‘‘അപകടംപിടിച്ച പ്രദേശത്താണ് ഞങ്ങൾ. ഇൗ നാട് ഭരിക്കുന്നവർക്ക് ദീർഘവീക്ഷണവും വൈവിധ്യങ്ങളെ പൊറുപ്പിക്കാനുള്ള ഹൃദയവിശാലതയും വേണം. വടക്കുകിഴക്കൻ ജനതയുടെ വികാരങ്ങൾ അവർ ഉൾക്കൊള്ളണം’’. മേഘാലയയിൽനിന്ന് ‘ഷില്ലോങ് ടൈംസി’െൻറ പത്രാധിപർ പട്രീഷ്യ മുഖിം നൽകുന്ന മുന്നറിയിപ്പ് ഒരാഴ്ചയോളമായി കലാപം കത്തിയാളുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം വിളിച്ചറിയിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമ ബിൽ ഡിസംബർ ഒമ്പതിന് പാർലമെൻറ് പാസാക്കിയതിൽ പിന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീയണഞ്ഞിട്ടില്ല. ഒരു ഭാഗത്ത്, മുസ്ലിംകെള പേരു ചൊല്ലി ഒഴിവാക്കിയ ഭരണഘടനാവിരുദ്ധ നീക്കത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുേമ്പാഴാണ് മറുഭാഗത്ത് കേന്ദ്രത്തിലെ സംഘ്പരിവാർ സർക്കാറിെൻറ പൗരത്വദാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അസം, പശ്ചിമബംഗാൾ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, മണിപ്പൂർ സംസ്ഥാനങ്ങൾ പ്രക്ഷുബ്ധമായിരിക്കുന്നത്.
2021ൽ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന അസമിലും പശ്ചിമബംഗാളിലും ഹിന്ദുത്വ വോട്ടുബാങ്കിൽ വർധനയുറപ്പു വരുത്താനും രാജ്യത്ത് ധ്രുവീകരണരാഷ്ട്രീയത്തിലൂടെ നില ഭദ്രമാക്കിെയടുക്കാനുമുള്ള തീരുമാനത്തിെൻറ ഭാഗമായി സംഘ്പരിവാർ നടപ്പാക്കിത്തുടങ്ങിയ പൗരത്വ ഭേദഗതി നിയമം തുടക്കത്തിലേ അപ്രതീക്ഷിതവും അപ്രതിഹതവുമായ തിരിച്ചടിയാണ് നേരിടുന്നത്. അസമിൽ ഹിന്ദു രക്ഷകവേഷം കെട്ടിയാണ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഭരണത്തിലേറിയത്. അന്നു ലോക്സഭയിൽ പാസായ ബിൽ രാജ്യസഭയിൽ പരാജയപ്പെടാനുള്ള കാരണം അവിടെ മതിയായ ഭൂരിപക്ഷമില്ലാതിരുന്നതുകൊണ്ടാണെന്ന പ്രചാരണവും കൂടി നടത്തിയാണ് 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ടുതേടിയത്. വൻ മാർജിനിൽ ബി.ജെ.പി 14 സീറ്റുകളുള്ള സംസ്ഥാനത്തുനിന്നു ഒമ്പതു സീറ്റുകൾ നേടി. ബംഗ്ലാദേശ് മുസ്ലിം കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഉപാധിയായി ബിൽ കാണിച്ച് പശ്ചിമബംഗാളിലേക്ക് കടന്നുകയറാനുള്ള ബി.