കാലാവസ്ഥാ ഉച്ചകോടിയുടെ ബാക്കിപത്രം


ഐക്യരാഷ്ട്ര സഭയുടെ 28ാമത് കാലാവസ്ഥ ഉച്ചകോടി (കോപ് 28) കഴിഞ്ഞദിവസം ദുബൈയിൽ സമാപിച്ചപ്പോൾ ലോകജനതക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. ഉച്ചകോടിയുടെ അവസാന ദിവസം 198 രാജ്യങ്ങൾ ഐകകണ്ഠ്യേന അംഗീകാരം നൽകിയ ഉടമ്പടിരേഖ പ്രതീക്ഷക്ക് വകനൽകുന്നുണ്ടെങ്കിലും വിപ്ലവകരമെന്നൊന്നും വിശേഷിപ്പിക്കാനാകില്ല. 2050ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുന്നതിനായി മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉൽപാദനവും ഉപഭോഗവും കുറക്കണമെന്നാണ് ഉടമ്പടിയിലെ നിർദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് വർഷം മുമ്പ്, ഗ്ലാസ്ഗോയിൽ നടന്ന കാലാവസ്ഥ ഉച്ചകോടിയിൽ കൽക്കരി ഇന്ധനത്തിന് മാത്രമാണ് ഇവ്വിധം നിയന്ത്രണം നിർദേശിക്കപ്പെട്ടത്. അന്ന്, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിർപ്പിനെതുടർന്ന് അന്തിമതീരുമാനമാകാതെ പിരിയുകയായിരുന്നു.

എന്നാൽ, ഇക്കുറി കൽക്കരി എന്നതിനു പകരം ഫോസിൽ ഇന്ധനം എന്നാക്കി മാറ്റി. കരട് ഉടമ്പടിയിൽ ഫോസിൽ ഇന്ധനങ്ങൾ പൂർണമായും ഉപേക്ഷിക്കണമെന്നായിരുന്നു നിർദേശം. അത് അത്രകണ്ട് പ്രായോഗികമല്ലെന്ന തിരിച്ചറിവിൽ ‘ഫോസിൽ ഇന്ധനത്തിന്‍റെ ഉൽപാദനവും ഉപഭോഗവും കുറക്കുക’ എന്ന സമവായത്തിലെത്തുകയായിരുന്നു എന്നുവേണം പറയാൻ. ഒരർഥത്തിൽ, ചരിത്രപരമായ തീരുമാനം തന്നെയാണിത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രധാന കാരണമായി കാർബൺ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിതഗൃഹ വാതകങ്ങൾ പറയാറുണ്ടെങ്കിലും അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ പലപ്പോഴും നിർദേശിക്കപ്പെടാറില്ല. ദുബൈ ഉച്ചകോടി ആ ശീലത്തെ പൊളിച്ചെഴുതിയെന്നാണ് കോപ് 28ന്റെ ഏറ്റവും വലിയ സവിശേഷത. അതേസമയം, വലിയ അളവിൽ കാർബൺ ബഹിർഗമനം നടത്തുന്ന വൻശക്തി വ്യവസായ രാജ്യങ്ങൾ ഒടുക്കേണ്ട ‘നഷ്ടപരിഹാര നികുതി’യിനത്തിൽ വർധന വരുത്താൻ കഴിയാതെപോയത് ഉച്ചകോടിയുടെ പോരായ്മയുമായി.

1992 മുതൽതന്നെ യു.എൻ ആഭിമുഖ്യത്തിൽ ഇതുപോലുള്ള കാലാവസ്ഥ സമ്മേളനം നടന്നുവരാറുണ്ടെങ്കിലും അമേരിക്കയടക്കമുള്ള വൻശക്തി രാഷ്ട്രങ്ങളുടെ പ്രതിലോമ നിലപാടുകൾ കാരണം അവയൊക്കെയും കേവല കെട്ടുകാഴ്ചകളായി അവസാനിക്കാറാണ് പതിവ്. എന്നാൽ, 2015ലെ പാരിസ് സമ്മേളനത്തിനുശേഷം കാര്യങ്ങൾക്ക് അൽപം മാറ്റംവന്നിട്ടുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും കേവല സിദ്ധാന്തങ്ങൾക്കപ്പുറം ലോകത്തിന്റെ അനുഭവമായി മാറിയതിൽപിന്നെയാണ് ഈ മാറ്റം. അത്രയും കാലം, കാലാവസ്ഥാ വ്യതിയാനം എന്ന പ്രതിഭാസത്തെ കെട്ടുകഥകളുടെ കൂട്ടത്തിലാണ് പരിഗണിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ മാറ്റത്തിന്റെ കെടുതികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം വലിയ അളവിൽ മാറി.

