കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഘട്ടം ഘട്ടമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളുടെ കൂട്ടത്തിൽ ഏറ്റവുമൊടുവിലാണ് കേരളത്തിൽ ബിവറേജസ് കോർപറേഷെൻറ വിദേശമദ്യ ഷാപ്പുകൾക്ക് താഴുവീണതും ബാർ ഹോട്ടലുകളിൽ പ്രവേശനം തടഞ്ഞതും. വറുതികാലത്ത് മുഖ്യവരുമാന സ്രോതസ്സായ മദ്യവിൽപന നിയന്ത്രിക്കാേനാ വിലക്കാനോ ഇടതു സർക്കാറിന് ഒട്ടും മനസ്സോ സമ്മതമോ ഇല്ലായിരുന്നുവെന്ന് പകൽവെളിച്ചംപോലെ വ്യക്തം.
മനുഷ്യർ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നതുപോലും കർക്കശമായി നിയന്ത്രിക്കപ്പെട്ടിരിക്കെ നൂറുകണക്കിന് മദ്യപർ വിദേശമദ്യ വിൽപന കൗണ്ടറുകൾക്കുമുന്നിൽ ക്യൂനിൽക്കുന്ന കാഴ്ച കടുത്ത പ്രതിഷേധത്തിന് വഴിവെക്കുകയും മറ്റെല്ലാ കോവിഡ് കാല നിയന്ത്രണങ്ങളെയും അത് അട്ടിമറിക്കുമെന്ന് ബോധ്യപ്പെടുകയും ചെയ്തപ്പോഴാണ് പിണറായി സർക്കാറിന് ലഹരി പാനീയ വിൽപനക്ക് തടയിടേണ്ടിവന്നത്. അപ്പോഴും മദ്യം അകത്തുചെല്ലാതെ നിമിഷനേരം നിൽപുറപ്പിക്കാൻ കഴിയാത്ത അഡിക്റ്റുകളുടെ കാര്യം പ്രശ്നമാണെന്ന് മുഖ്യമന്ത്രി പതിവു വാർത്തസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തെ ശരിവെക്കുന്ന വിധത്തിൽ ഏതാനും മുഴുക്കുടിയന്മാരുടെ ആത്മഹത്യ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. അത്തരക്കാർ ഡോക്ടർമാരെ സമീപിച്ച് കുറിപ്പടി വാങ്ങിയാൽ മദ്യം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം സുവിശേഷമറിയിച്ചു.
എന്നാൽ, അങ്ങനെയൊരു കുറിപ്പടി നൽകാനാവില്ലെന്നും ഇത്തരമൊരു നടപടി ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടതല്ലെന്നും നിയമവിരുദ്ധമാണെന്നും ഐ.എം.എയും കെ.ജി.എം.ഒയും ചൂണ്ടിക്കാട്ടിയെങ്കിലും ഗവൺമെൻറ് ഉത്തരവിറക്കി തീരുമാനവുമായി മുന്നോട്ടുപോകുകയാണ്. അതിെൻറ തുടർച്ചയെന്നോണം ആളൊന്നിന് ആഴ്ചയിൽ മൂന്നു ലിറ്റർ വീതം മദ്യം വിളമ്പാനുള്ള ശിപാർശ എക്സൈസ് വകുപ്പും മുന്നോട്ടുവെച്ചുകഴിഞ്ഞു.
പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ള പിള്ളേർ മുതൽ 80 കഴിഞ്ഞ വയോധികർ വരെയുള്ള തലമുറകളിൽ ലഹരിയോടുള്ള താൽപര്യവും ആസക്തിയും അനുദിനം വർധിച്ചുവരാൻ കാരണമെന്തെന്ന് ചിന്തിക്കാനും പഠിക്കാനും സർക്കാറും രാഷ്ട്രീയ പാർട്ടികളും സമൂഹമാകെയും തയാറാവേണ്ട നിർണായകഘട്ടമാണിത്. കേരളത്തിൽ 1967ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിലുള്ള സപ്തകക്ഷി സർക്കാർ മദ്യനിരോധനം എടുത്തുകളയുന്നതുവരെ ഒരളവോളം മദ്യനിർമാണത്തിനും വ്യാപാരത്തിനും ഉപഭോഗത്തിനും നിയന്ത്രണമുണ്ടായിരുന്നു. നിരോധനം വ്യാപകമായി ലംഘിക്കപ്പെടുന്നുവെന്നും വ്യാജവാറ്റും വ്യാജമദ്യ വിൽപനയും അനിയന്ത്രിതമായിത്തീരാൻ മാത്രമേ വിലക്ക് പ്രയോജനപ്പെട്ടിട്ടുള്ളൂവെന്നും ചെത്തുതൊഴിലാളികളുടെ തൊഴിലില്ലായ്മ ഗൗരവതരമായ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടാം ഇ.എം.എസ് സർക്കാർ അതിെൻറ ഭാഗമായ മുസ്ലിംലീഗിെൻറ വിയോജനത്തെ മറികടന്ന് മദ്യനിരോധനം റദ്ദാക്കിയത്. അതിനുശേഷം മാറിമാറി സംസ്ഥാനം ഭരിച്ച ഇടത്-വലത് സർക്കാറുകളൊന്നും ആത്മാർഥമായും ഫലപ്രദമായും മദ്യവാറ്റോ വിൽപനയോ തടയുകയുണ്ടായില്ല. ബാറുകളുടെയും വിദേശമദ്യ വിൽപന കേന്ദ്രങ്ങളുടെയും എണ്ണത്തിൽ ചില നിയന്ത്രണങ്ങൾ പേരിന് കൊണ്ടുവന്നു എന്നുമാത്രം.
1996 ഏപ്രിൽ ഒന്നിന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി എ.കെ. ആൻറണി ചാരായ നിരോധനം നടപ്പാക്കിയതു മാത്രമാണ് ഇതിനപവാദം. അദ്ദേഹത്തിെൻറ നിശ്ചയദാർഢ്യം കാരണം ഭാഗിക മദ്യനിരോധനം ഒട്ടൊക്കെ ഫലപ്രദമാവുകയും ചെയ്തു. അതുപക്ഷേ, ഹ്രസ്വകാലമേ നീണ്ടുള്ളൂ. പിന്നീടിതുവരെ ചാരായ നിരോധനം പിൻവലിച്ചിട്ടില്ലെങ്കിലും കള്ളും ഇന്ത്യൻ നിർമിത വിദേശമദ്യങ്ങളും യഥേഷ്ടം ഒഴുകുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയപാതയോരങ്ങളിലും ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കുമരികിലും രാപ്പകൽ ഭേദമെന്യേ ലഹരി പാനീയങ്ങൾ നിർബാധം ലഭ്യമാവുന്നതാണ് സ്ഥിതി. മദ്യത്തിെൻറ ഉപഭോഗം നിയന്ത്രിക്കാനാണെന്ന അവകാശവാദത്തോടെ ഏതാണ്ടെല്ലാ ബജറ്റുകളിലും മദ്യത്തിന് നികുതി കൂട്ടുമെങ്കിലും കഞ്ഞികുടിച്ചില്ലെങ്കിലും വേണ്ടില്ല കള്ളുകുടിച്ചേ തീരൂ എന്ന് ശഠിക്കുന്ന തൊഴിലാളികളും യുവാക്കളും കൗമാരക്കാരും സുലഭമാണ് കേരളത്തിൽ. തന്മൂലം സ്ത്രീപീഡനവും ശിശുപീഡനവും കൊലപാതകവും ആത്മഹത്യയും വാഹനാപകടങ്ങളും മറ്റു ക്രിമിനൽ കുറ്റങ്ങളും ആശങ്കജനകമായി പെരുകുകയാണെങ്കിലും മദ്യനയ പുനഃപരിശോധനക്ക് സർക്കാർ തയാറില്ല. കോവിഡ്-19 വ്യാപനം തടയാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുേമ്പാഴും മദ്യപരോട് അനുഭാവപൂർവമാണ് സമീപനം.
സമ്പൂർണ മദ്യനിരോധനം ഒറ്റയടിക്ക് പ്രായോഗികമല്ല എന്ന സർക്കാർ നിലപാടിൽ ശരിയുണ്ടെന്ന് പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ, നിരോധനം എടുത്തുകളഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടപ്പോഴും ഈ പല്ലവിതന്നെ ആവർത്തിക്കുന്നതിൽ എന്തർഥം? ഘട്ടംഘട്ടമായുള്ള നിരോധനം ആത്മാർഥമായി നടപ്പാക്കിയിരുന്നെങ്കിൽ ഇന്ന് ആറു ലക്ഷത്തോളം തീവ്ര മദ്യാസക്തർ സാമൂഹിക ജീവിതത്തിന് ഭീഷണിയായി പെരുകുമായിരുന്നില്ല. ജീവന്മരണ പ്രശ്നമായ കോവിഡ്ബാധ നിയന്ത്രിക്കുന്നതിനുപോലും മദ്യാസക്തർ തടസ്സമായിത്തീരുകയാണ്. പ്രശ്നത്തിെൻറ ഗൗരവം മനസ്സിലാക്കി മദ്യാസക്തരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ക്രിയാത്മക നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. പകരം ആരോഗ്യ അടിയന്തരാവസ്ഥക്കാലത്തുപോലും വിലക്ക് മറികടന്ന് ആസക്തർക്ക് മദ്യം ലഭ്യമാക്കാനുള്ള കുറുക്കുവഴികൾ തേടുകയല്ല. മദ്യപാനം മൊത്തത്തിൽ നിരുത്സാഹപ്പെടുത്താനും അതിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമുള്ള ഈ സുവർണാവസരം മദ്യവർജന പ്രസ്ഥാനങ്ങളുടെയും സാമൂഹിക പ്രവർത്തകരുടെയും പൂർണ പിന്തുണയോടെ പ്രയോജനപ്പെടുത്താൻ ഈ മദ്യലഭ്യത പ്രതിസന്ധി വഴിയൊരുക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.