പരമ്പരാഗത വ്യവസ്ഥിതിയോട് കലാപം കൂട്ടിയ ഏതാനും ആക്ടിവിസ്റ്റുകളെ ഒപ്പം ചേർത്ത്, പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലൂടെ അത്ഭുതങ്ങൾ കാണിക്കാമെന്ന പ്രതീക്ഷയോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പടയോട്ടങ്ങൾ പ്രതീക്ഷിച്ച വിജയം കണ്ടില്ലെങ്കിലും പ്രത്യാശയുടെ കിരണങ്ങൾ വിതറുന്നുണ്ട്. നരേന്ദ്ര മോദി^അമിത് ഷാ പ്രഭൃതികൾ പ്രതിനിധാനം ചെയ്യുന്ന തീവ്രഹിന്ദുത്വയെ അത്ര എളുപ്പത്തിൽ പിടിച്ചുനിർത്താൻ സാധ്യമല്ലെന്ന സന്ദേശമാണ് ഗുജറാത്തിൽ ആറാം തവണയും അധികാരം പിടിച്ചെടുത്ത ബി.ജെ.പി കൈമാറുന്നത്. ഹിമാചൽപ്രദേശ് കൂടി കോൺഗ്രസിൽനിന്ന് പിടിച്ചെടുത്തതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 19 ആയി. അതേസമയം, കോൺഗ്രസിന് നാലു സംസ്ഥാനങ്ങളിലേ ഇനി ഭരണമുള്ളൂ. 182 അംഗ ഗുജറാത്ത് സഭയിൽ കഴിഞ്ഞതവണ ലഭിച്ച 115ൽനിന്ന് 16 സീറ്റ് നഷ്ടപ്പെട്ടതും കച്ച്, സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് മേഖലയിൽ കോൺഗ്രസിന് ആധിപത്യം സ്ഥാപിക്കാനായതും അധികാരം നിലനിർത്തുമ്പോഴും ബി.ജെ.പിയുടെ വിജയത്തിളക്കം കുറക്കുന്നു.
എന്നാൽ, കടുത്ത ഭരണവിരുദ്ധ വികാരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ, ചരക്കുസേവന നികുതി തുടങ്ങിയ ജനേദ്രാഹനടപടികളും സമ്മതിദായകരെ മാറിച്ചിന്തിപ്പിക്കാൻ േപ്രരിപ്പിക്കുമെന്ന കണക്കുകൂട്ടലുകൾ നഗരപ്രദേശങ്ങളിലെങ്കിലും തെറ്റിയിട്ടുണ്ട് എന്നുവേണം വിലയിരുത്താൻ. എന്നിട്ടും കഴിഞ്ഞതവണത്തെ 61ൽനിന്ന് 80ലേക്ക് അംഗബലം ഉയർത്താൻ കോൺഗ്രസ് സഖ്യത്തിന് സാധിച്ചുവെന്നത് നിസ്സാരനേട്ടമല്ല. കേന്ദ്രഭരണം സമ്മാനിക്കുന്ന അളവറ്റ സാധ്യതകളും സൗകര്യങ്ങളും ഉപയോഗിച്ച് ഭരണമുറപ്പിക്കാൻ സംഘ്പരിവാർ പതിനെട്ടടവും പയറ്റിയ ഒരു പോരാട്ടത്തിൽ പരിമിത വിഭവങ്ങൾ മുന്നിൽവെച്ച് കോൺഗ്രസ് നടത്തിയ പോരാട്ടം ലക്ഷ്യത്തിലെത്തുക അസാധ്യമായി നേരത്തേ പലരും പ്രവചിച്ചതാണ്. തന്നെയുമല്ല, കഴിഞ്ഞ 22 വർഷത്തെ ഗുജറാത്ത് ഭരണത്തിലൂടെ വേരിറക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തെ ഏതാനും മാസത്തെ തെരഞ്ഞെടുപ്പ് കാമ്പയിനിലൂടെ മാത്രം പിഴുതെറിയാമെന്നു കരുതുന്നത് യാഥാർഥ്യബോധത്തോടെയാവില്ല എന്ന് നിഷ്പക്ഷമതികൾ കോൺഗ്രസിനെ ഓർമിപ്പിച്ചതുമാണ്. ബി.