ഈ മാസം 14ന് തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ചോദ്യോത്തരവേളക്ക് ഇടംനൽകാത്തതു വഴി കേന്ദ്ര സർക്കാർ ജനപ്രതിനിധികളുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശത്തിന്മേൽ കൈവെച്ചിരിക്കുകയാണ്. ചോദ്യങ്ങൾ 15 ദിവസം മുൻകൂറായി നൽകണമെന്ന് ചട്ടമുള്ളതിനാൽ ഇക്കുറി ചോദ്യങ്ങൾ ഉന്നയിക്കുംമുേമ്പ അലസിപ്പിച്ച ഫലമാണ്.
കോവിഡ് ഭീഷണിയാണ് കാരണമായി പറയുന്നത്. മുൻകൂർ ചോദ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനുപുറമെ തത്സമയ ചോദ്യങ്ങൾക്കുള്ള ശൂന്യവേള വെറും 30 മിനിറ്റായി ചുരുക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറിന് ആവശ്യമായ നിയമങ്ങൾ നിർമിക്കാനും ഭരണപരമായ നടപടിക്രമമെന്ന നിലക്കുമുള്ള നിഷ്ക്രിയ ഉപകരണമായിട്ടാണ് അവർ പാർലമെൻറിനെ കാണുന്നത് എന്ന് ഇതോടെ വ്യക്തമാവുകയാണ്.
ഇതേ സർക്കാറാണ് നിർബന്ധപൂർവം ജെ.ഇ.ഇ-നീറ്റ് പരീക്ഷകൾ കോവിഡ് ഭീഷണിയോ വിദ്യാർഥികളുടെയും പ്രതിപക്ഷത്തിെൻറയും എതിർപ്പോ കൂസാതെ നടത്തുന്നത്. സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നു. ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു; കേരളത്തിലുമുണ്ട് ഇടക്കാല തെരഞ്ഞെടുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കാനിരിക്കുന്നു. അങ്ങാടികൾ തുറക്കുന്നു.
അന്തർസംസ്ഥാന യാത്രകൾ ആകാമെന്നായിരിക്കുന്നു. ഇതിനൊന്നും കോവിഡ് ഭീഷണി ഇല്ലാഞ്ഞിട്ടല്ല. മറിച്ച്, രാജ്യം കോവിഡുമായി സഹവസിച്ചുള്ള ജീവിതരീതിയിലേക്കു മാറുേമ്പാൾ എല്ലാ രംഗത്തും പുതുപതിവുകൾ ഉണ്ടായിവരുന്നു. അകലംപാലിച്ചും മുഖാവരണമിട്ടും മറ്റ് കോവിഡ് മര്യാദകൾ അനുഷ്ഠിച്ചും കാര്യങ്ങൾ നിർവഹിക്കുകയാണ് എല്ലാവരും.
ഇക്കൂട്ടത്തിൽ ഒട്ടും നിസ്സാരമല്ല ചോദ്യം ചോദിക്കാനും ഉത്തരം തേടാനുമുള്ള ജനപ്രതിനിധികളുടെ അവകാശം. അത് ഒഴിവാക്കാവുന്നതോ ഒഴിവാക്കേണ്ടതോ അല്ല. ഒഴിവാക്കുന്നത്, ഭരണനടപടികളെപ്പറ്റിയും സർക്കാർ തീരുമാനങ്ങളെപ്പറ്റിയും അറിയാനുള്ള ജനങ്ങളുടെ അധികാരം നിഷേധിക്കലാണ്. എം.പിമാരുടെ വില ഇല്ലാതാക്കലാണ്. ജനാധിപത്യത്തിെൻറ മർമം തകർക്കലാണ്.
ഇന്ന് കോവിഡ് മര്യാദകൾ പാലിച്ചുകൊണ്ട് ഭംഗിയായി നടക്കുന്ന എത്രയോ കാര്യങ്ങളെക്കാൾ സുരക്ഷിതമായി നടത്താവുന്നതാണ് ചോദ്യോത്തരവേള. മുൻകൂട്ടി ചോദ്യങ്ങൾ ലഭിക്കുമെന്നതിനാൽ അതത് സമയത്ത് ബന്ധപ്പെട്ട മന്ത്രിയെ സഹായിക്കാൻ അതത് ഉദ്യോഗസ്ഥരേ ആവശ്യമുണ്ടാകൂ. മറ്റെവിടെയും ചെയ്യാവുന്നത് പാർലമെൻറിലും നടപ്പാക്കാൻ കഴിയില്ലെന്നു പറയുന്നത് രാജ്യത്തിന് നാണക്കേടാണ്.
നരേന്ദ്ര മോദി സർക്കാർ കോവിഡിനെ സ്വന്തം അജണ്ട നടപ്പാക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം. സുതാര്യതയെപ്പറ്റി ഏറെ വാചാലമായിരുന്ന ബി.ജെ.പിയുടെ ഭരണത്തിൽ പ്രധാനമന്ത്രി വാർത്തസമ്മേളനം നടത്തുന്ന പതിവ് ഇല്ലാതായി. മന്ത്രാലയങ്ങളിൽനിന്ന് മാധ്യമങ്ങൾക്ക് വിവരം ലഭ്യമാകുന്നത് നിലച്ചു. മന്ത്രിമാരുടെ ട്വിറ്റർ അക്കൗണ്ടും പ്രധാനമന്ത്രിയുടെ മൻ കീ ബാത് പ്രക്ഷേപണവും നോക്കി വാർത്തയെഴുതേണ്ട അവസ്ഥയിലാണ് മാധ്യമങ്ങൾ.
വ്യക്തത വരുത്താൻ തിരിച്ചൊന്നും ചോദിക്കാൻ മാർഗമില്ല. വിവരാവകാശനിയമത്തെയും നിർവീര്യമാക്കിക്കൊണ്ടിരിക്കുന്നു. മുഖ്യ കമീഷണറുടെ തസ്തിക വർഷങ്ങളായി നികത്താതെ കിടപ്പാണ്. ചോദ്യങ്ങളും പരാതികളും കുമിഞ്ഞുകൂടുന്നു. പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷം നിയമനിർമാണരംഗത്ത് ഏകപക്ഷീയവും ജനാധിപത്യത്തെ ശോഷിപ്പിക്കുന്നതുമായ ആധിപത്യം സർക്കാറിന് നൽകിയിരിക്കുന്നു.
ഇതിനെല്ലാമിടക്ക് പാർലമെൻറിലെ ചോദ്യോത്തരവേളയും ശൂന്യവേളയുമാണ് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിെൻറ നേർത്ത കിളിവാതിലായി ബാക്കിയുണ്ടായിരുന്നത്. ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ തടസ്സമേയല്ലെന്ന് സർക്കാർതന്നെ പറയുന്ന മഹാമാരിയുടെ പേരിലാണ് കോവിഡ് മര്യാദകൾ പാലിക്കാൻ ഏറ്റവും എളുപ്പമുള്ള പാർലമെൻറ് സംവിധാനത്തെ ഇപ്പോൾ നിഷ്ക്രിയമാക്കുന്നത്.
അതേ, സർക്കാറിന് പേടിക്കാൻ ജനമനസ്സിൽ ചോദ്യങ്ങളുണ്ട് ധാരാളം. നോട്ടുനിരോധനവും വികലമായ ജി.എസ്.ടിയുംകൊണ്ട് തളർന്ന സമ്പദ്ഘടന കോവിഡ്കാലത്ത് അവശനിലയിലാണ്. മൊത്തം ആഭ്യന്തരോൽപാദനം (ജി.ഡി.പി) സർവകാല തകർച്ചയിലാണ്. രോഗപ്പകർച്ചക്കും അതുവഴി സാമ്പത്തികപ്രശ്നങ്ങൾ രൂക്ഷമാകുന്നതിനും ഒരു കാരണം മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ലോക്ഡൗണാണെന്നതും വ്യക്തമായിക്കഴിഞ്ഞു. അതിർത്തിയിലെ സംഘർഷം സർക്കാറിെൻറ മുൻ അവകാശവാദങ്ങളുടെ കള്ളി പൊളിച്ചിരിക്കുന്നു.
സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം എല്ലാ അതിരും ലംഘിച്ചുകൊണ്ടിരിക്കുന്നു. ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്കു നൽകാനാവില്ലെന്നും പറഞ്ഞ് വാഗ്ദാനലംഘനം നടത്തുന്നു. മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രം കാര്യമായൊരു പങ്കും നിർവഹിച്ചില്ലെന്ന വിമർശനം നിലനിൽക്കുന്നു. പി.എം കെയേഴ്്സ് എന്ന തികച്ചും അതാര്യമായ, ആർക്കും വിവരം നൽകേണ്ടതില്ലാത്ത, ഫണ്ടിനെപ്പറ്റി സംശയങ്ങൾ ഉയർന്നിരിക്കുന്നു.
ഉത്തരങ്ങൾ തേടാനുള്ള അവകാശമുണ്ട് ജനങ്ങൾക്ക്. നയവൈകല്യങ്ങൾക്ക് ഉത്തരവാദികളാര് എന്ന് അറിയാനുള്ള അവകാശം അവരുടേതാണ്. സർക്കാറിെൻറ അമിതാധികാരപ്രയോഗത്തിനെതിരായ ജനങ്ങളുടെ പരിചകൂടിയാണ് ചോദ്യോത്തരവേളകൾ. ജനാധിപത്യത്തിെൻറ മർമമാണ് ജനപ്രതിനിധിസഭകളെങ്കിൽ, അവയുടെ പ്രധാന ധർമമാണ് ചോദ്യമുന്നയിച്ച് ഉത്തരം തേടൽ. അത് തടയുന്നത് ജനങ്ങളെത്തന്നെ നിന്ദിക്കലാണ്. ചോദിക്കാനും പറയാനും അവർക്കു പറ്റുന്നില്ലെങ്കിൽ ജനാധിപത്യം പ്രഹസനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.