പമ്പയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സർക്കാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. 2018ലെ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞ മുക്കാൽ ലക്ഷത്തോളം ഘനമീറ്റർ മണൽ സ്വകാര്യ വ്യക്തികൾക്ക് സർക്കാർ സൗജന്യമായി നൽകാനൊരുങ്ങുകയാണെന്നാണ് അദ്ദേഹത്തിെൻറ ആരോപണങ്ങളിലൊന്ന്. നദിയിൽ അടിഞ്ഞ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് പമ്പയെ ശുചീകരിക്കാൻ വനംവകുപ്പ് നടത്തിയ തയാറെടുപ്പുകൾ കാറ്റിൽപറത്തി, മുൻ ചീഫ് സെക്രട്ടറി ടോം ജോസും നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും ഡി.ജി.പി ലോക്നാഥ് ബെഹ്റയും ഇടപെട്ട് കോടികളുടെ അഴിമതിക്ക് വഴിയൊരുക്കിയെന്ന് രേഖകളുടെ പിൻബലത്തിൽ അദ്ദേഹം സമർഥിക്കുന്നു. മേയ് ആദ്യവാരം ചേർന്ന മന്ത്രിസഭ യോഗത്തിൽ പമ്പയിലെ ‘അധിക മണൽ’ ലേലം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നു.
ശബരിമല തീർഥാടന സൗകര്യം വർധിപ്പിക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകാനും ബാക്കിയുള്ളവ നേരിട്ടും ഇ-ടെൻഡർ വഴിയും വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ, കാബിനറ്റ് തീരുമാനം അട്ടിമറിച്ച്, മണൽ വാരാൻ കണ്ണൂരിലെ ഒരു പൊതുസ്ഥാപനത്തിന് അനുമതി നൽകി. വനംവകുപ്പ് ഇൗ നീക്കത്തിനെതിരെ മുന്നോട്ടുവന്നപ്പോൾ മുഖ്യമന്ത്രിതന്നെ ഇടപെട്ട് ‘സൗജന്യ മണൽ വാരലിന്’ അനുമതി നൽകി. കരാർ ലഭിച്ച സ്ഥാപനത്തിന് അതിനുള്ള സാേങ്കതികശേഷിയില്ലാത്തതിനാൽ പ്രസ്തുത ദൗത്യം ഇപ്പോൾ നിർവഹിക്കുന്നത് കോട്ടയം കേന്ദ്രീകരിച്ചുള്ള സ്വകാര്യകമ്പനിയാണത്രെ. സർക്കാർ ഖജനാവിൽ വന്നുചേരേണ്ട കോടിക്കണക്കിന് രൂപയാണ് ഇൗ മണൽകൊള്ള വഴി നഷ്ടമായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നു.
രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ കാര്യമായ ചർച്ച അർഹിക്കുന്നുണ്ട്. ഇൗ കോവിഡ് കാലത്ത് സർക്കാർ കടുത്ത സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണ്. ഇൗ ഘട്ടത്തിൽ പരമാവധി ചെലവു ചുരുക്കിയും ‘സാലറി കട്ട്’ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചുമാണ് സർക്കാർ ദൈനംദിന ചെലവുകൾ നീക്കുന്നത്. ഇൗ നടപടികളൊക്കെയും തീർത്തും അനിവാര്യവുമാണ്. എന്നാൽ, സാധ്യമായ വരുമാന മാർഗങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അത് ഗുരുതരമായ വീഴ്ചയായി തന്നെ വ്യാഖ്യാനിക്കപ്പെടും. പ്രതിപക്ഷത്തിെൻറ വാദമനുസരിച്ച്, വലിയ വരുമാനത്തിന് സാധ്യതയുണ്ടായിരുന്ന ഒരു പദ്ധതിയായിരുന്നു പമ്പയിലെ മണലെടുപ്പ്. കൃത്യമായ മണൽ ഒാഡിറ്റിങ്ങിനുശേഷം, പരിസ്ഥിതിക്ക് ദോഷം ചെയ്യാത്തവിധത്തിൽ, ഖനനം സംബന്ധിച്ച സുപ്രീംകോടതി മാർഗനിർദേശങ്ങൾ പാലിച്ച് മണലെടുത്തിരുന്നുവെങ്കിൽ സാമ്പത്തിക പ്രതിസന്ധിക്ക് അൽപമെങ്കിലും ആശ്വാസമാകുമായിരുന്നു.
