ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഇ.വി.എം) ഉപയോഗം സംബന്ധിച്ച് അതിനിർണായകമായൊരു ഇടപെടൽ നടത്തിയിരിക്കുന്നു പരമോന്നത നീതിപീഠം. വോട്ടുയന്ത്രത്തോടൊപ്പം ഘടിപ്പിച്ചിരിക്കുന്ന മുഴുവൻ വിവിപാറ്റ് (വോട്ടർ വെരിഫയബ്ൾ പേപ്പർ ഓഡിറ്റ് ട്രയൽ) സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) എന്ന സംഘടന നൽകിയ ഹരജിയുടെ തുടർനടപടികൾ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 19നുമുമ്പ് തന്നെ തുടങ്ങുമെന്നാണ് കരുതുന്നത്. ഒരു തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന മുഴുവൻ വോട്ടുയന്ത്രത്തിലും വിവിപാറ്റ് ഘടിപ്പിക്കാറുണ്ടെങ്കിലും അതിൽനിന്ന് തെരഞ്ഞെടുത്ത അഞ്ച് യന്ത്രങ്ങളിലെ സ്ലിപ്പുകൾ മാത്രമാണ് നിലവിൽ എണ്ണുന്നത്.
ഇതിനുപകരം, മുഴുവൻ സ്ലിപ്പുകളും എണ്ണി മൊത്തം വോട്ടുകൾ ഒത്തുനോക്കണമെന്നാണ് ഹരജിക്കാരുടെ പ്രധാന ആവശ്യം. വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകമായി സൂക്ഷിക്കാൻ അവസരം നൽകണമെന്നും വിവിപാറ്റ് യന്ത്രത്തിന്റെ ഗ്ലാസ് സുതാര്യമാക്കണമെന്നും ഹരജിയിലുണ്ട്. അടുത്തിടെ, വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് പലകോണുകളിൽനിന്നും വലിയ ആശങ്കയും സംശയങ്ങളും ഉയർന്നുവരുന്നുണ്ട്. വോട്ടുയന്ത്രത്തിൽ കൃത്രിമത്വം സാധ്യമാണെന്നും അതുവഴി തെരഞ്ഞെടുപ്പ് ഫലം തന്നെ അട്ടിമറിക്കാനാകുമെന്നുമാണ് ഈ സംശയങ്ങളുടെ രത്നച്ചുരുക്കം. കേവലമായ ഗൂഢാലോചനാവാദങ്ങൾക്കപ്പുറം, ഈ മേഖലയിലെ വിദഗ്ധർ തന്നെ കൃത്യമായ തെളിവുകളുടെ പിൻബലത്തോടെ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ നിസ്സാരമായി കാണാനാകില്ല. മുമ്പും, രാജ്യത്തെ പല ഹൈകോടതികളിലും സമാനമായ ഹരജികൾ വന്നിട്ടുണ്ടായിരുന്നുവെങ്കിലും തുടക്കത്തിലേ അതെല്ലാം നിരസിക്കപ്പെടുകയായിരുന്നു.
നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൂർണമായും ഇ.വി.എം ഉപയോഗിച്ച് തുടങ്ങിയിട്ട് 20 വർഷമായിരിക്കുന്നു. അതിനുശേഷം, അഞ്ച് ലോക്സഭ തെരഞ്ഞെടുപ്പുകൾക്ക് നാം സാക്ഷ്യംവഹിച്ചു; ഇതിനിടയിൽ, എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് നാല് നിയമസഭ തെരഞ്ഞെടുപ്പുകളും നടന്നു. ഓരോ തെരഞ്ഞെടുപ്പുകാലത്തും ഇ.വി.എമ്മിന്റെ വിശ്വാസ്യതയും സുതാര്യതയും സംബന്ധിച്ച് ചോദ്യമുയരാറുണ്ട്. വോട്ടുയന്ത്രങ്ങളുടെ നിർമാണത്തിലും വിതരണത്തിലും നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് മനോരഞ്ജൻ റോയ് എന്ന വിവരാവകാശ പ്രവർത്തകന്റെ വെളിപ്പെടുത്തലുകളോടെയാണ് വിഷയം പൊതുജനമധ്യത്തിൽ കൂടുതൽ ചർച്ചയായതും പിന്നീട് നിയമപോരാട്ടങ്ങൾക്ക് വഴിതുറന്നതും. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ), ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ.സി.ഐ.എൽ) എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് ഇ.വി.എം നിർമിക്കുന്നത്. 1990 മുതൽ 25 വർഷത്തിനിടെ, എത്ര വോട്ടിങ് മെഷീനുകൾ തെരഞ്ഞെടുപ്പ് കമീഷന് നിർമിച്ചുനൽകി എന്ന് 2017ൽ വിവരാവകാശ നിയമപ്രകാരം മനോരഞ്ജൻ ഈ കമ്പനികളോട് ചോദിച്ചു. യഥാക്രമം, 19.6 ലക്ഷവും 19.4 ലക്ഷവുമെന്നായിരുന്നു കമ്പനികളുടെ മറുപടി. ഇതേ ചോദ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി മറ്റൊന്നായിരുന്നു.
ഭെൽ പത്തര ലക്ഷം മെഷീനുകൾ നൽകിയപ്പോൾ 10.1 ലക്ഷം ഇ.വി.എമ്മാണ് ഇ.സി.ഐ.എല്ലിന്റെ സംഭാവനയെന്നായിരുന്നു കമീഷന്റെ മറുപടി. പ്രത്യക്ഷത്തിൽതന്നെ ഉത്തരത്തിൽ വലിയ അന്തരം കാണാം. മറ്റൊരർഥത്തിൽ, കമ്പനികൾ നിർമിച്ചയച്ചു എന്നു പറയപ്പെടുന്ന 19 ലക്ഷത്തോളം മെഷീനുകൾ തെരഞ്ഞെടുപ്പ് കമീഷനിൽ എത്തിയിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കുപോലും ഈ ‘കാണാതായ’ ഇ.വി.എം മെഷീനുകൾ മതിയാകും. ഈ തിരിച്ചറിവാണ് ബോംബെ ഹൈകോടതിയിൽ വിഷയം ഉന്നയിക്കാൻ മനോരഞ്ജനെ പ്രേരിപ്പിച്ചത്. 2018 മുതൽ കേസ് നടന്നുവെങ്കിലും വിഷയത്തിൽ കൃത്യമായ തീർപ്പുകൽപിക്കാൻ കോടതിക്കായില്ല; തെരഞ്ഞെടുപ്പ് കമീഷന്റെ നിസ്സംഗ സമീപനമാണ് ഈ കേസ് ഇത്രയും നീണ്ടുപോകാൻ കാരണം. വോട്ടുയന്ത്രം കോടതി കേറിയതോടെയാണ് യന്ത്രത്തിൽ വിവിപാറ്റ് ഘടിപ്പിച്ച് വിമർശനം മയപ്പെടുത്താൻ കമീഷൻ തീരുമാനിച്ചത്. നാമമാത്ര വിവിപാറ്റുകൾ എണ്ണി സുതാര്യത ഉറപ്പാക്കാമെന്നതാണ് കമീഷൻ നിലപാട്. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് സമയ നഷ്ടമാണെന്ന നിലപാടും കമീഷനുണ്ട്. ഇതേ ന്യായങ്ങൾ കമീഷൻ സുപ്രീംകോടതിയിലും ആവർത്തിച്ചേക്കും. എന്നാൽ, വോട്ടുയന്ത്രത്തെക്കുറിച്ചുള്ള പുതിയ പല വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ അത് എത്രകണ്ട് നീതിപീഠത്തിന് സ്വീകാര്യമാകുമെന്ന് കണ്ടറിയണം.
വിവിപാറ്റ് സ്ലിപ്പുകൾ മുഴുവൻ എണ്ണിയാലും, വോട്ടുയന്ത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകൾ പൂർണമായും മാഞ്ഞുപോകില്ലെന്നതാണ് വാസ്തവം. ചെയ്ത വോട്ട് ഉദ്ദേശിച്ചയാൾക്കുതന്നെയാണ് മെഷീൻ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്താൻ വിവിപാറ്റ് സഹായകമാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്. ഒരാൾ ആർക്കാണോ വോട്ട് ചെയ്തത് അത് പ്രിൻറ് ചെയ്ത് കാണിക്കുന്നുണ്ടെങ്കിലും അതേ ഡേറ്റ തന്നെയാണോ വോട്ടുയന്ത്രത്തിന്റെ കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് വോട്ടർ എങ്ങനെ ഉറപ്പിക്കുമെന്ന ചോദ്യം പ്രസക്തമാണ്. വോട്ടുകൾ എണ്ണുന്നത് കൺട്രോൾ യൂനിറ്റിൽ രേഖപ്പെടുത്തപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണല്ലൊ. വോട്ടർ ബാലറ്റ് യൂനിറ്റിൽ ഏതെങ്കിലുമൊരു ചിഹ്നത്തിനുനേരെ വിരലമർത്തുമ്പോൾ വിവിപാറ്റ് അത് പ്രിന്റ് ചെയ്യുന്നുവെന്ന് മാത്രം. അത് അപ്പടി കൺട്രോൾ യൂനിറ്റിലെത്തി എന്ന് അപ്പോഴും ഉറപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ, വിവിപാറ്റ് മുഴുവൻ എണ്ണുന്നതിലൂടെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം കൃത്യമാക്കാം എന്നതുമാത്രമാണ് മെച്ചം. അപ്പോഴും, സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജി പ്രധാനം തന്നെയാണ്. വോട്ടുയന്ത്രത്തിന്റെ സുതാര്യത സംബന്ധിച്ച അതിനിർണായകമായ ചോദ്യങ്ങൾ അവിടെ അവതരിപ്പിക്കപ്പെടുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.