‘‘മരണമാണിപ്പോൾ ശാമിലെ ഒരേയൊരു വിജയി
മറ്റൊന്നിനെക്കുറിച്ചും ആരും സംസാരിക്കുന്നുപോലുമില്ല
സുനിശ്ചിതമായ കാര്യമെന്തെന്നാൽ, അത്
കബന്ധങ്ങളുടെ ജയഘോഷമാണ്’’
സമ യസ്ബക് എന്ന സിറിയൻ എഴുത്തുകാരി നാലു വർഷം മുമ്പ് സ്വന്തം രാജ്യത്തെക്കുറിച്ച് എഴുതിയതാണ് ഈ വരികൾ. പ്രസിഡൻറ് ബശ്ശാർ അൽഅസദിെൻറ സ്വേച്ഛാവാഴ്ചക്കെതിരെ, മറ്റ് അറബുനാടുകളിലെന്നപോലെ തുടങ്ങിയ ജനകീയ പ്രക്ഷോഭത്തിൽ പങ്കെടുത്ത ലക്ഷക്കണക്കിന് സിറിയക്കാരിൽ ഒരാളായിരുന്നു സമ. പതിറ്റാണ്ടുകളായി ഏകാധിപത്യത്തിെൻറ കാരാഗൃഹങ്ങളിൽ ഞെരിഞ്ഞമർന്ന ഒരു ജനത പുതിയൊരു ലോകവും കാലവും സ്വപ്നം കണ്ട് തെരുവിലിറങ്ങിയപ്പോൾ അത് പുതിയൊരു ചരിത്രമാകുമെന്ന് ശുഭപ്രതീക്ഷ പുലർത്തിയ എഴുത്തുകാരി. പക്ഷേ, ബശ്ശാറിെൻറ സൈന്യം ആ ജനക്കൂട്ടത്തെ അടിച്ചമർത്തി; സമ അടക്കമുള്ളവർ നാടുകടത്തപ്പെടുകയോ ജയിലിലടക്കപ്പെടുകയോ ചെയ്തു. പതിയെ അതൊരു ആഭ്യന്തരയുദ്ധത്തിലേക്ക് വഴിമാറി. ഈ സംഘർഷങ്ങളുടെ മൂർച്ചകൂട്ടാൻ പുറത്തുനിന്നുള്ള ഇടപെടലുകളുമുണ്ടായിരുന്നു. ഒരു ഭാഗത്ത് ബശ്ശാറിന് പിന്തുണയുമായി റഷ്യ അണിനിരന്നപ്പോൾ വിമത സേനയായ എസ്.ഡി.എഫിെൻറ (സിറിയൻ െഡമോക്രാറ്റിക് ഫോഴ്സ്) ഐ.എസ് വിരുദ്ധ പോരാട്ടത്തിനൊപ്പം അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും രംഗത്തുവന്നു. ഇങ്ങനെ ആഭ്യന്തര സംഘർഷങ്ങളും സൈനിക ഇടപെടലുകളുമൊക്കെയായി കാലം മുന്നോട്ടുപോയപ്പോൾ സമ നിരീക്ഷിച്ചതുപോലെ വിജയഘോഷം കബന്ധങ്ങളുടേതു മാത്രമായി. എട്ടു വർഷങ്ങൾക്കിപ്പുറം കണക്കെടുക്കുേമ്പാൾ അഞ്ച് ലക്ഷത്തിലധികം ആളുകൾക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്; അത്രയും പേർ അഭയാർഥികളുമാക്കപ്പെട്ടു.
