ക്ഷേമപദ്ധതികൾ പലതും നടപ്പിലാക്കിയിട്ടും മുടന്തിനീങ്ങുകയാണ് ആദിവാസി ഊരുകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നു തെളിയിക്കുന്നു പുറത്തുവരുന്ന കണക്കുകൾ. പട്ടികവർഗ വിദ്യാർഥികൾ ഏറ്റവും കൂടുതലുള്ള വയനാട് ജില്ലയിൽ ഈ അധ്യയനവർഷം തുടങ്ങിയ ശേഷം ഇതുവരെയും ആയിരത്തിലേറെ പേർ സ്കൂളുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. വികസന പരിപാടികൾ പലതും ആവിഷ്കരിച്ചു നടപ്പാക്കിയെങ്കിലും നാളുകൾ നീങ്ങുന്നതോടെ കാര്യങ്ങൾ പിന്നെയും അവതാളത്തിലാകുന്നുവെന്നാണ് ജില്ല വികസന സമിതിയുടെ മുന്നിലെത്തിയ കണക്കുകൾ പറയുന്നത്.
ആദിവാസി മേഖലയിലെ കുട്ടികളെ വിദ്യാഭ്യാസത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിന് വിവിധ പദ്ധതികൾ ഗവൺമെന്റ് പല കാലയളവുകളിലായി നടത്തിവരുന്നു. വിവിധ പദ്ധതികൾ പ്രഖ്യാപിച്ചും ക്ഷേമപരിപാടികൾ നടപ്പാക്കിയും കുട്ടികളെ സ്കൂളുകളിലെത്തിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും വലിയ കൊഴിഞ്ഞുപോക്കിൽ കലാശിക്കുന്നതാണ് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിലെ അനുഭവം. 2007-2008ൽ 61.11 ആയിരുന്ന കൊഴിഞ്ഞുപോക്കിന്റെ ശതമാനം അഞ്ചുവർഷം കഴിഞ്ഞ് 2011-2012ൽ 77.23 ആയി വർധിക്കുന്നതാണ് കണ്ടത്. തുടർന്ന് ജില്ല ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളുമൊക്കെ ഒത്തുപിടിച്ച് ശ്രമിച്ചതിന്റെ ഫലമായി അടുത്ത അഞ്ചുവർഷത്തേക്ക് എത്തുമ്പോൾ സ്ഥിതി തുലോം മെച്ചപ്പെട്ടിരുന്നു. എന്നാലും സ്ഥിതി പിന്നെയും മോശമാകുന്നുവെന്നാണ് പുതിയ കണക്ക് പറയുന്നത്. 2020ലെ കണക്കെടുപ്പിൽ സംസ്ഥാനത്ത് പഠിപ്പു നിർത്തിയ, ആദിവാസി വിഭാഗത്തിൽ പെട്ട കുട്ടികളുടെ എണ്ണം 861 ആണെന്നു വെളിപ്പെട്ടിരുന്നു. അതിൽ 466 പേർ വയനാട് ജില്ലയിലുള്ളവരാണ്. 2010 മുതൽ 2020 വരെയുള്ള പത്തുവർഷത്തിനിടക്ക് പഠനം പാതിവഴിയിൽ നിർത്തിപ്പോയ സംസ്ഥാനത്തെ 18,408 പട്ടികവർഗ വിദ്യാർഥികളിൽ 11,322 പേരും വയനാട്ടിൽ നിന്നാണ്. ജില്ലയിലെ ആകെ കൊഴിഞ്ഞുപോക്കിന്റെ 80 ശതമാനത്തിലധികം വരുമിത്.
ആദിവാസിക്കുട്ടികൾ പഠനം പാതിവഴി നിർത്തുന്നതിന് പരിഹാരമെന്നോണം പല നടപടികളും ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്. കുട്ടികളെ വിദൂരകോളനികളിൽനിന്ന് വാഹനത്തിൽ സ്കൂളുകളിൽ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതി, ഭാഷാപ്രശ്നം പരിഹരിക്കുന്നതിന് ആ വിഭാഗത്തിൽ തന്നെയുള്ള യോഗ്യരെ മെന്റർ ടീച്ചർമാരായി നിയമിക്കുന്ന ഗോത്രബന്ധു പദ്ധതി, മികച്ച രീതിയിലുള്ള ട്യൂഷൻ നൽകി പഠനനിലവാരം ഉയർത്തുന്നതിന് പട്ടികവർഗ ഉദ്യോഗാർഥികളെ സഹായികളായി നിയമിക്കുന്ന സാമൂഹിക പഠനമുറി, വിദ്യാർഥികളെ മുടങ്ങാതെ സ്കൂളുകളിലെത്തിക്കുന്ന രക്ഷിതാക്കൾക്കുള്ള ധനസഹായം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ.
