ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷനുമായ ഉമർ അബ്ദുല്ല 232 ദിവസത്തെ തടവുജീവിത ത്തിനു ശേഷം ചൊവ്വാഴ്ച മോചിതനായി. പിതാവും മുൻമുഖ്യമന്ത്രിയും പാർട്ടി പ്രസിഡൻറുമായ ഫാറൂഖ് അബ്ദുല്ല മാർച് ച് 13ന് വിട്ടയക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിന് ജമ്മു-കശ്മീരിെൻറ പ്രത്യേകപദവി എടുത്തു കളഞ്ഞ് സംസ്ഥാനം വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതിനു പിറകെയാണ് അബ്ദുല്ലമാരെയും മറ്റൊരു മുൻമുഖ്യമന്ത്രി മഹ്ബൂബ മുഫ്തി അടക്കമുള്ള മുഖ്യധാര രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാർ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചത്. രാഷ്ട്രീയക്കാർക്കു പുറമെ, സാമൂഹിക, സേവനവേദികളിലെ പ്രമുഖരെയും പിടികൂടി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജയിലിലടച്ചിരുന്നു. കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കുകയെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് വമ്പിച്ച സൈനികസാന്നിധ്യത്തിെൻറയും ഭീകരനിയമങ്ങളുടെയും അകമ്പടിയോടെ കശ്മീരിലെ മുഴുവൻ ജനാധിപത്യശബ്ദങ്ങളെയും കേന്ദ്രം നിശ്ശബ്ദമാക്കിയത്. മുതിർന്ന പാർലമെൻറ് അംഗമായ ഫാറൂഖ് അബ്ദുല്ലയെ നിയമവിരുദ്ധമായി അറസ്റ്റ്ചെയ്ത് തടവിലിട്ടതിനെതിരെ സുപ്രീംകോടതിയിൽ എം.ഡി.എം.കെ നേതാവ് വൈകോ നൽകിയ ഹരജി പരിഗണിക്കാൻ പോകുന്നതിനു മണിക്കൂറുകൾ മുേമ്പ കഴിഞ്ഞ സെപ്റ്റംബർ 15ന് പൊതുസുരക്ഷ നിയമം എന്ന വൈരനിര്യാതന നിയമം കേന്ദ്രം ഫാറൂഖിനുമേൽ ചുമത്തുകയായിരുന്നു. അങ്ങനെ പട്ടാളത്തിെൻറ പൂർണനിയന്ത്രണത്തിൽ, ഭരണഘടനാപരമായ അധികാരങ്ങളും പരിരക്ഷയുമുള്ള സംസ്ഥാനം എന്നതു മാറി കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ സുരക്ഷാസംവിധാനങ്ങളും നേരിട്ടുനിയന്ത്രിക്കുന്ന കേന്ദ്ര ഭരണപ്രദേശമായ ജമ്മു-കശ്മീരിനെ വരുതിയിൽ നിർത്താനുള്ള കരുനീക്കങ്ങളുടെ വേദിയാക്കി മാറ്റുകയാണ് കേന്ദ്രം ചെയ്തത്. അബ്ദുല്ല, മുഫ്തി ഇരട്ടക്കുടുംബങ്ങളോടായിരുന്നു കേന്ദ്രത്തിെൻറയും ഭരണകൂടത്തെ നയിക്കുന്ന സംഘ്പരിവാറിെൻറയും മുഴുവൻ രോഷവും. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ സജീവമാകുകയും വിഘടനവാദത്തിനും തീവ്രവാദത്തിനുമെതിരെ ശക്തമായി നിലകൊള്ളുകയും അത് പരിഹരിക്കാനുള്ള നടപടിക്രമങ്ങളിൽ ന്യൂഡൽഹിക്കും ശ്രീനഗറിനുമിടയിൽ പാലമായി വർത്തിക്കുകയും ചെയ്ത അവരടക്കമുള്ള മുഴുവൻ പാർട്ടി നേതാക്കളെയും പി.എസ്.എ ചുമത്തി അകത്തിടുകയായിരുന്നു മോദിസർക്കാർ.
കശ്മീരിനുമേൽ അന്നു ചുമത്തിയ കർക്കശ നിയന്ത്രണങ്ങളിൽ പരിമിതമായ ഇളവുകളേ ഇപ്പോഴും സർക്കാർ അനുവദിച്ചിട്ടുള്ളൂ. കഴിഞ്ഞ ദിവസം കൊറോണ ഭീഷണിയെ തുടർന്ന് രാജ്യം സമ്പൂർണമായ ലോക് ഡൗണിലേക്കു നീങ്ങുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പ്രതികരണം ‘കഴിഞ്ഞ ആഗസ്റ്റ് അഞ്ചു മുതലുള്ള കശ്മീർ അനുഭവത്തിലേക്ക് സ്വാഗതം’ എന്നായത് വെറുതെയല്ല. കഴിഞ്ഞ ഒമ്പതു മാസമായി കശ്മീർ ‘രാഷ്ട്രീയ ക്വാറൻറീനി’ലാണ്. ടെലികമ്യൂണിക്കേഷൻ, ഇൻറർനെറ്റ് കർക്കശനിയന്ത്രണങ്ങൾ ഇേപ്പാഴും തുടരുന്നു. കോവിഡ് കാലത്തും ഡാറ്റാ സ്പീഡ് പരിമിതപ്പെടുത്തിയതിനാൽ ആശുപത്രി ആവശ്യങ്ങൾക്കുള്ള ഒരു ഫയൽ ഡൗൺലോഡ് ചെയ്യാൻ മണിക്കൂർതന്നെ എടുക്കേണ്ടിവരുന്നുവെന്ന് ഡോക്ടർമാർ പരിഭവിക്കുന്നു. ഗവൺമെൻറ് വൈറ്റ് ലിസ്റ്റിൽപെടുത്തിയ ഏതാനും വെബ്സൈറ്റുകൾ മാത്രമാണ് ലഭ്യം. എല്ലാ ടെലികോം, ഇൻറർനെറ്റ് സേവനങ്ങളും മോണിറ്റർ ചെയ്യപ്പെടുന്നു. ഇന്ത്യയോട് കൂറ് ചാർത്തിക്കിട്ടുന്നതിനു വേണ്ടി 1950കൾ മുതൽ എൺപതുകൾവരെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നടന്ന യുദ്ധാന്തരീക്ഷമാണ് ഇപ്പോൾ താഴ്വരയിൽ നിലനിൽക്കുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ അഭിപ്രായപ്പെടുന്നു. അന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒപ്പം നിർത്താൻ അനുവദിച്ച, ജനങ്ങൾക്ക് പ്രത്യേക സാമ്പത്തിക, ഭൂവുടമ പദവികൾ നൽകുന്ന ഭരണഘടനയുടെ 35എ വകുപ്പിെൻറ ആനുകൂല്യം എടുത്തുകളഞ്ഞ് കശ്മീരിനോടുള്ള വൈരനിര്യാതനം കടുപ്പിക്കുകകൂടി ചെയ്തു കേന്ദ്രസർക്കാർ. പി.എസ്.എ ചുമത്തി രാഷ്ട്രീയനേതൃത്വത്തിന് ശ്രീനഗറിലെ അവരുടെ വസതികളും റെസ്റ്റ് ഹൗസുകളും നക്ഷത്ര ഹോട്ടലുകളും ജയിലുകളാക്കി മാറ്റിയപ്പോൾ 450 ഒാളം യുവാക്കളെ പിടികൂടി സംസ്ഥാനത്തിനു പുറത്ത്, മുഖ്യമായും യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ വിവിധ ജയിലുകളിലടച്ചിരിക്കുകയാണ്. അവിടെ മരിച്ചവരുണ്ട്, ഗുരുതര രോഗങ്ങളോട് മല്ലടിക്കുന്നവരുണ്ട്, കൈയിൽ പണമില്ലാത്തതിനാൽ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വന്നു കാണാൻപോലും കഴിയാത്തവരുണ്ട്. ഇതൊന്നും അറുതിയോ മുക്തിയോ ഇല്ലാതെ തുടരുന്നതിനിടെയാണ് അബ്ദുല്ലമാരുടെ മോചനത്തിന് സർക്കാർ വഴിതുറന്നിരിക്കുന്നത്. പി.ഡി.പി, പീപ്ൾസ് കോൺഫറൻസ് അടക്കമുള്ള ഇതര രാഷ്ട്രീയകക്ഷികളുടെ നേതാക്കളെയും പുറത്തുവിടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
2018ൽ ഭരണസഖ്യം പരാജയപ്പെട്ടു പിരിഞ്ഞതിൽ പിന്നെ മഹ്ബൂബ മുഫ്തി ബി.ജെ.പിയുടെ കണ്ണിലെ കരടാണ്. അവരോടു പകവീട്ടാൻ ഒടുവിൽ മുൻ ധനമന്ത്രി അടക്കമുള്ള പ്രമുഖരെ കൂട്ടി ‘ജമ്മു-കശ്മീർ അപ്നി പാർട്ടി’യും തല്ലിപ്പടച്ചിട്ടുണ്ട് ബി.ജെ.പി. കശ്മീരിെൻറ നഷ്ടെപ്പട്ട അവകാശങ്ങൾ തിരിച്ചെടുക്കും വരെ കേന്ദ്രം സ്പോൺസർ ചെയ്യുന്ന രാഷ്ട്രീയപ്രക്രിയകളിൽ പങ്കുവഹിക്കില്ലെന്ന് നാഷനൽ കോൺഫറൻസും പി.ഡി.പിയുമടക്കമുള്ള കക്ഷികൾ കഴിഞ്ഞ ആഗസ്റ്റ് നാലിന് ഉമർ അബ ്ദുല്ലയുടെ നേതൃത്വത്തിൽ ‘ഗുപ്കർ പ്രഖ്യാപനം’ നടത്തിയിരുന്നു. നേതൃത്വം ജയിലിലടക്കപ്പെട്ടതോടെ വഴിയാധാരമായവരെ പിടികൂടി തങ്ങളുടെ ഹിതാനുസാരമുള്ള രാഷ്ട്രീയപ്രക്രിയ പുനരാരംഭിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ‘സ്വന്തം (അപ്നി) പാർട്ടി’ക്കു വഴിനോക്കുകയായിരുന്നു ബി.ജെ.പി. എന്നാൽ, അവരെ ഡൽഹിയിൽ സൽക്കരിച്ചു കശ്മീരിനു സംസ്ഥാനപദവി തിരിച്ചുനൽകുമെന്നതടക്കമുള്ള വാഗ്ദാനം നൽകി തിരിച്ചയച്ച തൊട്ടുടനെ വന്ന നാഷനൽ കോൺഫറൻസ് നേതാക്കളുടെ മോചനം അപ്നി പാർട്ടിയെയും ഞെട്ടിച്ചു. ബി.ജെ.പിയുടെ പഴയ സഖ്യകക്ഷി കൂടിയായ നാഷനൽ കോൺഫറൻസുമായി വല്ല അന്തർധാരണകളുമുണ്ടോ എന്ന സംശയം അവരും താഴ്വരയും ഒരുപോലെ പങ്കുവെക്കുന്നുണ്ട്. ഉമറിെൻറ മോചനത്തിനു വേണ്ടി കിണഞ്ഞു ശ്രമിച്ച സാറാ അബ്ദുല്ല, മധ്യപ്രദേശിനു ശേഷം ബി.ജെ.പി കണ്ണുെവച്ചിരിക്കുന്ന രാജസ്ഥാനിലെ യുവ കോൺഗ്രസ് നായകൻ സചിൻ പൈലറ്റിെൻറ ഭാര്യയാണ് എന്നത് വിശാല രാഷ്ട്രീയനാടകത്തിനുള്ള സൂചനയായി കാണുന്നവരുമുണ്ട്. ഏതു നാടകമാടിയാലും പട്ടാള ബൂട്ടിനടിയിൽ അമർത്തിപ്പിടിച്ച കശ്മീർ പ്രതിസന്ധി എങ്ങനെ തീരും എന്നതിൽ കേന്ദ്ര സർക്കാറിനും സംഘ്പരിവാറിനും തിട്ടമില്ലാത്തിടത്തോളം ഇനിയും കഥ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.