ഖത്തർ തലസ്ഥാനമായ ദോഹയിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ച യു.എസ്-താലിബാൻ സമാധാന ഉടമ്പടിക്ക് ന്യൂനതകൾ ഒട്ടേറെ കണ്ടെത്താനാകുമെങ്കിലും ആത്യന്തികമായി അത് പ്രതീക്ഷക്ക് വകനൽകുന്നുണ്ട്. വർഷങ്ങളോളം പട്ടാള ബൂട്ടുകൾക്കും മിലിറ്റൻസിക്കുമിടയിൽ ഞെരിഞ്ഞമർന്നുപോയ ഒരു ജനതക്ക് ആശയുടെയും സമാധാനത്തിെൻറയും കിരണങ്ങൾ ചൊരിയാൻ ഇൗ കരാർ പര്യാപ്തമാകുമെന്ന പ്രാർഥനാപൂർവമുള്ള പ്രതീക്ഷയിലാണ് ലോകം. കരാർ ഉപാധികൾക്കു വഴങ്ങാൻ അഫ്ഗാൻഭരണകൂടം മടിച്ചുനിൽക്കുന്നതിനെ തുടർന്ന് അവരുമായി യുദ്ധം തുടരുമെന്ന താലിബാെൻറ പ്രഖ്യാപനം കരാറിെൻറ ഭാവിയിൽ കരിനിഴൽ വീഴ്ത്തിയതാണ് ഏറ്റവുമൊടുവിലെ വാർത്ത എങ്കിലും കരാർവിജയം അമേരിക്കൻ ബാധ്യതയായതിനാൽ കാര്യങ്ങൾ കലങ്ങിത്തെളിയുമെന്നു തന്നെയാണ് കരുതേണ്ടത്.
താലിബാൻ നേതാവ് മുല്ല അബ്ദുൽ ഗനി ബറാദാറും അമേരിക്കയുടെ പ്രത്യേക പ്രതിനിധി സൽമായ് ഖലീൽ സാദും ഒപ്പുവെച്ച കരാർ അനുസരിച്ച്, 14 മാസത്തിനുള്ളിൽ അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാനിൽനിന്ന് പിൻവാങ്ങും. രാജ്യത്ത് പ്രവർത്തിച്ചിരുന്ന അഞ്ച് പ്രധാന യു.എസ്-നാറ്റോ സൈനികതാവളങ്ങൾ 135 ദിവസത്തിനുള്ളിൽ അടക്കുകയും ചെയ്യും. അഥവാ, ഇതിനകം തന്നെ തിരിച്ചുപോക്ക് ആരംഭിച്ചിട്ടുള്ള അമേരിക്കൻ സേന 2021 മാർച്ചോടെ പൂർണമായും അഫ്ഗാനിൽനിന്ന് പിൻവാങ്ങും; 18 വർഷത്തെ സൈനികാധിനിവേശത്തിന് പൂർണ വിരാമമാകുന്നുവെന്നർഥം. അപ്പോഴും ഒരു ചോദ്യം ബാക്കിയാകുന്നു: 2001 ഒക്ടോബറിൽ, അന്നത്തെ യു.എസ് പ്രസിഡൻറ് ജോർജ് ഡബ്ല്യു. ബുഷ് സൈന്യത്തെ താലിബാൻ കേന്ദ്രങ്ങളിലേക്ക് പറഞ്ഞയച്ചപ്പോൾ പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടുവോ? അതായത്, താലിബാൻ ഉയർത്തിയ ‘ഇസ്ലാമിക ഭീകരത’യെ അമർച്ചചെയ്ത ശേഷമാണോ ഈ പിൻമാറ്റം? അല്ലെന്ന് വ്യക്തം. കാരണം, താലിബാനെക്കുറിച്ച് അമേരിക്കൻ ഭരണകൂടവും പാശ്ചാത്യമാധ്യമങ്ങളും പ്രചരിപ്പിച്ച ആരോപണങ്ങൾ അതേപടി നിലനിൽക്കുന്നു; അഫ്ഗാനിസ്താെൻറ വലിയൊരു ഭാഗം ഇപ്പോഴും താലിബാെൻറ നിയന്ത്രണത്തിലുമാണ്. എന്നിട്ടും എന്തുകൊണ്ടായിരിക്കും ഒരു മാറ്റവുമില്ലാത്ത താലിബാൻ നേതൃത്വവുമായി ട്രംപ് ഭരണകൂടം സമാധാന കരാറിലൊപ്പിട്ടത്? പണ്ട് വിയറ്റ്നാമിൽ സംഭവിച്ചതുപോലെ, അമേരിക്കയുടെ അഫ്ഗാൻ അധിനിവേശവും വലിയൊരു പരാജയമായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നല്ലോ അമേരിക്കയുടെയും നാറ്റോയുടെയും അഫ്ഗാനിലേക്കുള്ള സൈനികാധിനിവേശം. ഭീകരാക്രമണത്തിെൻറ പിന്നിൽ പ്രവർത്തിച്ച അൽ ഖാഇദ തലവൻ ഉസാമ ബിൻലാദിന് താലിബാൻ നേതൃത്വം സംരക്ഷണം ഒരുക്കിയെന്ന് അക്കാലത്ത് അമേരിക്ക ആരോപിച്ചു. തുടർന്നാണ് താലിബാനുമായുള്ള ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. അധിനിവേശം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ തന്നെ കാബൂൾ അടക്കമുള്ള മേഖലകൾ താലിബാെൻറ നിയന്ത്രണത്തിൽനിന്നു മോചിപ്പിച്ചതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. 2011 മേയിൽ പാകിസ്താനിലെ ആബട്ടാബാദിൽനിന്ന് ഉസാമയെ പിടികൂടി കൊലപ്പെടുത്തുകയും ചെയ്തു. അതോടെ, അധിനിവേശത്തിന് വിരാമമാകുമെന്നാണ് കരുതിയത്. എന്നാൽ, തുടർന്നും പല കാരണങ്ങൾ പറഞ്ഞ് സൈന്യം അവിടെതന്നെ തുടർന്നു.
