2023 ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളുടെ വർഷമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് ആദ്യം. ത്രിപുര ഫെബ്രുവരി 16നും നാഗാലാൻഡ്, മേഘാലയ എന്നിവ 27നും പോളിങ്ബൂത്തിലേക്ക് പോകും. ഫലപ്രഖ്യാപനം മാർച്ച് രണ്ടിനും. മിസോറം തെരഞ്ഞെടുപ്പ് മാസങ്ങൾക്കപ്പുറമാണ്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലും ഈവർഷംതന്നെ അസംബ്ലി തെരഞ്ഞെടുപ്പുകൾ വരും. അങ്ങനെ മൊത്തം ഒമ്പതു സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിലൂടെ 2024ന്റെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ സൂചനകൾ കാണാനാവും.
2011 സെൻസസ് അനുസരിച്ച് 37 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ത്രിപുരയിൽ 60 നിയമസഭ നിയോജകമണ്ഡലങ്ങളാണുള്ളത്. ഓരോ മണ്ഡലത്തിലും 45,000ത്തിൽ താഴെ മാത്രമാണ് വോട്ടർമാർ. ഭൂരിപക്ഷവും അതനുസരിച്ച് ചെറുതാവും. 2018ൽ രണ്ടുദശകത്തോളം സംസ്ഥാനം ഭരിച്ച ഇടതുസഖ്യത്തെ തോൽപിച്ച് അധികാരത്തിലെത്തിയത് ബി.ജെ.പിയായിരുന്നു. ഐ.പി.എഫ്.ടി എന്നറിയപ്പെടുന്ന, ത്രിപുര തദ്ദേശീയ ജനകീയ മുന്നണിയുമായി ചേർന്ന കൂട്ടുകെട്ട് 43 സീറ്റും, ബി.ജെ.പി സ്വന്തമായി 35 സീറ്റും നേടിയെങ്കിലും വോട്ട് ശതമാനത്തിൽ ഏതാണ്ട് തുല്യമായിരുന്നു രണ്ട് മുന്നണികളും. എന്നാൽ, 2018ലെ അസംബ്ലി ഫലത്തിലെ 1.79 ശതമാനം എന്ന വോട്ട് നില ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 25 ശതമാനമായി മെച്ചപ്പെടുത്തി. രണ്ടു ലോക്സഭ മണ്ഡലത്തിലും ബി.ജെ.പി.ക്കുപിന്നിൽ അവർ രണ്ടാം സ്ഥാനത്തെത്തി. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം ബി.ജെ.പി.ക്ക് 49 ശതമാനമായിരുന്നെങ്കിൽ കോൺഗ്രസിനും സി.പി.എമ്മിനും കൂടി 43 ശതമാനം വരും.
ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള ആ മേഖലയിൽ ഹിന്ദുത്വ ശക്തികൾ അവർക്കെതിരെ നടത്തുന്ന പ്രചാരണങ്ങളോട് തദ്ദേശീയരുടെ പ്രതികരണം എങ്ങനെ പ്രതിഫലിക്കുമെന്നത് വ്യക്തമല്ല. അതിർത്തി മേഖല എന്ന നിലയിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ പ്രത്യേക ശ്രദ്ധനൽകുന്നതും വികസന ഫണ്ടുകൾ നീക്കിവെക്കുന്നതും വിലയിരുത്തപ്പെടാം. ഭാരത് ജോഡോ യാത്രയുടെ ശ്രീനഗറിലെ സമാപനത്തിൽ സി.പി.എമ്മിന്റെ അസാന്നിധ്യത്തെക്കുറിച്ച് സി.പി.ഐ നേതാവ് ഡി. രാജ പറഞ്ഞ മുനവെച്ച അഭിപ്രായം, ത്രിപുരയിൽ ആകാവുന്നത് ശ്രീനഗറിലും ആവാമെന്നാണ്. ത്രിപുരയിൽ ദീർഘകാലത്തെ സമവാക്യങ്ങൾ മറന്നു കോൺഗ്രസുമായി സി.പി.എം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. ബി.ജെ.പിയെ അധികാരത്തിൽനിന്നു മാറ്റിനിർത്തുക എന്ന ഒരൊറ്റ അജണ്ടയിൽ സ്വന്തം പതാകകൾക്കു പകരം ദേശീയപതാകയുമായി അണിനിരന്നാണ് അവർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതൊരിടത്താവാമെങ്കിൽ എന്തുകൊണ്ട് അഖിലേന്ത്യ തലത്തിലേക്കും വ്യാപിപ്പിച്ചുകൂടാ എന്നാണ് രാജ ചോദിക്കുന്നത്. 2021ലെ പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് ധാരണയിൽ എത്തിയിരുന്നെങ്കിലും അവിടെ ബി.ജെ.പിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ശത്രുക്കളായിരുന്നു. അതുവഴി ഒരൊറ്റ സീറ്റും പിടിച്ചെടുക്കാൻ മൂന്നു ദശകത്തോളം ബംഗാൾ ഭരിച്ചിരുന്ന സി.പി.എമ്മിനു സാധിച്ചില്ല എന്നത് ഉപകഥ.
ശക്തമായ ഭരണവിരുദ്ധ വികാരത്തിൽ ബി.ജെ.പി. അസ്വസ്ഥമാണെന്നാണ് റിപ്പോർട്ടുകൾ. ഭരണത്തിലെ പിടിപ്പുകേടു കാരണമാണ് അവർക്ക് ബിപ്ലവ് ദേവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റി പകരം മണിക് സാഹയെ നിയമിക്കേണ്ടിവന്നതും. കോൺഗ്രസ്-ഇടത് സഖ്യത്തിനകത്ത് ചില്ലറ സ്ഥാനാർഥി നിർണയ പ്രശ്നങ്ങളുണ്ടായതും സി.പി.എം എം.എൽ.എ മുബശ്ശിർ അലിയും മുൻ കോൺഗ്രസ് എം.എൽ.എ സുബൽ ഭൗമികും പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേർന്നതും തിരിച്ചടികളായിട്ടുണ്ട്. എങ്കിലും നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിനകം രണ്ടുകൂട്ടരും സമർപ്പിച്ച അധിക പത്രികകൾ പിൻവലിച്ച് സ്ഥാനാർഥി പ്രശ്നം പരിഹരിക്കാനാണ് സാധ്യത.
ത്രിപുര തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് 12 ലക്ഷം ഗോത്രവർഗക്കാരും 20 സംവരണ സീറ്റുകളും. അവർക്കിടയിലെ ഐ.പി.എഫ്.ടിയും ടിപ്ര മോത എന്നറിയപ്പെടുന്ന ത്രിപുര തദ്ദേശീയ പുരോഗമന മേഖല സഖ്യവും തമ്മിൽ ലയനത്തിനടുത്തെത്തിയിരുന്നെങ്കിലും അവസാനം അത് നടന്നില്ല. അതിനിടയിൽ 2018ൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും പിന്നീട് പിരിഞ്ഞുപോയ ഐ.പി.എഫ്.ടിയുമായുള്ള സഖ്യം ബി.ജെ.പി ഈയിടെ പുനരുജ്ജീവിപ്പിച്ചു -55 സീറ്റ് ബി.ജെ.പിക്കും അഞ്ച് ഐ.പി.എഫ്.ടിക്കും എന്ന ധാരണയിൽ. അങ്ങനെ ഒരു ചതുഷ്കോണ മത്സരത്തിന് സാധ്യതയുണ്ടെങ്കിലും ടിപ്ര മോത സി.പി.എം-കോൺഗ്രസ് സഖ്യത്തിനനുകൂലമായി സീറ്റ് വിട്ടുവീഴ്ചക്ക് തയാറാണെന്ന നിലപാടിലാണ്. പക്ഷേ, അതിനുവെച്ച ഉപാധി തദ്ദേശീയ സമുദായങ്ങൾക്ക് സ്വതന്ത്ര സംസ്ഥാനം എന്ന തങ്ങളുടെ മുഖ്യാവശ്യം രേഖാമൂലം പിന്തുണക്കണമെന്നതാണ്. ഇടത്-കോൺഗ്രസ് സഖ്യം ഇതിനോട് അനുഭാവ സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും അതെഴുതി നൽകാൻ അവർ തയാറാകുമോ എന്നു കണ്ടറിയണം. ഇപ്പോൾ 60ൽ 42 സീറ്റിൽ ടിപ്ര മോത മത്സരിക്കുന്നുണ്ട്.
ത്രിപുരയിലെ ചിത്രത്തിലെ മുഖ്യമാനം സി.പി.ഐ-കോൺഗ്രസ് സഖ്യം ഒന്നിച്ച് ബി.ജെ.പിയെ നേരിടുന്നുവെന്നതാണ്. ദേശീയതലത്തിലെ ഒരു മാതൃകയായി അതിനെ എത്രത്തോളം വികസിപ്പിക്കാമെന്നതാണ് അതിന്റെ അടുത്ത പടി. ഈ രണ്ടു കക്ഷികളും അത്ര ദൂരം പോയാൽപോലും മുഖ്യ പ്രതിപക്ഷപാർട്ടികൾ തന്നെ ഓരോരുത്തർക്കും ഓരോ 'യോജിച്ച' മുന്നണി എന്ന നിലയിൽതന്നെയാണ് നിൽപ്പെങ്കിൽ അവരൊക്കെ തന്നെയാവും ഫാഷിസ്റ്റുശക്തികളുടെ ഏറ്റവും വലിയ അഭ്യുദയകാംക്ഷികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.