ജോർജ് ഫ്ലോയ്ഡ് വെറുമൊരു അമേരിക്കക്കാരനല്ല. അയാൾ ദാദ്രിയിലെ അഖ്ലാഖും ഹിമാചലിലെ നുഅ്മാനും ആൽവാറിലെ പെഹ്ലുഖാനും ഫൈസാനും ഒക്കെയാണ്. എല്ലാവരും പൊലീസിെൻറയോ ഭരണപക്ഷ വംശീയതയുടെയോ ഇരകൾ
‘‘എനിക്ക് ശ്വാസം മുട്ടുന്നു, ദയവുചെയ്ത് വിടൂ’’- ജോർജ് ഫ്ലോയ്ഡ് നിലവിളിച്ചു. പേക്ഷ, കാൽമുട്ടുകൊണ്ട് അയാളെ അമർത്തിപ്പിടിച്ച പൊലീസുകാരൻ ഡെറക് ഷോവിൻ ഒന്നയച്ചുപോലുമില്ല. ഏഴു മിനിറ്റുനേരത്തെ ഞെരുക്കത്തിനൊടുവിൽ ഫ്ലോയ്ഡിെൻറ അനക്കം നിന്നു. ആശുപത്രിയിലേക്കെടുത്തെങ്കിലും അയാൾ മരിച്ചിരുന്നു. പകൽവെളിച്ചത്തിൽ, കാമറക്കുമുന്നിൽ, നടുറോട്ടിലൊരു കൊലപാതകം. അമേരിക്കയിലെ മിനിയപൊളിസിൽ മേയ് 25ന് നടന്ന ഇൗ കൊല ആ നാട്ടിൽ മാത്രമല്ല, ലോകമെങ്ങും പ്രതിഷേധവും രോഷവുമുണർത്തിയത് അത് വെറും കൊലപാതകമല്ല എന്നതിനാലാണ്. ജോർജ് ഫ്ലോയ്ഡ് എന്ന ആഫ്രോ അമേരിക്കക്കാരൻ, വർണവിവേചനത്തിനിരയായി കൊല്ലപ്പെടുന്ന അമേരിക്കയിലെ കറുത്ത വർഗക്കാരിൽ ഏറ്റവും പുതിയ ആൾ മാത്രമാണ്. ‘കറുത്തവരുടെ ജീവനും വിലയുണ്ട്’ (ബ്ലാക്ക് ലൈവ്സ് മാറ്റർ) എന്ന പേരിൽ ഒരു പ്രസ്ഥാനം തന്നെ രൂപംകൊണ്ടത് യു.എസിലെ സ്ഥാപനവത്കരിക്കപ്പെട്ട വർണവിവേചനത്തോടുള്ള പ്രതികരണമായിട്ടാണ്.
അതിന് തിരികൊളുത്തിയതാകെട്ട, ആറുവർഷം മുമ്പത്തെ സമാനമായ ഒരു സംഭവവും. 2014 ജൂലൈയിൽ, ഫെർഗുസൻ പട്ടണത്തിലെ എറിക് ഗാർണർ എന്ന കറുത്തവനെ ഡാനിയൽ പണ്ടാലിയോ എന്ന പൊലീസുകാരൻ കഴുത്തുഞെരിച്ച് പിടിച്ചതും അറസ്റ്റിെൻറ ഭാഗമായിട്ടായിരുന്നു. ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് ഗാർണറും നിലവിളിച്ചു- 11 തവണ; അയാളും മരിച്ചു. ഇന്നെന്നപോലെ അന്നും അറസ്റ്റിനിടവരുത്തിയത് വെറും സംശയം മാത്രമായിരുന്നെന്നും ഗാർണറും ഫ്ലോയ്ഡും ആരോപിതകുറ്റം ചെയ്യാത്തവരാണെന്നും പിന്നീട് അറിയുന്നു. ഗാർണറുടെ കൊല മുതൽ ഫ്ലോയ്ഡിെൻറ കൊലവരെ മറ്റു പല സംഭവങ്ങളിലും കറുത്തവർ പൊലീസിെൻറയോ വെള്ള വർണവെറിയന്മാരുടെയോ ഇരകളായിട്ടുണ്ട്. ബാൾട്ടിമോറിലും ഷികാഗോയിലും മിനിയപൊളിസിലും ഓക്ലൻഡിലുമൊക്കെ ഒരുപാടുപേർക്ക് ജീവൻ നഷ്ടപ്പെട്ടത് അവർ കറുത്തവരായതുകൊണ്ടാണ്. ഇക്കൊല്ലം തന്നെ മാർച്ചിൽ ബ്രിയന ടെയ്ലർ എന്ന യുവതി കൊല്ലപ്പെട്ടതും ആ കണക്കിൽ തന്നെ. കുറ്റകൃത്യങ്ങൾ തുടരുന്നതല്ലാതെ നിലക്കുന്നില്ല എന്നതാണ് ഞെട്ടിക്കേണ്ട മറ്റൊരു വസ്തുത. അത്രത്തോളം അമേരിക്കയുടെ ‘പരിഷ്കൃത നാഗരികത’യുടെ ഡി.എൻ.എയിൽ വർണവെറി അലിഞ്ഞുചേർന്നിട്ടുണ്ട് എന്നർഥം. വർണ വിവേചനത്തിെൻറ ഹോട്സ്പോട്ടായിരുന്ന ദക്ഷിണാഫ്രിക്കയിൽ ഇന്ന് അത് ഒറ്റപ്പെട്ട രോഗബാധമാത്രമായി ചുരുങ്ങിയെങ്കിൽ, ഡോണൾഡ് ട്രംപിെൻറ അമേരിക്കയിൽ അത് സമൂഹവ്യാപനത്തിെൻറ ഘട്ടത്തിലെത്തിയിരിക്കുന്നു.
ഇത് വ്യവസ്ഥിതിയുടെയും അതിനെ നിയന്ത്രിക്കുന്ന ഭരണനേതൃത്വത്തിെൻറയും പരാജയം കൂടിയാണ്. എറിക് ഗാർണർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസുകാരൻ പണ്ടാലിയോ കുറ്റക്കാരനല്ലെന്നാണ് കോടതി വിധിച്ചത്. കറുത്തവർ ഇരയാകുേമ്പാൾ അതിനെ നിസ്സാരമായി കാണുന്ന പൊതുബോധം കോടതികളെയും ഭരിക്കുന്നുണ്ട്. ഈ മനോഭാവം തിരുത്താൻ ഭരണനേതൃത്വങ്ങൾക്ക് കഴിഞ്ഞിട്ടുമില്ല. കറുത്തവനായ ബറാക് ഒബാമക്കും വ്യവസ്ഥിതി മാറ്റാനായില്ല. ട്രംപാകട്ടെ, എല്ലാതരം മനുഷ്യവിരുദ്ധ വിവേചനങ്ങൾക്കും മേൽക്കോയ്മ വാദങ്ങൾക്കും ശക്തിപകരാനായി മാത്രം വിരലും നാക്കും ചലിപ്പിക്കുന്നയാളും. വൈറ്റ്ഹൗസിലെത്തി നാലുവർഷംകൊണ്ട് അദ്ദേഹം ആർക്കെല്ലാമെതിരെ വംശീയാധിക്ഷേപം ചൊരിഞ്ഞു എന്ന് നോക്കിയാൽ അത് ചെറുതല്ലാത്ത പട്ടികയാകും. അക്കൂട്ടത്തിൽ ആഫ്രോ അമേരിക്കക്കാർക്കുപുറമെ മെക്സിക്കോക്കാരും ഏഷ്യൻവംശജരും ഹിസ്പാനിക്കുകളും അമേരിക്കൻ ആദിവംശജരും മുസ്ലിംകളും ജൂതന്മാരും കുടിയേറ്റക്കാരും വനിതകളും ഭിന്നശേഷിക്കാരുമെല്ലാം ഉൾപ്പെടും. ഇത്തരം ആളുകൾക്ക് ഭരണത്തിലെത്താൻ കഴിയുന്നു എന്ന നിലക്ക് ട്രംപ് തന്നെയും വ്യവസ്ഥിതിയുടെ പരാജയമാണ്.