ഈ വിഷയത്തിൽ, അയൽരാജ്യം എന്ന നിലയിൽ ചെയ്യേണ്ട അത്യാവശ്യവും അടിയന്തരവുമായ ഇടപെടലുകൾ മാത്രം നടത്തിയിരുന്ന തുർക്കി ആ നിലപാടിൽനിന്ന് മാറിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തുർക്കിയുടെ സൈന്യം വടക്കു കിഴക്കൻ സിറിയയിൽ അധിനിവേശത്തിലാണിപ്പോൾ. മൂന്ന് ദിവസത്തിനിടെ, മേഖലയിലെ മുന്നൂറോളം ‘തീവ്രവാദികളെ’ സൈന്യം ‘കീഴ്പ്പെടുത്തി’ എന്നാണ് തുർക്കി പ്രതിരോധ മന്ത്രാലയത്തിെൻറ അവകാശവാദം. തുർക്കിയുടെ ഇടപെടലിനെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ രംഗത്തുവന്നിരിക്കുന്നു. ഉടനടി സൈന്യത്തെ പിൻവലിച്ചില്ലെങ്കിൽ ഉപരോധമടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നാണ് ട്രംപിെൻറ മുന്നറിയിപ്പ്.
തുർക്കിയുടെ ഈ സൈനിക അധിനിവേശം മനുഷ്യത്വവിരുദ്ധവും നിലവിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതുമാണ്. ബശ്ശാറിെൻറ സൈന്യത്തിന് പൂർണമായും നഷ്ടപ്പെട്ട, ഇരു രാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ കുർദ് ഭൂരിപക്ഷ പ്രദേശത്തേക്കാണ് അവർ പ്രവേശിച്ചിരിക്കുന്നത്. ഇവിടെ ഇപ്പോൾ എസ്.ഡി.എഫിെൻറ നിയന്ത്രണത്തിലാണ്. മുമ്പ് ഒളിപ്പോരാളികളായി പ്രവർത്തിച്ചിരുന്ന കുർദുകൾ ഇപ്പോൾ ഈ സൈന്യത്തിെൻറ ഭാഗമാണ്. നേരേത്ത, ബശ്ശാർ സൈന്യത്തെക്കാൾ ഇവിടെ എസ്.ഡി.എഫിന് ഏറ്റുമുട്ടേണ്ടി വന്നത് ഐ.എസിനോടായിരുന്നു. കുർദുകളുടെ പല പ്രദേശങ്ങളും ഐ.എസ് പിടിച്ചെടുത്തപ്പോൾ അന്ന് രക്ഷകവേഷത്തിലെത്തിയത് അമേരിക്കയും സഖ്യസേനയുമാണ്. മാത്രമല്ല, അറുപതിനായിരത്തോളം വരുന്ന എസ്.ഡി.എഫ് സൈന്യത്തിന് സഖ്യസേനയുടെ മികച്ച പരിശീലനവും ഇക്കാലയളവിൽ ലഭിച്ചു. ‘ജോയൻറ് ഓപറേഷ’നിലൂടെ ഐ.എസിനെ മേഖലയിൽനിന്ന് തുരത്തിയശേഷം സഖ്യസേന കളംവിടുകയാണെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉർദുഗാെൻറ സൈന്യം ‘ഓപറേഷൻ പീസ് സ്പ്രിങ്’ എന്ന പേരിൽ ഇപ്പോൾ ഇവിടെ എത്തിയിരിക്കുന്നത്.
ഐ.എസ് വേട്ടയുടെ മറവിൽ അതിർത്തിമേഖലയിൽ കുർദുകൾക്ക് അമേരിക്ക സ്വതന്ത്ര ഇടം നൽകിയിരിക്കുകയാണെന്നും ഇത് തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്നുമാണ് തുർക്കിയുടെ വാദം. തുർക്കിയിലെ വിമതപക്ഷവും സ്വതന്ത്രരാജ്യത്തിനായി വാദിക്കുന്നവരുമായ പി.കെ.കെ പാർട്ടിയുമായി എസ്.ഡി.എഫിലെ പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റ് (വൈ.പി.ജി) എന്ന കുർദ് സായുധസംഘത്തിന് രഹസ്യബന്ധമുണ്ടെന്നും തുർക്കി ആരോപിക്കുന്നു. അതിനാൽ, മേഖലയിലെ തീവ്രവാദികളെ തുരത്തുകയാണ് ‘പീസ് സ്പ്രിങ്ങി’െൻറ ലക്ഷ്യമെന്നാണ് ഉർദുഗാൻ അടക്കമുള്ളവർ ന്യായം പറയുന്നത്. ഈ ന്യായത്തെ മുഖവിലക്കെടുത്താൽപോലും രണ്ട് പ്രശ്നങ്ങൾ ബാക്കിയാകും. ഒന്ന്, അതിർത്തി സുരക്ഷപോലെതന്നെ പ്രധാനമാണ് ഒരു ജനതയുടെ സ്വയംനിർണയാവകാശവും. രാജ്യമില്ലാത്ത ജനതയായി കഴിയുന്ന കുർദുകളുടെ പ്രശ്നം പുതിയകാലത്ത് വലിയൊരു മനുഷ്യാവകാശ പ്രശ്നമായി ഉയർത്തപ്പെട്ടിരിക്കെ കേവല സാങ്കേതികതയുടെ പേരിൽ അതിൽനിന്ന് മാറിനിൽക്കുകയും അധിനിവേശത്തിെൻറ വഴി സ്വീകരിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ല. രണ്ട്, ഏതു സൈനിക നടപടികളിലും ഇരകളാക്കപ്പെടുന്നത് ആ പ്രദേശങ്ങളിലെ സിവിലിയന്മാരാണ്. തുർക്കിയുടെ നടപടികളിലും മറ്റൊന്നാവില്ല സംഭവിക്കുക.
യുദ്ധം, അധിനിവേശം, അഭയാർഥിത്വം തുടങ്ങിയ വിഷയങ്ങളിൽ തുർക്കി സമീപകാലത്ത് സ്വീകരിച്ച മനുഷ്യത്വപരമായ നിലപാടുകളിൽനിന്നുള്ള പിന്നാക്കം പോക്കായും ഈ അധിനിവേശത്തെ വായിക്കണം. ഇസ്തംബൂളിൽ ഫത്തീഹ് എന്നൊരു ചെറുപട്ടണമുണ്ട്. തദ്ദേശീയരെക്കാൾ കൂടുതൽ സിറിയയിൽനിന്നുള്ള അഭയാർഥികളാണ് ഈ പട്ടണത്തിൽ കഴിയുന്നത്. അതിർത്തി കടന്നെത്തിയ സിറിയക്കാർക്ക് മറ്റൊന്നും ആലോചിക്കാതെ ഉർദുഗാൻ വെച്ചുനീട്ടിയതാണ് ഫത്തീഹ്. ‘ലിറ്റിൽ സിറിയ’ എന്നാണ് ഫത്തീഹ് അറിയപ്പെടുന്നത്. ഔദ്യോഗിക അഭയാർഥികളായി അംഗീകരിച്ചിട്ടില്ലെങ്കിലും തുർക്കി ഭരണകൂടം അവരെ കൈയൊഴിഞ്ഞിട്ടില്ല; അത്യാവശ്യ സഹായവും ലഭിക്കുന്നു. പശ്ചിമേഷ്യയിൽനിന്നും ഉത്തരാഫ്രിക്കയിൽനിന്നും എത്തുന്ന അഭയാർഥികളെ യൂറോപ്യൻ യൂനിയൻ രാഷ്ട്രങ്ങളിൽ പലതും കൈയൊഴിഞ്ഞപ്പോഴാണ് തുർക്കി ലക്ഷക്കണക്കിന് ആളുകളെ സ്വീകരിച്ചത്. അതേ ഭരണകൂടത്തിെൻറ വേഷപ്പകർച്ച നിരീക്ഷകരെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഏതായാലും ഈ നീക്കം പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ പൊതുവായും തുർക്കിയുടെയും ഭരണകക്ഷിയായ അക് പാർട്ടിയുടെയും രാഷ്ട്രീയത്തെ സവിശേഷമായും മാറ്റിയെഴുതുെമന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.