മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാ പ്രവേശനം ആരിലും അത്ഭുതമോ ഞെട്ടലോ സൃഷ് ടിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിെൻറ താൽപര്യങ്ങൾ ജുഡീഷ്യറിയിൽ നിറവേറ്റിയതിെൻറ പ്രതിഫലമാണീ സ്ഥാനലബ്ധിയെന്ന വിലയിരുത്തലിലാണ് ജ നാധിപത്യസമൂഹം. ഇന്ത്യൻ ജുഡീഷ്യറിയുടെ ഭരണകൂട ദാസ്യത്തിന് ഒരു ഉദാഹരണം എന്നതിൽ കവിഞ്ഞ് ഗൊഗോയിയുടെ സത്യപ്രതിജ്ഞയിൽ മറ്റൊരു അത്ഭുതത്തിനും വകയില്ല. റഫാൽ, ബാബരി മസ്ജിദ് തുടങ്ങി ഗൊഗോയി അധ്യക്ഷത വഹിച്ച വിധിന്യായങ്ങൾ പലതും സംശയത്തിെൻറ മുൾമുനയിലായിരുന്നു. ഈ സ്ഥാനാരോഹണത്തോടെ അവ ആർക്കുവേണ്ടിയായിരുന്നുവെന്ന് പകൽവെളിച്ചം പോലെ വ്യക്തമായിരിക്കുന്നു. പരമോന്നത ന്യായാധിപസ്ഥാനം വഹിച്ചവരും രാഷ്ട്രത്തിെൻറ അധികാരസ്ഥരായവരും ഭരണഘടനയും കീഴ്വഴക്കങ്ങളും പരസ്യമായി ലംഘിക്കപ്പെടുന്നത് നിസ്സഹായരായി നോക്കിനിൽക്കാനാണ് രാജ്യനിവാസികളുടെ വിധി. 2018 മാർച്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നൽകിയ അസാധാരണ കത്തിൽ ജുഡീഷ്യറിയുടെയും ഭരണകൂടത്തിെൻറയും ചങ്ങാത്തം ജനാധിപത്യത്തിെൻറ മരണമണിയാകുമെന്ന് സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വർ തുറന്നടിച്ചിരുന്നു. ഇപ്പോൾ ഇന്ദ്രപ്രസ്ഥത്തിൽനിന്ന് വമിക്കുന്നത് നീതിനിർവഹണ കോട്ടയിൽനിന്നുള്ള ദുർഗന്ധമാണ്. ‘നീതിന്യായ സംവിധാനമേ, നിങ്ങളുടെ ചരമഗീതം സ്വയം എഴുതരുതേ’ എന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ പരിദേവനം പുലർന്നിരിക്കുന്നു.
ഭരണഘടന അനുച്ഛേദം 80 (3) പ്രകാരം സാഹിത്യം, കല, ശാസ്ത്രം, സാമൂഹികസേവനം എന്നീ നാലു മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 അംഗങ്ങളെ രാജ്യസഭയിലേക്ക് നാമനിദേശം നൽകാനുള്ള അധികാരമുപയോഗിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇക്കഴിഞ്ഞ നവംബർ 17ന് സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ഗൊഗോയിയെ നോമിനേറ്റ് ചെയ്തത്. രൂക്ഷ വിമർശനങ്ങൾക്കിടയിലും ഗൊഗോയ് അത് സ്വീകരിച്ചു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. രാഷ്ട്രപതിയുടെ നാമനിർദേശത്തിനും ഗൊഗോയിയുടെ എം.പി സ്ഥാനത്തിനും നിയമസാധുതയുണ്ടോ എന്ന ചോദ്യവും ഇതിനകം ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഭരണഘടന കൃത്യമായി എണ്ണിപ്പറഞ്ഞ മേഖലകൾക്ക് പുറത്തുള്ളവരെ നോമിനേറ്റ് ചെയ്യാൻ രാഷ്ട്രപതിക്ക് നിയമപരമായി അധികാരമില്ലെന്നാണ് നിയമവിദഗ്ധരിൽ പലരും വാദിക്കുന്നത്. ഗൊഗോയ് ഈ നാലു മേഖലയിൽചെയ്ത സംഭാവന എന്താണന്ന് ആർക്കുമറിയില്ല. നിയമമേഖലയാകട്ടെ, ഭരണഘടന പട്ടികക്ക് പുറത്തുമാണ്.
