ജമ്മു-കശ്മീരിൽ എന്തൊക്കെയോ പുകയുന്നു. എന്താണ് പുകയുന്നതെന്ന് താഴ്വരയിൽ ആർക്കും അറിയില്ല. ഗവർണർ സത്യപാൽ മലിക് അറിയുന്ന മട്ടില്ല. മുഖ്യധാര രാഷ്ട്രീയകക്ഷികൾക്ക് അറിവില്ല. വിഘടനവാദകക്ഷികളുടെ നേതൃത്വത്തിന് എത്തുംപിടിയുമില്ല. കാര്യങ്ങൾ അറിയാം എന്നു കരുതുന്ന കേന്ദ്ര സർക്കാറാകെട്ട, ഒന്നും വ്യക്തമാക്കുന്നുമില്ല. ഇൗ ആശയക്കുഴപ്പത്തിനിടെ കിംവദന്തികൾ വേണ്ടുവോളം പ്രചരിക്കുകയും അത് അത്യുത്തര സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ ആകമാനം മുൾമുനയിൽ നിർത്തുകയും ചെയ്യുന്നു. ജമ്മുവിനെ സംസ്ഥാനമായി പ്രഖ്യാപിച്ചും ലഡാക്കിനെയും കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയും സംസ്ഥാനത്തെ മൂന്നായി വിഭജിക്കാൻ പോകുന്നു എന്ന അഭ്യൂഹമായിരുന്നു ആദ്യം. ഒടുവിൽ സംസ്ഥാന ഭരണകൂടവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അത് വ്യാജമാണെന്നു മാധ്യമങ്ങൾ വഴി മറുപ്രചാരണവും നടത്തി. അപ്പോഴും കാര്യമായൊന്നുമില്ല എന്ന ഭാവേന കൈകഴുകി മാറിനിൽക്കുകയാണ് കേന്ദ്രവും ഗവർണർഭരണവും. കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റി ന്യൂഡൽഹിയുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണെന്നാണ് മറ്റൊരു കിംവദന്തി. ഒന്നിനും ഒൗദ്യോഗിക സ്ഥിരീകരണമില്ല; നിഷേധവുമില്ല.
കഴിഞ്ഞ മാസാവസാനം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ താഴ്വരയിൽ നടത്തിയ മൂന്നു ദിവസത്തെ സന്ദർശനത്തോടെയാണ് ഇൗ അനിശ്ചിതാവസ്ഥയുടെ തുടക്കം. ഡോവൽ മടങ്ങിയ ഉടനെ താഴ്വരയിലേക്ക് 10,000 അർധ സൈനികരെ അധികമായി വിന്യസിച്ചത് കേന്ദ്രം എന്തിനോ ഇറങ്ങിപ്പുറപ്പെടുന്നു എന്ന ആശങ്കയുയർത്തി. െറയിൽവേയിലും ചില സർക്കാർ വകുപ്പുകളിലും ഭക്ഷണവും ഇന്ധനവും കരുതിവെക്കാനുള്ള നിർദേശം ലഭിച്ചതായി വാർത്ത വന്നതോടെ അത് ഇരട്ടിച്ചു. അതിൽ പിന്നെയാണ് ‘അമർനാഥ് യാത്രികർക്കു നേരെ പാക് പിന്തുണയോടെ ആക്രമണമുണ്ടാകാനിടയുണ്ടെന്ന ഇൻറലിജൻസ് വിവരം’ ഗവർണർ പുറത്തുവിടുന്നതും തദടിസ്ഥാനത്തിൽ ആഗസ്റ്റ് രണ്ടിന് അമർനാഥ് തീർഥയാത്ര രണ്ടാഴ്ച മുേമ്പ നിർത്തിവെക്കുന്നതും. താഴ്വരയിൽ തീവ്രവാദം കത്തിയാളിയിരുന്ന 1991-95 കാലയളവിനുശേഷം 1996ൽ പുനരാരംഭിച്ച ശേഷം കഴിഞ്ഞ 23 വർഷത്തിനിടെ ഇത് ആദ്യമായാണ് യാത്ര നിർത്തിവെക്കുന്നത്. 