രാജ്യത്തിെൻറ വികസനത്തെ നിർണയിക്കുന്നതിലും നയിക്കുന്നതിലും എൻജിനീയർമാരുടെ പ ങ്ക് വിശദീകരിക്കേണ്ടതില്ല. അവരുടെ വിജയകഥകൾ സമൂഹത്തിൽ ഏറെയൊന്നും ആഘോഷിക്കപ് പെടാറില്ല. എന്നാൽ, പരാജയങ്ങൾ സഗൗരവം ചർച്ചചെയ്യപ്പെടുകയും ചെയ്യും. കാരണം, അതുണ്ടാ ക്കുന്ന സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ അത്രമാത്രം ആഴവും വ്യാപകത്വ മുള്ളതുമാണ്.
ഈ ഗൗരവബോധം എൻജിനീയറിങ് പഠന മേഖലയിലും ജോലികളിലും സംസ്ഥാനം പുലർത ്തുന്നുണ്ടോ എന്നന്വേഷിച്ചാൽ അത്രയൊന്നും ആശാവഹമല്ല ഉത്തരം. പ്രളയം രണ്ടു തവണ നമ്മുടെ ജീവിതത്തിലൂടെ കയറിയിറങ്ങിപോയപ്പോൾ തകർന്നത് പാതകളും പാലങ്ങളും തുടങ്ങി നാം കാലങ്ങളായി തുടരുന്ന എല്ലാ നിർമിതികളുടെയും മികവിനെ കുറിച്ച വിശ്വാസം കൂടിയാണ്. വർഷാവർഷം റോഡുകൾ തകരുന്നതിനും കാലാവസ്ഥക്കോ പ്രകൃതിക്കോ അനുഗുണമല്ലാത്തതും ദോഷകരവുമായ കെട്ടിട നിർമിതികൾ അനുസ്യൂതം നടക്കുന്നതിനും അഴിമതിയെ മാത്രം പഴിച്ചാൽ മതിയോ? അതല്ല, നിർമാണാസൂത്രണത്തിലും സാങ്കേതിക വിദഗ്ധരുടെ കാര്യശേഷിക്കുറവിനും കാര്യമായ പങ്കുണ്ടോ? എൻജിനീയർമാരുടെ അലസതകളുടെയും നവീകരിക്കാത്ത അറിവുകളുടെയും വിലയാണോ പലപ്പോഴും ഖജനാവും പൊതുസമൂഹവും പ്രകൃതിയും ഒടുക്കേണ്ടിവരുന്നത് തുടങ്ങിയ ചോദ്യങ്ങൾ ശക്തമാകുകയാണ്.
എൻജിനീയേഴ്സ് ദിനാചരണം ഉദ്ഘാടനം ചെയ്തു കോഴിക്കോട് യു.എൽ സൈബർ പാർക്കിൽ ‘മെട്രോ മാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ആശയങ്ങളും മുന്നറിയിപ്പുകളും ഇത്തരം അന്വേഷണങ്ങളുടെ ഉത്തരത്തിലേക്ക് വെളിച്ചം വീശുന്നതാണ്. എൻജിനീയറിങ് മേഖലയിൽ മൂല്യങ്ങളും ധാർമികതയും വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും പല പാളിച്ചകളും സംഭവിക്കുന്നത് എൻജിനീയർമാർ ജോലിയിൽ ധാർമികത പാലിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. പാലാരിവട്ടം, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ തകർന്ന പാലങ്ങൾ ജോലിയിൽ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാത്തതിെൻറ ഫലമാണ്. രാജ്യത്ത് പ്രതിവർഷം റോഡ് അപകടങ്ങളിൽ ഒന്നര ലക്ഷം പേർ മരിക്കുന്നതിെൻറ കാരണം മോശം എൻജിനീയറിങ്ങാണ്. ദേശീയ സർവേ പ്രകാരം എൻജിനീയർമാരിൽ 20 ശതമാനം േപർ മാത്രമേ ജോലിക്ക് യോഗ്യരായവരുള്ളൂവെന്ന് അദ്ദേഹം തുറന്നുപറയുന്നു. രാജ്യത്ത് എൻജിനീയർമാരുടെ ഗുണനിലവാരം അളക്കുന്നതിന് ഒരു സംവിധാനവും നിലവിലില്ല. ആവർത്തിക്കുന്ന തെറ്റുകൾ പിടിക്കുന്നതിന് നിയമപരമായ സംവിധാനങ്ങളുമില്ല.