വിവേചനത്തെ പോറ്റുന്ന പൊതുബോധം, അതിന് ബലം പകരുന്ന ഭരണകൂടം, വിവേചനത്തെ നാടിെൻറ ദേശീയ സ്വഭാവമാക്കുന്ന വ്യവസ്ഥിതി- ഇതെല്ലാം ചേർന്ന് അധഃസ്ഥിതരെയും പാവങ്ങളെയും വേട്ടയാടുന്നത് അമേരിക്കയിൽ മാത്രമല്ലതാനും. ഭിന്നശേഷിക്കാരനായ ഫലസ്തീനി, ഇയാദ് അൽ ഖല്ലാഖ്, ഇസ്രായേൽ പൊലീസിെൻറ തോക്കിനിരയായ സംഭവം ജോർജ് ഫ്ലോയ്ഡ് വധത്തോളം വാർത്താപ്രാധാന്യം നേടാതിരുന്നത് അത് ഫലസ്തീനിലായതുകൊണ്ടുമാത്രമാണ്- വിവേചനത്തിെൻറ മറ്റൊരു രാജ്യാന്തര മുഖമാണ് ഇതും. യു.എസിൽ നടക്കുന്നതിനേക്കാൾ ക്രൂരവും വ്യാപകവുമായിട്ടും ഇസ്രായേൽ അധിനിവിഷ്ട ഭൂമിയിൽ ചെയ്തുകൂട്ടുന്നത് ലോകം ശ്രദ്ധിക്കുന്നില്ല. യു.എസിൽ വെള്ളക്കാരല്ലാത്തവരും കുടിയേറ്റക്കാരും അനുഭവിക്കുന്ന സംഘടിത വിവേചനം തുല്യമോ കൂടിയതോ ആയ അളവിൽ ഇസ്രായേലിലെയും ഫലസ്തീനിലെയും ഫലസ്തീൻകാരും മ്യാൻമറിലെ റോഹിങ്ക്യരും ചൈനയിലെ ഉയ്ഗൂറുകളും ഇന്ത്യയിലെ ദലിതരും ന്യൂനപക്ഷങ്ങളും അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാവണം ലോക സമൂഹങ്ങൾ ഫ്ലോയ്ഡ് വധത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുേമ്പാൾ രാഷ്ട്രനേതാക്കളിൽനിന്ന് ഒരു പ്രതികരണവും പുറത്തുവരാത്തത്. ദക്ഷിണാഫ്രിക്കയിലെയും ഫലസ്തീനിലെയും യു.എസിലെയുമെല്ലാം ജനങ്ങളനുഭവിക്കുന്ന വിവേചനങ്ങളെ ശക്തമായി എതിർത്ത ഗാന്ധിജിയുടെ നാടിന് ഇന്ന് അനീതിക്കെതിരെ ശബ്ദമുയർത്താനാവുന്നില്ല.
മിനിയപൊളിസിലെ വർണവംശീയതയിൽനിന്ന് ഭിന്നമല്ലല്ലോ ഇവിടത്തെ മതവംശീയത. ഡൽഹിയിൽ ന്യൂനപക്ഷവേട്ടയിൽ പൊലീസ് കൂടി പങ്കാളിയായെന്ന സ്വതന്ത്ര അന്വേഷണ റിപ്പോർട്ടുകൾ മാത്രമല്ല സ്ഥാപനവത്കൃത വിവേചനത്തിലേക്ക് വിരൽചൂണ്ടുന്നത്. കോടതിയിലെത്തുേമ്പാൾ ഇരകൾ പ്രതികളാവുകയും കുറ്റവാളികൾ രക്ഷപ്പെടുകയും ചെയ്യുന്നു. കോടതിതന്നെ ഇത് ചൂണ്ടിക്കാട്ടേണ്ടിവരുേവാളം വിവേചനം പ്രകടമാകുന്നു. ജോർജ് ഫ്ലോയ്ഡ് വെറുമൊരു അമേരിക്കക്കാരനല്ല. അയാൾ ദാദ്രിയിലെ അഖ്ലാഖും ഹിമാചലിലെ നുഅ്മാനും ആൽവാറിലെ പെഹ്ലുഖാനും ഫൈസാനും ഒക്കെയാണ്. എല്ലാവരും പൊലീസിെൻറയോ ഭരണപക്ഷ വംശീയതയുടെയോ ഇരകൾ. ശ്വാസം കിട്ടാതായവർ. വായ മൂടപ്പെട്ടവർ. അന്തസ്സോടെ ജീവിക്കാൻ അവസരം കിട്ടാത്തവർ. ഫ്ലോയ്ഡ് വധത്തിനെതിരായ പ്രതിഷേധവും പ്രതിരോധവും എല്ലാ രാജ്യങ്ങളിലെയും മാനവികതക്കായുള്ള സമരത്തിെൻറ ഭാഗമാണ്. അവരെ ഞെരുക്കുന്ന കാൽമുട്ടുകൾ നീക്കുവോളം അവരുടെ ഞരക്കം ലോകത്തിേൻറതുകൂടിയാണ് -‘‘എനിക്ക് ശ്വാസം മുട്ടുന്നു.’’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.