കാസർകോട് ചൂരിയിലെ മദ്റസാധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ പള്ളിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളെയും വിട്ടയച്ച കോടതി വിധി, നീതിയിലും ജുഡീഷ്യറിയിലും വിശ്വാസമർപ്പിച്ച എല്ലാവരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി

കെ.കെ. ബാലകൃഷ്ണൻ മൂന്നു ആർ.എസ്.എസ് പ്രവർത്തകരെയും കുറ്റമുക്തരായി വിധിച്ചത് തെളിവില്ലെന്ന് പറഞ്ഞാണ്. തീർത്തും അപ്രതീക്ഷിതമാണ് ഇത്. ഇതുവരെ എട്ടു ജഡ്ജിമാർ വാദം കേട്ട കേസിൽ 2019ലാണ് വിചാരണ നടപടികൾ ആരംഭിച്ചത്. 2017 മാർച്ച് 20ന് അർധരാത്രി കൊലപാതകം നടന്ന് മൂന്നു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു; അതിൽപിന്നെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികൾ ഇപ്പോൾ കോടതിവിധിയോടെ വിട്ടയക്കപ്പെട്ടു. അതേസമയം, കൊലക്കിരയായ റിയാസ് മൗലവിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ നീതി നൽകാനാകാതെ നമ്മുടെ വ്യവസ്ഥിതിയും നീതിന്യായ സംവിധാനവും പരാജയപ്പെട്ടിരിക്കുകയാണ്. പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പാതകികൾ ഇല്ലാതായെങ്കിൽ പരിഹാസ്യമാകുന്നത് നമ്മുടെ സംവിധാനങ്ങൾതന്നെ. ഈ വീഴ്ചക്ക് സെഷൻസ് കോടതി കുറ്റപ്പെടുത്തുന്നത് അന്വേഷക സംഘത്തെയും പ്രോസിക്യൂഷനെയുമാണ്. എന്നാൽ, അന്വേഷകരും പ്രോസിക്യൂഷനും തീർത്ത് പറയുന്നു, പഴുതടച്ച അന്വേഷണവും വാദവുമാണ് നടന്നതെന്ന്. വീഴ്ച ആരുടെതാണെങ്കിലും അതിന്റെ ആഘാതമേൽക്കുന്നത് നീതിക്കാണ്; റിയാസ് മൗലവിയുടെ കുടുംബത്തിനും നീതിന്യായ സംവിധാനത്തിൽ വിശ്വാസമർപ്പിച്ച അസംഖ്യം പൗരന്മാർക്കുമാണ്. കുറ്റവാളികൾ രക്ഷപ്പെടുമ്പോൾ നിരപരാധികളാണ് ഫലത്തിൽ ശിക്ഷിക്കപ്പെടുന്നത്.

അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന വിമർശനം കോടതി വിധിയിലുണ്ട്. കൊലപാതകം സംബന്ധിച്ച് പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിലയിരുത്തി. പ്രതികൾക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്നോ മുസ്‍ലിം സമുദായത്തോട് വിദ്വേഷമുണ്ടെന്നോ തെളിയിക്കാൻ കഴിഞ്ഞില്ലത്രെ. റിയാസ് മൗലവിയുടെ മുറിയിൽനിന്ന് കണ്ടെടുത്ത ഫോണോ മെമ്മറി കാർഡോ പരിശോധിക്കാൻ അന്വേഷകസംഘം തയാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. മരണത്തിന് മുമ്പ് അദ്ദേഹം ആരോടെല്ലാം ഇടപഴകി എന്നും അന്വേഷിച്ചില്ല. കൊലപാതകം, മതത്തിന്റെ പേരിൽ ശത്രുത വളർത്തൽ, ആരാധനാലയം അശുദ്ധമാക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്

പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. ഇതൊന്നും തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറയുന്നത്. ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ ഭാഗം പറയുന്നു.

പ്രോസിക്യൂഷനെയും അന്വേഷണത്തെയും കോടതി കുറ്റപ്പെടുത്തുമ്പോൾ ഈ കോടതി വിധി എന്തടിസ്ഥാനത്തിലാണെന്ന് ചോദിക്കുന്നു പ്രോസിക്യൂഷൻ. മൂന്നു പ്രതികൾക്കും ശിക്ഷ വിധിക്കാവുന്നതരത്തിൽ തെളിവ് കോടതിയിൽ ഹാജരാക്കിയിരുന്നു.

