തുടരത്തുടരെ രാജ്യത്തെ പരമോന്നത കോടതി സ്വാതന്ത്ര്യ-ജനാധിപത്യ വാദികളുടെ പ്രതികൂല നിരൂപണത്തിന് ഇടം കൊടുക്കുന്നു എന്നത് അസ്വാസ്ഥ്യജനകമാണ്. അർണബ് ഗോസ്വാമി എന്ന റിപ്പബ്ലിക് ടി.വി അധിപന് ജാമ്യം നൽകുന്നതിൽ കാണിച്ച അസാധാരണമായ വേഗവും താൽപര്യവുമാണ് ഇപ്പോൾ ചർച്ചചെയ്യപ്പെടുന്നത്. ഏറ്റവുമൊടുവിൽ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ, കുനാൽ കമ്ര എന്ന ഹാസ്യകലാകാരനെതിരെ കോടതിയലക്ഷ്യക്കേസിന് ശിപാർശ ചെയ്തത് അമിതാവേശത്തിെൻറ പുതിയ ഉദാഹരണമാണ്; ആ ചൂണ്ടയിൽ കോടതി കൊത്തരുതെന്നാണ് ജനാധിപത്യവാദികൾ പൊതുവെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അർണബിെൻറ കാര്യത്തിൽ കോടതി കാണിച്ച അമിതാവേശം ജുഡീഷ്യറിയുടെ യശസ്സ് ഉയർത്തുന്നതായിട്ടില്ലല്ലോ. ഒരു ആത്മഹത്യ പ്രേരണക്കേസിൽ അർണബിനെയും വേറെ രണ്ടുപേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടാവാം. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിച്ചതിെൻറ ഫലമറിയും മുേമ്പ അർണബ് ബോംബെ ഹൈകോടതിയെ സമീപിച്ചു. മുറതെറ്റിച്ചതിനാൽ ഹൈകോടതി ജാമ്യാപേക്ഷ തള്ളി. ഇത് അസാധാരണമല്ല. കീഴ്കോടതിയിൽചെന്ന് സമയം പാഴാക്കാൻ നിൽക്കാതെ അർണബ് ഹൈകോടതി തീർപ്പിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കുന്നതാണ് പിന്നെ കണ്ടത്. കീഴ്കോടതി കേസ് കേൾക്കാനിരുന്ന സമയത്ത് വന്ന അപേക്ഷ സുപ്രീംകോടതി പതിവില്ലാത്ത മട്ടിൽ ഉടനെത്തന്നെ പരിഗണനക്കെടുത്തു. അതേദിവസംതന്നെ ഇടക്കാല ജാമ്യവും നൽകി. ഇത് രാജ്യത്തെ നിയമവൃത്തങ്ങളിലും ജനാധിപത്യവാദികളിലും അമ്പരപ്പുളവാക്കിയത് ജാമ്യം അന്യായമായതിനാലല്ല; മറിച്ച് സമാനമായ അനേകം കേസുകളിൽ കോടതി കാണിച്ചുവന്ന ഉദാസീനതയുമായി ഇതിനുള്ള വല്ലാത്ത അന്തരം തിരിച്ചറിഞ്ഞാണ്.