നിലവിൽ രാഷ്ട്രീയക്കാരുടെയും ബ്യൂറോക്രസിയുടെയും താഴെയാണ് ചുമതല നിർവഹണത്തിൽ എൻജിനീയർമാരുടെ സ്ഥാനം. ജനാധിപത്യപരമായും ഭരണപരമായും ഇതു തെറ്റാെണന്ന് പറയാനാകില്ല. പക്ഷേ, സാങ്കേതികവിദഗ്ധരെന്ന നിലക്ക് മുകളിലുള്ളവർ പറയുന്നത് അനുസരിക്കുകയല്ല, സ്വായത്തമാക്കിയ ശാസ്ത്രജ്ഞാനമുപയോഗിച്ച് അവരെ നേർവഴിക്ക് നയിക്കാനും തിരുത്താനുമുളള കരുത്താർജിക്കുകയാണ് വേണ്ടത്. ശാസ്ത്ര പരിജ്ഞാനവും കാലാവസ്ഥ, സാമൂഹിക സാഹചര്യങ്ങൾ തുടങ്ങിയവ പരിഗണിക്കുന്ന നിർമാണപരമായ അനുഭവജ്ഞാനവും തൊഴിൽ നൈപുണ്യവും ഉൾച്ചേരുമ്പോഴാണ് നല്ല എൻജിനീയർ ജനിക്കുക. ധാർമികതയും സാമൂഹികപ്രതിബദ്ധതയും കൂടി അവർക്കുണ്ടെങ്കിൽ പിന്നെ, ഫയൽ കുറിപ്പുകൾ മറികടക്കാൻ ഭരണനേതൃത്വത്തിനാകില്ല. അതുകൊണ്ട്, സിലബസിൽ സാങ്കേതികവിദ്യാഭ്യാസത്തോടൊപ്പം മാനവിക, സാമൂഹിക, ധാർമിക, പാരിസ്ഥിതിക പാഠങ്ങൾകൂടി നൽകണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നതാണ്. ഈ വർഷം മുതൽ ഐ.ഐ.ടി മാതൃകയിൽ എല്ലാ എൻജിനീയറിങ് കലാലയങ്ങളിലും ആദ്യവർഷ എൻജിനീയറിങ് വിദ്യാർഥികൾക്ക് നിർബന്ധ മാനവികപാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, രാജ്യത്തിെൻറ വൈവിധ്യങ്ങളെയും പ്രകൃതി വൈജാത്യങ്ങളെയും പരിഗണിക്കും വിധമല്ല നിലവിലെ പാഠ്യരീതി. അവകൂടി മാറ്റിപ്പണിയുമ്പോഴേ ശ്രീധരൻ സൂചിപ്പിക്കുന്ന യോഗ്യതക്കുറവിന് ശരിയായ പരിഹാരമുണ്ടാകൂ.
സർക്കാർ ജോലിയിൽ കയറിക്കഴിഞ്ഞാൽ പിന്നീട് കാലാനുസൃതമായ പരിശീലനങ്ങളോ നവീകരണ പദ്ധതികളോ എൻജിനീയർമാർക്ക് നിർബന്ധമല്ല. ലോകത്താകട്ടെ, ക്രിയാത്മകമായ പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്നു. പഠിച്ച സിദ്ധാന്തങ്ങൾ കാലഹരണപ്പെട്ട വിവരം പോലുമറിയാതെയാണ് പുതിയ പാലങ്ങളുടെയും റോഡുകളുടേയും നിർമാണത്തിന് പലരും നേതൃത്വം വഹിക്കുന്നത്. സ്വയം നവീകരിക്കാത്ത എൻജിനീയർമാർ വികസനത്തിെൻറ വഴിമുടക്കികളും പൊതുസമൂഹത്തിെൻറയും പ്രകൃതിയുടേയും ശത്രുക്കളുമാണ്. കാലികമായ പുതിയ അറിവും പരിശീലനവും നൽകാനുള്ള സംവിധാനം സർക്കാർ രൂപപ്പെടുത്തിയാൽ മാത്രമേ ഗുണനിലവാരമുള്ള നിർമിതി സംസ്ഥാനത്ത് സംഭവിക്കൂ. പരിശീലനവും യോഗ്യതയും ആർജിച്ച മേഖലകളിൽ തന്നെ എൻജിനീയർമാരുടെ നിയമനവും സ്ഥലംമാറ്റവും നടത്താൻ സർക്കാർ കൃത്യമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തി നിഷ്കർഷ പുലർത്തണം. സമൂഹത്തിന് സുരക്ഷ നൽകാനുള്ള ധാർമിക ഉത്തരവാദിത്തം വിസ്മരിക്കുന്ന എൻജിനീയർമാരെ സർക്കാർ സംവിധാനങ്ങളിൽനിന്ന് പുറത്തിരുത്തുവാൻകൂടി കഴിഞ്ഞാൽ മാത്രമേ മെട്രോമാൻ മുന്നോട്ടുവെക്കുന്ന സുതാര്യതയും കാര്യക്ഷമതയുമുള്ള എൻജിനീയറിങ് എന്ന ആശയത്തിന് തറക്കല്ലിടാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.