പി.എം കെയേഴ്സ്​:ആരുടെ ഫണ്ട്?

കോവിഡ് മഹാമാരി രാജ്യത്തെ ചകിതമാക്കി പടരവേ, ദുരന്ത നിർമാർജന പ്രവർത്തനങ്ങൾക്ക് സഹായം നൽകാനെന്ന പേരിൽ, പ്രധാനമന്ത്രി അധ്യക്ഷനായി 2020 മാർച്ച് 28ന് രൂപവത്​കരിച്ച സംവിധാനമാണ് പി.എം കെയേഴ്സ്​ ഫണ്ട്. പ്രധാനമന്ത്രിതന്നെ അധ്യക്ഷനായ ദേശീയ ദുരന്തനിവാരണ ഫണ്ട് നിലവിലിരിക്കെ പെട്ടെന്ന് ഇങ്ങനെയൊന്ന് തട്ടിക്കൂട്ടിയതിെ​ൻറ ഉദ്ദേശ്യശുദ്ധി അന്നുതന്നെ സംശയിക്കപ്പെട്ടതാണ്. കൂടാതെ, ഈ സംവിധാനത്തിെൻറ നിയമപരമായ സ്വഭാവവും ഘടനയും എന്താണ് എന്നതിനെക്കുറിച്ച് ആർക്കും വലിയ വ്യക്തതയുണ്ടായിരുന്നില്ല. പി.എം കെയേഴ്സ്​ ഫണ്ടിലേക്ക് സംഭാവന ചെയ്യാനുള്ള ആഹ്വാനമല്ലാതെ മറ്റു വിശദാംശങ്ങളൊന്നും ഉത്തരവാദപ്പെട്ടവർ പുറത്തുവിട്ടതുമില്ല. വിവരാവകാശ പ്രവർത്തകരും മാധ്യമപ്രവർത്തകരും പിന്നാലെ കൂടിയപ്പോഴാണ് ഇതിെൻറ വിശദാംശങ്ങൾ ഓരോന്നായി പുറത്തുവന്നു തുടങ്ങിയത്.

അത്തരം പരിശ്രമങ്ങൾക്കിടെയാണ് വിവരാവകാശ നിയമം ബാധകമല്ലാത്ത സംവിധാനമാണ് ഇതെന്ന് മനസ്സിലാവുന്നത്. പ്രധാനമന്ത്രി ചെയർമാനും ധനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ ട്രസ്​റ്റികളുമായ പബ്ലിക് ചാരിറ്റബ്​ൾ ട്രസ്​റ്റാണ് ഇതെന്നും മനസ്സിലായി. ഇതിനകം പി.എം കെയേഴ്സ്​ ഫണ്ട് കോടിക്കണക്കിനു രൂപ സമാഹരിച്ചു കഴിഞ്ഞിരുന്നു. വിവരാവകാശ നിയമം ബാധകമല്ലാത്ത ഈ ഫണ്ടിലെ തുക വിവരാവകാശ നിയമം ബാധകമായ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻ.ഡി.ആർ.എഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ മനോഹർലാൽ ശർമ കോടതിയെ സമീപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. പ്രസ്​തുത ഹരജി തള്ളി ജസ്​റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് റെഡ്ഢി, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് ആഗസ്​റ്റ്​ 18ന് വിധി പറഞ്ഞു.

പി.എം കെയേഴ്സ്​ ഫണ്ട് ചാരിറ്റബ്​ൾ ട്രസ്​റ്റാണ്, ട്രസ്​റ്റി​െൻറ ഭരണം ട്രസ്​റ്റികളിൽ നിക്ഷിപ്തമാണ്, അത് വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരില്ല, ട്രസ്​റ്റി​െൻറ ഓഡിറ്റിങ്​ സി.എ.ജിയുടെ പരിധിയിൽ വരില്ല, സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടൻറുമാരാണ് അത് ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ സുപ്രീംകോടതിയും അംഗീകരിക്കുന്നുണ്ട്. പക്ഷേ, സി.എ.ജി ഓഡിറ്റിങ്ങും വിവരാവകാശ നിയമവും ബാധകമായ എൻ.ഡി.ആർ.എഫിലേക്ക് അതു മാറ്റാൻ പറ്റില്ല; ട്രസ്​റ്റികളുടെ വിവേകത്തിൽ വിശ്വാസമർപ്പിക്കണം -ഇതാണ് ബഹുമാനപ്പെട്ട കോടതിയുടെ തീർപ്പ്. അമ്പലം പൊളിച്ചാണ് ബാബരി മസ്​ജിദ് പണിതത് എന്നതിന് തെളിവില്ല, പള്ളി പൊളിച്ചത് ക്രിമിനൽ നടപടിയാണ്, എന്നാലും പള്ളി നിന്ന സ്ഥലം ക്ഷേത്രത്തിന് വിട്ടുകൊടുക്കണം എന്ന വിചിത്ര വിധി പുറപ്പെടുവിച്ച നമ്മുടെ സുപ്രീംകോടതിയിൽനിന്ന് ഇങ്ങനെയൊരു വിധിയുണ്ടായതിൽ അത്ഭുതപ്പെടാനില്ല. നമ്മുടെ നീതിന്യായ സംവിധാനങ്ങൾ ഏതു ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന കാര്യം ഒരിക്കൽകൂടി ഓർമപ്പെടുത്തി എന്നതാണ് പി.എം കെയേഴ്സ്​ ഫണ്ടിലെ വിധിയുടെ ഒരേയൊരു പ്രസക്തി. പ്രധാനമന്ത്രിയുടെയും സഹമന്ത്രിയുടെയും വിവേകത്തിൽ ഉത്തമ വിശ്വാസമർപ്പിച്ച് മിണ്ടാതിരിക്കണം എന്നതാണ് ആ വിധിയുടെ ചുരുക്കം.

