പുഞ്ചിരിയോടെയുള്ള കരം കവരൽ; സ്നേഹോഷ്മളമായ കുശലംപറച്ചിൽ; അതിർത്തികൾ മുറിച്ചുകടന്നുള്ള രണ്ട് രാഷ്ട്രനായകരുടെ ആലിംഗനം -വിരാമം കുറിക്കപ്പെട്ടത് രണ്ട് കൊറിയകൾ തമ്മിൽ 65 വർഷം നീണ്ട ശത്രുതക്കും ഒൗദ്യോഗികമായി ഒപ്പുവെക്കാത്തതിനാൽ സാങ്കേതികമായി തുടരുന്ന യുദ്ധത്തിനും. ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും പാൻമുൻജോമിൽ ചുവടുവെച്ചത് 21ാം നൂറ്റാണ്ടിലെ ഏറ്റവും പ്രത്യാശനിർഭരമായ സമാധാന ശ്രമങ്ങളിലേക്കാണ്. ആറു മാസങ്ങൾക്കു മുമ്പ് പ്രകോപനപരമായ വാക്ശരങ്ങളാൽ ഇരുൾമൂടിയ കൊറിയൻ മുനമ്പാണ് ഇപ്പോൾ സമാധാനത്തിെൻറ വെളിച്ചം പ്രസരിപ്പിച്ചു നിൽക്കുന്നത്. മിസൈൽ പരീക്ഷണങ്ങളിലൂടെ വിറപ്പിച്ച, സോളിനെ ശവപ്പറമ്പാക്കുമെന്ന് പ്രഖ്യാപിച്ച കിമ്മാണ് ദുർഘടമായ പ്രതിസന്ധികളെ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന മുഴുവനാളുകൾക്കും നിത്യ പ്രചോദകമായി, പാൻമുൻജോമിലെ പീസ് ഹൗസിലെ സന്ദർശക പുസ്തകത്തിൽ ‘‘വികാരം തുളുമ്പുന്ന നിമിഷമാണിത്, പുതിയ ചരിത്രത്തിെൻറ പൂമുഖത്താണ് ഞാനിപ്പോൾ’’ എന്ന വരികൾ കുറിച്ചുവെച്ചിരിക്കുന്നത്. കൊറിയൻ ഉപദ്വീപിലെ യുദ്ധവിരാമത്തിനും ശാശ്വത സമാധാനത്തിനും സമ്പൂർണ ആണവനിരായുധീകരണത്തിനും രണ്ട് ഭരണാധികാരികൾ എടുത്ത തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം ശുഭസൂചനകളാണ്.
പ്രശ്നങ്ങളുടെ പൂർണമായ പരിഹാരത്തിലേക്ക് ഇനിയുമേെറ ദൂരം സഞ്ചരിക്കേണ്ടതുണ്ട്; മറികടക്കാൻ ഏറെ ദുർഘടസന്ധികളും. അമേരിക്കയുടെ നിലപാടുകളാണതിൽ ഏറെ പ്രാധാന്യമുള്ളത്. ഡോണൾഡ് ട്രംമ്പും കിമ്മും തമ്മിലുള്ള ഉച്ചകോടിയിൽ അമേരിക്ക പുലർത്തുന്ന രാഷ്ട്രീയ കടുംപിടിത്തങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറാകുന്നതിനനുസരിച്ചിരിക്കും സമാധാനശ്രമങ്ങളുടെ ഭാവി. വിശേഷിച്ച്, നയചാതുരിയില്ലാത്ത രാഷ്ട്രനായകരാെണന്ന് തെളിയിച്ച രണ്ടുപേരുടെ ഉച്ചകോടി എങ്ങനെ പര്യവസാനിക്കുമെന്ന് അനുമാനിക്കുക അസാധ്യം. ചൈനയുടെ നിലപാടും നിർണായകംതന്നെ. കാരണം, ബെയ്ജിങ്ങിെൻറ സമ്മർദവും ഇനിയും വ്യക്തമാകാത്ത ഉത്തര കൊറിയൻ ആഭ്യന്തര പ്രതിസന്ധികളുമാണ് കിമ്മിനെ സമാധാനത്തിെൻറ വഴിയിലേക്ക് നയിച്ചതെന്നാണ് നിരീക്ഷണം. കിമ്മിെൻറ ചൈന സന്ദർശനശേഷമാണ് സമാധാനശ്രമങ്ങൾ പുറംലോകമറിഞ്ഞതും അവക്ക് ഗതിവേഗം വർധിച്ചതും. യു.എൻ ഉപരോധം ലഘൂകരിക്കുന്നതിനും രാജ്യാന്തര സാമ്പത്തിക ബന്ധങ്ങളുടെ വാതിൽ തുറക്കാനും ഉച്ചകോടികൾ ഉപകരിച്ചാലേ ഉത്തര കൊറിയ സമാധാന വഴിയിൽ ഉറച്ചുനിൽക്കൂ. പീസ് ഹൗസ് പ്രഖ്യാപനത്തിൽ സാമ്പത്തിക സഹകരണത്തെക്കുറിച്ച് നിശ്ശബ്ദതയാണുള്ളത്. കൊറിയൻ സഹകരണത്തിൽ ജപ്പാന് രാഷ്ട്രീയമായി അസ്വസ്ഥതകളുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ശരിയാംവണ്ണം അഭിമുഖീകരിക്കുമ്പോഴേ പരിഹാര നടപടിക്രമങ്ങൾക്ക് പൂർണത വരൂ. ചൈനയെയും ജപ്പാനെയും കൂടി ഉൾപ്പെടുത്തി നടക്കുന്ന സമാധാന ശ്രമങ്ങൾ കിഴക്കനേഷ്യൻ േമഖലയിലുള്ള സ്വാധീനത്തെ ദുർബലപ്പെടുത്തുമെന്ന ആശങ്ക അമേരിക്കയിൽ ഒരു വിഭാഗത്തിനുണ്ട്. അവരുടെ രാഷ്ട്രീയ ലോബിയിങ്ങിനെക്കൂടി അതിജീവിക്കാനുള്ള രാഷ്ട്രീയ പക്വതയും നയചാതുരിയും ഇരു കൊറിയകളും അവിരാമം തുടരേണ്ടിവരും. 2000 ജൂണിലെയും 2007 ഒക്ടോബറിലെയും ഉഭയകക്ഷി ചർച്ചകൾ നിഷ്ഫലമായത് യു.എസ് നിലപാടുകൾ നിമിത്തമായിരുന്നു.