ജാമ്യത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതിതന്നെ സമ്മതിച്ചിട്ടും സുധ ഭരദ്വാജ് എന്ന അഭിഭാഷകക്ക് കോടതി ജാമ്യം നൽകിയില്ല; ഹൈകോടതിയെ സമീപിക്കാൻ ഉപദേശിച്ച് അവരെ മടക്കുകയാണ് പരമോന്നത കോടതി ചെയ്തത്. സിദ്ദീഖ് കാപ്പൻ എന്ന മലയാളി ജേണലിസ്റ്റിനെ യു.പി പൊലീസ് തടവിലാക്കി യു.എ.പി.എ ചുമത്തിയത് ജാമ്യം ഉടനെ ലഭിക്കാതിരിക്കാനാണ്. ആ കരിനിയമം മറ്റു പലർക്കുമെതിരെ അധികാരികൾ ചുമത്തിയതിന് പിന്നിലും കാരണം മറ്റൊന്നായിരിക്കില്ല. അക്കാര്യം പരിശോധിക്കാനുള്ള ജാഗ്രത കോടതികൾ കാണിക്കാതിരിക്കുേമ്പാൾ, വ്യക്തിസ്വാതന്ത്ര്യത്തെ പരമമായി കരുതുന്നു എന്ന് അർണബിെൻറ കാര്യത്തിൽ കോടതി എടുത്ത നിലപാടാണ് റദ്ദായിപ്പോകുന്നത്. ആസിഫ് സുൽത്താൻ എന്ന കശ്മീരി ജേണലിസ്റ്റിനെ 2018ൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ കീഴ്കോടതി ജാമ്യം നിഷേധിച്ചു. തുടർന്ന് ജാമ്യം കിട്ടാത്ത ആരോപണങ്ങൾകൂടി പൊലീസ് കുറ്റപത്രത്തിൽ ചേർത്തു. 800ലധികം ദിവസമായി അദ്ദേഹം തടങ്കലിലാണ്. മാധ്യമപ്രവർത്തകർക്ക് പുറമെ ഒരുപാട് പൗരാവകാശ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം ഇങ്ങനെ ന്യായമായി കിട്ടേണ്ട ജാമ്യം നിഷേധിക്കപ്പെട്ട് തടങ്കലിൽ തുടരുന്നുണ്ട്. അർണബിേൻറതിന് സമാനമെന്ന് നിയമവൃത്തങ്ങൾ പറയുന്ന കബീർ കലാമഞ്ച് പ്രവർത്തകരായ രണ്ടു പേരുടെ തടങ്കൽ ജുഡീഷ്യൽ സമീപനത്തിലെ വ്യത്യാസം വ്യക്തമാക്കുന്നു. അവർ ജാമ്യമില്ലാതെ കോടതിയിൽ കേസ് പരിഗണനക്കെടുക്കുന്നത് കാത്തിരിക്കെയാണ് അർണബ് ആറു ദിവസംകൊണ്ട് ജാമ്യം നേടുന്നത്. പൗരാവകാശ പ്രക്ഷോഭത്തിൽ സമാധാനപരമായി പങ്കെടുത്ത ഒരുപാടു പേർ അന്യായ തടങ്കലിലുണ്ട്. യു.എ.പി.എ ചുമത്തപ്പെട്ട്, വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട്, മാസങ്ങളായി കൂട്ടിലടക്കപ്പെട്ടവർ. അർണബിെൻറ ജാമ്യവിചാരണയിൽ സുപ്രീംകോടതി ജഡ്ജി ചന്ദ്രചൂഡ് ചോദിച്ചത് 'ഒരു ഭരണഘടനാ കോടതിയെന്ന നിലക്ക് സുപ്രീംകോടതി വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നില്ലെങ്കിൽ പിന്നെ ആരാണത് ചെയ്യുക?' എന്നാണ്. പക്ഷേ, സത്യമോ? ഒരുഭാഗത്ത് കോടതി ജാമ്യം കൊടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ പൊലീസിന് കഴിയുന്നു. യു.എ.പി.എ ചുമത്തുന്നത് ന്യായമായ കാരണത്തിനുതന്നെയോ എന്ന് കോടതികൾ കണിശമായി പരിശോധിക്കാത്തിടത്തോളം കാലം വ്യക്തിസ്വാതന്ത്ര്യം ആർക്കൊക്കെയെന്ന് തീരുമാനിക്കുന്നത് കോടതിയല്ല, പൊലീസും ഭരണകൂടവുമാണ്.
