യു.പി കാട്ടുന്നു, തെരഞ്ഞെടുപ്പിലേക്കുള്ള ദിശ

ഉത്തർപ്രദേശിൽ ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ പടയണി ഏകദേശം രൂപപ്പെട്ടിരിക്കുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയു ം ഒഴിവാക്കിക്കൊണ്ട്​ ബി.എസ്​.പിയും എസ്​.പിയും സഖ്യമുണ്ടാക്കിയിരിക്കുകയാണ്​. ഒറ്റക്ക്​ മത്സരിക്കുമെന്ന്​ കേ ാൺഗ്രസ്​ പറയുന്നു. ഇപ്പോൾ സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ എം.പിമാരും എം.എൽ.എമാരുമുള്ള ബി.ജെ.പിക്കാണ്​ സഖ്യം കൂടു തൽ ആശങ്ക സൃഷ്​ടിക്കുക. യു.പിയിലെ മൊത്തം 80ൽ 73 എം.പിമാരെയാണ്​ 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പ്​ ബി.ജെ.പിക്കു നൽകിയത്​. 2019ൽ ഇതിലെ 37 മുതൽ 50 വരെ സീറ്റ്​ പിടിച്ചുവാങ്ങാൻ എസ്​.പി-ബി.എസ്​.പി സഖ്യത്തിന്​ കഴിഞ്ഞേക്കുമെന്ന്​ നിരീക്ഷകർ പറയുന്നു. ബി.എസ്​.പി നേതാവ്​ മായാവതിയുടെ അഭിപ്രായത്തിൽ, യു.പിയിൽ ബി.ജെ.പി തൂത്തുവാരപ്പെടും- ‘‘വോട്ടു കൃത്രിമമോ വർഗീയ അതിക്രമങ്ങളോ ഉണ്ടായില്ലെങ്കിൽ.’’ ഇത്​ കുറച്ചു വലിയ ‘എങ്കിൽ’ ആ​െണന്നതും കാണാതിരുന്നുകൂടാ. കോൺഗ്രസിനും ഇൗ സഖ്യം ശുഭവാർത്തയല്ല. പ്രാദേശിക പാർട്ടികൾ കരുത്തുനേടുന്നതിനനുസരിച്ച്​ ദേശീയതലത്തിൽ കോൺഗ്രസി​​െൻറ വിലപേശൽ ശേഷികുറയും -പ്രധാനമന്ത്രി ആരെന്ന്​ തീരുമാനിക്കുന്നതിനെ വരെ ഇതു ബാധിക്കാം. ഏതായാലും ബി.ജെ.പിയും കോൺ​ഗ്രസും ബി.എസ്​​.പി-എസ്​.പി സഖ്യത്തെ​െച്ചാല്ലി പുറമേക്ക്​ പരിഭ്രമമൊന്നും കാണിക്കുന്നില്ല. കോൺഗ്രസിനെക്കൂടി സഖ്യത്തിൽ ചേർത്തിരുന്നെങ്കിൽ ഒരുവേള പ്രചാരണ രംഗത്ത്​ ബി.ജെ.പിക്ക്​ കിട്ടുമായിരുന്ന ആനുകൂല്യം ഇപ്പോൾ ഇല്ലാതായി എന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്​. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിക്കാൻ സാധ്യതയുള്ള അമേത്തിയിലും റായ്​ബറേലിയിലും പുതിയ സഖ്യം സ്​ഥാനാർഥികളെ നിർത്തുന്നില്ല -തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷം ഉണ്ടാകാവുന്ന കൂട്ടുകെട്ടുകളിലേക്കുള്ള സൂചന ഇതിൽ കാണുന്നവരുമുണ്ട്​. മായാവതിയുടെ അത്ര രൂക്ഷതയോടെ എസ്​.പി നേതാവ്​ അഖിലേഷ്​ യാദവ്​ കോൺഗ്രസിനെ കടന്നാക്രമിക്കാൻ മുതിർന്നിട്ടില്ലെന്നതും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു.