പ്രധാനമന്ത്രിയുടെ തന്നെ നിയന്ത്രണത്തിൽ എൻ.ഡി.ആർ.എഫ് ഉള്ളപ്പോൾ പെട്ടെന്നൊരു നാൾ പുതിയൊരു സംവിധാനം തട്ടിക്കൂട്ടിയത് എന്തിനായിരിക്കും? നമ്മുടെ രാഷ്​ട്രസംവിധാനങ്ങളുടെയും ഭരണഘടന സ്ഥാപനങ്ങളുടെയും കാര്യത്തിൽ മോദി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന അട്ടിമറി നീക്കങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയുകയുള്ളൂ. സി.എ.ജി ഓഡിറ്റിങ്ങിനും വിവരാവകാശ നിയമത്തിനും പുറത്ത് തനിക്കും ത​െൻറ പാർട്ടിക്കും ഇഷ്​ടംപോലെ കോടികൾ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നരേന്ദ്ര മോദിക്ക് വന്നുചേരുന്നത്.

സുപ്രീംകോടതി വിധി വന്നതിെൻറ തൊട്ടടുത്ത ദിവസം വന്ന മറ്റൊരു വാർത്ത എന്തുകൊണ്ട് പി.എം കെയേഴ്സ്​ ഫണ്ട് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ സാമൂഹികപ്രതിബദ്ധത ഫണ്ടുകൾ (സി.എസ്​.ആർ ഫണ്ട്) ചെലവഴിച്ചതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഉന്നയിക്കപ്പെട്ട ചോദ്യത്തിന് ലഭിച്ച മറുപടിയിൽ 38 പൊതുമേഖല സ്ഥാപനങ്ങളു​െട സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന് 2105 കോടി രൂപ പി.എം കെയേഴ്സ്​ ഫണ്ടിലേക്ക് മാറ്റിയതായി വെളിപ്പെടുത്തി. സാധാരണഗതിയിൽ സമൂഹത്തിൽ വിവിധ തരത്തിലുള്ള ആശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കപ്പെടുന്നതാണ് സി.എസ്.ആർ ഫണ്ടുകൾ. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ലാഭവിഹിതത്തിൽനിന്ന് ഒരു പങ്ക് സി.എസ്​.ആറിനുവേണ്ടി നീക്കിവെക്കേണ്ടതാണ്.

ഇത് പി.എം കെയേഴ്സ്​ ഫണ്ടിലേക്ക് എടുക്കുന്നതുവഴി, അല്ലാതെതന്നെ സമൂഹത്തിൽ ചെലവഴിക്കപ്പെടേണ്ട കോടികളാണ് വകമാറ്റപ്പെടുന്നത്. വൻകിട സ്വകാര്യ സംരംഭങ്ങളാവട്ടെ, പി.എം കെയേഴ്സ്​ ഫണ്ടിലേക്ക് തുക നൽകുക വഴി ലോബിയിങ്ങിനുവേണ്ടി ഇത് ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. സ്വകാര്യ വൻകിടക്കാരും സർക്കാറും ഭരണകക്ഷിയും തമ്മിലുള്ള തുരങ്കസൗഹൃദങ്ങളെ സാധ്യമാക്കാനും ഇത് ഉപയോഗപ്പെടുത്തും. കോടികൾ കൈമറിയുന്ന, പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഒരു ഫണ്ടിന് സാമാന്യമായി ഉണ്ടാവേണ്ട സുതാര്യതയൊന്നും ഇല്ല എന്നതാണ് പി.എം കെയേഴ്സ്​ ഫണ്ടിെൻറ അടിസ്ഥാനപ്രശ്നം. സുതാര്യതതന്നെ മോശം കാര്യം എന്നു വിചാരിക്കുന്ന ഒരു ഭരണകൂടത്തിൽനിന്ന് മറ്റെന്തു പ്രതീക്ഷിക്കാനാണ്?

Tags:    
News Summary - PM Cares Fund issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.