''ന്യൂനപക്ഷ വർഗീയതയെ ഉയർത്തിപ്പിടിച്ച് ഭൂരിപക്ഷ വർഗീയതയെ ചെറുക്കാൻ കഴിയുമോ? അത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലല്ലേ? ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയല്ലേ? അതിനെ തോൽപിക്കാൻ നാമെല്ലാവരും ഒരുമിച്ചുനിൽക്കേണ്ടതല്ലേ?'' -സി.പി.എം ആക്ടിങ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ. വിജയരാഘവൻ കോഴിക്കോട് ജില്ലയിലെ മുക്കത്ത് വികസന മുന്നേറ്റ ജാഥക്ക് നൽകിയ സ്വീകരണത്തിൽ നടത്തിയ പ്രസംഗത്തിലെ വരികളാണിത്. പ്രഭാഷണം വിവാദമായതോടെ, മാധ്യമങ്ങൾ വാക്കുകളെ ദുർവ്യാഖ്യാനിക്കുകയാെണന്ന് ആരോപണമുന്നയിക്കുകയും ന്യൂനപക്ഷവർഗീയത കൂടുതൽ അപകടകരമാണെന്ന് പറഞ്ഞിട്ടില്ലെന്നും ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടമെന്നും തിരുത്തിയിരിക്കുന്നു വിജയരാഘവൻ. എന്നാൽ, മുക്കത്ത് അദ്ദേഹം നടത്തിയ പ്രസംഗം ഒരു എഡിറ്റിങ്ങിനും വിധേയമാകാതെ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും പാറിനടക്കുന്നുണ്ട്. കൃത്യവും വ്യക്തവുമായിരുന്നു ആ സംസാരം. അതൊരു നാക്കുപിഴയോ ആകസ്മികമോ അല്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം സി.പി.എം കേരളത്തിൽ സ്വീകരിച്ച സമീപനത്തിെൻറ സ്വാഭാവിക വളർച്ചയാണത്. പാർട്ടി മുഖപത്രവും ജിഹ്വയും ഒന്ന് മറിച്ചുനോക്കിയാൽ മതി, കേരളത്തിലെ ന്യൂനപക്ഷ വർഗീയതയുടെയും തീവ്രവാദത്തെയും കുറിച്ചുള്ള ഇടതുകഥനം എത്ര സമൃദ്ധമാണെന്നു കാണാൻ.
ഇപ്പോൾ കാര്യങ്ങൾ സുവ്യക്തമാകുകയാണ്; ഹസൻ -കുഞ്ഞാലിക്കുട്ടി -അമീർ കൂട്ടുകെട്ടായി യു.ഡി.എഫ് നേതൃത്വം മാറിയെന്ന സി.പി.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണെൻറ പ്രസ്താവന ഒരു നാക്കുപിഴയായിരുന്നില്ല. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കാൻ പോകുന്നുവോ എന്ന ചോദ്യവും അങ്ങനെ വന്നാൽ അത് ജനാധിപത്യവിരുദ്ധവും കേരളത്തെ വർഗീയതയിലേക്ക് തള്ളിവിടുന്നതുമാകുമെന്ന അദ്ദേഹത്തിെൻറത്തന്നെ ഉത്തരവും ആകസ്മിക പിഴവായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുസ്ലിംസമുദായത്തിലെ പ്രബലകക്ഷിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമയും മറ്റും നടത്തിയ പ്രതികരണത്തെ വർഗീയമനോഗതിയായി സി.പി.എം ആക്ടിങ് സെക്രട്ടറി ഉൾപ്പെടെ വിശേഷിപ്പിച്ചതും അബദ്ധത്തിൽ സംഭവിച്ചതായിരുന്നില്ല. ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഘടകകക്ഷിയായ മുസ്ലിംലീഗിെൻറ അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചത് മതമൗലികവാദ കൂട്ടുകെട്ട് വിപുലീകരിക്കാനാെണന്ന പ്രസ്താവനയെയും അങ്ങനെത്തന്നെ കാണണം. എല്ലാം വളരെ കൃത്യവും ആസൂത്രിതവുമാെണന്ന് വ്യക്തമാകുകയാണ്. മുസ്ലിംകർതൃത്വത്തിലുള്ള സർവതും അപകടകരമാണെന്ന ഇസ്ലാമോഫോബിയയുടെ വാദം സി.പി.