സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക് നൽകിയതുവഴി നോർവീജിയൻ നൊബേൽ കമ്മിറ്റി ശക്തമായ സന്ദേശമാണ് ലോകത്തിനും ഭരണകർത്താക്കൾക്കും നൽകുന്നത്. ഭരണകൂട അതിക്രമങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കുമെതിരെ ധീരമായി പൊരുതുന്ന ഫിലിപ്പീൻസുകാരി മരിയ റെസയും റഷ്യക്കാരൻ ദിമിത്രി മുറാടോവുമാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്.
ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ഡുട്ടർട്ടെ ലഹരിവേട്ടയുടെ പേരിൽ നടത്തിയ കൂട്ടക്കൊലകളും അഴിമതികളും പുറത്തുകൊണ്ടുവന്നതിന് സർക്കാറിന്റെ അടിച്ചമർത്തലുകൾ നേരിട്ട റെസ, 'റാപ്ലർ' എന്ന വാർത്താസൈറ്റിന്റെ സഹസ്ഥാപകയും നടത്തിപ്പുകാരിയുമാണ്. റഷ്യയിൽ, 'നൊവായ ഗസറ്റ' എന്ന സ്വതന്ത്ര പത്രത്തിന്റെ ചീഫ് എഡിറ്ററായ മുറാടോവും സഹപ്രവർത്തകരും പ്രസിഡൻറ് വ്ലാദിമിർ പുടിന്റെ ഭരണത്തിൽ ഭീകരമായ അടിച്ചമർത്തലുകൾ നേരിടുന്നു. പുടിന്റെ ചെച്നിയ നയത്തെ വിമർശിച്ച റിപ്പോർട്ടർ അന്ന പൊളിറ്റ്കോവ്സ്ക്യ ഉൾപ്പെടെ ആറ് മാധ്യമപ്രവർത്തകരുടെ ജീവൻ വിലയായി നൽകേണ്ടിവന്നു.
ജനാധിപത്യത്തിനും ലോകസമാധാനത്തിനും ഏറെ പ്രധാനമാണ് ആവിഷ്കാര സ്വാതന്ത്ര്യവും വസ്തുനിഷ്ഠ മാധ്യമപ്രവർത്തനവും. ഇത് അടിവരയിട്ട് കാണിക്കുകയാണ് ഈ നൊബേൽ പുരസ്കാരം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യം വർധിതതോതിൽ ഭീഷണി നേരിട്ടുവരുന്ന ലോകത്ത്, അതിനായി പൊരുതുന്ന എല്ലാ ജേണലിസ്റ്റുകളുടെയും പ്രതിനിധികളെന്ന നിലക്കാണ് രണ്ടുപേരെ സമ്മാനത്തിനായി തെരഞ്ഞെടുത്തത്.
ഈ പുരസ്കാര പ്രഖ്യാപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചവരുണ്ട്. ലോകസമാധാനത്തിന് നേരിട്ടു സംഭാവനകളർപ്പിച്ചവർക്ക് നൽകേണ്ട പുരസ്കാരം പാളിപ്പോയ സന്ദർഭങ്ങളുണ്ട് എന്നത് വസ്തുതയാണ്. ബറാക് ഒബാമക്ക് കൊടുത്ത സമ്മാനം അപ്രസക്തമായിരുന്നെങ്കിൽ, ഹെൻറി കിസിഞ്ജറും മെനാഹം ബെഗിനും ഓങ്സാൻ സൂചിയും അബീ അഹ്മദുമെല്ലാം നിർണായക ഘട്ടങ്ങളിൽ സമാധാനത്തെ വഞ്ചിച്ച നൊബേൽ ജേതാക്കളാണ്. 1907ൽ സമ്മാനിതനായ ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ഏണസ്റ്റോ തിയസോറോ മോണറ്റ പിൽക്കാലത്ത് മുരത്ത ദേശീയ ഭ്രാന്ത് പ്രകടിപ്പിച്ചതും ചരിത്രം.
എന്നാൽ, പുരസ്കൃതർ പിന്നീട് എന്തുചെയ്യുമെന്ന് മുൻകൂട്ടി കാണാനാകില്ല എന്നു വാദിക്കാം. ഈ വാദം അംഗീകരിച്ചാലും, സമാധാന നൊബേൽ തീർപ്പുകളിലെ പടിഞ്ഞാറൻ ചായ്വ് സമാധാന സന്ദേശത്തിനുതന്നെ പോറലേൽപ്പിക്കുന്നതായി പരാതിയുണ്ട്. മുമ്പ് യൂറോപ്യൻ യൂനിയന് നൽകിയ സമ്മാനം, അംഗരാജ്യങ്ങളുടെ യുദ്ധവെറിയുമായി പൊരുത്തപ്പെടുന്നതായില്ല. ഇന്ന് ഏറ്റവും വലിയ ആയുധക്കച്ചവടവും ഏറ്റവും കൂടുതൽ യുദ്ധങ്ങളും ഏറ്റവുമധികം സൈനികത്താവളങ്ങളും യു.എസിേൻറതാണ്. അവരെ തുറന്നുകാട്ടാൻ സമാധാനനൊബേലിന് കഴിയുന്നില്ല.