ജെ.പി ശ്രമവും ജയം കണ്ടു. ഇൗ ആത്മവിശ്വാസത്തിലാണ് അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ അസമിനൊപ്പം പൂർണാധികാര സംസ്ഥാനമായ പശ്ചിമബംഗാളും പിടിച്ച് വടക്കുകിഴക്കൻ മേഖല കാവിക്കീഴിൽ നിർത്താനും രാജ്യവ്യാപകമായി മുസ്ലിം അപരത്വം സൃഷ്ടിച്ച് സാമുദായികധ്രുവീകരണത്തിലൂടെ ഹിന്ദു(ത്വ)രാഷ്ട്രം സ്ഥാപിക്കാനുമുള്ള തുറുപ്പുശീട്ടായി പൗരത്വബില്ലും പൗരത്വപ്പട്ടികയും പൊടിതട്ടിയെടുത്തത്. എന്നാൽ, സംഘ്പരിവാർ കരുതിയത്ര ലളിതമല്ല കാര്യങ്ങൾ എന്നുമാത്രമല്ല, ഹിന്ദുത്വതേരോട്ടത്തിനുള്ള തിടുക്കം ഇന്ത്യയെതന്നെ പൊളിച്ചടുക്കുന്ന ദുരന്തത്തിലേക്ക് വഴുതുമോ എന്ന ആശങ്കയിലെത്തി നിൽക്കുന്നു
ഇന്ത്യയുടെ സവിശേഷമായ നാനാത്വം ഏറ്റവുമധികം പ്രകടമായ പ്രദേശമാണ് ഒൗദ്യോഗികകണക്കനുസരിച്ച് 238 ഗോത്രവിഭാഗങ്ങൾ അധിവസിക്കുന്ന വടക്കുകിഴക്കൻ മേഖല. തിബത്തോ-ബർമൻ, ആസ്ട്രോ-ഏഷ്യാറ്റിക്, കംബോഡിയ വംശാവലിയിൽ പെടുന്ന ഇൗ വിഭാഗങ്ങൾ ഹിന്ദു വിശ്വാസികളല്ല. നൂറ്റാണ്ടുകളിലെ ഇടപഴകലിലൂടെ ഇൗ വിഭാഗങ്ങൾക്കിടയിൽ സഹവർത്തിത്വം വർധിെച്ചങ്കിലും പുറത്തുനിന്ന് വരുന്ന ആരെയും അവർ ‘പുറംജാതി’യായി കണ്ടു. അതിൽ മതഭേദമൊന്നുമില്ല. ഇൗ അത്യസാധാരണ വൈവിധ്യം നിറഞ്ഞ വടക്കുകിഴക്കിന് സ്വത്വം വകവെച്ചുകൊടുക്കുകയാണ് രാഷ്ട്രശിൽപികൾ ചെയ്തത്. അതുകൊണ്ടാണ് മേഖലയിലെ വാണിജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ബ്രിട്ടീഷുകാർ ഉണ്ടാക്കിയ 1873ലെ ഇന്നർ ലൈൻ പെർമിറ്റ് നിലനിർത്തി അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽ പുറത്തുനിന്നുള്ളവരുടെ പ്രവേശനത്തിനും താമസത്തിനും പ്രത്യേകാനുമതി വേണമെന്ന നിയമമാക്കി മാറ്റിയത്. ഇതിനു പുറമെ അസം, മേഘാലയ, മിസോറം സംസ്ഥാനങ്ങളിലെ മൂന്നുവീതവും ത്രിപുരയിലെ ഒന്നും ഗോത്രവംശ ഭൂരിപക്ഷപ്രദേശങ്ങളെ സ്വയംഭരണാധികാരം ലഭ്യമാകും വിധം ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി. രാജ്യത്തിെൻറ മുഖ്യധാരയിൽ ചേരാത്ത ഉപദേശീയതകളെ ഏതുവിധേനയും ചേർത്തുനിർത്താനുള്ള അഭ്യാസമായിരുന്നു രാഷ്ട്രശിൽപികളുടേത്. അതു അറിഞ്ഞുതന്നെയാണ് ബി.ജെ.