ഇതിനിടെ താലിബാനുമായി ചില ചർച്ചകൾ തുടങ്ങിവെച്ചിരുന്നു. അതിനായി ഖത്തറിൽ പ്രത്യേകം കാര്യാലയവും തുറന്നു. ഒബാമ ഭരണകൂടം ഘട്ടംഘട്ടമായുള്ള സൈനിക പിൻമാറ്റവും പ്രഖ്യാപിച്ചു. ട്രംപ് അധികാരത്തിൽ വന്നശേഷം ഈ പിൻമാറ്റത്തിന് വേഗംകൂടി എന്നത് സത്യമാണ്; കഴിഞ്ഞ രണ്ടു വർഷത്തിനിടെ ‘ദോഹ ചർച്ചകൾ’ കൂടുതൽ സജീവമാകുകയും ചെയ്തു. അത് ട്രംപിെൻറ അധിനിവേശ വിരുദ്ധ നിലപാടുകൊണ്ടല്ലെന്ന് വ്യക്തം. സൈന്യത്തെ മറ്റൊരു രാജ്യത്ത് പ്രവർത്തിപ്പിക്കുന്നതിെൻറ ഭാരിച്ച ചെലവാണ് ട്രംപിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന നിരീക്ഷണം തള്ളിക്കളയാനാകില്ല. ഈ അധിനിവേശത്തിെൻറ ചെലവ് കണക്കാക്കിയിരിക്കുന്നത് രണ്ട് ട്രില്യൻ ഡോളറാണ് (ഒരു ട്രില്യൻ എന്നാൽ ലക്ഷം കോടി). അഫ്ഗാനിസ്താെൻറ ആഭ്യന്തരോൽപാദനത്തിെൻറ ആയിരം മടങ്ങാണ് ഇതെന്നോർക്കണം.
അഫ്ഗാനിസ്താൻപോലുള്ള എത്രയോ രാജ്യങ്ങളെ പുനർനിർമിക്കാനുള്ളത്രയും സമ്പത്താണ് രാഷ്ട്രീയാധീശത്വം നിലനിർത്താൻ സാമ്രാജ്യത്വം ദുരുപയോഗം ചെയ്തതെന്നറിയുക. ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊരു ഡാറ്റ കൂടിയുണ്ട്. നിരപരാധികളായ ഒന്നര ലക്ഷത്തിലധികം അഫ്ഗാനികളുടെ ജീവെൻറ വിലയാണത്. അമേരിക്കയുടേതടക്കം പതിനായിരക്കണക്കിന് സൈനികർ കൊല്ലപ്പെട്ടത് വേറെയുമുണ്ട്. ഇത്രയധികം സമ്പത്ത് ചെലവഴിച്ചും ലക്ഷക്കണക്കിനാളുകളുടെ ജീവൻ ബലി നൽകിയും സാമ്രാജ്യത്വം നടത്തിയ ഈ പടയോട്ടം എന്തുഗുണഫലമാണ് ലോകത്തിന് സമ്മാനിച്ചത്?
ഇപ്പോൾ യാഥാർഥ്യമായിരിക്കുന്ന സമാധാനകരാറിലൂടെ അധിനിവേശവും മിലിറ്റൻസിയും സൃഷ്ടിച്ച പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാമെന്ന് ധരിക്കുന്നതും വെറുതെയാണ്. കരാറിലൂടെ പ്രാഥമികമായൊന്ന് കണ്ണോടിക്കുേമ്പാൾതന്നെ ചില പ്രശ്നങ്ങളും കാണുന്നുണ്ട്. ഈ കരാറിെൻറ തുടർച്ചയായി നടക്കേണ്ട അഫ്ഗാൻ സർക്കാറും താലിബാനുമായുള്ള ചർച്ചയാണ് അതിലൊന്ന്. ചർച്ചക്കു മുന്നോടിയായി, അഫ്ഗാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന 5000ഓളം താലിബാൻ സൈനികരെ മോചിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് അംഗീകരിക്കാനാകില്ലെന്ന അഫ്ഗാൻ പ്രസിഡൻറിെൻറ പ്രസ്താവനയാണ് ഏറ്റവുമൊടുവിൽ താലിബാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഫ്ഗാൻ ഭരണകൂടത്തിനുള്ളിൽ ഛിദ്രത നിലനിൽക്കുകയാണ്.
മാത്രവുമല്ല, ആഗസ്റ്റ് മാസത്തോടെ താലിബാനെതിരായ പല ഉപരോധങ്ങളും യു.എസ് പിൻവലിക്കും. അതോടെ, താലിബാന് കൂടുതൽ ‘സ്വതന്ത്ര’മായി മേഖലയിൽ പ്രവർത്തിക്കാനാകുമെന്നതും ഔദ്യോഗിക ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, മാർച്ച് പത്തു മുതൽ നടക്കുന്ന അഫ്ഗാൻ-താലിബാൻ ചർച്ച കൂടുതൽ സങ്കീർണമാകാൻ തന്നെയാണ് സാധ്യത. അധിനിവേശം സൃഷ്ടിച്ച ഈ പ്രതിസന്ധികൂടി മറികടക്കുേമ്പാഴേ ഇപ്പോഴുണ്ടായിട്ടുള്ള സമാധാന കരാറിനെ സമ്പൂർണ വിജയം എന്നു വിശേഷിപ്പിക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.