വിശ്വഹിന്ദു പരിഷത്ത് എന്ന സംഘ്പരിവാർ കൂട്ടായ്മയിലൂടെ പരമതസമൂഹങ്ങൾക്കെതിരെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ ആയുസ്സും വപുസ്സും നീക്കിവെച്ച ഡോ. പ്രവീൺ തൊഗാഡിയയെ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകളും അദ്ദേഹത്തിേൻറതായ പ്രസ്താവനകളും രാജ്യം സാകൂതം ശ്രദ്ധിക്കുന്നത് അതുൾവഹിക്കുന്ന ഫാഷിസ്റ്റ് ശൈലിയുടെ വിപദ്മുഖം അതീവ ഗൗരവമുള്ളതിനാലാണ്. ഇെസഡ് പ്ലസ് സുരക്ഷാവലയത്തിൽ ജീവിക്കുന്ന ഒരു നേതാവ് പെട്ടെന്ന് അപ്രത്യക്ഷനായതും പിന്നീട് അഹ്മദാബാദിനു സമീപം ഒരു പാർക്കിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതും ഒട്ടേറെ ദുരൂഹതകൾ ഉയർത്തുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തെൻറ കഥകഴിക്കാൻ ഉന്നതതലത്തിലുള്ള ചിലർ പൊലീസിനെ ഉപയോഗപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ഗൂഢാലോചനക്കു പിന്നിലെന്നുമുള്ള തൊഗാഡിയയുടെ ആരോപണം സംഘ്പരിവാറിനകത്ത് തുടരുന്ന അധികാര വടംവലിയുടെയും വ്യക്തിമാത്സര്യത്തിെൻറയും അണിയറ രഹസ്യങ്ങളിലേക്ക്് വിരൽചൂണ്ടുമ്പോൾ ഹിന്ദുത്വക്ക് ഇങ്ങനെയൊരു മുഖമുണ്ടോയെന്ന് ആ വിചാരധാരയെ കൂടുതൽ മനസ്സിലാക്കാത്തവർ അത്ഭുതംകൂറുന്നുണ്ടാവാം. പഴയ കേസുകൾ കുത്തിപ്പൊക്കി തന്നെ ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് ഇദ്ദേഹത്തിെൻറ പരിദേവനം. രാജസ്ഥാൻ സർക്കാർ കേസ് പിൻവലിച്ചിട്ടും അറസ്റ്റ് ചെയ്യാൻ ആ സംസ്ഥാനത്തുനിന്നുള്ള പൊലീസ് അഹ്മദാബാദിലെത്തുകയാണെത്ര. അഹ്മദാബാദ് ജോയൻറ് കമീഷണറുമായി മോദി കഴിഞ്ഞ രണ്ടാഴ്ച നടത്തിയ ഫോൺസംഭാഷണങ്ങളുടെ വിവരങ്ങൾ പരസ്യമാക്കണമെന്നാണ് തൊഗാഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. തൊഗാഡിയയെ വി.എച്ച്.പിയുടെ നേതൃസ്ഥാനത്തുനിന്ന് തുരത്താൻ മോദി–അമിത് ഷാ പ്രഭൃതികൾ തന്ത്രങ്ങൾ പലതും പയറ്റിയിട്ടും വിജയിക്കാതെ വന്നപ്പോഴാണ് തീവ്രഹിന്ദുത്വയുടെ പഴയ സഹപ്രവർത്തകർ മാനസികമായി ഇമ്മട്ടിൽ ശത്രുക്കളായതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഒരുവേള ഗുജറാത്തിനെ വർഗീയമയമാക്കാനും അധികാരം പിടിച്ചെടുത്ത് ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കാനും ഇരുവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചത് ആരും മറന്നിട്ടില്ല. സാമൂഹിക, സാംസ്കാരിക മേഖലകളിൽ വർഗീയധൂളികൾ വിതറി സാമുദായികസംഘട്ടനങ്ങളുണ്ടാക്കാൻ തൊഗാഡിയ സ്വീകരിച്ച മാർഗം കേട്ടാൽ ഞെട്ടുന്നതും അറപ്പുളവാക്കുന്നതുമാണ്. മാറാട് കലാപത്തിെൻറ പശ്ചാത്തലത്തിൽ കേരളീയ മനസ്സ് സംഘർഷഭരിതമായി കഴിഞ്ഞ ഒരു കാലസന്ധിയിൽ ഇവിടത്തേക്ക് ഓടിവന്ന് എരിതീയിൽ എണ്ണിയൊഴിക്കാനും ന്യൂനപക്ഷങ്ങൾക്കും അവരുടെ സാംസ്കാരിക കേന്ദ്രങ്ങൾക്കുമെതിരെ അത്യന്തം പ്രകോപനത്തിെൻറ ഭാഷയിൽ സംസാരിക്കാനും ഒരുമ്പെട്ടപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അതുമായി മുന്നോട്ടുപോകാനോ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനോ ബന്ധപ്പെട്ടവർ ഇച്ഛാശക്തി കാണിച്ചില്ല.
