കുപ്രസിദ്ധമായ സോളാർ തട്ടിപ്പുകേസിലെ പ്രതി ഉന്നയിച്ച ലൈംഗിക പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്ന പരാതി വാസ്തവവിരുദ്ധമാണെന്നും ഇക്കാര്യം തെളിയിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മൻ ചാണ്ടിക്ക് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്.
സമാനമായ ആരോപണത്തിൽ അന്വേഷണം നേരിട്ട ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എം.പി, അടൂർ പ്രകാശ് എം.പി, എ.പി. അനിൽകുമാർ എം.എൽ.എ എന്നിവരും കുറ്റക്കാരല്ലെന്നാണ് സി.ബി.ഐ റിപ്പോർട്ട്. കൂടാതെ, സംസ്ഥാനത്ത് സൗരോർജ നയം നടപ്പാക്കാനും മറ്റുമായി ഉമ്മൻ ചാണ്ടി കൈക്കൂലി കൈപ്പറ്റിയെന്ന പരാതിക്കാരിയുടെ ആരോപണവും സി.ബി.ഐ തള്ളി. ഇതോടെ, ഏതാണ്ട് ഒമ്പതു വർഷം യു.ഡി.എഫിനെ മുൾമുനയിൽ നിർത്തിയ രാഷ്ട്രീയവിവാദത്തിന് താൽക്കാലികമായെങ്കിലും അറുതിയായെന്നു പറയാം.
വിഷയത്തിൽ, പരാതിക്കാരി സ്വീകരിക്കുന്ന തുടർ നിയമനടപടികൾക്കനുസരിച്ചിരിക്കും ബാക്കി കാര്യങ്ങൾ. അതെന്തായാലും, സി.ബി.ഐയുടെ കണ്ടെത്തൽ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്ക് വ്യക്തിപരമായും രാഷ്ട്രീയമായും ആശ്വാസത്തിന് വകനൽകുന്നതാണ്. മറുവശത്ത്, സംസ്ഥാന സർക്കാറിനെ സംബന്ധിച്ച് ഈ അന്വേഷണ റിപ്പോർട്ട് തിരിച്ചടിയുമാണ്. ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരുന്നൊരു കേസ്, പരാതിക്കാരിയുടെ മാത്രം മൊഴി പരിഗണിച്ച് സി.ബി.ഐക്കുവിട്ട പിണറായി സർക്കാറിന്റെ നടപടി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്ന ആരോപണങ്ങളെ ഒരുപരിധിവരെയെങ്കിലും ശരിവെക്കുന്നുണ്ട് സി.ബി.ഐയുടെ നിഗമനങ്ങൾ.
ഐക്യകേരളത്തിന്റെ ചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത ഒന്നായിരുന്നു സോളാർ കേസ്. സംസ്ഥാനത്ത് സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ഒരു സംഘം പിടിക്കപ്പെടുന്നതോടെയാണ് കേസിന്റെ തുടക്കം.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു വനിതയടക്കമുള്ളവർക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള ജനപ്രതിനിധികളുമായും ഭരണപക്ഷത്തെ ചില രാഷ്ട്രീയ നേതാക്കളുമായും ബന്ധമുണ്ടായിരുന്നുവെന്ന വിവരം പുറത്തായതോടെ കേസ് കേരളമാകെ കത്തിപ്പടർന്നു. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ പ്രഖ്യാപിക്കപ്പെട്ട ജുഡീഷ്യൽ അന്വേഷണം പൂർത്തിയായത് നാലു വർഷത്തിനുശേഷമാണ്. അപ്പോഴേക്കും ഭരണം മാറി പിണറായി സർക്കാർ അധികാരമേറ്റിരുന്നു.
