നിർമാർജനം ചെയ്തെന്ന് ഊറ്റംകൊള്ളാൻ ഒരുമ്പെടുമ്പോഴൊക്കെ ജനിതക മാറ്റം സംഭവിച്ച് കൂടുതൽ നാശകാരിയായി പടർന്നു കയറി ചോര ചിന്തുകയാണ് ജാതിവിദ്വേഷത്തിെൻറ അതിമാരക വൈറസ്. ഉത്തരേന്ത്യയിലും തമിഴ്നാട്ടിലുമൊക്കെ മാത്രം എന്ന മട്ടിൽ ജനാധിപത്യ -മതനിരപേക്ഷ 'ജാതിരഹിത' കേരളം പ്രതിരോധശേഷി നടിച്ചിരുന്ന, ദുരഭിമാനക്കൊലയെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ജാതിക്കൊലകൾ ഇപ്പോൾ ഇവിടെയും ആചാരമായി മാറിയിരിക്കുന്നു.
താഴ്ന്ന ജാതിക്കാരെന്ന് തങ്ങൾ കരുതിപ്പോരുന്ന ഏതെങ്കിലും വിഭാഗത്തിൽനിന്ന് കുടുംബത്തിലെ പെൺകുട്ടി ജീവിതപങ്കാളിയെ കണ്ടെത്തിയാൽ തകർന്നുപോകാൻ മാത്രം ദുർബലമായിരിക്കുന്നു നമ്മുടെ അഭിമാനം. അവളെയോ അവനെയോ കൊന്നുതള്ളുകയാണ് അതിനുള്ള പരിഹാരക്രിയയെന്നും മലയാളി വിശ്വസിച്ചുതുടങ്ങിയിരിക്കുന്നു.
തേങ്കുറുശ്ശി കൊല്ലത്തറയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അനീഷ് എന്ന 27കാരനും ഈ നികൃഷ്ട കൊലപാതകം വഴി അച്ഛനും അമ്മാവനും ചേർന്ന് വിധവയാക്കിയ ഹരിത എന്ന യുവതിയുമാണ് നാണംകെട്ട ഈ ജാതിക്രൂരതയുടെ ഏറ്റവും പുതിയ ഇരകൾ. ജാതിവെറി ഒരാളെ എത്രമാത്രം മനുഷ്യത്വരഹിതനാക്കും എന്നത് അനീഷിെൻറ കൊലപാതകം നടപ്പാക്കിയ രീതിയിൽനിന്ന് വ്യക്തമാണ്. ഇത്തരമൊരു ഹീനകൃത്യം ആവർത്തിക്കപ്പെടില്ലെന്നു കരുതാൻ ഒരു ന്യായവും കാണുന്നുമില്ല.
2018 മാർച്ച് 22ന് മലപ്പുറം അരീക്കോട് ആതിര എന്ന പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തിയതാണ് വർത്തമാനകാല കേരളത്തിലെ ആദ്യ ജാതിക്കൊല. മകളുടെ പങ്കാളി അതിർത്തി കാക്കുന്ന സൈനികനാണെങ്കിലും അവനൊരു ദലിതനാണ് എന്നതായിരുന്നു ജീവഭയത്താൽ കട്ടിലിനടിയിൽ ഒളിച്ച മകളെ കുത്തിക്കൊല്ലാൻ അച്ഛനെ പ്രേരിപ്പിച്ചത്.
തെൻറ ജീവൻ അപകടത്തിലാണെന്ന് കരഞ്ഞുപറഞ്ഞിട്ടും തൊപ്പിയും കാക്കിയുമിട്ട ഞങ്ങളില്ലേ കാവൽ എന്ന് വീമ്പുപറഞ്ഞ് പൊലീസ് പിതാവിനൊപ്പം നിർബന്ധിച്ച് പറഞ്ഞയച്ചതായിരുന്നു അവളെ. രണ്ടു വർഷത്തിനിപ്പുറം വിചാരണ വേളയിൽ പെൺകുട്ടിയുടെ അമ്മയും സഹോദരനുമുൾപ്പെടെ കേസിലെ സാക്ഷികളെല്ലാം കൂറുമാറിയതോടെ പ്രതിയെ കോടതി െവറുതെവിട്ടു.
ആതിരയുടെ കൊലപാതക വാർത്തയുടെ നടുക്കത്തിൽ നിൽക്കുേമ്പാഴാണ് 2018 മേയ് 27ന് കോട്ടയത്തെ കെവിൻ പി. ജോസഫ് എന്ന ദലിത് യുവാവ് ഭാര്യ നീനുവിെൻറ ബന്ധുക്കളാൽ അറുകൊല ചെയ്യപ്പെട്ടത്. നീനുവിെൻറ കണ്ണുനീർ വീണ് പൊള്ളിയിരുന്നു മലയാളത്തിെൻറ മനഃസാക്ഷി. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല എന്ന് കോടതി വിശേഷിപ്പിച്ച സംഭവത്തിൽ കുറേപ്പേർ ശിക്ഷിക്കപ്പെട്ടെങ്കിലും നീതി അകലെയായി എന്നുതന്നെ പറയേണ്ടിവരും.
