സഹകലാകാരന്റെ നിറത്തെയും ശരീരത്തെയും അധിക്ഷേപിച്ചുകൊണ്ട് ഒരു പ്രമുഖ നർത്തകി യൂട്യൂബ് ചാനലിലൂടെ പറഞ്ഞ വാക്കുകൾ ഏറെ വിമർശിക്കപ്പെട്ടതിൽ അതിശയിക്കാനില്ല. എന്നാൽ, വിവാദമാവുകയും ഒട്ടെല്ലാ മേഖലകളിലെയും ആളുകൾ അപലപിക്കുകയും ചെയ്തശേഷവും അവർ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ബോധ്യപ്പെടാത്ത ഒരു കാര്യത്തിൽ സമൂഹത്തെയും മാധ്യമങ്ങളെയും ഭയന്ന് വ്യാജ ക്ഷമാപണം ചെയ്യുന്നതിൽ അർഥമില്ല -അങ്ങനെ ചെയ്യുന്ന പൊതുപ്രവർത്തകർ ധാരാളമുണ്ടായിരിക്കെ വിശേഷിച്ചും. എന്നാൽ, താൻ പറഞ്ഞത് ശരിതന്നെ എന്ന നൃത്തകലാകാരി സത്യഭാമയുടെ ബോധ്യം ചോദ്യം ചെയ്യപ്പെടുകതന്നെ വേണം. മനസ്സിലെ അഴുക്കാണ് വാക്കുകളായി പുറത്തുവരുന്നത്. വാക്കുകൾ മാത്രമല്ല, അവയെക്കാളധികം ആ മനസ്സാണ് തിരുത്തപ്പെടേണ്ടത്. പ്രമുഖ നർത്തകനായ ആർ.എൽ.വി. രാമകൃഷ്ണന്റെ മോഹിനിയാട്ടത്തെ അവർ അധിക്ഷേപിക്കാൻ കാരണം അദ്ദേഹത്തിന്റെ നിറവും ‘സൗന്ദര്യ’മില്ലായ്മയുമാണ്. മോഹിനിയാട്ടം സ്ത്രീകൾക്ക് മാത്രമുള്ളതാണ്, ‘മോഹിനി’ക്കു പകരം ‘മോഹനൻ’ പറ്റില്ല, കാക്കയുടെ നിറമുള്ളവർ അതിന് അനുയോജ്യരല്ല, ഇയാളെ കണ്ടാൽ ‘പെറ്റ തള്ളപോലും സഹിക്കില്ല’ എന്നൊക്കെയാണ് സത്യഭാമ പറഞ്ഞതിന്റെ ആകത്തുക. അവർ ഉപയോഗിച്ച ഭാഷപോലെ അവരുടെ നിലപാടും മാന്യതക്ക് ചേർന്നതായില്ലെന്ന് മിതമായി പറയാം. തൊലിനിറം മഹത്വത്തിന്റെയോ കഴിവിന്റെയോ സൗന്ദര്യത്തിന്റെയോ മാനദണ്ഡമായി കാണുന്ന അധമസമീപനം പോലെ മോശമാണ് സത്യഭാമയുടെ പദപ്രയോഗങ്ങൾ. കറുപ്പിനോടുള്ള പുച്ഛം ജാതിവെറിയുടെ ലക്ഷണം കൂടിയാണിവിടെ എന്നുകാണാനും പ്രയാസമില്ല.