എം ഏറ്റെടുത്തിരിക്കുന്നു. മുസ്ലിം ന്യൂനപക്ഷത്തെക്കുറിച്ച് സംഘ്പരിവാർ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന വ്യാജവും അപകടകരവുമായ വാദഗതികൾ സി.പി.എമ്മിേൻറതു കൂടിയായി മാറിയിരിക്കുന്നു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഘടിത ന്യൂനപക്ഷവർഗീയത സംഘ്പരിവാർ സാധൂകരണത്തിനുണ്ടാക്കിയ പൊയ്ക്കാൽ രൂപമാണെന്ന എത്രയോ പഠനങ്ങൾ ഇതിനകം പുറത്തിറങ്ങിയിരിക്കുന്നു. ഭൂരിപക്ഷ വർഗീയതയെ വളർത്തുന്നത് ന്യൂനപക്ഷ വർഗീയതയാണ് എന്ന വാദംതന്നെ ചരിത്രവിരുദ്ധവും മുസ്ലിം അപരവത്കരണത്തിന് സംഘ്പരിവാർ പാഠശാലകളിൽ ഉരുവപ്പെടുത്തിയതുമാെണന്ന പഠനങ്ങൾ ഇടതുപക്ഷ സഹയാത്രികർതന്നെ ഗുജറാത്ത് വംശഹത്യ മുൻനിർത്തി വസ്തുനിഷ്ഠമായി സ്ഥാപിച്ചതാണ്. കോൺഗ്രസിന് അപ്രമാദിത്വമുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ ഇന്ന് ബി.ജെ.പി അജയ്യരായി മാറിയത് ന്യൂനപക്ഷ വർഗീയതകൊണ്ടായിരുന്നുവോ? ഇടതുപക്ഷ കോട്ടകളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും ബി.ജെ.പി തിടംവെച്ച് വളർന്നതിലെ ഉത്തരവാദികൾ ന്യൂനപക്ഷ രാഷ്ട്രീയ കർതൃത്വമാണോ? എക്കാലത്തും മുസ്ലിംകൾ കോൺഗ്രസിെൻറ പക്ഷത്തായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ബംഗാളിൽ മുസ്ലിം ന്യൂനപക്ഷം സി.പിഎമ്മിെനാപ്പമായിരുന്നു. എന്നിട്ടും സാമൂഹികമായും രാഷ്ട്രീയ മായും ഏറ്റവും പിന്നാക്ക സമുദായമാകാനായിരുന്നു മുസ്ലിംകളുടെ വിധി. രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഏറ്റവും ദുർബലരായിരുന്ന ദലിത് സമൂഹത്തേക്കാൾ അശരണരാകുകയായിരുന്നു മുസ്ലിംകളെന്ന 70 വർഷത്തെ ചരിത്രമെന്നറിയാൻ സി.പി.എം നേതാക്കൾ ജസ്റ്റിസ് രജീന്ദർ സച്ചാറിെൻറ റിപ്പോർട്ട് ഒരിക്കൽകൂടി വായിക്കുന്നത് നന്നാകും.
അധികാരത്തുടർച്ചക്കുവേണ്ടിയുള്ള ഓട്ടത്തിൽ കേരളത്തിലെ തീവ്ര ഹിന്ദുത്വവത്കരണത്തെ പുൽകുകയാണ് ദൗർഭാഗ്യവശാൽ സി.പി.എം. സത്യാനന്തരകാലത്ത് പ്രോപഗണ്ടശേഷിയുടെ മേൽക്കൈ കണ്ടാകാം ഇൗ ഇറങ്ങിപ്പുറപ്പാട്. ഇത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ലാഭമോ നഷ്ടമോ വരുത്തുക എന്ന് തെരഞ്ഞെടുപ്പ് വിധിയെഴുതും. രണ്ടായിരുന്നാലും കോൺഗ്രസ്മുക്ത കേരളം സൃഷ്ടിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം അപരവത്കരണ ജൽപനങ്ങളെല്ലാം ഒടുവിൽ തീവ്രഹിന്ദുത്വവത്കരണത്തിെൻറ ഇന്ധനമായി പരിണമിക്കുന്നത് കുറ്റബോധത്തോടെ ഇടതുപക്ഷത്തിന് നോക്കിനിൽക്കേണ്ടിവരും. അന്ന്, മറ്റൊരു നിയമസഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലേതുപോലെ കോൺഗ്രസുമായും മുസ്ലിം ന്യൂനപക്ഷ സംഘടനകളുമായും കൂട്ടുചേർന്ന് മതേതരത്വത്തിനുവേണ്ടി വോട്ട് ചോദിച്ച് സി.പി.എമ്മിന് ഇറങ്ങേണ്ടിവരും. ഇന്ന് കൂടെനിന്ന് കൈയടിക്കുന്ന അണികളപ്പോൾ പശ്ചിമ ബംഗാളിലെയും ത്രിപുരയിെലയും പോലെ കൊടിമാറ്റിപ്പിടിച്ച് വരുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.