ജെ.പിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുകയും സമീപകാലത്ത് രാജ്യം ദർശിച്ച ഏറ്റവും വാശിയേറിയ പ്രചാരണങ്ങളിലൂടെ രാജ്യത്തിെൻറ മൊത്തം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഈ തെരഞ്ഞെടുപ്പിൽ അട്ടിമറിവിജയം പ്രതീക്ഷിച്ചത് കോൺഗ്രസ് നേതാക്കൾ മാത്രമായിരിക്കാം. 150 സീറ്റ് നേടി സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് കോൺഗ്രസിനെ അപ്രസക്തമാക്കുമെന്ന് വീരസ്യം പറഞ്ഞ അമിത് ഷാക്ക് തെരഞ്ഞെടുപ്പ് ഫലം ആഹ്ലാദിക്കാൻ വകനൽകുന്നില്ല. അതുപോലെ, താൻ ഒരു പതിറ്റാണ്ടിലേറെ വാണരുളിയ ഗുജറാത്തിെൻറ മണ്ണിൽ നിഷ്പ്രയാസം ജയിച്ചുകയറാമെന്ന പ്രധാനമന്ത്രി മോദിയുടെ അഹന്തക്കും ജനം പ്രഹരമേൽപിച്ചിട്ടുണ്ടെന്ന് ഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞദിവസം മാതാവ് സോണിയ ഗാന്ധിയിൽനിന്ന് കോൺഗ്രസിെൻറ നേതൃപദവി ഏറ്റെടുത്ത രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെയും ഹിമാചൽപ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലം പ്രയാസപ്പെടുത്തുന്നുണ്ടാവണം. അൽപം ആശ്വസിക്കാൻ വകനൽകുന്നത് ഗുജറാത്തിൽ മാത്രമാണ്. ഇതാദ്യമായിരിക്കണം, സോണിയയുടെ സഹായമില്ലാതെ രാഹുൽ ഏകനായി മോദിയുമായി ഒരു തെരഞ്ഞെടുപ്പ് ഗോദയിൽ നേരിട്ട് ഏറ്റുമുട്ടിയത്. വർഗീയ രാഷ്ട്രീയം സംസ്ഥാനത്തിെൻറ നിഖിലകോശങ്ങളിലും ഇറങ്ങിച്ചെന്ന് ജനമനസ്സുകളെ അങ്ങേയറ്റം മലീമസമാക്കുകയും ഭരണയന്ത്രം ആമൂലാഗ്രം ഹിന്ദുത്വവത്കരിക്കപ്പെടുകയും ചെയ്ത ഒരു രാഷ്ട്രീയഭൂമികയിൽ മാറിച്ചിന്തിക്കലിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതുതന്നെ, വലിയ നേട്ടമായി രാഹുലിന് ആശ്വസിക്കാവുന്നതാണ്. ശിഥിലമായ പാർട്ടി അടിത്തറ, കഴിവോ പ്രാപ്തിയോ ജനസമ്മതിയോയുള്ള നേതാക്കളുടെ അഭാവം, നൈരാശ്യം ബാധിച്ച അണികൾ ^ഇമ്മട്ടിലൊരു ദൈന്യാവസ്ഥയിൽനിന്ന് ഇരുദശാബ്ദത്തിലേറെ അധികാരം മുറുകെപ്പിടിച്ച ഹിന്ദുത്വശക്തികളിൽനിന്ന് ഭരണച്ചെങ്കോൽ പിടിച്ചെടുക്കുക അചിന്തനീയമാണെങ്കിലും അനൽപമായ ഇച്ഛാശക്തിയോടെ രാഹുൽ ഗാന്ധി നടത്തിയ പോരാട്ടത്തെ ആർക്കും നിസ്സാരമായി തള്ളിക്കളയാനാവില്ല.
ആശ്രയിക്കാനും കൈകോർക്കാനും അനുയോജ്യമായ പാർട്ടിയെ കിട്ടാതെവന്നപ്പോൾ ആക്ടിവിസത്തിലൂടെ രാജ്യത്ത് പുതിയ രാഷ്ട്രീയമുഖം തുറന്നിടാൻ ധൈര്യം കാണിച്ച മൂന്നു യുവനേതാക്കളെ കൂട്ടുപിടിച്ചത് തെരഞ്ഞെടുപ്പ് അന്തരീക്ഷം ചൂടുപിടിപ്പിച്ചു. പാട്ടീദാർ അനാമത് ആന്ദോളൻ സമിതി എന്ന കൂട്ടായ്മയിലൂടെ കടന്നുവന്ന ഹാർദിക് പട്ടേൽ എന്ന 24കാരൻ ഇതുവരെ ബി.ജെ.പിയുടെ നട്ടെല്ലായി വർത്തിച്ച പട്ടേൽസമുദായത്തെ കോൺഗ്രസിെൻറ പക്ഷത്തേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ചു. പിന്നാക്ക സമുദായത്തിൽനിന്ന് കയറിവന്ന അൽപേഷ് താക്കോറും ദലിത് നേതാവായ ജിഗ്നേഷ് മേവാനിയും രാഹുലിെൻറ കരങ്ങൾക്ക് കരുത്തുപകർന്നത് വരാനിരിക്കുന്ന നല്ല രാഷ്ട്രീയത്തിെൻറ ലക്ഷണമാണ്. അൽപേഷും മേവാനിയും ഇനി ഗുജറാത്ത് നിയമസഭയിൽ ഉണ്ടാവുമെന്നറിയുമ്പോൾ യുവത ആവേശം കൊള്ളുന്നുണ്ടാവണം. പാർട്ടി അടിത്തറ ബലപ്പെടുത്താതെ, തെരഞ്ഞെടുപ്പിെൻറ തലേന്നാൾ റോഡ്ഷോ നടത്തിയതുകൊണ്ടോ വാഗ്ദാനങ്ങൾ ചൊരിഞ്ഞ് ഏതെങ്കിലും സമുദായത്തെ ഒപ്പം കൂട്ടിയതുകൊണ്ടോ മാത്രം വിജയം കൈവരിക്കാനാവില്ല എന്ന യാഥാർഥ്യം രാഹുൽ ഉൾക്കൊണ്ടേ പറ്റൂ. ഭൂരിപക്ഷസമുദായ വോട്ട് നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയിൽ ന്യൂനപക്ഷങ്ങളുടെ വോട്ട് പരസ്യമായി തേടാനോ അഹമ്മദ് പട്ടേലിനെ പോലും പൊതുവേദിയിൽ അവതരിപ്പിക്കാനോ തയാറാവാതിരുന്ന ‘പ്രീണനനയം’ കോൺഗ്രസിനെപ്പോലൊരു മതേതര പാർട്ടി എത്രനാൾ കൊണ്ടുനടക്കുമെന്ന് സ്വയം ആലോചിക്കാനുള്ള സന്ദർഭം കൂടിയാണിത്.
ഹിമാചൽപ്രദേശിൽ ബി.ജെ.പി നേടിയ വിജയം അപ്രതീക്ഷിതമല്ല. കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുന്ന സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരം അലയടിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഹിമാചലിൽ ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾകൂടി തെറ്റി എന്നാണ് മുഖ്യമന്ത്രി സ്ഥാനാർഥി േപ്രംകുമാർ ധൂമലിെൻറ തോൽവി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.