‘നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെപ്പിടിക്കുന്ന സംവിധാനം’ എന്നാണ് ജുഡീഷ്യറിയെ വിശേഷിപ്പിക്കാറുള്ളത്. നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പാക്കുന്ന എക്സിക്യൂട്ടീവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള സ്ഥാപനമെന്ന നിലയിലാണ് ഇൗ വിശേഷണം. അത്രയും ഉത്തരവാദപ്പെട്ട ഒരു സ്ഥാപനം സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞതിെൻറ പല കഥകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിശ്വാസത്തകർച്ചയുടെ പടുകുഴിയിലാണ് നമ്മുടെ നീതിന്യായ മേഖലയിലുള്ളവർ. ഭരണകൂട വിധേയത്വമല്ലാതെ മറ്റുമാർഗങ്ങളില്ലെന്ന് പരിതപിക്കുന്നവരാണ് അവരിലേറെ പേരും. സംഘ്പരിവാർ താൽപര്യങ്ങളുള്ളവർ ജഡ്ജിമാരായി നിയമിതരാകുകയും അവർക്ക് അഹിതകരമായവർ ഭ്രഷ്ടരാകുകയും ചെയ്യുന്ന സംഭവങ്ങൾ കഴിഞ്ഞ ആറു വർഷമായി ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. സുപ്രീംകോടതിയിലെ ബെഞ്ചുകൾ നിശ്ചയിക്കുന്നതുപോലും ഭരണകൂടത്തിെൻറ താൽപര്യങ്ങൾക്ക് അനുസരിച്ചാെണന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞ നാല് ന്യായാധിപരിൽ രഞ്ജൻ ഗൊഗോയിയുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം പരമോന്നത പീഠത്തിെൻറ അധ്യക്ഷത ഏെറ്റടുത്തപ്പോൾ വിശ്വാസ്യത തിരിച്ചുപിടിക്കാനല്ല, മറിച്ച് മുൻഗാമിയേക്കാൾ വിധേയനാകാനാണ് ശ്രമിച്ചത്. റഫാൽ അന്വേഷണത്തിലും ബാബരി മസ്ജിദ് വിധിയിലും അലോക് വർമയെ സി.ബി.ഐ തലപ്പത്തുനിന്ന്് നീക്കം ചെയ്ത കേസിലും 370 റദ്ദാക്കിയ നടപടികളുടെ വിഷയത്തിലുമെല്ലാം ഗൊഗോയ് നിയമത്തിനൊപ്പമല്ല, ഭരണകൂടത്തിനൊപ്പമാണ് നിലയുറപ്പിച്ചതെന്ന് ആ സമയത്തുതന്നെ വിമർശനങ്ങളുയർന്നതാണ്. വിമർശനത്തിനതീതരാണ് ന്യായാധിപരെന്ന പരമ്പരാഗത വിശ്വാസത്തിൽ മറ്റൊരു മാർഗവുമില്ലാതെ അംഗീകരിക്കപ്പെടുകയായിരുന്നു ആ വിധികളെല്ലാം. അവയുടെ പ്രത്യുപകാരമാണ് വിയർപ്പ് വറ്റുന്നതിനുമുൻപുള്ള ഈ ‘കൂലി’.
നിയമനിർമാണ സഭയും നീതിന്യായ സഭയും തമ്മിലുള്ള സമന്വയം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് ഗൊഗോയിയുടെ നിയമനമെന്ന വാദമൊക്കെ നിരർഥകമാണ്. യഥാർഥത്തിൽ ജുഡീഷ്യറിയെ ദുർബലമാക്കാനും വിശ്വാസ്യത തകർക്കാനുമുള്ള ഗൂഢപദ്ധതിയിൽ ബോധപൂർവമോ അല്ലാതെയോ അണിചേരുകയാണ് ഗൊഗോയ് ചെയ്തിരിക്കുന്നത്. 2016ൽ മകളുടെ ഭർതൃപിതാവിനുവേണ്ടി മോദി സർക്കാറിനോട് ശിപാർശ ചെയ്തതും ലൈംഗികാരോപണത്തിൽനിന്ന് വിമുക്തനാകാൻ സർക്കാർ മെഷിനറിയുടെയും സംഘ് മാധ്യമ പിന്തുണയിലൂടെയും നടത്തിയ അവിശുദ്ധനാടകങ്ങളും ന്യായാധിപ വിശുദ്ധിയിൽ കളങ്കം ചാർത്തി കഴിഞ്ഞുവെന്ന വിമർശനം ഉന്നയിക്കുന്നത് കട്ജുവും കപിൽ സിബലും ഹെഗ്ഡെയുമാണ്. ലൈംഗികാരോപണ കേസിൽ ഇടപെട്ടതിന് ഇന്ദിര ജെയ്സിങ്ങിനെ ഭരണകൂടത്തിന് വേട്ടയാടാൻ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. ഗൊഗോയിയുടെ സ്ഥാനാരോഹണം ഇന്ത്യൻ ജുഡീഷ്യറിയെ കാർന്നു തിന്നുന്ന അർബുദത്തിെൻറ ഭീകരത വെളിപ്പെടുത്തുകയാണ്. അതോടൊപ്പം ഭരണകൂടം ഉദ്യോഗസ്ഥരോടും ന്യായാധിപരോടും പ്രഖ്യാപിക്കുകയാണ്: ഭരണകൂടത്തോട് വിധേയരാകുക; പുരസ്കാരങ്ങൾക്ക് അർഹരാകുക. അല്ലെങ്കിൽ സ്ഥാനഭ്രഷ്ടനാകാൻ സന്നദ്ധമാകുക എന്ന്. വിശുദ്ധ നീതിന്യായം ഒരവിശുദ്ധ കെട്ടുകഥയായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.