ഡി.എൻ.എ പരിശോധനാഫലമാണ് ഒന്ന്. ഡി.എൻ.എ പ്രധാന തെളിവാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ളതാണ്. ഇത്തരം കേസുകളിൽ പരമോന്നത കോടതി നൽകിയ 24 വിധികളുടെ പകർപ്പ് സെഷൻസ് കോടതിയിൽ സമർപ്പിച്ചതാണ്. ഒന്നാം പ്രതിയുടെ വസ്ത്രത്തിലെ ചോരപ്പാട് റിയാസ് മൗലവിയുടേതാണെന്ന് തെളിഞ്ഞതാണ്. ഇതൊന്നും നിഷേധിക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടുമില്ല. നൂറോളം സാഹചര്യത്തെളിവുകൾ കോടതിയിൽ ഹാജരാക്കിയതാണ്. പ്രഗത്ഭ ക്രിമിനൽ അഭിഭാഷകൻ അഡ്വ. എം. അശോകൻ കഴിഞ്ഞവർഷം മരിക്കുന്നതുവരെ പ്രോസിക്യൂട്ടറെന്ന നിലക്ക്

മികച്ച പ്രവർത്തനമാണ് നടത്തിയത്. അതിനുശേഷവും വിചാരണ ഘട്ടത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വാദിഭാഗം ചൂണ്ടിക്കാട്ടുന്നു. ലോക്കൽ പൊലീസിന് തുടക്കത്തിൽ സംഭവിച്ച പിഴവെല്ലാം പിന്നീട് തിരുത്തിയിരുന്നു. ആവശ്യമായ തെളിവ് മുഴുവൻ നൽകിയെന്നു മാത്രമല്ല, എല്ലാ സാക്ഷികളും പ്രോസിക്യൂഷൻ വാദത്തെ ബലപ്പെടുത്തുന്ന മൊഴികളാണ് നൽകിയത്. ഒരു സാക്ഷിയും കൂറുമാറിയില്ല. ഗൂഢാലോചനയുടെ തെളിവും നൽകി. കൂടെക്കൂടെ വർഗീയ സംഘർഷം അരങ്ങേറുന്ന ഒരു സ്ഥലത്ത് എല്ലാവർക്കും മാതൃകയാകുന്ന ഒരു വിധി പ്രതീക്ഷിച്ച സമൂഹത്തെ ഈ വിധി അമ്പരപ്പിച്ചിരിക്കുന്നു.

കോടതി പ്രോസിക്യൂഷനെ കുറ്റപ്പെടുത്തുകയും പ്രോസിക്യൂഷൻ വിധിയെ ചോദ്യം ചെയ്യുകയും ചെയ്യുമ്പോൾ, ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത ഒരാളെ മതിലും ഗേറ്റും കടന്നുവന്ന അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തി എന്ന വസ്തുത ബാക്കിനിൽക്കുന്നു. ​

പ്രോസിക്യൂഷനും പ്രതികളും തമ്മിൽ ഒത്തുകളി ഉണ്ടായെന്നും സംസ്ഥാന സർക്കാറും ഇതിൽ ഉത്തരവാദിയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഈയിടെ നീതിന്യായരംഗത്ത് കാണുന്ന ചില പ്രവണതകൾകൂടി ഇത്തരണത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2021ൽ രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ ശക്തമായ അന്വേഷണവും അതിവേഗ വിചാരണയും വധശിക്ഷയിലെത്തിച്ചപ്പോൾ, അതിനുമുമ്പ് കെ.എസ്. ഷാൻ കൊല്ലപ്പെട്ട സംഭവത്തിൽ വേഗം വളരെ കുറവാണ് എന്നത് ഉദാഹരണമായി എടുത്തുകാട്ടപ്പെടുന്നു. റിയാസ് മൗലവി വധക്കേസിൽ സംഭവിച്ചിരിക്കുന്നതും ഈ പ്രവണതയോട് ചേർന്നുനിൽക്കുന്നു എന്നത് നമ്മുടെ നിയമവ്യവസ്ഥിതിയിൽ അവിശ്വാസം വളർത്താൻ പോന്നതാണ്. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ട ഉത്തരവാദിത്തം സർക്കാറിനും ജുഡീഷ്യറിക്കുമുണ്ട്. കാസർകോട് റിയാസ് മൗലവി വധത്തിനു മുമ്പത്തെ എട്ടു കൊലപാതകങ്ങളിൽ പ്രതികൾ രക്ഷപ്പെട്ടത് തെളിവില്ലാതെയും സാക്ഷികൾ കൂറുമാറിയിട്ടുമായിരുന്നു; ഇത്തവണ അതുണ്ടായിട്ടില്ലെങ്കിൽ പിന്നെ എന്താണുണ്ടായത്? ഉത്തരം തേടുകയാണ് കേരളം.

Tags:    
News Summary - Who kills justice?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.