‘ടീം സോളാർ’എന്ന ഇല്ലാക്കമ്പനിയുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി ജനത്തെ വഞ്ചിച്ചവർക്ക് ഉമ്മൻ ചാണ്ടിയും സംഘവും ഒത്താശചെയ്തുവെന്നും അതിനായി പണവും പെണ്ണിന്റെ മാനവും പ്രതിഫലംപറ്റിയെന്നുമുള്ള അറപ്പുളവാക്കുന്ന വിവരമാണ് ജസ്റ്റിസ് ശിവരാജൻ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. നാലു വാല്യങ്ങളിലായി 1067 പേജ് വരുന്ന റിപ്പോർട്ടിൽ വിഷയം സമഗ്രമായി അന്വേഷിക്കണമെന്നും നിർദേശമുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടുന്നതിൽ തെറ്റുപറയാൻ പറ്റില്ല; എന്നാൽ, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ, ലൈംഗിക പീഡനക്കേസുകൾ മാത്രമായി സി.ബി.ഐക്ക് വിട്ടപ്പോൾ സ്വാഭാവികമായും അതിൽ രാഷ്ട്രീയവൈരം സംശയിക്കപ്പെട്ടു.
നേരത്തേ, ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു; 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. ചുരുക്കത്തിൽ, യു.ഡി.എഫിനെതിരായ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിത്തന്നെയാണ് സോളാർ പീഡനക്കേസുകളെ ഇടതു സർക്കാർ സമീപിച്ചതെന്ന് കരുതാനാണ് ന്യായം. അങ്ങനെയെങ്കിൽ ആ ‘പോരാട്ട’ത്തിൽ വലിയ പരാജയമാണ് സർക്കാർ ഏറ്റുവാങ്ങിയിരിക്കുന്നതെന്നുതന്നെ പറയേണ്ടിവരും.
പരാതിക്കാരിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത സി.ബി.ഐ, അവർ ഉന്നയിച്ച പരാതികളത്രയും വ്യാജമാണെന്ന സംശയവും മുന്നോട്ടുവെക്കുന്നുണ്ട്. സോളാർ പദ്ധതികളിൽ നിക്ഷേപ സമാഹരണത്തിനായി എത്തിയ തന്നെ രാഷ്ട്രീയ നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നല്ലോ പരാതി. പരാതിക്കാരിതന്നെ ഹാജരാക്കിയ സാക്ഷികളുടെ മൊഴികൾപോലും അവർക്ക് അനുകൂലമായില്ല എന്നതാണ് കൗതുകകരം. ഇതിൽ മുൻ നിയമസഭാംഗം പി.സി. ജോർജ് അടക്കമുള്ളവരുണ്ട്. അപ്പോൾപിന്നെ, പരാതിക്കാരിയുടെ കേവലമൊഴി മാത്രം കണക്കിലെടുത്ത് മന്ത്രിസഭയുടെ പോലും അനുമതിക്ക് കാത്തുനിൽക്കാതെ പിണറായി സർക്കാർ സി.ബി.ഐക്ക് അന്വേഷണം കൈമാറിയതെന്തിനായിരുന്നു? നേരത്തേ ‘പ്രതി’കളുടെ ലിസ്റ്റിലുണ്ടായിരുന്ന ജോസ് കെ. മാണിയെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കിയതുകൂടി പരിഗണിക്കുമ്പോൾ ഇടതുസർക്കാറിന്റെ ഇക്കാര്യത്തിലെ രാഷ്ട്രീയം വ്യക്തം.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രസർക്കാർ ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളെ വേട്ടയാടുന്നുവെന്ന് നിരന്തരം പരാതി ഉന്നയിക്കുന്ന പാർട്ടിയും സർക്കാറുംതന്നെയാണ് അതേ രാഷ്ട്രീയ ദണ്ഡ് എതിരാളികൾക്കുനേരെ പ്രയോഗിച്ചിരിക്കുന്നത്. നമ്മുടെ രാഷ്ട്രീയ സംസ്കാരത്തിന് ഇതെത്രമാത്രം ഭൂഷണമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.