. ഇന്ത്യപോലുള്ള രാജ്യത്തിനാകെട്ട, ഇൗ പ്ലാറ്റ് ഫോം ഏറെ പ്രധാനപ്പെട്ടതുമാണ്. അതുകൊണ്ടുതന്നെ തീർത്തും സ്വതന്ത്രമായിരിക്കണം സൈബറിടം. അതിനെ ആർത്തിപൂണ്ട നരഭോജികൾക്ക് വിട്ടുനൽകാനാവില്ല’’ -ശർമയുടെ ഇൗ വാക്കുകളെ ആ നിർദേശങ്ങളുടെ രത്നച്ചുരുക്കമായി കാണാവുന്നതാണ്, ചില അവ്യക്തതകൾ ബാക്കിനിൽക്കുന്നുണ്ടെങ്കിലും. നെറ്റ് ന്യൂട്രാലിറ്റി ഉറപ്പുവരുത്താൻ സേവനദാതാക്കളുടെ ലൈസൻസ് നിബന്ധനകൾ ഭേദഗതിചെയ്യണമെന്ന നിർദേശം അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. അതേസമയം, ട്രായിയുടെ ചില നിർദേശങ്ങൾ ചെറുതല്ലാത്ത ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, നെറ്റ്വേഗം കൈകാര്യം ചെയ്യാൻ സേവനദാതാക്കൾക്ക് നിബന്ധനയോടെ അനുമതി നൽകുന്നുണ്ട്. ഇതിനെ സേവനദാതാക്കൾ എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് കണ്ടറിയണം. സ്വന്തം നെറ്റ്വർക്കുകളിലൂെട ഇൻറർനെറ്റ് സേവനം നൽകുന്ന ടെലികോം കമ്പനികളെ ട്രായ് ശിപാർശകളിൽനിന്ന് ഒഴിവാക്കിയതും നെറ്റ് ന്യൂട്രാലിറ്റിയെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മുമ്പ്, ഇൻറർനെറ്റ് ഡോട്ട് ഒാർഗ് പോലുള്ള പദ്ധതികളിലൂടെ ഫേസ്ബുക്ക് ഗ്രാമീണ ഇന്ത്യയിലെ ഇൻറർനെറ്റ് കുത്തക പിടിച്ചെടുക്കാൻ ശ്രമിച്ചത് നാം കണ്ടതാണ്. ട്രായിയുടെ ഇൗ ഇളവ് അത്തരം നീക്കങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാഹചര്യമൊരുക്കും.
അമേരിക്കയിൽ ഒബാമ കൊണ്ടുവന്ന നെറ്റ് ന്യൂട്രാലിറ്റി നിയമങ്ങൾ റദ്ദാക്കണമെന്ന് ഫെഡറൽ കമ്യൂണിക്കേഷൻസ് കമീഷൻ (എഫ്.സി.സി) ചെയർമാൻ അജിത്ത് പൈ ആവശ്യപ്പെട്ടതിെൻറ തൊട്ടടുത്ത ദിവസമാണ് ട്രായ് നിർദേശങ്ങൾ പുറത്തുവന്നിരിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റി സമരം ശക്തമായ സമയത്തുതന്നെയാണ് ഒബാമ അമേരിക്കയിൽ പുതിയ ഇൻറർനെറ്റ് നയം രൂപപ്പെടുത്തിയത്. ഇപ്പോൾ, ട്രംപ് ഭരണകൂടം ഇൗ നയത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സൈബർ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിെവച്ചേക്കാവുന്ന ഇൗ നയംമാറ്റത്തിനിടെയാണ് ഇൻറർനെറ്റ് സമത്വത്തിനായി ട്രായ് നിലകൊണ്ടിരിക്കുന്നത്. തീർച്ചയായും ‘ആൾ ഇന്ത്യ ബക്ചോദി’െൻറ വിജയം തന്നെയാണിത്. കാര്യങ്ങൾ ഇവിടംവരെ എത്തിനിൽക്കെ, അവശേഷിക്കുന്ന ചോദ്യം ഇതാണ്: ട്രായ് നിർദേശങ്ങളോടുള്ള മോദി സർക്കാറിെൻറ സമീപനമെന്തായിരിക്കും? സ്വകാര്യ ടെലികോം കമ്പനികളുടെ ചൂഷണങ്ങളെ ഒരുപരിധിവരെ തടയാൻ പര്യാപ്തമാണ് ഇൗ നിർദേശങ്ങളെന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ സർക്കാറിനുമേൽ സമ്മർദമുണ്ടാകാൻ സാധ്യത ഏറെയാണ്. അതിനെ അതിജീവിച്ച്, നെറ്റ് ന്യൂട്രാലിറ്റിയെ അനുകൂലിക്കുമെന്ന പാർലമെൻറിലെ വാഗ്ദാനം സർക്കാറിന് പാലിക്കാനായാൽ, സൈബറിടത്തിലെ സമത്വത്തിനായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ഇടപെടലായിരിക്കും അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.