ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പാര്‍ലമെന്റില്‍ കൈകോര്‍ത്താണ് ആ നിയമം പാസാക്കിയത് എന്നോർക്കണം
ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ പതിവാണ്. അവയുടെ ഭാഗമായി സര്‍ക്കാരുകള്‍ വരും, പോവും. അതിൽനിന്ന് വ്യത്യസ്തമാണ് ഇത്തവണ. അസാധാരണമാംവിധം ഗൗരവമാര്‍ന്ന പ്രാധാന്യം കല്പിക്കേണ്ട തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.
ഇന്ത്യ ഇതുവരെ നമ്മള് കണ്ട നിലയില്‍ നിലനില്ക്കണമോ വേണ്ടയോ എന്നു നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിത്. ജനാധിപത്യവും മതനിരപേക്ഷതയും ഉള്‍പ്പെടെയുള്ള അടിസ്ഥാന ഭരണഘടനാമൂല്യങ്ങളെ പരിരക്ഷിച്ചു നിലനിര്‍ത്താന്‍ ഇന്ത്യന്‍ ജനതയ്ക്ക് ഒരുപക്ഷെ, കൈവരുന്ന അവസാനത്തെ അവസരമാണിത്.
ഇന്ത്യന്‍ പാര്‍ലമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാളുകളില്‍ മാത്രം സമ്മേളിച്ച നിലവന്നു. അന്വേഷണ ഏജന്‍സികള്‍ ജനാധിപത്യ പാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളെ മുതല്‍ പ്രതിപക്ഷ ഗവണ്മെന്റുകളുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തെ വരെ തകര്‍ക്കാന്‍ വേട്ടനായകളെപ്പോലെ അഴിച്ചു വിടപ്പെടുന്ന നിലവന്നു.
ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ലോകസഭയില്‍ ചെന്നു വിയോജനാഭിപ്രായം പറയുന്നതിനു പോലും കഴിയാതെ കൂട്ട സസ്പെന്‍ഷനിരയായി. ഈ ഘട്ടത്തില്‍ നമ്മള് പരാജയപ്പെട്ടാല്‍ മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും അപകടത്തിലാവും; ന്യൂനപക്ഷം അപകടത്തിലാവും. എല്ലാം അപകടത്തിലാവും. മുമ്പ് ഒരു ഘട്ടത്തില്‍ നമ്മള് ഒരേ സ്വരത്തില്‍ പറഞ്ഞു, ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്ന്. അതു സംഭവിച്ചു. അതേപോലെ ഈ ഘട്ടത്തില്‍ നാം പറയുന്നു, ‘സംഘപരിവാറിന്റെ വർഗീയ ദുര്‍ഭരണം അറബിക്കടലില്‍’ എന്ന്.
2004 ആവര്‍ത്തിക്കാന്‍ പോകുന്നു എന്നതാണ് ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ യാഥാർഥ്യം. അന്ന് ബി.ജെ.പി മുന്നോട്ടുവെച്ച ‘ഇന്ത്യ ഷൈനിങ്’ കാമ്പയിന് തകര്‍ന്നടിഞ്ഞു. ഇടതുപക്ഷം വലിയ സ്വാധീന ശക്തിയായി പാര്‍ലമെന്റില്‍ ഉയര്‍ന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ ഒരു മതനിരപേക്ഷ ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന നിലവന്നു.
അങ്ങനെയാണ് ഇടതുപക്ഷം മുന്നോട്ടുവെച്ച ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ യു.പി.എ ജന്മമെടുത്തത്. പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് ഭക്ഷണവും വിദ്യാഭ്യാസവും തൊഴിലും ഒക്കെ അവകാശമാക്കുന്ന നിയമങ്ങള്‍ രാജ്യത്തുണ്ടായത്. നമ്മുടെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധികളെയും മെച്ചപ്പെടുത്തിയ സര്‍ക്കാരായിരുന്നു 2004ല്‍ അധികാരത്തില്‍ വന്നത്.
രാജ്യത്തിന്റെ ജനാധിപത്യത്തെ കൂടുതല്‍ ശാക്തീകരിക്കുകയും ജനങ്ങളോട് കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കി തീര്‍ക്കുകയുമാണ് ആ സര്‍ക്കാര്‍ ചെയ്തത്. സമാനമായ ഫലമാണ് ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകാന്‍ പോകുന്നത്. ‘ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍’, ‘അബ് കി ബാര്‍ ചാര്‍സൗ പാര്’ തുടങ്ങിയ ബി.ജെ.പി മുദ്രാവാക്യങ്ങളെല്ലാം തകര്‍ന്നടിയാന്‍ പോവുകയാണ്. ‘ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു’ എന്ന മുദ്രാവാക്യത്തിന് ജനങ്ങള്‍ അടിവരയിടാന്‍ പോവുകയാണ്.
ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ റോള്‍ അംഗബലം കൊണ്ട് അളക്കാവുന്നതല്ല. ഡല്‍ഹി കലാപത്തില്‍ ജഹാംഗീര്‍ പുരിയിലെ മുസ്ലിംകളുടെ വീടുകള്‍ക്കുനേരെ ബുള്‍ഡോസറുകള്‍ ഇരമ്പിച്ചെന്നപ്പോള്‍ അതിനെ നേര്‍ക്കുനേര്‍ വഴിയിലിറങ്ങി തടയാന്‍ ഇടതുപക്ഷ നേതാവേ ഉണ്ടായുള്ളു.