മറുഭാഗത്ത്, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽതന്നെയും വ്യക്തമായ വിവേചനം തുടർക്കഥയാകുന്നു. കശ്മീരിലെ ചില ഹേബിയസ് കോർപസ് ഹരജികളിൽ, നിസ്സാര കാരണങ്ങളുടെ പേരിൽ രാജ്യദ്രോഹം ചുമത്തിയ സംഭവങ്ങളിൽ, സർക്കാറിനെ വിമർശിക്കുന്ന വാർത്തയും ട്വീറ്റും കാരണമാക്കി വ്യക്തികളെ വേട്ടയാടുന്ന വിഷയങ്ങളിൽ - ഇതിലൊന്നും വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗത്തല്ല ഏറെയും ജുഡീഷ്യറി നിലകൊണ്ടുവരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് പ്രമുഖ ജഡ്ജിമാരും നിയമജ്ഞരും തന്നെയാണ്. അർണബിന് അതിവേഗ ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടി ബാർ അസോസിയേഷൻ പ്രസിഡൻറ് ദുഷ്യന്ത് ദവെ ഉയർത്തിയ സംശയങ്ങൾ വെറും തോന്നലുകളല്ലല്ലോ. ഇക്കൊല്ലം സുപ്രീംകോടതി പരിശോധിച്ച, അഭിപ്രായസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 10 കേസുകളിൽ ഭരണകൂടത്തിെൻറ വാദത്തിനനുസരിച്ചാണ് വിധി-അനുകൂലമായാലും പ്രതികൂലമായാലും-നൽകപ്പെട്ടതെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഉദാത്തമായ തത്ത്വങ്ങൾ പറഞ്ഞാണ് അർണബിന് കോടതി ജാമ്യമനുവദിച്ചത്-നല്ലത്. പക്ഷേ, പാർക്കിൻസൺ രോഗം ബാധിച്ച 83കാരൻ സ്റ്റാൻസ്വാമിക്ക് കോവിഡ് കാലത്തുപോലും കിട്ടാത്ത ജാമ്യം, അദ്ദേഹത്തിന് വെള്ളം കുടിക്കാൻ സ്ട്രോ വേണമെന്ന ആവശ്യം കോടതിയുടെ പരിഗണനക്കെത്തിയപ്പോൾ മറുവിശദീകരണം നൽകാൻ എൻ.ഐ.എക്ക് 20 ദിവസം സമയം നൽകിയ ഔദാര്യം, ശയ്യാവലംബിയായ 79കാരൻ വരവരറാവുവിന് കിട്ടാത്ത ജാമ്യം, അനേകമാളുകൾ രാഷ്ട്രീയവും മറ്റുമായ കാരണങ്ങളാൽ തടങ്കലിൽ കഴിയുേമ്പാഴും അകന്നകന്നുപോകുന്ന ജുഡീഷ്യൽ 'സംരക്ഷണം'-കോടതിയുടെ പ്രഖ്യാപിത തത്ത്വങ്ങളുമായി ചേർന്നുപോകാത്ത ഇത്തരം പരിഹാസ്യമായ അനുഭവങ്ങൾ കണ്ട് ഈ അവസ്ഥയെ കളിയാക്കുന്ന ട്വീറ്റുകൾ കുനാൽ കമ്ര പോസ്റ്റ് ചെയ്തു. ('നിയമം ഒരു കഴുതയാണ്' എന്ന് ഡിക്കൻസിെൻറ കഥാപാത്രം മുേമ്പ പറഞ്ഞിട്ടുള്ളതാണ്). സ്വയം തിരുത്താൻ തയാറാവുകയാണ് കോടതി ചെയ്യേണ്ടത്. അല്ലാതെ വിമർശനങ്ങളെ കോടതിയലക്ഷ്യം കാട്ടി ഒതുക്കാനുള്ള ശ്രമം കോടതിയുടെ വിശ്വാസ്യത തകർക്കാനേ ഉപകരിക്കൂ. പ്രശാന്ത് ഭൂഷൺ കേസിൽ കാണിച്ച അബദ്ധം ഇതിൽ കോടതി കാണിക്കില്ലെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.