ഗൂഢാലോചനയുടെ ആസൂത്രകനെന്ന് വിധവയുൾപ്പെടെ കെവിെൻറ ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നയാളെ കുറ്റക്കാരനല്ലെന്നു വിധിച്ച് കോടതി വെറുതെവിട്ടു. അനീഷിെന കൊന്നുതള്ളാനുറച്ച് കത്തികൾ രാകിമിനുക്കവെ ജാതിബോധത്തിനൊപ്പം ആ കോടതിവിധികളും പ്രതികൾക്ക് ഉൗർജം പകർന്നിട്ടുണ്ടാകുമെന്നു പറയാതെ വയ്യ. എത്രമാത്രം പുരോഗമനം നടിക്കുേമ്പാഴും നൂറ്റാണ്ടുകൾക്കിപ്പുറവും അധികാരഘടനയെയും സാമൂഹിക ജീവിതത്തെയും കുടുംബ ബന്ധങ്ങളെയും നിയന്ത്രിച്ചു നയിച്ചുപോരുന്നത് ജാതിതന്നെയാണ് എന്ന പരമസത്യത്തിന് അടിവരയിടുന്നതാണ് ഈ കൊലപാതകങ്ങളും കുടുംബത്തിെൻറ വൈകാരിക പ്രതികരണമെന്ന മട്ടിൽ അതിനെ ന്യായീകരിക്കുന്ന മനഃസ്ഥിതിയും.
ആതിരയുടെയും കെവിെൻറയും അറുകൊലക്കു പിന്നാലെ ഉയർന്നതുപോലെ പുതിയ നിയമത്തിനു വേണ്ടിയുള്ള മുറവിളി അനീഷിെൻറ കൊലപാതകത്തിനു ശേഷവും നാനാദിക്കുകളിൽനിന്നും ഉയരുന്നുണ്ട്. മിശ്രവിവാഹിത ദമ്പതികൾക്ക് സുരക്ഷിതമായി താമസിക്കാൻ വീടുകൾ ഒരുക്കണമെന്നും പൊലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉൾപ്പെടെ നിരവധി നിർദേശങ്ങൾ നേരത്തേ തന്നെ സുപ്രീംകോടതി ഈ വിഷയത്തിൽ സർക്കാറുകൾക്ക് നൽകിയതാണ്. നിയമത്തിെൻറ അഭാവമല്ല, ജാതി അടിമത്തവും മാനുഷികബോധങ്ങളുടെ അധഃപതനവുമാണ് ഇതിനെല്ലാം വഴിവെക്കുന്നതെന്ന് ഇനിയെങ്കിലും തുറന്നു സമ്മതിച്ചുകൂടേ?
ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ കീഴാള സമൂഹങ്ങൾ ഒന്നിച്ചു പൊരുതേണ്ട ഒരു കാലത്ത്, സവർണ മേലാളർ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന വംശവെറി ജാതിശ്രേണിയുടെ താഴെത്തട്ടിലുള്ളവർപോലും അലങ്കാരപ്പട്ടുപോലെ അണിഞ്ഞ് സഹോദര സമുദായത്തിനെതിരെ ആയുധമെടുക്കുന്നുവെന്ന അപകടകരമായ പ്രവണതയും ഈ േചാരപ്പാടുകളിൽ നിഴലിച്ചുകാണുന്നു. മകനോ മകളോ ദലിത് സമൂഹത്തിൽ നിന്നൊരാളെ പങ്കാളിയാക്കുന്നത് നൂറ്റാണ്ടുകളായി മേൽജാതി സമൂഹത്താൽ ദലിതരോളംതന്നെ വേട്ടയാടപ്പെട്ട ഇതര ജാതി സമൂഹങ്ങൾക്കുപോലും അംഗീകരിക്കാനാവാത്ത ജാതി അഹങ്കാരമായി തോന്നുന്നത് വംശശുദ്ധിയിലധിഷ്ഠിതമായ വർഗീയ-ജാതി ചിന്തകളുടെ വിഷം പിന്നാക്ക സമൂഹത്തെപ്പോലും തീണ്ടുന്നതിെൻറ പ്രകടമായ ലക്ഷണമാണ്.
മുളയിൽ തന്നെ പിഴുതുകളയാനുള്ള ജാഗ്രതയില്ലായ്മയാണ് ഉത്തരേന്ത്യൻ നാടുകളിൽ ജാതിക്കൊലകൾ വ്യാപിക്കാൻ കാരണമായതെന്ന് നമ്മൾ മറന്നുപോകരുത്. ചെപ്പടിവിദ്യകളോ മധുരവാക്കുകളോകൊണ്ട് ചികിത്സിച്ച് ഭേദമാക്കാനാവാത്ത ദുരിതമാണിത്. മറുമരുന്ന് കണ്ടെത്താൻ വൈകിയാൽ ഈ മാരക വൈറസ് എത്ര ജീവിതങ്ങൾ തകർത്തെറിയുമെന്ന് പ്രവചിക്കാനാവില്ല.
മറക്കരുത്, ജാതി ചോദിക്കരുതെന്ന് പഠിപ്പിച്ച നാരായണ ഗുരുവിെൻറ നാടാണിത്. നവോത്ഥാനത്തിെൻറ മതിലുകളും മന്ദിരങ്ങളുമുയർന്ന മണ്ണ്. അറുകൊലകൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ജാതിയെ അറുത്തെറിയുക മാത്രമാണ് മാർഗം; പേരിൽനിന്നല്ല, ഓരോരുത്തരുടെയൂം മനസ്സിൽനിന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.