എന്തായിരുന്നാലും, ദക്ഷിണ കൊറിയയുടെ അശ്രാന്ത പരിശ്രമത്തിെൻറയും നയചാതുരിയുടെയും മികച്ച വിജയമാണ് ‘സമാധാനഗേഹ’ത്തിൽ ചരിത്രമായ സംയുക്ത പ്രസ്താവന. കിം ജോങ് ഉന്നിെൻറ സഹോദരി കിം യോ ജോങ്ങിെൻറ പരിശ്രമങ്ങളും എടുത്തുപറയേണ്ടവയാണ്. ശീതകാല ഒളിമ്പിക്സ് മുതൽ ഇതുവരെയുള്ള ഉത്തര കൊറിയയുടെ നയംമാറ്റത്തിൽ നിർണായക സ്ഥാനമാണ് അവരുടെ സാന്നിധ്യത്തിനുള്ളത്. ഒരു കൊടിക്കൂറക്ക് കീഴിലെ കൊറിയയെന്നത് പുലരാൻ അസാധ്യമായ സ്വപ്നമല്ലാതായിരിക്കുന്നു. ‘പരസ്പരം പോരടിക്കാൻ ഒരു കാരണവും കാണുന്നില്ല. ഞങ്ങൾ ഒരു രാഷ്ട്രമാെണ’ന്ന സംയുക്ത പ്രസ്താവനയിലെ വരികൾ ജർമനിയുടെ ഏകീകരണ കാലത്തെ ധ്വനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ശീതകാല ഒളിമ്പിക്സിൽ ഒരു കൊടിക്കുകീഴിലാണ് ഇരു കൊറിയകളും അണിനിരന്നത്. അടുത്ത വർഷം ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സംയുക്ത ടീമിനെ അയക്കാൻ തീരുമാനമായിരിക്കുന്നു. വരുന്ന ആഗസ്റ്റിൽ വിഭജനവും യുദ്ധവും അറുത്തുമാറ്റിയ കൊറിയൻ കുടുംബങ്ങളുടെ പരസ്പര സന്ദർശനങ്ങളും സമാഗമങ്ങളുമുണ്ടാകും. അക്ഷാംശ രേഖ അതിർത്തിയും മതിലുമാക്കി കൊറിയയെ രണ്ട് രാജ്യമാക്കി മുറിച്ചത് രണ്ടാം ലോകയുദ്ധാനന്തര സാമ്രാജ്യത്വ മോഹങ്ങളാണ്. സാംസ്കാരികമായും ഭൂശാസ്ത്രപരമായും ഭിന്നതകളില്ലാത്ത ദേശങ്ങൾ ലയിച്ചുചേരുന്നതിന് കോളനിയനന്തര സാമ്രാജ്യതാൽപര്യങ്ങളും തടസ്സമുണ്ടാക്കി. ഒന്നാകാൻ കൊതിക്കുന്ന കൊറിയൻ ജനതയുടെ അഭിനിവേശം രണ്ട് ഭരണാധികാരികൾ പാൻമുൻജോമിലെ അതിർത്തിയിൽ സ്ഥാപിച്ച പൈൻമരത്തോടൊപ്പം വളർന്നുയരുകയും അതിർത്തികൾ ഭേദിച്ച് പടരുന്ന വേരുകളോടൊപ്പം വ്യാപിക്കുകയും ചെയ്താൽ ഉന്നിെൻറയും ഇന്നിെൻറയും ആശ്ലേഷം സമാധാന ചരിത്രത്തിലെ നാഴികക്കല്ലായി രേഖപ്പെടുത്തപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.