നൃത്തരൂപങ്ങളുടെ ഉള്ളടക്കമോ അവതരണരീതിയോ കലാകാരന്മാരുടെ ആവിഷ്കാര ശൈലികളോ നിരൂപണവിധേയമാക്കുന്നതിൽ തെറ്റൊന്നുമില്ല. കേരളത്തിലെ തനത് ലാസ്യ നൃത്തരൂപമായി കരുതപ്പെടുന്ന മോഹിനിയാട്ടത്തിന്റെ ഉദ്ഭവത്തെക്കുറിച്ചോ ചരിത്രത്തെക്കുറിച്ചോ വിശദവിവരങ്ങൾ ലഭ്യമല്ല. എന്നാൽ, നൂറ്റാണ്ടുകളിലൂടെ അതിന് പരിണാമം സംഭവിച്ചു പോന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു. പുരുഷന്മാർ ചെയ്യേണ്ടതല്ല മോഹിനിയാട്ടം എന്ന സത്യഭാമയുടെ കാഴ്ചപ്പാടിന് പിന്നിൽ കലാസ്വാദനത്തെക്കാൾ വ്യക്തിവിരോധമാണെന്ന് അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ട്. സ്ത്രീശരീരത്തെ പ്രദർശന വസ്തുവായിക്കണ്ട് ഫ്യൂഡൽ പ്രഭുക്കൾക്ക് മുന്നിൽ കാഴ്ചവെക്കുന്ന അധമ സമ്പ്രദായത്തിൽനിന്ന് അത് ഏറെ മാറിയതായി അറിവുള്ളവർ പറയുന്നു. എന്തായാലും, ഈ നൃത്തരൂപത്തെ പരിഷ്കരിച്ചവരിൽ ഒരാളായിട്ടാണ് ആർ.എൽ.വി. രാമകൃഷ്ണൻ അറിയപ്പെടുക. വിമർശനത്തിന് ഉപയോഗിച്ച ഭാഷയിൽ മാത്രമല്ല, അതിന്റെ ഉള്ളടക്കത്തിലും സത്യഭാമക്ക് തെറ്റി. വർണവെറിയും ജാതിവെറിയും സൂചിപ്പിക്കുന്ന പരാമർശങ്ങൾ നീചമായിപ്പോയി. മിക്ക മേഖലകളിൽനിന്നും സത്യഭാമയുടെ നിലപാടിനോടും ഭാഷയോടുമുള്ള പ്രതിഷേധം ശക്തമായിത്തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, പ്രതിഷേധങ്ങളുടെ പ്രകടനാത്മകതക്കപ്പുറത്ത് മനുഷ്യ സമത്വത്തിന്റെ ശരിയായ ആശയങ്ങൾ എത്രപേർ ആത്മാർഥമായി അംഗീകരിച്ചിട്ടുണ്ടെന്ന് ചോദിക്കേണ്ടതുമുണ്ട്. വർണവിവേചനവും ജാതിവെറിയുമെല്ലാം ഇന്നും നമ്മുടെ നിലപാടുകളെ സ്വാധീനിക്കുന്നുണ്ടെന്ന് അംഗീകരിക്കാതെ, സത്യഭാമയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ‘വെള്ളപൂശലും’ ‘കറുത്ത കൈകളു’മൊക്കെയായി നമ്മുടെ ഭാഷയിൽവരെ വർണഭേദം അദൃശ്യമായി നിലനിൽക്കുന്നു. ജാതിചിന്തയാകട്ടെ നമ്മുടെ സാമൂഹിക ജീവിതത്തിലെ പൊള്ളുന്ന യാഥാർഥ്യമാണിന്നും. ചിലപ്പോൾ ചിലരിലൂടെ അതൊക്കെ പുറത്തുവരുന്നെന്നു മാത്രം. കലക്കുപോലും മനുഷ്യനെ സംസ്കരിച്ചെടുക്കാൻ കഴിയുന്നില്ല. സൗന്ദര്യം തീരുമാനിക്കുന്നത് ആരാണ്? വെളുപ്പ് മാത്രമാണ് ഭംഗിയെന്ന് നിശ്ചയിച്ചത് ആരാണ്? കലക്കുമുണ്ടോ ജാതിയും വർണവും?
മലിനമായ ആശയങ്ങൾ മലിന ഭാഷയിലൂടെ പുറത്തുവരുന്നതാണ് ഇതിൽ നാം കണ്ടത്. ഭാഷയുടെ കാര്യത്തിലാകട്ടെ, നമ്മുടെ പൊതുമണ്ഡലം വലിയൊരു മാലിന്യക്കൂമ്പാരമായി മാറിക്കൊണ്ടിരിക്കുന്നു. അതിൽ രാഷ്ട്രീയക്കാരെന്നോ സാംസ്കാരിക പ്രവർത്തകരെന്നോ വ്യത്യാസമില്ല. മന്ത്രിമാരും ജനപ്രതിനിധികളും ഒഴിവല്ല. മൈക്കിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസരിപ്പിക്കപ്പെടുന്ന വൃത്തികേടുകൾ നമ്മുടെ പൊതുമണ്ഡലത്തെ ദുഷിപ്പിക്കുന്നു. അപര ബഹുമാനം ഒട്ടുമില്ലാത്ത കൂട്ടമായി നാം മാറുന്നുണ്ട്. എതിർപ്പും വിയോജിപ്പും മാന്യമായി പ്രകടിപ്പിക്കാനുതകുന്ന ഭാഷ കൈമോശം വന്നപോലെ. നിയമവും കീഴ്വഴക്കവും ഇല്ലാത്തതല്ല പ്രശ്നം. നേതാക്കളിൽ നമുക്ക് മാതൃകകളില്ല. അടുത്തകാലത്ത് മലയാള തെറി നിഘണ്ടുവിലേക്ക് കാര്യമായ സംഭാവനകൾ നൽകിയത് വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖരാണ്. ഭാഷയും നൃത്തവും കലയും സംസ്കാരവുമെല്ലാം മനുഷ്യനകത്തുള്ള മനുഷ്യനിൽനിന്ന് വരേണ്ടതാണ്. ആ മനുഷ്യനെ വീണ്ടെടുക്കുകയാണ് പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.