പിയുടേതടക്കമുള്ള മുൻ സർക്കാറുകളെല്ലാം ജമ്മു-കശ്മീരിെൻറയെന്ന പോലെ വടക്കുകിഴക്കിെൻറ കാര്യത്തിലും കരുതൽ നിലനിർത്തിയത്. എന്നാൽ, കരുതിവെപ്പിെൻറ ഇൗ കീഴ്വഴക്കങ്ങളൊക്കെ അട്ടിമറിച്ചാണിപ്പോൾ ആർ.എസ്.എസിനുവേണ്ടി പുതിയ നിയമനിർമാണങ്ങളുമായി മോദി-അമിത് ഷാ കൂട്ടുകെട്ട് ചാടിയിറങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിൽനിന്നു കുടിയേറിയ മുസ്ലിംകളെ പുറത്താക്കുകയും അവരൊഴികെയുള്ളവരെ പൗരത്വം നൽകി ഹിന്ദുവോട്ടുബാങ്കിെൻറ ഭാഗമാക്കി മാറ്റുകയും ചെയ്യുക. ഇതോെട ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള അസമിലും പശ്ചിമബംഗാളിലും ഭരണം കൈപ്പിടിയിലൊതുക്കാം എന്ന ആവേശത്തിലാണ് നേരത്തേ അസം കരാറിൽ അഭയാർഥികൾക്ക് പൗരത്വത്തിനു നൽകിയ അന്തിമതീയതി 1971ൽനിന്ന് 2014 ഡിസംബർ 31ലേക്ക് മാറ്റിവരച്ചത്. 43 വർഷം കൂടി ബി.ജെ.പി അധികമായി ചേർത്തതോ
ടെ കുടിയേറ്റക്കാർ പിന്നെയും ദശലക്ഷങ്ങൾ വർധിക്കുമെന്നു കണ്ടുകൂടിയാണ് അസം കലാപത്തിനിറങ്ങിയിരിക്കുന്നത്. ഇന്നർലൈൻ പെർമിറ്റ് നിലനിൽക്കുന്ന സംസ്ഥാനങ്ങളെ പൗരത്വനിയമത്തിൽനിന്നൊഴിവാക്കി. പ്രതിഷേധിച്ച മണിപ്പൂരിനെ തിടുക്കത്തിൽ െഎ.എൽ.പി ആനുകൂല്യത്തിൽ ഉൾപ്പെടുത്തി. മേഖലയൊട്ടാകെ ഉയരാനിടയുള്ള പ്രതിഷേധം ശിഥിലമാക്കാനുള്ള ഇൗ നീക്കം പക്ഷേ, വടക്കുകിഴക്കിൽ ഭിന്നതയുണ്ടാക്കാനുള്ള നീക്കമായാണ് ബി.ജെ.പിയെ പിന്തുണച്ചവർതന്നെ കാണുന്നത്. ഇതോടെ എല്ലാം പേറേണ്ടത് അസമും പശ്ചിമബംഗാളും എന്നനിലയായിരിക്കുന്നു. പ്രതിഷേധം ഇൗ രണ്ടിടത്തും കത്തിയാളാൻ കാരണവും മറ്റൊന്നല്ല. മുസ്ലിംഭീതി പരത്തി പൗരത്വഭേദഗതിയിലൂടെ ഹിന്ദു വോട്ടുബാങ്ക് ശക്തിപ്പെടുത്താൻ കേന്ദ്രം ശ്രമിച്ചത് ആർക്കുവേണ്ടിയാണോ, അവരാണിപ്പോൾ കേന്ദ്രത്തിെനതിരെ ശിഥിലീകരണ ആരോപണവുമായി കലാപത്തിനിറങ്ങിയിരിക്കുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി സാമാന്യസമാധാനം നിലനിർത്തിപ്പോന്ന വടക്കുകിഴക്കിെൻറ അലകും പിടിയും ഇളക്കിക്കളയുന്ന പ്രക്ഷോഭത്തിനാണ് കേന്ദ്രം വഴിമരുന്നിട്ടിരിക്കുന്നത്. അതു തീർക്കാൻ കേന്ദ്രത്തിനേ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.