മാധ്യമപ്രവർത്തനം ആദരമർഹിക്കുന്നുണ്ട്; പക്ഷേ ഭൂമിയിലെ ഏറ്റവും വലിയ യുദ്ധവ്യാപാരിയുടെ കുറ്റരഹസ്യങ്ങൾ വെളിപ്പെടുത്തിയ 'വിക്കിലീക്സി'നും അതിന്റെ സ്ഥാപകൻ ജൂലിയൻ അസാൻജിനും കൂടി പുരസ്കാരം നൽകേണ്ടതായിരുന്നില്ലേ? കള്ളക്കേസുകളും അന്യായത്തടങ്കലും വൻരാജ്യങ്ങളുടെ വധഗൂഢാലോചനയുമെല്ലാം നേരിട്ട്, ശക്തരായ ഭരണകൂടങ്ങളോട് പൊരുതിനിൽക്കുന്ന അസാൻജിനില്ലാത്ത എന്താണ് ഇപ്പോൾ സമ്മാനിതരായവർക്കുള്ളത് എന്ന് അന്വേഷിച്ചാൽ കണ്ടെത്തുന്ന വസ്തുതയുണ്ട്. അവർ യു.എസിന് അഭിമതരല്ലാത്ത ഭരണാധിപരെയാണ് തുറന്നുകാട്ടുന്നത് എന്നതാണത്; അമേരിക്കയുടെ യുദ്ധതാൽപര്യങ്ങൾക്ക് അവർ പോറലേൽപിക്കുന്നില്ലല്ലോ.
നൊബേൽ കമ്മിറ്റിയുടെ തീർപ്പിൽ സംശയം ഉന്നയിക്കുേമ്പാഴും, മാധ്യമപ്രവർത്തനത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും ആദരിക്കാനുള്ള സദുദ്ദേശ്യത്തെ വാഴ്ത്താതിരിക്കാനാവില്ല. പുരസ്കൃതരുടെ അർഹതയും സംശയാതീതം തന്നെ. മാധ്യമസ്വാതന്ത്ര്യം ഇല്ലാതെ ജനാധിപത്യമോ രാജ്യാന്തര സൗഹൃദങ്ങളോ സംരക്ഷിക്കപ്പെടില്ല; ജനായത്തം യുദ്ധത്തിന്റെ സാധ്യത കുറക്കും; ജനാധിപത്യം നിലനിൽക്കാൻ മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണ് താനും.
വസ്തുതകളിലൂന്നിയുള്ള ജേണലിസം പുലരണമെന്ന് ചൂണ്ടിക്കാട്ടിയ നൊബേൽ കമ്മിറ്റി, അതോടൊപ്പം വ്യാജവാർത്തകളും യുദ്ധാനുകൂല പ്രോപഗണ്ടയും നിർമാർജനം ചെയ്യപ്പെടണമെന്നുകൂടി നിർദേശിക്കുന്നു. ശക്തമായ സന്ദേശം എന്നതുതന്നെയാണ് ഇക്കൊല്ലത്തെ സമാധാന സമ്മാനത്തിന്റെ പ്രസക്തി. അതാകട്ടെ, ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങൾ ശ്രദ്ധിക്കേണ്ട ഒന്നുമാണ്. ഇപ്പോൾ ലഖിംപുരിലടക്കം, നേരുപറയുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്ന നാടാണിത്. അവരെ കൊല്ലുന്നവർ ശിക്ഷിക്കപ്പെടാതെ പോകുന്ന നാട്. ഉമർഖാലിദ് എന്ന ചെറുപ്പക്കാരനെ ഒരു കൊല്ലത്തിലേറെ തടവിലിട്ടിട്ട്, കോടതിയിൽ തെളിവായി വ്യാജവാർത്ത എടുത്തുകാട്ടിയ നാട്. ദലിത് പെൺകുട്ടിയുടെ ദാരുണ കൊലപാതകമന്വേഷിക്കാൻ ചെന്ന സിദ്ദീഖ് കാപ്പനെ പിടിച്ച് അകത്തിട്ട നാട്. മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഫിലിപ്പീൻസിനും (138) റഷ്യക്കും (150) ഇടയിൽ (142), അഫ്ഗാനിസ്താനും (122) മ്യാൻമറിനും (140) പോലും പിന്നിൽ, നിൽക്കുന്ന നാട്.
മതകേന്ദ്രങ്ങളിൽനിന്നുവരെ വിദ്വേഷം നിറഞ്ഞ വ്യാജവാർത്തകൾ പരക്കുന്ന നാട്. അധികാര കേന്ദ്രങ്ങളെ വിമർശനാത്മകമായി വേണം സ്വതന്ത്ര മാധ്യമങ്ങൾ സമീപിക്കാൻ എന്ന് നൊബേൽ സമിതി ചൂണ്ടിക്കാട്ടുന്നു. ലോകവും സമൂഹങ്ങളും സമാധാനത്തോടെ നിലനിൽക്കുന്നതിന് അത്തരം മാധ്യമങ്ങൾ ശക്തിപ്പെടണം; ഒപ്പം, വസ്തുതാപരമല്ലാത്ത വാർത്തകൾ തടയപ്പെടണം. ഈ പാഠം ലോകത്തിന് മൊത്തമുള്ളതാണ് -ഇന്ത്യക്ക് വിശേഷിച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.