ഗുജറാത്ത് കലാപ ഘട്ടത്തില്‍ ബില്‍കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഹൈകോടതി ശിക്ഷിച്ച പ്രതികളെ സംഘ്പരിവാര്‍ ഗവണ്മെന്റ് വിട്ടയച്ചപ്പോള്‍ അത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്ത് കുറ്റവിമുതരാക്കിയ നടപടി റദ്ദാക്കിക്കാന്‍ സി.പി.എം നേതാവേ ഉണ്ടായുള്ളു. ഡല്‍ഹി കലാപത്തിന് ഇരയായവര്‍ക്ക് നേരിട്ടു ചെന്ന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍, തൊഴില്‍ നല്കാന്, സാമ്പത്തിക സഹായം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാരേ ഉണ്ടായുള്ളു.
ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമാണ് ഇലക്ടറല്‍ ബോണ്ട്. അതിനെതിരെ കോടതിയില്‍ പോയത് സീതാറാം യച്ചൂരിയാണ്. ഇലക്ടറല്‍ ബോണ്ടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും പാര്‍ലമെന്റില്‍ കൈകോര്‍ത്താണ് ആ നിയമം പാസാക്കിയത് എന്നോർക്കണം. കോടിക്കണക്കായ കള്ളപ്പണം കൈപ്പറ്റിയതുമിവരാണ്. ഇതു വാങ്ങാതിരുന്നത് ഇടതുപക്ഷം മാത്രമാണ്.
ഫെഡറലിസം സംരക്ഷിക്കാന്‍, ഗവര്‍ണറുടെ അമിതാധികാര കൈകടത്തലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങള് സംരക്ഷിക്കാന്‍ ആകെ ഉണ്ടായത് ഇടതുസര്‍ക്കാരാണ്. പഞ്ചാബിലെ കര്‍ഷകരുടെ ന്യായമായ പ്രക്ഷോഭത്തിനു തുടക്കം കുറിക്കാനും പിന്നീട് പങ്കാളിത്തം വഹിക്കാനുമുണ്ടായതു ഇടതുപക്ഷ പ്രസ്ഥാനമാണ്.
കശ്മീരിന്റെ പ്രത്യേകാവകാശം പിന്‍വലിച്ച ഘട്ടത്തില്‍ യൂസഫ് തരിഗാമിയെ അടക്കം വീട്ടുതടങ്കലിലാക്കായിപ്പോള് സുപ്രീംകോടതിയില്‍ പോവാനും ഇടതുപക്ഷമാണുണ്ടായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്രയേറെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ച മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയില്‍ ഉണ്ടാകില്ല.
ഈ ഘട്ടങ്ങളിലെല്ലാം ഇടതുപക്ഷത്തിന് ആകെ അഞ്ച് അംഗങ്ങളേ ലോക്സഭയിലുണ്ടായിരുന്നുള്ളു. ഇടതുപക്ഷത്തിന്റെ ശക്തി വർധിക്കുംതോറും ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഇടപെടലുകളും വർധിക്കും. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം ആവശ്യപ്പെടുന്നതുതന്നെ അതാണ്.
ബി.ജെ.പി നയങ്ങളുമായി സമരസപ്പെട്ടു പോയാലേ തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവൂ എന്ന ധാരണയിലാണ് കോണ്‍ഗ്രസ്. അവരുടെ എല്ലാ നയങ്ങളും രൂപപ്പെട്ടുവരുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ കരടിലുണ്ടായിരുന്ന കാര്യങ്ങള്‍ പോലും നീക്കം ചെയ്തത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോഴും കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ കക്ഷിനേതാക്കളെ അന്വേഷണ ഏജന്‍സികളെ വച്ച് വേട്ടയാടിയപ്പോഴുമെല്ലാം കോണ്‍ഗ്രസ് സംഘപരിവാറിനോടൊപ്പം നിലയുറപ്പിച്ചു. കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന നേതാക്കള്‍ പോലും ഏതു നിമിഷവും ബി.ജെ.പിയില്‍ ചേരാമെന്നതാണ് സ്ഥിതി. അവരുടെ സ്വാധീനവുമുണ്ടാവാം ഇത്തരം നിലപാടുകള്‍ക്കു പിന്നില്‍.
ബി.ജെ.പി സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെല്ലാം ചൂട്ടുപിടിക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഫെഡറല്‍ തത്വങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ട് നിയമസഭയെ പോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായപ്പോഴും അര്‍ഹമായ നികുതിവിഹിതം വെട്ടിക്കുറച്ചപ്പോഴും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫ് എംപിമാര്‍ക്ക് കഴിഞ്ഞില്ല.
മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ടുവന്ന് സംസ്ഥാനത്തെ ക്ഷേമപദ്ധതികളെപ്പോലും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് യു.ഡി.എഫുകാര്‍. കേരളത്തിലെ പല വികസന പദ്ധതികള്‍ക്കുമെതിരെ ഡല്‍ഹിയില്‍ സമരം നയിക്കാനും ഇവര്‍ക്ക് മടിയുണ്ടായില്ല.
ജനങ്ങള്‍ക്കു നല്കിയ ഒരൊറ്റ വാഗ്ദാനം പോലും കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് സ്വാഭാവികമായും ഈ തെരഞ്ഞെടുപ്പ് തങ്ങളുടെ സര്‍ക്കാരിന്റെ വിലയിരുത്തലാവും എന്നു പറയുന്നതില്‍ മടിയുണ്ടാകും. ബി.ജെ.പിയെയും അവരെ നയിക്കുന്ന ആര്. എസ്.എസിനെയും വിമര്‍ശിക്കാന്‍ മടിയുള്ള കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തപ്പെടുന്നതില്‍ സ്വാഭാവികമായും താല്‍പ്പര്യമുണ്ടാകില്ല.
ഏതായാലും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെ ആകെയും ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്. ആ പ്രചാരണങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുകതന്നെ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.