തൂവൽതീരത്തെ കദനഭാരം

താനൂർ തൂവൽതീരത്തെ ഉല്ലാസബോട്ട് ദുരന്തം മലയാളിമനസ്സിലുണ്ടാക്കിയ നടുക്കത്തിന്റെയും കദനത്തിന്റെയും ഭാരം എളുപ്പമൊന്നും നീങ്ങാനിടയില്ല. ഉൾക്കൊള്ളാവുന്നതിലിരട്ടിയോളം ആളുകളെ കയറ്റി പുറപ്പെട്ട ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേരുൾപ്പെടെ 22 മനുഷ്യജീവനുകളാണ് പൂരപ്പുഴയിൽ പൊലിഞ്ഞത്; പലരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ പ്രിയപ്പെട്ടവരൊപ്പം അൽപനേരം സന്തോഷപൂർവം ചെലവിടാൻ പ്രവാസികൾ ഉൾപ്പെടെ മലയാളി കുടുംബങ്ങൾ ഏറെയും തിരഞ്ഞെടുക്കുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ വിനോദസഞ്ചാര-ഉല്ലാസകേന്ദ്രങ്ങളിൽ ഏതുസമയവും സംഭവിച്ചേക്കാവുന്ന അത്യാഹിതമാണിതെന്നത് നടുക്കം ഇരട്ടിപ്പിക്കുന്നു.

മത്സ്യബന്ധനയാനത്തിന് രൂപമാറ്റം വരുത്തി സജ്ജീകരിച്ച ബോട്ടിൽ യാത്രക്കാരെ കുത്തിനിറച്ചതും ഉല്ലാസ ജലയാത്രകളിൽ നിർബന്ധമായും ലഭ്യമാക്കേണ്ട ലൈഫ്ജാക്കറ്റുകളടക്കമുള്ള മുൻകരുതലുകൾ ഇല്ലാഞ്ഞതുമാണ് താനൂർ ദുരന്തത്തിന് വഴിവെച്ചതും വ്യാപ്തി വർധിപ്പിച്ചതുമെന്നാണ് പ്രാഥമിക നിഗമനങ്ങൾ. അപകടം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് സംസ്ഥാന സർക്കാർ. കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയായി റിപ്പോർട്ട് പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ, അന്വേഷണ കമീഷൻ മുന്നോട്ടുവെക്കുന്ന ശിപാർശകൾ നടപ്പാക്കപ്പെടുമെന്ന് പ്രതീക്ഷിക്കാൻ വല്ല വകയുമുണ്ടോ? ഇല്ലെന്ന് വിശ്വസിക്കാൻ മുന്നനുഭവങ്ങൾ നമ്മെ നിർബന്ധിതരാക്കുന്നു.

29 പേർ മരിച്ച കുമരകം ബോട്ട് ദുരന്തം (2002), 18 പേർ മരിച്ച തട്ടേക്കാട് ദുരന്തം (2007), 45 ജീവൻ പൊലിഞ്ഞ തേക്കടി ദുരന്തം (2009), നാലു പേർ മരിച്ച പുന്നമടക്കായൽ ദുരന്തം (2013), 11 ജീവൻ നഷ്ടപ്പെട്ട ഫോർട്ടുകൊച്ചി ദുരന്തം (2015), രണ്ടുപേർ മരിച്ച ബേപ്പൂർ അപകടം (2017) എന്നീ അപകടങ്ങൾ രണ്ടായിരമാണ്ടിന് ശേഷം മാത്രം കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. കുമരകം ദുരന്തം ജസ്റ്റിസ് നാരായണക്കുറുപ്പ് കമീഷനും തട്ടേക്കാട് ദുരന്തം ജസ്റ്റിസ് പരീതുപിള്ള കമീഷനും തേക്കടി ദുരന്തം ഇ. മൊയ്തീൻകുഞ്ഞ് കമീഷനും അന്വേഷിച്ചു. ഓരോ വീഴ്ചകളും പഠിച്ച് ബോട്ടുകളുടെ ശേഷിയിലേറെ ആളുകളെ കയറ്റരുതെന്നും സമയാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും ലൈഫ്ജാക്കറ്റുകൾ നിർബന്ധമാക്കണമെന്നുമെല്ലാമുൾപ്പെടെ ഒട്ടനവധി നിർദേശങ്ങളാണ് സമർപ്പിക്കപ്പെട്ടത്. എന്നാൽ, അതിൽനിന്നൊന്നും പാഠം പഠിക്കാതെ വീഴ്ചകൾ അനുദിനം ആവർത്തിക്കപ്പെടുന്നുവെന്നുമാണ് താനൂർ കേരളത്തോട് പറയുന്നത്.

ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്ന കേരളത്തിന്റെ വശ്യമായ ജലാശയങ്ങളോടനുബന്ധിച്ച് ഇക്കഴിഞ്ഞ വർഷങ്ങളിലായി തഴച്ചുവളരുന്നുണ്ട് ഉല്ലാസ-ഹൗസ്ബോട്ട് വ്യവസായം. ഉല്ലാസ സഞ്ചാരങ്ങൾക്കും ആഘോഷ പാർട്ടികൾക്കും വേണ്ടി മാത്രമല്ല, സമ്മേളനങ്ങൾക്കും പഠന കോൺഫറൻസുകൾക്കുമുൾപ്പെടെ ഒഴുകുന്ന വേദികളായി ബോട്ടുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. നൂറുകണക്കിന് കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുന്നു. ഇവക്ക് പുറമെ ലൈസൻസ് ഇല്ലാത്തതും കാലഹരണപ്പെട്ടതും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ അർഹതയില്ലാത്തതുമായ ഒട്ടനവധി വിനോദസഞ്ചാര യാനങ്ങളും നമ്മുടെ ജലപ്പരപ്പുകളിലൂടെ സർവിസ് നടത്തുന്നുണ്ട് എന്നകാര്യം അധികൃതർക്ക് അറിയാഞ്ഞിട്ടല്ല, കണ്ടില്ലെന്ന് നടിക്കാറാണ്. ഇനിയതു പറ്റില്ല. ഇത്ര ഭയാനകമായ ദുരന്തം നടന്ന സാഹചര്യത്തിൽ, ഇനിയുമൊരത്യാഹിതത്തിന് ഇടനൽകാതെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ സംരക്ഷിക്കാനും ഈ വ്യവസായത്തിന്റെയും വിനോദസഞ്ചാര മേഖലയുടെയും സുസ്ഥിരത ഉറപ്പാക്കാനും സർക്കാർ അടിയന്തരമായി ഇടപെട്ടേ തീരൂ.

ഉല്ലാസ ബോട്ടുകളിലൊതുങ്ങുന്നില്ല അപകടസാധ്യതകൾ. ജലഗതാഗത വകുപ്പിന്റെ പല യാത്രാബോട്ടുകളും താങ്ങാവുന്നതിന്റെ ഇരട്ടി യാത്രക്കാരെയും വഹിച്ചാണ് ദിവസേന രാവിലെയും വൈകീട്ടും സർവിസ് നടത്തുന്നത്. റോഡുകളിലെമ്പാടും കാമറകൾ സ്ഥാപിച്ച് നിയമലംഘനം കണ്ടെത്താൻ പുലർത്തുന്ന ശുഷ്കാന്തി ജലഗതാഗത മേഖലയിലും വേണ്ടതില്ലേ. പ്രമുഖ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഏറെ മുമ്പ് ചൂണ്ടിക്കാണിച്ചതുപോലെ വിമാനങ്ങളിൽ നൽകുന്ന മട്ടിലെ സുരക്ഷാ ബ്രീഫിങ് പോലും ഉല്ലാസബോട്ടുകളിൽ നൽകാറില്ല. തീപിടിത്തം സംഭവിച്ചാൽ അതു തടയാനുള്ള സംവിധാനങ്ങൾ പല ഹൗസ്ബോട്ടുകളിലുമില്ല. ഇനിയെങ്കിലും മനുഷ്യജീവന് വിലകൽപിച്ചേ മതിയാവൂ.

താനൂർ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രാർഥനകളിൽ ‘മാധ്യമം’ ഒപ്പം ചേരുന്നു. അതോടൊപ്പം അപകടവിവരം കേട്ടമാത്രയിൽ എല്ലാ പരിമിതികളെയും അവഗണിച്ച് രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളെയും പൊലീസ്-അഗ്നിരക്ഷാസേനാംഗങ്ങളെയും ആദരപൂർവം നെഞ്ചോടുചേർക്കുന്നു.

Tags:    
News Summary - Tanur thooval theeram boat accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.