വി.എച്ച്.പി നേതാവിന് ഇപ്പോൾ അഭിമുഖീകരിക്കേണ്ടിവന്ന ദുര്യോഗത്തിൽ ആരെങ്കിലും അശ്രുപൊഴിക്കുമെന്ന് കരുതേണ്ടതില്ല. ഒരു രാജ്യത്തിെൻറ അന്തരാളങ്ങളെ വിഷധൂളികൾകൊണ്ട് മലീമസമാക്കുന്നവർ ദാരുണവും നിന്ദ്യവുമായ പതനം അർഹിക്കുന്നുണ്ട്. ‘കാവി പ്രതിബിംബങ്ങൾ: മുഖങ്ങളും മുഖാവരണങ്ങളും’ എന്ന തലക്കെട്ടിൽ തൊഗാഡിയയുടെതായി ഉടൻ പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിൽ പ്രധാനമന്ത്രി മോദിയെയും മറ്റു ഹിന്ദുത്വനേതാക്കളെയുംകുറിച്ച് നടുക്കുന്ന കുറെ രഹസ്യങ്ങളുണ്ടെന്നും അത് വെളിച്ചം കാണരുതെന്ന് ചിലർക്ക് നിർബന്ധമുണ്ടെന്നുമുള്ള വാർത്തക്കിടയിലാണ് തൊഗാഡിയയുടെ തിരോധാനവും വ്യാജ ഏറ്റുമുട്ടൽ ശ്രമങ്ങളെക്കുറിച്ചുള്ള ആരോപണവുമെക്കെ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ആർ.എസ്.എസിെൻറ ആശയപ്രചാരകരിൽ പല പ്രമുഖരും ഇത്തരം ദുർവിധി ഏറ്റുവാങ്ങിയവരാണെന്ന് ചരിത്രത്തിൽനിന്ന് വായിച്ചെടുക്കാം. ജനസംഘം അധ്യക്ഷനായിരുന്ന ദീൻദയാൽ ഉപാധ്യായയുടെ മൃതദേഹം 1968 ഫെബ്രുവരി 10ന് യു.പിയിലെ മുഗൾസാരായി റെയിൽവേ സ്റ്റേഷനിലെ പാളത്തിൽ കണ്ടെടുത്തപ്പോൾ സംശയത്തിെൻറ മുന സംഘ്പരിവാറിനകത്തേക്കും നീണ്ടതാണ്. ഹിന്ദു മഹാസഭ നേതാവും ജനസംഘം സ്ഥാപക പ്രസിഡൻറുമായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ മരണത്തിലടങ്ങിയ ദുരൂഹതകൾ ഇതുവരെ ദൂരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ, സമീപകാലത്ത് മോദി–അമിത് ഷാ കൂട്ടുകെട്ടിെൻറ ദൂഷിതവലയത്തെക്കുറിച്ച് ഒട്ടേറെ സംശയങ്ങൾ ഉയർത്തിയ സംഭവമായിരുന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹിരൺ പാണ്ഡ്യയുടെ ദാരുണ അന്ത്യം. മോദിയുടെ രാഷ്ട്രീയ എതിർപക്ഷത്തായിരുന്നു ഇദ്ദേഹം. ഹൈദരാബാദിൽനിന്നെത്തിയ മുസ്ലിം ഭീകരവാദികളാണ് പാണ്ഡ്യയെ വകവരുത്തിയതെന്നാണ് പ്രചരിപ്പിക്കപ്പെട്ടതെങ്കിലും നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ നടമാടിയ ഈ അറുകൊലക്കു പിന്നിൽ ഭരണകൂടത്തിെൻറ കറുത്തകരങ്ങളാണ് പ്രവർത്തിച്ചതെന്നാണ് ജനം ഇപ്പോഴും കരുതുന്നത്. രാഷ്ട്രീയ എതിരാളികളെയും തങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിക്കുന്നവരെയും ശാരീരികമായി ഉന്മൂലനം ചെയ്യുന്ന ഫാഷിസ്റ്റ് ശൈലി ഹിന്ദുത്വക്കുകൂടി അവകാശപ്പെട്ടതാണ്. സംഘടനയുടെ ഉരുക്കുമറക്കുള്ളിൽ ഒതുങ്ങിക്കഴിയാൻ തയാറല്ലാത്തവരെ വെളിക്കു പുറത്താക്കാനും രാഷ്ട്രീയപരമായി ഒറ്റപ്പെടുത്താനും ഏതറ്റംവരെ പോകാനും ഇവർ ഉദ്യുക്തരാവും എന്നതിെൻറ തെളിവാണ് ഗോവിന്ദാചാര്യയുടെയും ഉമാഭാരതിയുടെയും കല്യാൺ സിങ്ങിെൻറയും മാത്രമല്ല, സാക്ഷാൽ എൽ.കെ. അദ്വാനിയുടെയും ഡോ. മുരളി മനോഹർ ജോഷിയുടെയുമൊക്കെ ജീവിതാനുഭവങ്ങൾ കാണിച്ചുതരുന്നത്. അധികാരത്തിെൻറ മുന്നിൽ ആർ.എസ്.എസ് എത്ര വേണമെങ്കിലും തലകുനിക്കും. എന്നാൽ, ചെങ്കോലേന്തുന്നവരുടെ അപ്രീതിക്ക് പാത്രീഭവിക്കുന്നവരെ ദയാദാക്ഷിണ്യമില്ലാതെ പുറന്തള്ളാനും കാവിപ്രത്യയശാസ്ത്രം സമ്മതംമൂളുമെന്ന അനുഭവയാഥാർഥ്യത്തിെൻറ ഇരയായി മാറുകയാണ് പ്രവീൺ തൊഗാഡിയ എന്ന വിദ്വേഷ പ്രചാരകൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.