പ്രതിവർഷം ശരാശരി 30,000 പേർക്ക് കേരള പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമന ഉത്തരവ് നൽകാറുണ്ട്. ഇതിൽ ഏകദേശം 3600 ഉദ്യോഗാർഥികൾക്കു വരെ മുസ്ലിം സംവരണ അനുപാതത്തിന്റെ ഭാഗമായി നിയമനം ലഭിച്ചേക്കും. എന്നാൽ, പുനരാവിഷ്കൃത നിയമന റോസ്റ്റർ സംവിധാനത്തിലൂടെ 26, 76 എന്നീ ടേണുകൾ നഷ്ടപ്പെടുമ്പോൾ പ്രതിവർഷം 700ലധികം തസ്തികകളാണ് മുസ്ലിം ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെടുന്നത്
പിന്നാക്ക മുസ്ലിം വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് നമ്മുടെ സംസ്ഥാനത്തും ഇപ്പോൾ ഒരു തുടർക്കഥയായി മാറുകയാണ്. മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി മാത്രം നിയോഗിക്കപ്പെട്ട ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിൽ രൂപവത്കൃതമായ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെട്ടതിലെ അശാസ്ത്രീയതയും യുക്തിരാഹിത്യവുമാണ് ഈ അനീതിക്കഥയുടെ അവസാനത്തെ അധ്യായമെന്ന് ധരിച്ചവർക്ക് തെറ്റി.
അതിനെക്കാൾ എത്രയോ ഭീകരമായ നീതിനിഷേധമാണ് ഭിന്നശേഷിവിഭാഗക്കാർക്ക് നാലു ശതമാനം സംവരണം നൽകാനായി പുറപ്പെടുവിച്ച 31.10.2019ലെയും 1.10.2023ലെയും സംസ്ഥാന സർക്കാർ ഉത്തരവുകളിലൂടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകൾപ്രകാരം മുസ്ലിം ഉദ്യോഗാർഥികൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന 10 മുതൽ 12 വരെയുള്ള സംവരണ അനുപാതത്തിൽനിന്ന് 16.6 മുതൽ 20 ശതമാനം വരെയാണ് അവസരനഷ്ടം വരുന്നത്.
അതായത്, പ്രതിവർഷം ശരാശരി 30,000 പേർക്ക് കേരള പബ്ലിക് സർവിസ് കമീഷൻ മുഖേന നിയമന ഉത്തരവ് നൽകാറുണ്ട്. ഇതിൽ ഏകദേശം 3600 ഉദ്യോഗാർഥികൾക്കു വരെ മുസ്ലിം സംവരണ അനുപാതത്തിന്റെ ഭാഗമായി നിയമനം ലഭിച്ചേക്കും. എന്നാൽ, പുനരാവിഷ്കൃത നിയമന റോസ്റ്റർ സംവിധാനത്തിലൂടെ 26, 76 എന്നീ ടേണുകൾ നഷ്ടപ്പെടുമ്പോൾ പ്രതിവർഷം 700ലധികം തസ്തികകളാണ് മുസ്ലിം ഉദ്യോഗാർഥികൾക്ക് നഷ്ടപ്പെടുന്നത്.
വെറും 32 സ്ഥിരം ജീവനക്കാർ മാത്രമുള്ള വഖഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ട ഓർഡിനൻസിനെതിരെ പട നയിച്ച സമുദായ-രാഷ്ട്രീയ നേതൃത്വം ഈ വിഷയത്തിൽ എന്തു സമീപനമാണ് സ്വീകരിക്കാൻ പോകുന്നത്?
2001ലെ നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുപ്രകാരം മുസ്ലിം ഉദ്യോഗാർഥികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള 12 ശതമാനം സംവരണ അനുപാതം തികക്കാൻ 7383 തസ്തികകൾകൂടി വേണമെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. 2008ൽ പാലോളി കമ്മിറ്റിയും ഇക്കാര്യം സ്ഥിരീകരിച്ചു. ഒന്നും രണ്ടും പിണറായി സർക്കാറുകൾ അധികാരത്തിലേറുംമുമ്പ് പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിലും യു.ഡി.എഫിന്റെ പ്രകടനപത്രികയിലും പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, നാളിതുവരെ ഒരുവിധ നടപടിയും സർക്കാറുകൾ സ്വീകരിച്ചില്ല.
2006ൽ നരേന്ദ്രൻ പാക്കേജിന്റെ ഭാഗമായി തയാറാക്കിയ എൻ.സി.എ നിയമനത്തിൽ പി.എസ്.സി കാണിക്കുന്ന അക്ഷന്തവ്യമായ അപരാധവും അലംഭാവവും ഇവിടെ എടുത്തു പറയേണ്ടതുണ്ട്.
ഒരു വിജ്ഞാപനവുമായി ബന്ധപ്പെട്ട് തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കപ്പെട്ടാൽ, പ്രസ്തുത പട്ടികയിൽ സംവരണ സമുദായത്തിൽപെട്ട ഉദ്യോഗാർഥികൾ ലഭ്യമാകാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്കുവേണ്ടി രണ്ടിൽ കുറയാത്ത പ്രാവശ്യം പുനർവിജ്ഞാപനം പുറപ്പെടുവിക്കുകയും തുടർന്നും ലഭ്യമാവാതെ വന്നാൽ മറ്റു സംവരണ സമുദായങ്ങൾക്കായി അവ പാസ് ഓവർ ചെയ്യുകയും വേണമെന്ന നിബന്ധന കാറ്റിൽ പറത്തി സംവരണ സമുദായ അംഗങ്ങൾക്കുനേരെ പി.എസ്.സി കൊഞ്ഞനംകുത്താൻ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു.
അതായത്, രണ്ടിൽ കുറയാത്ത പ്രാവശ്യം എന്ന പ്രയോഗത്തെ പരമാവധി ദുരുപയോഗംചെയ്തുകൊണ്ട് 14 പ്രാവശ്യത്തിലധികം എൻ.സി.എ വിജ്ഞാപനം ഇറക്കിക്കൊ ണ്ടിരിക്കുന്ന ഭരണഘടന സ്ഥാപനമാണ് പി.എസ്.സി എന്നത് വിസ്മരിച്ചുകൂടാ. ഇതിലൂടെ നൂറുകണക്കിന് അറബി അധ്യാപക തസ്തികകളാണ് ഉദ്യോഗാർഥികൾക്ക് നിഷേധിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ പരിഹാരം കാണുന്നതിനായി ഈ ലേഖകനും നിരവധി കമീഷനുകളുടെ മുന്നിൽ ഇപ്പോഴും നേരിട്ട് ഹാജരായിക്കൊണ്ടിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി 10,000ത്തിലേറെ തസ്തികകൾ ബാക്ക് ലോഗായി നിൽക്കുമ്പോഴാണ് മുസ്ലിം സമുദായത്തിന്റെ സംവരണ അനുപാതത്തിൽനിന്ന് ഈ കടുംവെട്ടുകൂടി നടത്തിയിട്ടുള്ളത്.
2006ലെ ആർ.പി.ഡബ്ല്യു.ഡി ആക്ട് (Right of Persons with Disabilities Act) പ്രകാരം ആദ്യം മൂന്നു ശതമാനവും പിന്നീട് നാലു ശതമാനവും സർക്കാർ സർവിസിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്ക് ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണം നൽകാൻ തീരുമാനിക്കുകയുണ്ടായി.
മുൻകാലങ്ങളിൽ ഈ വിഭാഗങ്ങൾക്ക് മൂന്നു ശതമാനം സംവരണ ആനുകൂല്യമാണ് ലഭിച്ചിരുന്നത്. 1995ലെ ആക്ട് പ്രകാരമായിരുന്നു അത്. ഇതനുസരിച്ച് 100ന്റെ റൊട്ടേഷൻ ചാർട്ടിൽ 1A, 34A, 67A എന്നിങ്ങനെ പുനഃക്രമീകരണം വരുത്തിയാണ് നിയമനം നടത്തിവന്നത്.
ഇതിൻപ്രകാരം സംവരണ ശതമാനം അമ്പതിൽനിന്ന് 51.46 ആയി ഉയർന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ വിഷയം പുനഃപരിശോധനക്കു വിധേയമാക്കിയത്. 103ാം ഭരണഘടന ഭേദഗതിയനുസരിച്ച് 10 ശതമാനം മുന്നാക്ക ജാതി സംവരണം നടപ്പാക്കുന്നതിൽ ഇത്തരം നിയമങ്ങൾ ഒന്നുംതന്നെ ബാധകമായിരുന്നില്ലെന്നുകൂടി ഇത്തരുണത്തിൽ മനസ്സിലാക്കണം.
2016ലെ ഭിന്നശേഷി ആക്ടിലെ സെക്ഷൻ 34 പ്രകാരം ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം നൂറിന്റെ നിയമന റോസ്റ്റർ പുനരാവിഷ്കരിച്ചുകൊണ്ട് 31.10.2019ൽ സാമൂഹിക നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവ് 1978 മുതൽ നെട്ടൂർ കമീഷൻ റിപ്പോർട്ടുപ്രകാരം ഭേദഗതി ചെയ്ത Kerala State and Subordinate Service Rule പാർട്ട് II റൂൾസ് 14 മുതൽ 17 വരെയുള്ള നിലവിലെ സംവരണ നിയമങ്ങൾ അട്ടിമറിക്കുന്നവയും പിന്നാക്ക മുസ്ലിം സംവരണ അനുപാതത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതുമാണ്.
നാലു പതിറ്റാണ്ട് മുമ്പ് കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ഉദ്യോഗാർഥികളുടെ സംവരണ അനുപാതം 12 ശതമാനമായി നിശ്ചയിച്ചത്. എന്നാൽ, 1931നുശേഷം രാജ്യത്ത് ജാതി സെൻസസ് നടന്നിട്ടില്ലെങ്കിലും മുസ്ലിം ജനസംഖ്യയുടെ കൃത്യമായ കണക്ക് ഇസ്ലാം മതവിശ്വാസികൾ എന്ന നിലക്ക് രാജ്യത്ത് മൊത്തമായും സംസ്ഥാനത്ത് പ്രത്യേകമായും ലഭ്യമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മുസ്ലിം ജനസംഖ്യ 2011ലെ സെൻസസ് പ്രകാരം 26.6 ശതമാനമെന്ന് കണ്ടെത്തിയത്. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് സിവിൽ സർവിസിലെ സംവരണ അനുപാതം ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ശക്തമായ ആവശ്യം നിരന്തരമായി നാം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെയാണ് ജാതി സെൻസസിന്റെ ആവശ്യകതയും അനിവാര്യമായിത്തീരുന്നത്.
കെ.എസ് ആൻഡ് എസ്.എസ്.ആർ അനുസരിച്ച് 50 ശതമാനം എസ്.സി/എസ്.ടി-പിന്നാക്ക വിഭാഗങ്ങൾക്കാണ് സംവരണം നിശ്ചയിച്ചിട്ടുള്ളത്.
പിന്നാക്ക വിഭാഗങ്ങൾക്കിടയിലെ ഓരോ 40 നിയമനത്തിലും ഈഴവ 14, മുസ്ലിം 12, എൽ.സി നാല്, വിശ്വകർമ മൂന്ന്, എസ്.ഐ.യു.സി നാടാർ ഒന്ന്, ധീവര ഒന്ന്, ഹിന്ദു നാടാർ ഒന്ന്, ഒ.ബി.സി മൂന്ന്, എസ്.സി.സി.സി ഒന്ന് എന്നിങ്ങനെയാണ് ശതമാനക്രമം. ഒപ്പം എട്ടും രണ്ടും ശതമാനം വീതം യഥാക്രമം എസ്.സി/എസ്.ടി വിഭാഗക്കാർക്കുമാണ് സംവരണം ചെയ്തിട്ടുള്ളത്. നൂറിന്റെ നിയമന റോസ്റ്റർ പോയന്റിൽ 6, 16, 26, 36, 46, 56, 66, 76, 86, 96 എന്നീ ടേണുകൾ മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കു മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ് ഇതിൽനിന്ന് 26, 76 എന്നീ ടേണുകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി വകമാറ്റിയാൽ യഥാർഥത്തിൽ മുസ്ലിംകളുടെ സംവരണ അനുപാതം ഏകദേശം 20 ശതമാനത്തോളമാണ് നഷ്ടപ്പെടുക.
അതോടെ അവസര സമത്വത്തിലൂടെ സാമൂഹികനീതി നടപ്പാക്കാൻ ക്രമീകരിക്കപ്പെട്ടിരിക്കുന്ന 100 പോയൻറ് നിയമന റോസ്റ്ററാണ് ഒരുവിധ തത്ത്വദീക്ഷയും ഇല്ലാതെ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. അതേസമയം, ഭിന്നശേഷി സംവരണം നാലു ശതമാനം ഉറപ്പുവരുത്താൻ ബദൽ സംവിധാനം കണ്ടെത്തണം. ഇതിനായി 26നു പകരം 27ഉം 76നു പകരം 77ഉം മാറ്റി നൽകാവുന്നതാണ്.
ഒപ്പം 31.10.2019ലെ സർക്കാർ ഉത്തരവിനെതിരെ ടി.വി. ഇബ്രാഹിം എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി ഒരു സംവരണ സമുദായത്തിന്റെയും നിയമനത്തിൽ അവസരം നഷ്ടം വരാത്തവിധം ഭിന്നശേഷി സംവരണം നാലു ശതമാനം പാലിക്കുമെന്ന സാമൂഹികനീതി-ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു 9.8.2021ൽ സഭയിൽ വെച്ചു നൽകിയ ഉറപ്പും പബ്ലിക് അഷുറൻസ് കമ്മിറ്റിയുടെ മുന്നിൽ എത്തിച്ചുകൊണ്ടാണെങ്കിലും പാലിക്കേണ്ടതായിട്ടുണ്ട്.
(മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.