വിഴിഞ്ഞത്തിന്റെ കണ്ണീരും പ്രതിഷേധവും


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിനിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് തീരദേശസമൂഹം തുടങ്ങിയ സമരം മൂന്നു ദിവസം പിന്നിട്ടിരിക്കുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. സ്ഥലം എം.പി കൂടിയായ ശശി തരൂർ അടക്കമുള്ളവർ പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുമായും മറ്റും ചർച്ച നടത്തിയെങ്കിലും വിഷയത്തിൽ ശാശ്വത പരിഹാരമില്ലാതെ സമരമുഖത്തുനിന്ന് പിന്മാറില്ലെന്ന ഉറച്ചനിലപാടിലാണ് സമരക്കാർ. കഴിഞ്ഞയാഴ്ച ബോട്ടുകളുമായി തലസ്ഥാന നഗരത്തിലെത്തിയ സമരക്കാർ സെക്രട്ടേറിയറ്റ് ഉപരോധത്തിനും തുനിഞ്ഞിരുന്നു. കേന്ദ്ര ഭരണകൂടത്തിന്റെ ഇഷ്ടക്കാരനും രാജ്യത്തെ മുൻനിര കോർപറേറ്റ് ഭീമനുമായ അദാനി ഗ്രൂപ്പിന്റെ അധീനതയിലുള്ള നിർമാണസ്ഥലത്താണ് കടലിന്റെ മക്കൾ സമരം ചെയ്യുന്നതെന്നകാര്യം ശ്രദ്ധേയമാണ്. എന്നല്ല, കോർപറേറ്റ് രാജിൽ രാജ്യവും ജനതയും പലരീതിയിൽ ശ്വാസംമുട്ടിനിൽക്കുമ്പോൾ അതിനെതിരായുള്ള പ്രതിരോധംകൂടിയായി ഈ സമരത്തെ വിലയിരുത്തുന്നവരുമുണ്ട്. അ​തെന്തായാലും, തീരദേശജനതയുടെ ജീവിതദുരിതവും കണ്ണീരും പ്രതിഷേധവുമെല്ലാം കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട് ഈ സമരം.

കേരളത്തിന്റെ തീരദേശങ്ങൾ അനുദിനം ശോഷിച്ചുവരുകയാണെന്ന യാഥാർഥ്യം ഇന്ന് ആരും സമ്മതിക്കും. അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങൾതന്നെയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചതോടെ തീരശോഷണത്തിന്റെ വേഗം വർധിച്ചുവെന്നും വാഗ്ദാനം ചെയ്ത പ്രതിവിധികളൊന്നും സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നുമാണ് സമരക്കാർ പറയുന്നത്. തീർത്തും ന്യായമാണ് ഈ വാദമെന്ന് ഒരിക്കലെങ്കിലും ആ മേഖല സന്ദർശിച്ചിട്ടുള്ളവർക്ക് ബോധ്യപ്പെടും. ഓഖി ദുരന്തത്തിന്റെ ആഘാതങ്ങളിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത ജനതകൂടിയാണവർ. അതിനുപുറമെയാണ് തുറമുഖനിർമാണത്തിന്റെ ​കൂടി കെടുതികൾ ഏറ്റുവാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ശരിക്കും 'വികസന ഭീകരത'യുടെ ഇരകൾതന്നെയാണവർ. അതിദരിദ്രമായ പരമ്പരാഗത ഈ മത്സ്യത്തൊഴിലാളി മേഖലകൾ ദിവസംചെല്ലുംതോറും ഇല്ലാതായിക്കൊണ്ടിരിക്കുന്നുവെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ശംഖുംമുഖം, വലിയതുറ അടക്കമുള്ള പല തീരങ്ങളും ഏറക്കുറെ പൂർണമായിത്തന്നെ അപ്രത്യക്ഷമായിരിക്കുന്നു. തീരം ഇല്ലാതാകുന്നുവെന്നതിനർഥം, അവിടത്തെ ജനതയും അവരുടെ ജീവിതവും അനിശ്ചിതത്വത്തിലാകുന്നുവെന്നാണ്. സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച രേഖയനുസരിച്ച്, ഈ മേഖലയിൽ 70ലധികം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്രയും കുടുംബങ്ങളിലായി 300ഓളം പേരുണ്ട്. മാസങ്ങളായി അവർ കഴിയുന്നത് പ്രദേശത്തെ ഒരു ഗോഡൗണിലാണ്.

ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ തീരത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനോ സർക്കാർ താൽപര്യമെടുക്കുന്നില്ല എന്ന് തിരിച്ചറിയു​ന്നതോടെയാണ് പ്രദേശവാസികൾ സമരത്തിനിറങ്ങിയിരിക്കുന്നത്. വീട് നഷ്ടപ്പെട്ട കുടുംബങ്ങളിൽ ഏഴുപേർക്ക് മാത്രമാണ് സ്വന്തം ഭൂമി കണ്ടെത്തി രജിസ്റ്റർ ചെയ്തുകൊടുത്തിരിക്കുന്നത്. ബാക്കിയുള്ളവർ അനിശ്ചിതമായി ഗോഡൗണുകളിലും സ്കൂൾ വരാന്തകളിലും കഴിയണമെന്ന സമീപനമാണ് സർക്കാറിന്. അപ്പോൾ, സമരം സ്വാഭാവികം മാത്രം. യഥാർഥത്തിൽ, ഈ സമരം പുതിയതാണെന്ന് പറഞ്ഞുകൂടാ. തുറമുഖത്തിനെതിരെ നേരത്തെതന്നെ വിവിധ കർഷക-മത്സ്യത്തൊഴിലാളി സംഘടനകൾ സമരരംഗത്തുണ്ട്. ഇക്കഴിഞ്ഞ പരിസ്ഥിതിദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്നിൽ റിലേ സത്യഗ്രഹം ആരംഭിച്ചിരുന്നു. തീർത്തും അശാസ്ത്രീയമായ ഡ്രെഡ്ജിങ്ങും പുലിമുട്ട് നിർമാണവും കാരണം ഓരോ കടലേറ്റത്തിലും പ്രദേശത്ത് കൂടുതൽ വീടുകളും മത്സ്യബന്ധന വള്ളങ്ങളും തകരുന്നുവെന്നും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. തുറമുഖനിർമാണം നിർത്തിവെക്കുക, വീടും വള്ളവും നഷ്ടപ്പെട്ടവർക്ക് അദാനിയും സർക്കാറും മതിയായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും അന്ന് സമരക്കാർ ഉന്നയിച്ചു. ഇതിനെല്ലാം തണുപ്പൻപ്രതികരമാണ് സർക്കാർഭാഗത്തുനിന്നുണ്ടായത്. ഈ പശ്ചാത്തലത്തിൽകൂടിയായിരിക്കാം, സമരവേദി തുറമുഖകവാടത്തിലേക്ക് മാറ്റി പ്രതിഷേധത്തിന് മറ്റൊരു മുഖം നൽകാൻ തീരദേശജനത തീരുമാനിച്ചത്.

ഈ സാഹചര്യത്തിലും ചട്ടപ്പടി ​പ്രതികരണങ്ങളല്ലാതെ മറ്റൊരുറപ്പും നൽകാൻ സർക്കാർ തയാറാകുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്. തുറമുഖനിർമാണമല്ല, കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മറ്റുകാര്യങ്ങളാണ് തീരശോഷണത്തിനും കടലേറ്റത്തിനും കാരണമെന്ന വിചിത്രന്യായമാണ് ഫിഷറീസ്, തുറമുഖ വകുപ്പ് മന്ത്രിമാർ ആവർത്തിച്ച് പറയുന്നത്. നിർമാണപ്രവർത്തനങ്ങൾ ഒരുഘട്ടത്തിലും നിർത്തിവെക്കില്ലെന്നും അവർ വ്യക്തമാക്കിക്കഴിഞ്ഞു. വേണ​മെങ്കിൽ, ചർച്ചയാകാമെന്ന 'ഔദാര്യ'ത്തിന്റെ സ്വരമാണ് അധികാരികളിൽനിന്ന് കേൾക്കുന്നത്. മാത്രമല്ല, മഴ മാറുന്നതോടെ നിർത്തിവെച്ച പുലിമുട്ട് നിർമാണമടക്കം പുനരാരംഭിക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞദിവസം തുറമുഖവകുപ്പ് മ​ന്ത്രി നടത്തി. ഇപ്പോൾ സമരം ചെയ്യുന്നവർ പുറത്തുനിന്നുള്ളവരാണെന്ന് ആരോപിച്ച് പ്രതിഷേധത്തിന് മറ്റൊരു നിറംനൽകാനും അദ്ദേഹം ശ്രമിക്കുന്നു. പ്രളയക്കയത്തിൽ കേരളം മുങ്ങിത്താണപ്പോൾ രക്ഷകരായെത്തിയ തീരദേശജനതയോടാണീ നെറികേടെന്നോർക്കണം. കേരളത്തിന്റെ സ്വന്തം സൈനികരെന്നാണ് അന്ന് മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിച്ചത്. ഈ മനുഷ്യരിപ്പോൾ വികസനത്തിന്റെ പുറംപോക്കിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. അതിജീവനത്തിനാണ് ഈ സമരം; ഒപ്പം, കോർപറേറ്റ് ഭീകരതക്കെതിരായ പോരാട്ടംകൂടിയാണ്. മണ്ണിനെയും മനുഷ്യനെയും കടലിനെയും വീണ്ടെടുക്കാനുള്ള ഈ സമരത്തോട് ഐക്യപ്പെടാൻ മുഴുവൻ ആളുകൾക്കും ബാധ്യതയുണ്ട്.  

Tags:    
News Summary - protest in vizinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.