നിർഭാഗ്യവശാൽ, സംഭവിച്ചത് മറിച്ചാണ്. േകരളം വീണ്ടുമൊരു പ്രളയഭീഷണിയിൽ നിൽക്കുേമ്പാഴാണ് പമ്പയിലെ മണലെടുപ്പിനെ ചൊല്ലി വിവാദം ഉയർന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുൻവർഷങ്ങളിലെ പ്രളയത്തിൽ നദികളിൽ അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളുമെല്ലാം നീക്കം ചെയ്യുന്നത് മറ്റൊരു പ്രളയത്തിെൻറ നിഴലിൽ നിൽക്കുേമ്പാഴാണ്. പലയിടത്തും വെള്ളപ്പൊക്ക നിവാരണത്തിെൻറ ഭാഗമായുള്ള ‘നദീ ശുചീകരണ’ങ്ങൾ നടന്നിട്ടുപോലുമില്ല. പഴയതുപോലെ ചളിയും മരങ്ങളുമെല്ലാം കെട്ടിനിൽക്കുകയാണ്. കഴിഞ്ഞ ദിവസം, ഒറ്റ ദിവസത്തെ മഴകൊണ്ട് മലപ്പുറത്ത് ചാലിയാർ കരകവിഞ്ഞ് നിലമ്പൂരിൽ നഗരത്തിൽ റോഡുകളിൽ വെള്ളം കയറിയത് ഇതുകൊണ്ടാണ്.
വേനലിൽ തന്നെ ചെയ്യേണ്ടിയിരുന്ന പ്രവൃത്തി ഉത്തരവാദപ്പെട്ടവരുടെ അലംഭാവംകൊണ്ട് നീണ്ടുപോകുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് നിലമ്പൂരിലെ വെള്ളക്കെട്ടുകൾ പറഞ്ഞുതരുന്നു. അല്ലെങ്കിലും നമ്മുടെ ഏറ്റവും വലിയ ദുര്യോഗം കൂടിയാണിത്. ദുരന്തമുഖങ്ങളിൽ സർക്കാറും ജനങ്ങളുമെല്ലാം ആത്മാർഥമായി പണിയെടുത്ത് മികച്ച മാതൃകകൾ പകർന്നു നൽകും. കഴിഞ്ഞ രണ്ടു പ്രളയങ്ങൾ അതിനുസാക്ഷിയാണ്. ദുരന്തമൊഴിയുന്നേതാടെ, ഒരു പാഠവും ഉൾക്കൊള്ളാതെ അതെല്ലാം മറന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇപ്പോഴത്തെ മണൽ വിവാദത്തിലൂടെയും ആ ശീലം ആവർത്തിക്കപ്പെട്ടിരിക്കുന്നു.
പമ്പ, പെരിയാർ, ചാലിയാർ തുടങ്ങി സംസ്ഥാനത്തെ എട്ടു നദികളിലായി പ്രളയശേഷം 22.67 ലക്ഷം ക്യൂബിക് മണൽ അടിഞ്ഞുവെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. ഇതിൽ നിന്ന് 7.56 ലക്ഷം ക്യൂബിക് മണൽ അടിയന്തരമായി വാരാനും റവന്യൂ വകുപ്പ് പദ്ധതി തയാറാക്കി. ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. മറ്റ് ഏഴു നദികളിലും മണൽ ഖനനത്തിന് അനുമതി നൽകി. എന്നാൽ, ഇൗ വർഷം ആദ്യം ആ പദ്ധതി സർക്കാറിന് റദ്ദാക്കേണ്ടി വന്നു.
നിലവിലെ ഖനന നിയമങ്ങൾക്കും ഗ്രീൻ ട്രൈബ്യൂണലിെൻറ മാർഗനിർദേശങ്ങൾക്കും എതിരാണ് ഇൗ നീക്കമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് വർഷങ്ങളായി നിലച്ചുപോയ മണലെടുപ്പ് പുനരാരംഭിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചത്. അനിവാര്യമായ പ്രതിഷേധം തന്നെയായിരുന്നു അത്. സാൻഡ് ഒാഡിറ്റിങ് അടക്കം നടത്താതെ പ്രളയം തടയാനെന്ന പേരിൽ നടക്കുന്ന മണലെടുപ്പ് ആർക്കായിരിക്കും ഗുണം ചെയ്യുക എന്നത് ഉൗഹിക്കാവുന്നതേയുള്ളൂ. ഇപ്പോൾ പമ്പയിൽ നടക്കുന്നതും അതാണ്. അതിനാൽ, നദിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരാതെയും നിയമങ്ങൾ പൂർണമായും പാലിച്ചുമുള്ള നടപടിയാണ് ഇൗ ഘട്ടത്തിൽ ആവശ്യം. ഇനിയൊരു പ്രളയം ഒരു പരിധിവരെയെങ്കിലും തടയാനും ഭരണ സുതാര്യത ഉറപ്പുവരുത്താനും അതാണ് അഭികാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.