1996ലും 2000, 2001, 2006, 2017 വർഷങ്ങളിലും തീവ്രവാദി ആക്രമണങ്ങളിൽ ആൾനാശമുണ്ടായിട്ടും സുരക്ഷ ശക്തമാക്കി തീർഥാടനം പൂർത്തിയാക്കുകയല്ലാതെ അത് മുടക്കിയിരുന്നില്ല. അന്നൊന്നുമില്ലാത്തവിധം യാത്ര സസ്പെൻഡ് ചെയ്ത് ആളുകളെ ഒരു ആക്രമണഭീഷണിയുടെ പേരിൽ തിരിച്ചയക്കുന്നതെന്തിന് എന്ന ചോദ്യത്തിന് മറുപടിയില്ല. തീർഥാടകരെ മാത്രമല്ല, ടൂറിസ്റ്റുകളെയും അടിയന്തരമായി ഒഴിപ്പിച്ചെടുത്തിരിക്കുന്നു. അതും പോരാഞ്ഞ് ശ്രീനഗർ എൻ.െഎ.ടി ക്ലാസുകൾ നിർത്തിവെക്കുകയും സംസ്ഥാനത്തിന് പുറത്തുള്ള എണ്ണൂറിലധികം വിദ്യാർഥികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ വിഘടനവാദി നേതാക്കളധികവും വീട്ടുതടങ്കലിലോ കരുതൽ തടങ്കലിലോ ആണുള്ളത്. അതിനു പുറമെ മുഖ്യധാര രാഷ്ട്രീയകക്ഷികളായ നാഷനൽ കോൺഫറൻസിെൻറയും പി.ഡി.പിയുടെയും നേതാക്കളും കടുത്ത നിരീക്ഷണത്തിലോ നിയന്ത്രണത്തിലോ ആണ്. എല്ലാംകൂടി കശ്മീർ താഴ്വരയിൽ മൊത്തം ഉപരോധാന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞു. ഇതിൽ അസ്വസ്ഥത പൂണ്ടാണ് കോൺഗ്രസ്, നാഷനൽ കോൺഫറൻസ് നേതൃത്വങ്ങൾ കേന്ദ്രത്തോട് അവ്യക്തത നീക്കാൻ ആവശ്യപ്പെട്ടത്.
ഇതോടൊപ്പം അടുത്ത സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ദേശീയപതാക പറപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാനനേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പ്രത്യേകപദവി നൽകുന്ന ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ എടുത്തുകളയണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുന്നു. അത്തരമൊരു നീക്കംതന്നെയില്ലെന്ന് ഗവർണർ കട്ടായം പറയുന്നു. എന്നാൽ, ബി.ജെ.പി നേതാക്കൾ പറഞ്ഞപോലെ സംസ്ഥാനത്തിെൻറ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രനീക്കത്തിനു കളമൊരുക്കുകയാണ് പുതിയ പടപ്പുറപ്പാടിെൻറ ഉദ്ദേശ്യമെന്നും ഏതാണ്ട് എല്ലാവരും തീർച്ചപ്പെടുത്തിയിരിക്കുന്നു.
സംഘ്പരിവാറിന് കശ്മീർ രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ തന്ത്രപ്രധാന പ്രശ്നമല്ല, പ്രത്യയശാസ്ത്രയുദ്ധമാണ്. ‘ജമ്മു-കശ്മീർ അതിെൻറ ദുസ്സഹമായ മുസ്ലിംഭൂരിപക്ഷ സ്വഭാവം മൂലം സ്വാതന്ത്ര്യം തൊേട്ട രാജ്യത്തിനു തലവേദനയാണെന്നും ഭാരതത്തോട് പൂർണമായും കൂട്ടിച്ചേർക്കപ്പെട്ട ശേഷവും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പ്രത്യേകപദവി ഭരണഘടനയുടെ 370ാം വകുപ്പു പ്രകാരം നൽകിയിരിക്കുകയാണെ’ന്നും ആർ.എസ്.എസിെൻറ വിഷൻ ഡോക്യുമെൻറ് കുറ്റപ്പെടുത്തുന്നുണ്ട്. ഇൗ പ്രത്യേകാവകാശം ഹിന്ദു ഭൂരിപക്ഷമേഖലയായ ജമ്മുവിനും ബുദ്ധപ്രദേശമായ ലഡാക്കിനുമൊക്കെ ലഭ്യമാണെന്നതൊന്നും അവർക്കു കാണേണ്ട കാര്യമില്ല. പ്രത്യേകാവകാശം എടുത്തുകളയാനുള്ള ശ്രമമുണ്ടായപ്പോൾ ജമ്മുവിലും ശക്തമായ പ്രക്ഷോഭമുയർന്നതാണ്. എന്തിനധികം, ഇന്ത്യൻ യൂനിയനിലേക്ക് ജമ്മു-കശ്മീരിനെ കൂട്ടിച്ചേർക്കാൻ സഹായിച്ച രാജ ഹരിസിങ്ങിെൻറ മകനും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. കരൺ സിങ് രാജ്യത്തിെൻറ അഖണ്ഡത നിലനിർത്താൻ ചെയ്ത ചരിത്രപരമായ ഒരു ദൗത്യം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
സ്ഥാവര സ്വത്തുക്കൾ, ഭൂമി എന്നിവ വാങ്ങാനും സർക്കാർ ജോലിയും ആനുകൂല്യങ്ങളും നേടാനും തേദ്ദശീയർക്ക് മാത്രമായി അവകാശം പരിമിതപ്പെടുത്തുന്ന 35 എ വകുപ്പ് എടുത്തുകളഞ്ഞ് 370ാം വകുപ്പ് ദുർബലപ്പെടുത്താനാണ് കേന്ദ്രം നോക്കുന്നത്. 1954ൽ പ്രസിഡൻഷ്യൽ ഉത്തരവിലൂടെ നടപ്പാക്കിയ ഇൗ വകുപ്പ് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. സമാനമായ പ്രത്യേകാധികാരം നിലവിൽ ഹിമാചൽപ്രദേശും സിക്കിമും അനുഭവിച്ചുവരുന്നതാണ്. അത് റദ്ദു ചെയ്യാനുള്ള നീക്കത്തിൽനിന്ന് പ്രക്ഷോഭത്തെ തുടർന്ന് ഗവൺമെൻറിന് മുമ്പ് പിന്മാറേണ്ടിയും വന്നിട്ടുണ്ട്. അതെല്ലാം മൂടിവെച്ച് കശ്മീരിെൻറ കാര്യത്തിൽ പ്രത്യേക താൽപര്യമെടുക്കുന്നത് ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി തുടങ്ങിവെച്ച ദൗത്യം പൂർത്തിയാക്കാനാണ് എന്നു വ്യക്തം. വംശീയവിദ്വേഷത്തിൽ ചരിത്രയാഥാർഥ്യങ്ങളെ വിസ്മരിച്ചുള്ള ബി.ജെ.പിയുടെ പോക്ക് രാജ്യത്തെ എങ്ങുകൊണ്ടെത്തിക്കും എന്ന ആപച്ഛങ്കയാണ് ഇപ്പോൾ ഇന്ത്യ മുഴുക്കെ ഉയർത്തുന്നത്. അത് ഗൗനിക്കാനുള്ള സദ്ബുദ്ധി കേന്ദ്രസർക്കാറിനും അവരെ നയിക്കുന്നവർക്കും ഉണ്ടാകെട്ട എന്നു പ്രാർഥിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.