ആഗോളതാപനത്തിന് കാരണമാകുന്ന കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ വൻശക്തി രാഷ്ട്രങ്ങൾപോലും തത്ത്വത്തിൽ അംഗീകരിച്ചതും ‘ഹരിത രാഷ്ട്രീയ’ത്തിന്റെ മുദ്രാവാക്യങ്ങൾക്ക് ലോകവ്യാപകമായി സ്വീകാര്യത ലഭിച്ചതുമെല്ലാം ഇതിന്റെ തുടർച്ചയിലാണ്. മുൻകാലങ്ങളിലില്ലാത്തവിധം ഇത്തരം സമ്മേളനങ്ങൾക്ക് മാധ്യമശ്രദ്ധ കൈവന്നതിന്റെ കാരണവും മറ്റൊന്നല്ല. രണ്ടാഴ്ചയോളം ലോകം മുഴുവൻ ദുബൈ എക്സ്പോ സിറ്റിയിലേക്ക് കണ്ണുപായിച്ചതും ഇക്കാരണം കൊണ്ടാണ്. അവിടെനിന്നുള്ള പ്രഖ്യാപനങ്ങളായിരിക്കും ഈ നീലഗ്രഹത്തിന്റെ ഭാഗധേയം നിർണയിക്കുകയെന്ന് ലോകം ഇതിനകംതന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാൽ, ആ തിരിച്ചറിവിന് ഉതകുംവിധമുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമുണ്ടായോ എന്ന് ചോദിച്ചാൽ ഇല്ലെന്നുതന്നെ പറയേണ്ടിവരും. ആഗോളതാപനത്തിന്റെ ഫലമായി ഉയർന്ന ഭൂമിയുടെ ചൂട് വ്യവസായവത്കരണത്തിനും മുമ്പത്തെ നിലയിലെത്തിക്കുക എന്നതായിരുന്നല്ലോ പാരിസ് ഉച്ചകോടിയിൽ ഉയർന്ന പ്രതിവിധികളിലൊന്ന്.

ഏറിപ്പോയാൽ, അക്കാലത്തേതിനും ഒന്നര ഡിഗ്രിവരെയൊക്കെ അധികമായാലും കുഴപ്പമില്ല. എന്നാൽ, ആ പരിധിക്കുമേൽ പലകുറി ഇന്ത്യയിലടക്കം താപനില രേഖപ്പെടുത്തിയിരിക്കുന്നു. അഥവാ, പല ഗവേഷണ സ്ഥാപനങ്ങളും മുന്നറിയിപ്പ് നൽകിയതുപോലെ ഭൂമി വെന്തുരുകിക്കൊണ്ടിരിക്കുകയാണ്; അതിലെ ജീവജാലങ്ങൾ പ്രളയക്കയത്തിലേക്ക് എറിയപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ അടിയന്തരവും തീവ്രവുമായ പരിഹാരങ്ങളാണ് ലോകം ആവശ്യപ്പെടുന്നത്. അതോടൊപ്പം, കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും വേണം. ഉച്ചകോടിയുടെ അജണ്ടയിൽ പതിവുപോലെ ഇക്കാര്യങ്ങളെല്ലാമുണ്ടായിരുന്നെങ്കിലും കാര്യമായ ചർച്ചയില്ലാതെ പോയി.

അതേസമയം, മുമ്പില്ലാത്ത വിധം വിട്ടുവീഴ്ചയുടെയും സഹകരണത്തിന്റെയും പുതിയ ശബ്ദങ്ങൾ ഉച്ചകോടിയിൽ ഉയർന്നുകേട്ടത് പ്രതീക്ഷക്ക് വകനൽകുന്നു. ലോകത്ത് ഏറ്റവും വലിയ അളവിൽ ഫോസിൽ ഇന്ധനങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ യു.എ.ഇ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിലാണ് മേൽസൂചിപ്പിച്ച ഉടമ്പടി അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഒരർഥത്തിൽ, അറബ് ലോകത്തിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന തീരുമാനമാണത്. എന്നാൽ, പുതിയ കാലത്തിന്റെ ബദൽ സാങ്കേതിക വിദ്യയുടെയും മറ്റും സഹായത്തോടെ ആ പ്രതിസന്ധി അതിജീവിക്കാമെന്ന ആത്മവിശ്വാസത്തിൽ പുതിയ നയരേഖക്ക് അവർ അംഗീകാരം നൽകിയത് വിട്ടുവീഴ്ചയുടെയും സഹകരണത്തിന്റെയും ഏറ്റവും ക്രിയാത്മകമായ ദൃഷ്ടാന്തമാണ്. അക്കാരണത്താൽതന്നെ, ‘ദുബൈ സമവായം’ എന്ന ശീർഷകത്തിൽ തയാറാക്കിയ ഉടമ്പടി ചരിത്രപരമാണ്. ലോക ജനതയുടെ 40 ശതമാനം പേരും കാലാവസ്ഥ മാറ്റത്തിന്റെയും ആഗോളതാപനത്തിന്റെയും ഇരകളാണെന്നാണ് യു.എൻ കണക്ക്. കടലിലും കരയിലും ദ്രുതഗതിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റങ്ങളിൽ കെടുതിയനുഭവിക്കുന്ന ജനതയോടുള്ള ഐക്യദാർഢ്യമായി ഉച്ചകോടിയിൽനിന്ന് ഉയർന്നുകേട്ട ഐക്യസ്വരങ്ങളെ വിലയിരുത്താം. 

Tags:    
News Summary - Remainder of Dubai Climate Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.