മണിപ്പൂരിന്റെ പേരിൽ രാജി ഇല്ലാത്തതെന്തേ?

സുപ്രീംകോടതിയുടെ പതിവിൽനിന്ന് ഭിന്നമായി അസാധാരണമായ വിമർശനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കടുത്ത ചോദ്യങ്ങളുമാണ് മണിപ്പൂർ വംശഹത്യവിഷയത്തിൽ കഴിഞ്ഞ രണ്ടുദിവസമായി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തൊടുത്തുവിട്ടിരിക്കുന്നത്. മണിപ്പൂരിൽ നടക്കുന്നത് ഒറ്റപ്പെട്ട അക്രമസംഭവങ്ങളല്ല, വ്യവസ്ഥാപിതമായ കുറ്റകൃത്യങ്ങളാണ് എന്ന് പ്രസ്താവിച്ച സുപ്രീംകോടതി മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങൾ സമ്പൂർണമായി തകർന്നിരിക്കുന്നുവെന്ന് തുറന്നുപറയുകയും ചെയ്തു.

നമ്മുടെ രാജ്യം കഴിഞ്ഞ ഏഴര പതിറ്റാണ്ടിലൂടെ ആർജിച്ചെടുത്ത ജനാധിപത്യ കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിൽ മണിപ്പൂർ സർക്കാർ തൽക്ഷണം ചുമതലകൾ ഒഴിയാൻ സന്നദ്ധമാകേണ്ടതാണ്. മൂന്ന് മാസത്തോളമായി തുടരുന്ന കലാപങ്ങൾ പരിഹരിച്ച് സമാധാനം തിരിച്ചുകൊണ്ടുവരാനാകാത്തതിന്‍റെ ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കാനുള്ള സമ്മർദവും ഉയരേണ്ടതാണ്. ദൗർഭാഗ്യവശാൽ നരേന്ദ്ര മോദി നയിക്കുന്ന പുതിയ ഇന്ത്യയിൽ ഭരണസംവിധാനങ്ങളുടെ സമ്പൂർണ തകർച്ച നടന്നുകഴിഞ്ഞുവെന്ന് പരമോന്നത നീതിപീഠം തുടർച്ചയായി പ്രസ്താവിച്ചിട്ടും അതിനുപോദ്ബലകമായ വസ്തുതകൾ അക്കമിട്ട് നിരത്തിയിട്ടും സോളിസിറ്റർ ജനറൽ തുഷാർമേത്തക്ക് ഉത്തരമേകാനാകാത്ത ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ഭരണകൂടത്തിലെ അതികായന്മാരുടെ രാജിയോ പുറത്താക്കപ്പെടലോ ഇല്ലാത്തത് എന്തുകൊണ്ടായിരിക്കും?

വംശഹത്യകളിലൂടെയും ആസൂത്രിത കലാപങ്ങളിലൂടെയും അധികാരത്തിലേറിയ ഭരണസംവിധാനത്തിന് രാജ്യത്ത് സമാധാനം കൊണ്ടുവരാനാകില്ല എന്നും കലാപകാരികളെ അമർച്ചചെയ്യാനോ സമാധാനം പുനഃസ്ഥാപിക്കാനോ സാധ്യമല്ല എന്നും ഇവിടെ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സുപ്രീംകോടതിയുടെ വിധിപ്രസ്താവത്തോട് ഇംഫാലിൽനിന്നുള്ള പ്രതികരണം കുക്കി ഗോത്രങ്ങളുടെ വീടുകൾ കൂടുതൽ അഗ്നിക്കിരയാക്കിക്കൊണ്ടായിരുന്നു. രാജ്യത്തെ എല്ലാ മാധ്യമങ്ങൾക്കും സുപ്രീംകോടതിയുടെ അസാധാരണ ഇടപെടലുകളുടെ വാർത്തകൾക്കൊപ്പം കത്തുന്ന ഗ്രാമങ്ങളുടെ ചിത്രങ്ങൾകൂടി പ്രസിദ്ധീകരിക്കേണ്ടിവന്നു. മണിപ്പൂരിൽ ഭരണകൂടവും ആക്രമിക്കൂട്ടവും ഒന്നാണ് എന്നതിന് ഇതിൽപരം തെളിവ് മറ്റെന്താണ്. കലാപത്തിൽ രജിസ്റ്റർ ചെയ്ത 6523 കേസുകളിൽ വിരലിലെണ്ണാവുന്നതിൽ പോലും ഇതുവരെ ഒരു അറസ്റ്റും നടക്കാത്തതും ഇരകൾക്ക് നിയമസഹായങ്ങളില്ലാത്തതും സംഭവങ്ങൾ നടന്ന് മാസങ്ങൾക്ക് ശേഷവും കേസുകളെടുക്കാതിരിക്കുന്നതും ആരുടെയും നിർദേശപ്രകാരമൊന്നുമല്ല എന്ന് വിചാരിക്കുന്നതിനേക്കാൾ വിഡ്ഢിത്തം മറ്റെന്താണ്. അതിനേക്കാൾ മഹാ പോഴത്തമല്ലേ ഗുജറാത്ത് വംശഹത്യ അധികാരാരോഹണത്തിന്‍റെ ചവിട്ടുപടിയാക്കിയവരിൽനിന്ന് നീതിയും ജനാധിപത്യമൂല്യവും പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ വർഗീയസംഘട്ടനങ്ങളുടെ ചരിത്രം സൂചിപ്പിക്കുന്നത് ഭരണകൂടത്തിന്റെ ഒത്താശയോടെ മാത്രമേ എക്കാലത്തും ഇത്തരത്തിലുള്ള കലാപങ്ങൾ സാധ്യമാകൂ എന്നാണ്. മണിപ്പൂരിന്റെ കാര്യത്തിൽ അത് കൂടുതൽ പ്രകടവുമാണ്. ഈ ചരിത്രാനുഭവത്തിന്‍റെ വെളിച്ചത്തിൽ ആർ.എസ്.എസിന്‍റെ സന്തത സഹചാരിയും കശ്മീർ ഗവർണറുമായിരുന്ന സത്യപാൽ മാലിക് കഴിഞ്ഞദിവസം ഡൽഹിയിൽ നടത്തിയ പ്രഭാഷണത്തിൽ ഹരിയാനയിൽ കത്തിത്തുടങ്ങിയ തീ കൂടുതൽ ദേശങ്ങളിലേക്ക് പടരുമെന്ന മുന്നറിയിപ്പ് ആരിലും ഉൾക്കിടിലമുണ്ടാക്കുന്നതാണ്. ഹരിയാനയിലെ നൂഹ് ജില്ലയിലും ഗുരുഗ്രാമിലും അരങ്ങേറുന്ന വർഗീയ സംഘർഷങ്ങൾ ആസൂത്രിതവും ഭരണകൂട ഒത്താശയോടെ നടക്കുന്നതുമാണ്. 2024ലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ഏതറ്റംവരെയും പോകും. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്രത്തിന് നേരെയുള്ള ആക്രമണം അല്ലെങ്കിൽ, പാകിസ്താനുമായുള്ള യുദ്ധം ഇതൊന്നും തള്ളിക്കളയാനാവില്ല. 2019ലെ പുൽവാമ സംഭവത്തിന്റെ ജമ്മു-കശ്മീർ ഗവർണർ അനുഭവങ്ങളെ സാക്ഷിയാക്കിയാണ് സത്യപാൽ മാലിക് ഈ പ്രവചനം നടത്തുന്നത്.

വർഗീയവിദ്വേഷം അതിന്‍റെ ഏറ്റവും ഹീനവും ഹിംസാത്മകവുമായ കൈവഴികളിലൂടെ രാജ്യത്ത് ഒഴുകാൻ പോകുന്നുവെന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒരു മുസ്​ലിം നാമധാരിയുടെ നിർദോഷ പ്രസ്താവന, രാഷ്ട്രീയ നിരീക്ഷണങ്ങൾ എന്തിനേറെ അപലപനീയമായ കുറ്റകൃത്യങ്ങൾപോലും ഈ വിദ്വേഷത്തിന്‍റെ പ്രയോഗത്തിന് നിദാനമാക്കിയെടുക്കുമവർ. ഹിന്ദുത്വ ഫാഷിസത്തിന്‍റെ ഈറ്റില്ലങ്ങളിൽ മാത്രമല്ല, ഒരധികാരവുമില്ലാത്ത കേരളവും അതിൽനിന്ന് മുക്തമല്ല. പ്രബുദ്ധതയുടെ മേനിനടിക്കുന്ന കേരളത്തിൽപോലും എത്ര എളുപ്പത്തിലും വേഗതയിലുമാണ് വിദ്വേഷ രാഷ്ട്രീയത്തിന്‍റെ അഗ്നി ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് പടരുന്നത്. തെരുവുകളിലേക്കവ എരിവുള്ള മുദ്രാവാക്യങ്ങളായും ഘോഷയാത്രകളായും പരിണമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം സ്വാഭാവികതയുടെ കണക്കുപുസ്തകത്തിലെഴുതി നിർനിമേഷമായി നോക്കിനിൽക്കാനാണ് ഭാവമെങ്കിൽ കാപട്യത്തിന്‍റെ പര്യായമായി മാറും നവോത്ഥാനന്തര മലയാളി.

‘കൂട്ടരെ നാമാണ്
പഴയ ആനക്കഥയിലെ കുരുടന്മാർ.
നമ്മുടെ തലയിണയിൽ വിഷം നിറച്ചുവെച്ച്
നാം സ്നേഹമന്വേഷിക്കുന്നു.
നമ്മുടെ കാൽക്കീഴിൽ ടൈം ബോംബുകൾ പുകയുമ്പോൾ
നാം വാക്കുകൾ മറന്ന നടന്‍റെ ഭാഗമഭിനയിക്കുന്നു.
നാം രണ്ടു കണക്കുപുസ്തകം സൂക്ഷിക്കുന്നു
രണ്ടു നാവുകൊണ്ടു സംസാരിക്കുന്നു’. 

(സച്ചിദാനന്ദൻ/ സത്യവാങ്മൂലം)


Tags:    
News Summary - Why is there no resignation in the name of Manipur?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT