ദേവീന്ദർ സിങ്​ ഈ ഗൃഹത്തിന്‍റെ ഐശ്വര്യം

ഇന്ത്യയിലെ ഭീകരാക്രമണക്കേസുകൾ പിന്തുടരുന്ന ആർക്കും മറക്കാൻ കഴിയാത്ത പേരാണ് ദേവീന്ദർ സിങ്. ജമ്മു-കശ്മീർ പൊലീസിൽ ഡി.എസ്​.പിയായി ജോലിചെയ്യുന്ന ഈ ഉദ്യോഗസ്​ഥൻ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത് അത്യന്തം ദുരൂഹമായ ഒരു ഭീകരവാദക്കേസുമായി ബന്ധപ്പെട്ടാണ്. രണ്ടു ഹിസ്​ബുൽ മുജാഹിദീൻ തീവ്രവാദികളോടൊപ്പം കാറിൽ യാത്രചെയ്യവെ 2020 ജനുവരി 11ന് കശ്മീരിലെ കുൽഗാമിൽവെച്ച്, പതിവ് പരിശോധനക്കിടെ അദ്ദേഹം പൊലീസ്​ പിടിയിലാവുകയായിരുന്നു. ആ തീയതി പ്രത്യേകം ശ്രദ്ധിക്കണം.

കേന്ദ്ര സർക്കാറി​െൻറ പൗരത്വനിയമത്തിനെതിരെ ഡൽഹി കേന്ദ്രീകരിച്ച് വിദ്യാർഥിപ്രക്ഷോഭം അലയടിച്ചുയരുന്ന സന്ദർഭമാണ്. സംഘ്​പരിവാർ ഭരണകൂടത്തിന് രാജ്യത്തിനകത്തും പുറത്തും ഇത്രമേൽ പ്രഹരമേൽപിച്ച മറ്റൊരു സമരം ഉണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ജനകീയമായ ബഹുജന സമരമായിരുന്നു പൗരത്വപ്രക്ഷോഭം. ആ ജനകീയ ഉയിർപ്പിനെ തകർക്കാനുള്ള സർവ അടവുകളും മോദി-അമിത് ഷാ ടീം നീക്കിക്കൊണ്ടിരിക്കുകയായിരുന്നു.

അതിനിടക്കാണ് റിപ്പബ്ലിക്ദിനത്തിൽ ഡൽഹിയിൽ ഭീകരാക്രമണം നടന്നേക്കാമെന്ന് 'ഇൻറലിജൻസ്​ ഏജൻസി'കളെ ഉദ്ധരിച്ചുകൊണ്ട് 'ദേശീയ മാധ്യമ'ങ്ങളിൽ വാർത്തകൾ വരുന്നത്. ശ്രദ്ധിച്ച് വായിക്കണം; പൗരത്വസമരം ഡൽഹിയിൽ കത്തിയാളുമ്പോൾ, ഇൻറലിജൻസിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഭീകരാക്രമണ വാർത്തകൾക്ക് വലിയ പ്രാധാന്യമുണ്ട്. ആ വാർത്തകളുടെ ചൂടാറുംമുമ്പാണ് ദേവീന്ദർ സിങ്​ ഭീകരവാദികളോടൊപ്പം പിടിയിലാവുന്നത്. ഭീകരവാദികളെ ഡൽഹിയിൽ എത്തിക്കുകയായിരുന്നു ദേവീന്ദറി​​െൻറ ലക്ഷ്യമെന്ന് ജമ്മു-കശ്മീർ പൊലീസ്​ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.

ദേവീന്ദർ സിങ്ങുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇതേക്കാൾ കൗതുകമുണർത്തുന്നതാണ്. കാർഗിലിൽ രക്തസാക്ഷികളായ ജവാന്മാരുടെ മൃതശരീരങ്ങൾ കൊണ്ടുവരാനായി ശവപ്പെട്ടി വാങ്ങിയതിൽ വൻ അഴിമതി നടന്നെന്ന ആരോപണം പാർലമ​െൻറിനെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന കാലത്താണ്, 2001 ഡിസംബർ 13ന് പ്രമാദമായ പാർലമ​െൻറ് ആക്രമണം ഉണ്ടാവുന്നത്. ഈ കേസിൽ കുറ്റമാരോപിക്കപ്പെട്ട് വധശിക്ഷക്കു വിധേയനായ ആളാണ് കശ്മീരിയായ അഫ്സൽ ഗുരു. പാർലമ​െൻറ് ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിൽ എത്തിച്ചുവെന്നതാണ് അഫ്സൽ ഗുരുവിനെതിരായ ചാർജ്. ഈ കുറ്റം അഫ്സൽ ഗുരു നിഷേധിച്ചിട്ടുണ്ടായിരുന്നില്ല.

എന്നാൽ, ഇവരെ താൻ ഡൽഹിയിൽ എത്തിച്ചത് ദേവീന്ദർ സിങ്​ പറഞ്ഞിട്ടാണ് എന്നതായിരുന്നു അഫ്സൽ ഗുരു അഭിഭാഷകന് അയച്ച കത്തിൽ പറഞ്ഞിരുന്നത്. പാർലമ​െൻറ്​ ആക്രമണത്തിൽ പങ്കെടുത്തവരെ ഡൽഹിയിൽ എത്തിക്കാൻ ഒരു മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ തന്നെ ചുമതലപ്പെടുത്തിയെന്ന അഫ്സൽ ഗുരുവി​​െൻറ വാദം യഥാർഥത്തിൽ ഞെട്ടിക്കുന്നതാണ്. എന്നാൽ, അതിനെ ഗൗരവത്തിലെടുക്കാൻ നമ്മുടെ രാഷ്​ട്രീയനേതൃത്വമോ നിയമസംവിധാനമോ സന്നദ്ധമായില്ല. അഫ്സൽ ഗുരു തൂക്കിലേറ്റപ്പെടുകയും ചെയ്തു. അഫ്സൽ ഗുരു തൂക്കിലേറ്റപ്പെട്ട് വർഷങ്ങൾ കഴിഞ്ഞ് അതേ ദേവീന്ദർ സിങ്​ വീണ്ടും തീവ്രവാദികളെ ഡൽഹിയിലെത്തിക്കാനുള്ള പദ്ധതിക്കിടെ പൊലീസ്​ പിടിയിലാവുന്നു. ഇതൊന്നും അപസർപ്പക കഥകളല്ല; നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്.

ഇപ്പോൾ സംഭവിച്ചിരിക്കുന്നതാണ് ഏറ്റവും ഗംഭീരം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിക്കപ്പെടാത്തതിനാൽ മഹാനായ ആ പൊലീസ്​ ഉദ്യോഗസ്​ഥന് ജാമ്യം ലഭിച്ചിരിക്കുകയാണ്. എത്ര സഹാനുഭൂതിയോടെയാണ് നമ്മുടെ അന്വേഷണ സംവിധാനങ്ങൾ ആ മനുഷ്യ​​െൻറ കാര്യത്തിൽ പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഇതിൽപരം മറ്റെന്ത് തെളിവ് വേണം! പൗരത്വസമരത്തിൽ പങ്കെടുത്തവരെയും അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തവരെയുംവരെ ഭീകരനിയമങ്ങൾ ചാർത്തി ജയിലിലിട്ട് പീഡിപ്പിക്കുന്ന അതേ ഭരണകൂടംതന്നെയാണ്, ദേവീന്ദർ സിങ്ങിന്​ കുറ്റപത്രം നൽകുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത്.

സമയത്തിന് കുറ്റപത്രം സമർപ്പിക്കപ്പെട്ടില്ലെങ്കിൽ ജാമ്യം എന്നത് നിയമമാണ്. കോടതിക്ക് അങ്ങനെയേ ചെയ്യാൻ പറ്റൂ. എന്നാൽ, ഗർഭിണിയായ സഫൂറ സർഗാറിനെ ജയിലിൽ നിലനിർത്താൻ പണിപ്പെടുന്ന അതേ പൊലീസ്​ ദേവീന്ദർ സിങ്ങിന് കുറ്റപത്രം നൽകുന്നതിൽ 'പരാജയപ്പെടു'ന്നത് എന്തുകൊണ്ടാണ്? തീവ്രവാദികൾക്ക്​ കഞ്ഞിവെച്ച ആ ഉദ്യോഗസ്​ഥനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാൻ പണിയെടുക്കുന്നവർ ആരാണ്? തീവ്രവാദത്തെക്കുറിച്ചും തീവ്രവാദവിരുദ്ധ പോരാട്ടത്തെക്കുറിച്ചുമുള്ള അപ്രിയ സത്യങ്ങൾ മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാനുള്ള ദൃഷ്​ടാന്തമാണ് ദേവീന്ദർ സിങ്ങി​​െൻറ ജീവിതവും അറസ്​റ്റും ജാമ്യവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT