സംസ്ഥാനത്തെ പഴക്കംചെന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി). മഹത്തായ പാരമ്പര്യമുള്ള സ്ഥാപനമാണെങ്കിലും ആളുകൾ വലിയൊരു തമാശയായിട്ടാണ് മൊത്തത്തിൽ അതിനെ കാണുന്നത്. കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായി മാറിയ ആ സ്ഥാപനം ഇനിയും ഈ മട്ടിൽ തുടരേണ്ടതുണ്ടോ എന്ന് പൊതുജനം ചോദിച്ചുതുടങ്ങിയിട്ടുണ്ട്. 140 കോടി രൂപയോളം വരും അതിെൻറ പ്രതിമാസ നഷ്ടം. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താനെന്ന പേരിൽ മാറിമാറി വന്ന സർക്കാറുകൾ പലവിധ പണികൾ എടുത്തുനോക്കിയിട്ടുണ്ട്. നിരവധി കമ്മിറ്റികൾ അതിനായി രൂപവത്കരിക്കപ്പെടുകയും ചെയ്തു. ഈ കമ്മിറ്റികളുടെ റിപ്പോർട്ടുകളെല്ലാം തൂക്കിവിറ്റാൽതന്നെ കെ.എസ്.ആർ.ടി.സിക്ക് നല്ലൊരു തുക കിട്ടുമെന്ന് പരിഹസിക്കപ്പെടുന്നിടത്തോളം അതെത്തി.
മൂന്നു വർഷത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കുമെന്ന് പ്രഖ്യാപിച്ചാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത്. കൊൽക്കത്ത ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിലെ പ്രഫ. സുശീൽ ഖന്നയെ കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പാക്കേജ് സമർപ്പിക്കാനായി നിയോഗിക്കുകയും ചെയ്തു. സുശീൽ ഖന്ന റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ കാര്യങ്ങൾ പോകുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥനായ ടോമിൻ തച്ചങ്കരിയെ 2018 ഏപ്രിലിൽ കമ്പനിയുടെ സി.എം.ഡിയായി നിയമിക്കുകയും ചെയ്തു.
എന്നാൽ, ടോമിൻ തച്ചങ്കരി തെൻറ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുമ്പോൾ തന്നെ കെ.എസ്.ആർ.ടി.സിയിലെ വിവിധ യൂനിയനുകളുടെ ഭാഗത്തുനിന്ന് വലിയ എതിർപ്പുകളും ഉയർന്നുതുടങ്ങിയിരുന്നു. അമിതമായ േട്രഡ് യൂനിയനിസം കെ.എസ്.ആർ.ടി.സിയെ നശിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് സുവിദിതമാണ്. യൂനിയൻ യൂനിറ്റ് സമ്മേളനങ്ങൾക്കുവേണ്ടിപോലും ഡസൻ കണക്കിന് സർവിസുകൾ കട്ട് ചെയ്യുന്ന വിചിത്രമായ അനുഭവങ്ങളുണ്ട്. 2017 ജൂലൈ നാലിന് കൊല്ലം ജില്ലയിലെ പുനലൂർ ഡിപ്പോയിൽ സി.ഐ.ടി.യു യൂനിറ്റ് സമ്മേളനത്തിെൻറ ഭാഗമായി ഇരുപതിലധികം സർവിസുകൾ കട്ട് ചെയ്തതിനെ കുറിച്ച് അന്ന് ഞങ്ങൾ ഈ കോളത്തിൽ എഴുതിയിരുന്നു. കെ.എസ്.ആർ.ടി.സിയെ സാമ്പത്തിക ഞെരുക്കത്തിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന ധനവകുപ്പ് 130 കോടിയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിെൻറ തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവമെന്നതാണ് കൗതുകകരം. യൂനിയൻ മാമാങ്കങ്ങൾക്കുവേണ്ടി ഈ മട്ടിലുള്ള പരിപാടികൾ കെ.എസ്.ആർ.ടി.സിയിൽ വ്യാപകമാണ്. ഇപ്പോൾ ഭരണ, പ്രതിപക്ഷ ഭേദെമന്യേ സമരത്തിനിറങ്ങിയിരിക്കുന്നതും പലതരം യൂനിയൻ ആർഭാടങ്ങളും അവസാനിക്കുന്നു എന്നതിെൻറ പേരിലാണ്. സമരത്തിെൻറ ഭാഗമായി ആഗസ്റ്റ് ഏഴിന് പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി തുടങ്ങിയ പ്രമുഖ യൂനിയനുകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമരപ്രഖ്യാപന കൺവെൻഷൻ നടത്തുകയുണ്ടായി. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സി.പി.ഐ നേതാവ് കെ.പി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത കൺവെൻഷൻ അതിരൂക്ഷമായാണ് പുതിയ പരിഷ്കരണങ്ങളോട് പ്രതികരിച്ചത്. മുഖ്യ പ്രഭാഷണം നടത്തിയ സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ മോശമായ വാക്കുകൾ ഉപയോഗിച്ചാണ് ടോമിൻ തച്ചങ്കരിക്കെതിരെ സംസാരിച്ചത്. സി.എം.ഡിയെ മാറ്റാൻ ആവശ്യപ്പെടില്ലെന്നും മടുത്ത് ഇറങ്ങിപ്പോകുന്ന സാഹചര്യം തങ്ങൾ സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘സി.എം.ഡിയുടെ ഉത്തരവുകൾക്ക് പട്ടിയുടെ വിലപോലും തൊഴിലാളികൾ നൽകുന്നില്ല. തൊഴിലാളികൾ സമരംചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല’- ഇങ്ങനെ പോകുന്നു അദ്ദേഹത്തിെൻറ വാക്കുകൾ.
ടോമിൻ തച്ചങ്കരി ചെയ്യുന്ന കാര്യങ്ങളെല്ലാം മഹത്തരമാണ് എന്നല്ല പറഞ്ഞുവരുന്നത്. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി സർക്കാർ ഒരു കമീഷനെ നിശ്ചയിക്കുന്നു. പ്രസ്തുത കമീഷെൻറ ശിപാർശകൾ നടപ്പാക്കാൻ ഉയർന്ന ഉദ്യോഗസ്ഥനെ സി.എം.ഡിയായി നിശ്ചയിക്കുന്നു. അദ്ദേഹം ജോലി തുടങ്ങുമ്പോഴേക്ക് ഭരണപക്ഷത്ത് നിൽക്കുന്ന തൊഴിലാളി സംഘടനവരെ സമരവുമായി വരുന്നു. ഇത് വിചിത്രമായ കാര്യമാണ്. തൊഴിലാളി സംഘടനകൾ ഉന്നയിക്കുന്ന വിഷയങ്ങളാവട്ടെ തീർത്തും അവരുടെ േട്രഡ് യൂനിയനുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ്. യൂനിയൻ പിരിവ്, പ്രമോഷൻ, ജോലിക്കിടയിലെ യൂനിയൻ പ്രവർത്തനം തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് ഇങ്ങനെയൊരു സമരവുമായി ഇറങ്ങാൻ യൂനിയനെ േപ്രരിപ്പിക്കുന്നത്. ഈ സമരത്തിന് ജനങ്ങളുടെ പിന്തുണ ലഭിക്കില്ല എന്ന കാര്യത്തിൽ സംശയമില്ല. കെ.എസ്.ആർ.ടി.സിയെ ദുർബലപ്പെടുത്തുന്നതിൽ അതിരുകവിഞ്ഞ േട്രഡ് യൂനിയനിസത്തിെൻറ പങ്ക് ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്.
വിവിധ വികസന പദ്ധതികളുടെ പേരിൽ വീടും തൊഴിൽസ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ സമരരംഗത്തിറങ്ങുന്നത് കേരളത്തിൽ അടുത്തിടെ വ്യാപകമാണ്. ഈ സമരങ്ങളെ നിർദയം അടിച്ചമർത്തുന്ന സമീപനമാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്. ഇത്തരം ജനകീയ സമരങ്ങളെല്ലാം തീവ്രവാദ പ്രവർത്തനമാണ് എന്ന നിലപാടാണ് സി.പി.എമ്മും സർക്കാറും സ്വീകരിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്ന സാധാരണ മനുഷ്യരുടെ സമരങ്ങളെ തീവ്രവാദികളെ അടിച്ചമർത്തുന്ന രീതിയിൽ കൈകാര്യം ചെയ്ത സർക്കാർ, കെ.എസ്.ആർ.ടി.സിയിൽ സർക്കാർ നയം നടപ്പാക്കുന്നതിനെതിരെ രൂപപ്പെടുന്ന സമരത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് കണ്ടറിയണം. കെ.എസ്.ആർ.ടി.സിയെ രക്ഷപ്പെടുത്തുന്നതിലല്ല, തങ്ങളുടെ യൂനിയൻ ആധിപത്യം നിലനിർത്തുന്നതിലാണ് എല്ലാവർക്കും താൽപര്യം എന്നത് സങ്കടകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.