രാജ്യരക്ഷയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ചും മറ്റും സ ാമാന്യജനങ്ങൾ പൊതുവെ പങ്കുവെക്കാറുള്ള ആശങ്കകളെയും സംശയങ്ങളെയും ബലപ്പെടുത്തു ന്നതാണ് ജമ്മു-കശ്മീരിൽനിന്നുള്ള പുതിയ വർത്തമാനങ്ങൾ. കഴിഞ്ഞ ശനിയാഴ്ച, കുൽഗാം ജില്ലയിലെ മിർ ബസാറിൽ സൗത്ത് കശ്മീർ ഡി.ജി.പി അതുൽ ഗോയലിെൻറ നേതൃത്വത്തിൽ നടന്ന പൊലീസ് റെയ്ഡിൽ രണ്ടു തീവ്രവാദികൾക്കൊപ്പം പിടിയിലായത് ദേവീന്ദർ സിങ് എന്ന ഡിവൈ.എസ്.പിയാണ്. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ നവീദ് ബാബു, ലശ്കറെ ത്വയ്യിബയുടെ നേതാവ് അൽതാഫ് എന്നിവർക്കൊപ്പമാണ് കാൽനൂറ്റാണ്ടായി കശ്മീർ പൊലീസ് സേനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ദേവീന്ദറിനെ ഇവർ സഞ്ചരിച്ച കാറിൽവെച്ച് അധികൃതർ പിടികൂടിയത്. ഡൽഹിയിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്ര തലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുമായി കൂട്ടിച്ചേർത്തും ഈ അറസ്റ്റിനെ നോക്കിക്കാണുന്നവരുണ്ട്. പ്രഥമദൃഷ്ട്യാ, ആ വിശകലനം യുക്തിഭദ്രമാണ്. അതെന്തായാലും, പൊലീസിലെയും സുരക്ഷാസേനയിലെയും ഉദ്യോഗസ്ഥർക്ക് താഴ്വരയിലെ തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ശരിവെക്കുന്നുണ്ട് പുതിയ സംഭവവികാസങ്ങൾ.
അറസ്റ്റിലായിരിക്കുന്ന ദേവീന്ദർ സിങ് ചില്ലറക്കാരനല്ല. ശ്രീനഗർ വിമാനത്താവളത്തിലെ സുരക്ഷാവിഭാഗത്തിെൻറ ചുമതലക്കാരിലൊരാളാണ് അദ്ദേഹം. കശ്മീരിന് പ്രേത്യക പദവി അനുവദിച്ചിരുന്ന 370ാം വകുപ്പ് റദ്ദാക്കിയശേഷം മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇവിടെയെത്തിയ വിദേശ നയതന്ത്രപ്രതിനിധികളെ സുരക്ഷാ ഉദ്യോഗസ്ഥൻ എന്ന നിലയിൽ അനുഗമിച്ചിരുന്നതും ഇദ്ദേഹമാണ്. രാഷ്ട്രപതി ഭരണത്തിലുള്ള ജമ്മു-കശ്മീരിൽ അധികാരികൾക്ക് അത്രമേൽ വിശ്വസ്തനായ ഒരാളാണ് ദേവീന്ദർ സിങ് എന്നർഥം. എന്നല്ല, കഴിഞ്ഞവർഷം ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. കലുഷിതമായ താഴ്വരയിൽ ഭാരിച്ച ഉത്തരവാദിത്തം വഹിക്കുന്ന ദേവീന്ദർ സിങ് കഴിഞ്ഞ ദിവസങ്ങളിൽ അവധിയിലായിരുന്നു. അതിനിടയിലാണ്, പൊലീസ് റെയ്ഡിൽ വലയിലായത്. അപ്പോൾ, ഇയാൾ ഭരണകൂടത്തിെൻറ മാത്രം വിശ്വസ്തനല്ലെന്നു വ്യക്തം. കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊലപാതക കേസുകളിലടക്കം പ്രതിചേർക്കപ്പെട്ട നവീദ് ബാബുവിനെപ്പോലുള്ള ആളുകളെ ഡൽഹിയിലേക്ക് കടത്താൻ മാത്രം കശ്മീരിലെ തീവ്രസ്വരക്കാരുമായി ഈ ഉദ്യോഗസ്ഥനുള്ള ബന്ധമെന്തായിരിക്കും? ഈ തീവ്രവാദ സംഘടനകളുടെ ഉപകരണമായി പ്രവർത്തിക്കുകയാണോ ഇയാൾ? അതോ, മറ്റു ചിലർ നിരീക്ഷിച്ചതുപോലെ, ഭരണകൂടമൊരുക്കിയ മറ്റൊരു തിരക്കഥയിലെ പതിവു പൊലീസ് കഥാപാത്രം മാത്രമാണോ ദേവീന്ദർ സിങ്? വസ്തുതാപരവും നിഷ്പക്ഷവുമായ അന്വേഷണത്തിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ദേവീന്ദർ സിങ്ങിനെതിരെ യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തുവെന്നാണ് അധികാരികൾ നൽകുന്ന വിവരം. പിടിക്കപ്പെട്ട മറ്റുള്ളവർക്കൊപ്പം ഇയാളെയും ‘തീവ്രവാദി’യായിത്തന്നെ വിചാരണ ചെയ്യുമെന്നും പൊലീസ് സേനയിലെ ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. അത്രയും നല്ലത്. അപ്പോഴും മേൽ സൂചിപ്പിച്ച ചോദ്യങ്ങൾ ബാക്കിയാവുകയാണ്. കാരണം, ദേവീന്ദർ സിങ്ങിെൻറ തീവ്രവാദകഥകൾ പുതിയതല്ല. ഏകദേശം 15 വർഷം മുമ്പ് അത്തരമൊരു കഥ നാം കേട്ടതാണ്. 2001ലെ പാർലമെൻറ് ആക്രമണ കേസിൽ വധശിക്ഷക്ക് വിധേയനായ അഫ്സൽ ഗുരു തെൻറ അഭിഭാഷകന് ജയിലിൽനിന്നെഴുതിയ കത്തിൽ ദേവീന്ദറിെൻറ കാര്യം പരാമർശിക്കുന്നുണ്ട്. പാർലമെൻറ് ആക്രമണത്തിൽ കൊല്ലപ്പെട്ട പാക് പൗരൻ മുഹമ്മദിനെ ഡൽഹിയിലെത്തിക്കാൻ അഫ്സൽ ഗുരുവിനോട് നിർദേശിച്ചത് ദേവീന്ദർ ആയിരുന്നുവത്രെ. ആ സമയത്ത്, കശ്മീരിൽ സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിൽ പ്രവർത്തിച്ചിരുന്ന ദേവീന്ദർ തന്നെ ഹുംഹാമയിലെ െപാലീസ് ക്യാമ്പിൽവെച്ച് ക്രൂരമായി മർദിച്ചിരുന്നുവെന്നും അഫ്സൽ ഗുരു കത്തിൽ പറയുന്നുണ്ട്. സുപ്രീംകോടതിയിൽ കേസ് പരിഗണനയിലിരിക്കെയാണ് ഈ കത്ത് പുറത്തുവന്നത്. ചെറിയ തോതിലുള്ള വിവാദത്തിന് അത് തിരികൊളുത്തിയെങ്കിലും അതൊരു മൊഴിയായി പരിഗണിക്കാൻ കോടതി തയാറായില്ല; അതിെൻറ പേരിൽ മറ്റ് അന്വേഷണങ്ങൾ നടന്നതുമില്ല. അതേസമയം, അരുന്ധതി റോയ് അടക്കമുള്ള ആക്ടിവിസ്റ്റുകൾ ഈ കത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം വേണമെന്ന് അന്നേ ആവശ്യപ്പെട്ടിരുന്നതുമാണ്. 2013ൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതോടെ ആ കേസ് എന്നന്നേക്കുമായി അവസാനിക്കുകയും ചെയ്തു.
പാർലമെൻറ് ആക്രമണ കേസുമായി ബന്ധപ്പെട്ട് അന്ന് അന്വേഷിക്കാതെപോയ കാര്യങ്ങളിൽ ശരിയുണ്ടെന്നാണ് ദേവീന്ദറിെൻറ അറസ്റ്റ് വ്യക്തമാക്കുന്നത്. കശ്മീരിൽനിന്നുള്ള തീവ്രവാദികളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നതിെൻറ പ്രത്യക്ഷ തെളിവുകൾതന്നെ ലഭിച്ച സ്ഥിതിക്ക് അടച്ചുവെച്ച ആ പഴയ ഫയൽ പൊടിതട്ടിയെടുക്കാൻ ഭരണകൂടം ബാധ്യസ്ഥരാണ്. മുംബൈ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ, അവിടത്തെ കമീഷണറായിരുന്ന ഹസൻ ഗഫൂർ മുന്നോട്ടുവെച്ച നിരീക്ഷണവും ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. ഇതുപോലൊരു ഭീകരാക്രമണം സാധ്യമാകണമെങ്കിൽ അതിന് അകത്തുനിന്നുള്ള നിർല്ലോപമായ സഹായം വേണ്ടിവരുമെന്നായിരുന്നു അത്. കോൺഗ്രസ് സർക്കാറിനുനേരെ പ്രയോഗിക്കാവുന്ന ഒരായുധം എന്ന നിലയിൽ അതിനെ പിന്താങ്ങിയവരുടെ കൂട്ടത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമുണ്ട്. മുംബൈ ഭീകരാക്രമണത്തിനും പാർലമെൻറ് ആക്രമണത്തിനുമൊക്കെ ‘ആഭ്യന്തര സഹായം’ എങ്ങനെ ലഭിക്കുമെന്നതിെൻറ ചില സൂചനകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അതിനാൽ, വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിന് കേന്ദ്രം തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.