അതുസംബന്ധിച്ച് നിയമസഭാ മറുപടികളും വിവരാവകാശ മറുപടികളുമൊക്കെ ലഭ്യമാണ്. എന്നാൽ, ഈ സ്ഥിതി വിവരങ്ങളെയൊക്കെ അപ്രസക്തമാക്കുന്നതാണ് വൻതോതിലുള്ള കൊഴിഞ്ഞുപോക്ക്. ഉദാഹരണത്തിന്, സർക്കാർ കണക്കുപ്രകാരം വയനാട് ജില്ലയിൽ ഗോത്രബന്ധു പദ്ധതി പ്രകാരം 241 പേരെ മെന്റർ ടീച്ചർമാരായി നിയമിച്ചിരിക്കെയാണ് ഇത്രയും കുട്ടികളുടെ പഠനം പാതിവഴിയിൽ മുടങ്ങിപ്പോകുന്നത്. ഇതിനുള്ള കാരണങ്ങളും സർക്കാർ നിരത്തുന്നുണ്ട്. സീസണൽ ജോലികളിൽ ഏർപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾ വരുമാനത്തിനായി തൊഴിലിനു പോകുന്നത്, ജീവിതസന്ധാരണത്തിനു പുറത്തുപോകുന്ന രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ പോകുന്നത്, ചില വിഭാഗങ്ങളിലെ വിദ്യാഭ്യാസം സംബന്ധിച്ച അജ്ഞത, പെൺകുട്ടികളുടെ നേരത്തേയുള്ള വിവാഹം, കോളനികളിലെ ലഹരി ഉപയോഗം, സ്കൂളുകളിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ, സ്കൂളുകളിലെ ശിക്ഷാരീതികൾ, സ്കൂൾ റിസൽട്ട് നന്നാക്കാൻ കുട്ടികളെ ക്ലാസിൽ തോൽപിക്കുന്ന രീതി-ഇതെല്ലാം ഇവരെ പഠനത്തിൽനിന്ന് പിന്തിരിപ്പിക്കുന്നു. കഴിഞ്ഞ കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസം കേരളത്തിലെ പല വിദൂരഗ്രാമങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസബന്ധം മുറിച്ചു എന്നതു വാസ്തവമാണ്. അത് ഏറ്റവും കൂടുതൽ ബാധിച്ചതും ആദിവാസി മേഖലയിലാണ്.
20 മാതൃക റസിഡന്ഷ്യൽ സ്കൂളുകൾ,106 പ്രീമെട്രിക് ഹോസ്റ്റലുകൾ, അഞ്ച് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ, വിവിധ സ്കോളർഷിപ്പുകൾ ഒക്കെ ആദിവാസികൾക്കുവേണ്ടി കൊണ്ടുനടത്തുന്നുണ്ട്. സാധാരണക്കാരുടെ വിദ്യാഭ്യാസ നിലവാരത്തിലേക്ക് പട്ടികവർഗ വിഭാഗത്തെ കൊണ്ടുവരുന്നതിന് ആവിഷ്കരിച്ച ട്രൈബൽ സബ് പ്ലാൻ ഫണ്ട് വകയിൽ കഴിഞ്ഞ അഞ്ചുവർഷത്തിൽ കേരളത്തിൽ 3500 കോടി അനുവദിച്ചു എന്നൊരു കണക്കുണ്ട്. ഇതെല്ലാം എങ്ങോട്ടുപോകുന്നു, എവിടെ ഏതുരീതിയിൽ വിനിയോഗിക്കപ്പെടുന്നു എന്നതിനാണ് തിട്ടമില്ലാത്തത്.
ആദിവാസി വികസനം തന്നെ കടങ്കഥയായി തുടരുന്നതിനുപിന്നിൽ ഫണ്ടുവിനിയോഗത്തിലെ ഉത്തരവാദിത്തരാഹിത്യവും പിടിപ്പുകേടും ഉണ്ടെന്നത് എക്കാലത്തെയും ആരോപണമാണ്. തൊഴിൽ, പാർപ്പിട സൗകര്യങ്ങളൊരുക്കുന്നതിൽ ഇക്കാലമത്രയും സർക്കാറുകൾ എന്തുചെയ്തു എന്ന ചോദ്യമുയർത്തുന്ന തരത്തിൽ ഒറ്റമുറി വീടുകളും പ്ലാസ്റ്റിക് ഷീറ്റിൽ മൂടിയ കൂരകളുമെല്ലാം ഇന്നും ഊരുകളിൽ നിറഞ്ഞുനിൽക്കുന്നു. ഇവിടെ കഴിയുന്ന കുട്ടികൾക്ക് ഇന്റർനെറ്റ് സഹായം എത്തിച്ചുവെന്ന് വമ്പു പറയുന്നതിലെ ക്രൂരമായ പരിഹാസം ആലോചിച്ചുനോക്കൂ. ആദിവാസികളുടെ ആവാസവ്യവസ്ഥയും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ് അതിനിണങ്ങുന്ന സമഗ്രമായ പദ്ധതി ആവിഷ്കരിച്ച്, കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിലൂടെ മാത്രമേ അവരുടെ ദയനീയമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാവൂ. അതിന്റെ ഭാഗമായി മാത്രമേ ആ കുഞ്ഞുങ്ങളുടെ പഠനപ്പാതിയിലെ കൊഴിഞ്ഞുപോക്കും പിടിച്ചുനിർത്താനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.