രാജ്യത്ത്​ വ്യാപകമായി രൂപപ്പെട്ടിട്ടുള്ള ബി.ജെ.പി വിരുദ്ധ മനസ്സാണ്​ യു.പി തെരഞ്ഞെടുപ്പി​​െൻറ അടിസ്​ഥാന ഭാവമെന്ന്​ യു.പിയിലെ മത്സരരംഗം വ്യക്തമാക്കുന്നു. യു.പി നഷ്​ടപ്പെടുന്നത്​ രാജ്യംതന്നെ നഷ്​ടപ്പെടുന്നതിനു തുല്യമാകാമെന്ന പഴയ സമവാക്യം ബി.ജെ.പിയെ അലോസരപ്പെടുത്തുന്നുണ്ട്​. അതുകൊണ്ടുതന്നെ അവർ കള്ളക്കളിക്കുതന്നെ മുതിർന്നുകൂടെന്നില്ലെന്ന മായാവതിയുടെ മുന്നറിയിപ്പ്​ പ്രസക്തമാണ്​. അതാക​െട്ട അവർ സൂചിപ്പിച്ച വോട്ടു തിരിമറിയിലും വർഗീയത ഉൗതിക്കത്തിക്കുന്നതിലും ഒതുങ്ങിക്കൊള്ളണമെന്നുമില്ല. സഖ്യത്തിൽ വിള്ളലുണ്ടാക്കാനും അതിനെ ദുർബലപ്പെടുത്താനും അവർ പരമാവധി ശ്രമിക്കാതിരിക്കില്ല. മുമ്പ്​ ഒരുമിച്ചു ഭരിച്ചശേഷം പിണങ്ങിപ്പിരിഞ്ഞ എസ്.പിയും ബി.എസ്​.പിയും കാൽ നൂറ്റാണ്ടിനുശേഷം ഒരുമിക്കു​േമ്പാൾ ​െഎക്യം ഏറെ ദൃഢമാകുമെന്ന്​ ഉറപ്പില്ല. ആർ.എൽ.ഡി എന്ന ചെറുകക്ഷി, സഖ്യം വഴി കിട്ടുന്ന രണ്ടോ മൂന്നോ സീറ്റിൽ തൃപ്​തരല്ല താനും. ഇവരെയെല്ലാം ഒരുമിപ്പിക്കുന്ന വികാരം കേന്ദ്രത്തിൽ മോദിയുടെയും യു.പിയിൽ യോഗിയുടെയും ഭരണത്തോടുള്ള സാധാരണ ജനങ്ങളുടെ മടുപ്പും രോഷവുമാണ്​. ഇൗയിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളെന്ന ‘സെമി ഫൈനലി’ൽ ജനരോഷം പ്രകടമായതുമാണ്​. തെരഞ്ഞെടുപ്പു പ്രചാരണം പ്രധാനപ്പെട്ട ജന​കീയപ്രശ്​നങ്ങളിൽ ഉൗന്നുന്നുവെന്ന്​ ഉറപ്പുവരുത്താൻ ജനപക്ഷ രാഷ്​ട്രീയക്കാർ ബോധപൂർവം ശ്രമിച്ചേ പറ്റൂ. ഇല്ലെങ്കിൽ ശ്രദ്ധമാറ്റാനുള്ള വിഷയങ്ങൾ പുറത്തെടുക്കാൻ ബി.ജെ.പി പക്ഷത്തിന്​ എളുപ്പമാകും. രണ്ടു നേതാക്കളുടെ എൻ.ഡി.എ വിരുദ്ധ കൂട്ടു​െക​െട്ടന്നതിലുപരി, നയ നിലപാടുകളുടെ അടിത്തറയിൽ പണിത ശക്തമായ സഖ്യമായി വളരാൻ അഖിലേഷിനും മായാവതിക്കും കഴിയേണ്ടതുണ്ട്​. കർഷകരുടെയും തൊഴിൽരഹിതരുടെയും ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്​നങ്ങൾ പരിഹരിച്ച്​ ജനജീവിതം ഭദ്രമാക്കലാണ്​ തങ്ങളുടെ മുന്നിലെ മുഖ്യവിഷയമെന്ന്​ പ്രവർത്തനത്തിലൂടെ തെളിയിക്കാൻ കഴിയണം.

കോൺഗ്രസിനു മുന്നിൽ പുതിയ സഖ്യം കടമ്പകൾ സൃഷ്​ടിക്കുന്നതോടൊപ്പം അതി​​െൻറ ബി.ജെ.പി വിരുദ്ധ നിലപാടിനുമുന്നിൽ സാധ്യതകൾ തുറക്കുന്നുമുണ്ട്​. ബി.ജെ.പിക്കാക​െട്ട അവരുടെ വർഗീയ രാഷ്​ട്രീയത്തി​​െൻറ കേന്ദ്ര പ്രദേശത്താണ്​ എതിർപ്പുയരുന്നത്​. എതിരാളികളെ ഭിന്നിപ്പിച്ചുനിർത്തിയാണ്​ ഇതുവരെ അവർ വിജയിച്ചുകൊണ്ടിരുന്നതെങ്കിൽ അതിനുള്ള തിരിച്ചടികൂടിയാണ്​ എസ്​.പി-ബി.എസ്​.പി യോജിപ്പ്​. കേന്ദ്രത്തിലെയും യു.പിയിലെയും ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികൾക്ക്​ തക്കതായ ശിക്ഷ നൽകാനാഗ്രഹിക്കുന്ന ജനങ്ങൾ ഇതിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്​. അവരുടെ ആ​ പ്രതീക്ഷകളാണ്​ വോട്ടുരൂപത്തിൽ ലഭ്യമാവുക എന്നിരിക്കെ, അവയെ തകർക്കുന്ന ഒന്നും ചെയ്യാതിരിക്കാനുള്ള ബാധ്യത കൂട്ടുകെട്ടിനുണ്ട്​. തെരഞ്ഞെടുപ്പിനുശേഷവും എൻ.ഡി.എയെ ഭരണത്തിനു പുറത്തുനിർത്തുകയെന്നതുതന്നെയാണ്​ ജനങ്ങളുടെ -രാജ്യത്തി​​െൻറ -താൽപര്യം എന്ന വസ്​തുത ഒാർത്തുവെക്കുകതന്നെ വേണം.

Tags:    
News Summary - UP Shows the Way to Election - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.